Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202422Monday

പേനകളേയും പുസ്തകങ്ങളേയും സ്‌നേഹിച്ച സഖാവ്; ഒൻപതാം ക്ലാസിലെ ഫോട്ടോ മുതൽ ചികിത്സാ സമയത്തെതടക്കം ഇരുനൂറോളം ചിത്രങ്ങൾ; കോടിയേരിയെ അടുത്തറിയാൻ വീട്ടിൽ ഗാലറിയുമായി വിനോദിനി; 'വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവ്' തയ്യാറെടുക്കുമ്പോൾ

പേനകളേയും പുസ്തകങ്ങളേയും സ്‌നേഹിച്ച സഖാവ്; ഒൻപതാം ക്ലാസിലെ ഫോട്ടോ മുതൽ ചികിത്സാ സമയത്തെതടക്കം ഇരുനൂറോളം ചിത്രങ്ങൾ; കോടിയേരിയെ അടുത്തറിയാൻ വീട്ടിൽ ഗാലറിയുമായി വിനോദിനി; 'വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവ്' തയ്യാറെടുക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയം മകൻ ബാലകൃഷ്ണൻ എന്നുമുതലാണു കോടിയേരി ബാലകൃഷ്ണനായത്? എല്ലാം ഇവിടെ നിന്ന് മനസ്സിലാക്കാം. സിപിഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന് വീട്ടിൽ നിത്യ സ്മാരകമൊരുക്കി ഭാര്യ വിനോദിനി കോടിയേരി. കോടിയേരിയുടെ രാഷ്ട്രീയ സമര ചരിത്രം വിവരിക്കുന്ന ഗാലറിയാണ് വിനോദിനി ഒരുക്കുന്നത്. ഒരു കൊല്ലമായി ഇതിന് പിറകെയായിരുന്നു കോടിയേരിയുടെ ഭാര്യ.

കോടിയേരി പിന്നിട്ട ജീവിതവഴികളിലെ കാഴ്ചകളെല്ലാം ഗാലറിയിലുണ്ട്. കോടിയേരി മുളിയിൽനടയിലെ വീടിന്റെ ഏറ്റവും മുകളിലെ നിലയിലാണ് 'വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവ്' എന്ന പേരിൽ ഗാലറി. കോടിയേരിയുടെ ഒന്നാം ചരമവാർഷികദിനമായ ഒക്ടോബർ ഒന്നിന് ഇത് സന്ദർശകർക്കായി സജ്ജമാകും. വേറിട്ട അനുഭവമാകും ഫോട്ടോകളിലൂടെ ഗാലറി പങ്കുവയ്ക്കുക. അത്യപൂർവ്വമായ പല ചിത്രങ്ങളും ഗാലറിയിലുണ്ട്. കോടിയേരിക്ക് നിത്യ സ്മാരകമാണ് ഇതിലൂടെ വിനോദിനി ലക്ഷ്യമിടുന്നത്.

കോടിയേരി ബാലകൃഷ്ണൻ ഒൻപതാം ക്ലാസിൽ പഠിക്കുന്ന കാലത്തെ ഫോട്ടോ മുതൽ ചികിത്സയിലിരിക്കുന്ന സമയത്തെ ഫോട്ടോകളടക്കം ഇരുനൂറോളം ചിത്രങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ജീവിതചിത്രം അവതരിപ്പിക്കുന്ന 14 മിനിറ്റ് വിഡിയോ പ്രദർശനവുമുണ്ട്. ഉപയോഗിച്ച പേനകൾ, ലഭിച്ച ഉപഹാരങ്ങൾ, എഴുത്തു സഹിതമുള്ള പോക്കറ്റ് ഡയറികൾ, ലേഖനങ്ങളുടെ കയ്യെഴുത്തു പ്രതികൾ, വിപുലമായ പുസ്തകശേഖരം, കട്ടിലും മെത്തയും, വ്യായാമ ഉപകരണങ്ങൾ, കണ്ണടകൾ, തീന്മേശ, ചെരിപ്പുകൾ.-അങ്ങനെ കോടിയേരിയുടെ കൈയൊപ്പ് പതിഞ്ഞ എല്ലാം. 40 മിനിറ്റ് ഡോക്യുമെന്ററി കൂടി തയാറാക്കും.

തന്റെ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ അടിത്തറ വായനശാലയിലെ നിത്യസമ്പർക്കത്തിലൂടെ ആർജിച്ച അറിവും തിരിച്ചറിവും ആയിരുന്നു എന്നു കോടിയേരി പറഞ്ഞിട്ടുണ്ട്. ഇതിനൊപ്പം, ബീഡിത്തൊഴിലാളികൾ പകർന്നു നൽകിയ ഊർജം കൂടിച്ചേർന്നാണ് കോടിയേരി ബാലകൃഷ്ണൻ എന്ന തൊഴിലാളിവർഗ നേതാവ് രൂപപ്പെട്ടത്. പാർട്ടിയിൽ തിരക്കേറിയ സമയത്തും വായനയ്ക്ക് കോടിയേരി സമയം കണ്ടെത്തിയിരുന്നു. എകെജി ഫ്‌ളാറ്റിലെ കോടിയേരിയുടെ ഓഫിസ് മുറി ഒന്നാന്തരം ലൈബ്രറി കൊണ്ടു കൂടി അലങ്കരിക്കപ്പെട്ടതാണ്. പേനകളോടും ഡയറികളോടും പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. ആരു സമ്മാനിച്ചാലും ഇഷ്ടം. ഡയറി കിട്ടുന്നപാടേ 'കോടിയേരി ബാലകൃഷ്ണൻ' എന്ന പേരുമെഴുതി സൂക്ഷിച്ചുവയ്ക്കും. ഈ ഡയറികളുടെ ശേഖരവും വിനോദിനിയുടെ ഗാലറിയിലുണ്ടാകും.

പയ്യാമ്പലത്ത് പണിത കോടിയേരി സ്തൂപത്തിന്റെ അനാഛാദനം ഒക്ടോബർ ഒന്നിന് സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ നിർവഹിക്കും. ശിൽപി ഉണ്ണി കാനായിയുടെ നേതൃത്വത്തിൽ ഇതിന്റെ നിർമ്മാണം പൂർത്തിയായി. ഇ.കെ.നായനാരുടെയും ചടയൻ ഗോവിന്ദന്റെയും സ്മൃതിമണ്ഡപങ്ങൾക്കിടയിലാണ് കോടിയേരി സ്മാരകസ്തൂപം. 11 അടി ഉയരവും 8 അടി വീതിയുമുണ്ട്. ഗ്രാനൈറ്റിൽ കൊത്തിയെടുത്തതാണു സ്തൂപത്തിൽ കാണുന്ന കോടിയേരിയുടെ മുഖം. പുഞ്ചിരിക്കുന്ന കോടിയേരിയുടെ മുഖം ഉണ്ണി കാനായി എന്ന കലാകാരന്റെ മികവിനും തെളിവാണ്.

കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമവാർഷികം ഒക്ടോബർ ഒന്നിന് സമുചിതം ആചരിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് ആഹ്വാനം ചെയ്തിട്ടുണ്ട്. പിബി അംഗം, സംസ്ഥാന സെക്രട്ടറി, എംഎൽഎ, മന്ത്രി, ദേശാഭിമാനി ചീഫ് എഡിറ്റർ എന്നീ നിലകളിലെല്ലാം അദ്ദേഹം മികച്ച പ്രവർത്തനം കാഴ്ചവച്ചു. അതുല്യനായ സംഘാടകനും മികച്ച വാഗ്മിയുമായിരുന്നു. കേരളത്തിലെ പാർട്ടി പ്രവർത്തകരുമായും ബഹുജനങ്ങളുമായും ഹൃദയബന്ധം സ്ഥാപിച്ചുള്ള പ്രവർത്തനമായിരുന്നു കോടിയേരി നടത്തിയത്. ജനകീയ രാഷ്ട്രീയത്തിന്റെ മുഖംകൂടിയായിരുന്നു അദ്ദേഹം.

സമൂഹത്തെ സൂക്ഷ്മമായി നിരീക്ഷിച്ച് രാഷ്ട്രീയ സംഘടനാ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നതിന് അദ്ദേഹത്തിന് പ്രത്യേക പാടവമുണ്ടായിരുന്നു. സാധാരണക്കാരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിൽ അതീവ ശ്രദ്ധപുലർത്തി. നിയമസഭയിൽ ജനകീയ പ്രശ്‌നങ്ങൾ ശ്രദ്ധയോടെ പഠിച്ച് ശക്തമായി അവതരിപ്പിച്ചു. മന്ത്രിയെന്ന നിലയിൽ പൊലീസിലും ടൂറിസം മേഖലയിലും നടത്തിയ ഇടപെടൽ കേരള വികസന മുന്നേറ്റത്തിലെ സുപ്രധാന അധ്യായങ്ങളാണ്. സിപിഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായിരിക്കെയാണ് കോടിയേരി അർബുദബാധിതനാകുന്നത്.

അസുഖം ബുദ്ധിമുട്ടിക്കുന്ന അവസരത്തിലും കർമമണ്ഡലത്തിൽനിന്ന് പിന്മാറിയില്ല. അനാരോഗ്യം അവഗണിച്ചും സജീവമായി. അദ്ദേഹത്തിന്റെ അകാലത്തിലുള്ള വേർപാട് കേരളത്തിന് തീരാനഷ്ടമാണ്. ബിജെപിയെ അധികാരത്തിൽനിന്ന് പുറത്താക്കാനുള്ള ജനാധിപത്യപരമായ മുന്നേറ്റം രാജ്യത്ത് രൂപപ്പെടുന്നുണ്ട്. ഇത്തരം പോരാട്ടങ്ങൾക്ക് കോടിയേരിയുടെ ഓർമകൾ കരുത്താകും. പാർട്ടി പതാക ഉയർത്തിയും അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചും കോടിയേരിയുടെ ഉജ്വലമായ സ്മരണ പുതുക്കണമെന്ന് സെക്രട്ടറിയറ്റ് മുഴുവൻ പാർട്ടി ഘടകങ്ങളോടും സിപിഎം ആഹ്വാനം ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP