Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

അകത്തിരുന്നു വിളിക്കുന്നത് നൂറുകണക്കിന് ഫോൺകോളുകൾ; ചാർജ് നിറച്ച ബാറ്ററികൾ എത്തിക്കാൻ സ്‌പെഷ്യൽ ടീം; ഇറച്ചിയും മീനും രുചിയേറിയ സ്‌പെഷ്യൽ ഡിഷായി നാവിൻതുമ്പിൽ; വാർഡന്മാരെ എടാ പോടാ എന്നു വിളിക്കാൻ സർവ്വസ്വാതന്ത്ര്യം; പരോളിൽ ഇറങ്ങിയാലും തിരിച്ചുവന്ന് സുഖാലസ്യത്തിൽ മുഴുകാൻ ധൃതി; റെയ്ഡിൽ ഷാഫിയുടെ കൈയിൽ നിന്ന് പിടിച്ചത് രണ്ടുമൊബൈൽ; വിയ്യൂരിൽ നിന്ന് പൂജപ്പുരയിലേക്ക് കൊടിസുനിയെയും ഷാഫിയെയും മാറ്റുമ്പോൾ ഇരുവരും പറയുന്നു ഇതുതാൻടാ സിങ്കം!

അകത്തിരുന്നു വിളിക്കുന്നത് നൂറുകണക്കിന് ഫോൺകോളുകൾ; ചാർജ് നിറച്ച ബാറ്ററികൾ എത്തിക്കാൻ സ്‌പെഷ്യൽ ടീം; ഇറച്ചിയും മീനും രുചിയേറിയ സ്‌പെഷ്യൽ ഡിഷായി നാവിൻതുമ്പിൽ; വാർഡന്മാരെ എടാ പോടാ എന്നു വിളിക്കാൻ സർവ്വസ്വാതന്ത്ര്യം; പരോളിൽ ഇറങ്ങിയാലും തിരിച്ചുവന്ന് സുഖാലസ്യത്തിൽ മുഴുകാൻ ധൃതി; റെയ്ഡിൽ ഷാഫിയുടെ കൈയിൽ നിന്ന് പിടിച്ചത് രണ്ടുമൊബൈൽ; വിയ്യൂരിൽ നിന്ന് പൂജപ്പുരയിലേക്ക് കൊടിസുനിയെയും ഷാഫിയെയും മാറ്റുമ്പോൾ ഇരുവരും പറയുന്നു ഇതുതാൻടാ സിങ്കം!

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ജയിൽ ഡിജിപിയായുള്ള രണ്ടാം വരവിൽ അടങ്ങിയിരിക്കാനൊന്നും സിങ്കം റിഷിരാജ് സിങ്ങിനെ കിട്ടില്ല. അപ്രതീക്ഷിതമായി ഡയിൽ ഡിജിപിയായപ്പോൾ കിട്ടിയ അധികാരം പ്രയോഗിക്കാൻ തന്നെയാണ് തീരുമാനം. പുലർച്ചെ കണ്ണൂർ, വിയ്യൂർ ജയിലുകളിൽ റെയ്ഡ് നടത്തിയാണ് സിങ് ജയിൽ ഉദ്യോഗസ്ഥരെ പോലും ഞെട്ടിച്ചത്. അതിലും കൂടുതൽ ഞെട്ടിയത് ടിപി. ചന്ദ്രശേഖരൻവധക്കേസിലെ പ്രതികൾ തന്നെയാണ്. വിയ്യൂരിലെ പരിശോധനയിൽ ടിപി കേസ് പ്രതി ഷാഫിയുടെ കയ്യിൽ നിന്ന് രണ്ട് മൊബൈലുകൾ പിടിച്ചെടുത്തു. മുൻപ് രണ്ടുതവണ ഷാഫിയിൽ നിന്ന് മൊബൈലുകൾ പിടിച്ചിട്ടുണ്ട്. ഷാഫിക്കും കൊടിസുനിക്കും വഴിവിട്ട സഹായങ്ങൾ ജയിൽ ഉദ്യോഗസ്ഥർ അനുവദിക്കുന്നതായി നേരത്തെ പരാതികൾ ഉയർന്നിരുന്നു. ഏതായാലും ഇരുവരും സുഖസൗകര്യങ്ങൾ അനുഭവിച്ചത് മതിയെന്നാണ് സിങ്കത്തിന്റെ തീരുമാനം. കൊടിസുനിയെും, ഷാഫിയെയയും പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റും.

ഏതായാലും റിഷിരാജ് സിങ്ങിന്റെ പുതിയ നീക്കം ഭരണതലപ്പത്തുള്ളവരെ അസ്വസ്ഥരാക്കുമെന്ന് ഉറപ്പ്. പുറമേ ഭാവിക്കുന്നില്ലെങ്കിലും, ടി.പി.കേസ പ്രതികളോട് അനുഭാവപൂർണമായ സമീപനമാണ് സ്വീകരിച്ചുവരുന്നത്. ജയിൽ അധികൃതർക്ക് രാഷ്ട്രീയ സ്വാധീനമുള്ള തടവുകാരെ പേടിയാണ്. സുഖസൗകര്യങ്ങൾ എത്തിക്കാൻ നെട്ടോട്ടമാണ്. പരോൾ നൽകാൻ മത്സരമാണ്. എന്നാൽ ഇനി അതൊന്നും വേണ്ടെന്നാണ് സിങ്കത്തിന്റെ കർശന നിർദ്ദേശം. ഒന്നും താനറിയാതെ നടക്കരുതെതാണ് സിങ്കത്തിന്റെ തീട്ടൂരം.

പൊലീസിലെ സീനിയോറിട്ടി അനുസിരിച്ച് ഡിജിപിമാരിൽ മൂന്നാമനാണ് ഋഷിരാജ് സിങ്. ഇതിൽ ജേക്കബ് തോമസ് സസ്പെൻഷനിലും. അതുകൊണ്ട് പൊലീസ് മേധാവി അല്ലെങ്കിൽ വിജിലൻസ് ഡിജിപി സ്ഥാനത്തിന് ഋഷിരാജിന് അർഹതയുണ്ട്. ഇത് നൽകാതെയാണ് എക്സൈസിൽ നിയോഗിച്ചത്. അപ്പോഴും സിങ്കം തൃപ്തനായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി വീണ്ടും ജയിൽ ആസ്ഥാനത്ത് എത്തി. ഇതോടെ സിങ്കം തന്റെ വിശ്വരൂപം പുറത്തെടുത്തിരിക്കുകയാണ്. ഇനി മുഖം നോക്കാതെ നടപടിയുണ്ടാകും. സിങ്കത്തിനെ ജയിൽ ഡിജിപി സ്ഥാനത്ത് വച്ചുപൊറുപ്പിക്കുമോയെന്നാണ് കണ്ടറിയേണ്ടത്.

വിയ്യൂരിലെ സുഖജീവിതം

വിയ്യൂരിൽ ടി.പി കേസ് പ്രതികൾ അനുഭവിക്കുന്ന സുഖ ജീവിതത്തെ കുറിച്ചറിഞ്ഞാൽ ആർക്കും ഒന്നുജയിലിൽ താമസിക്കാൻ തോന്നും എന്നാണ് മുമ്പ് വാർത്തകൾ വനന്ത് പച്ചക്കറി തോട്ടത്തിലെ ജോലിക്കാരനാണ് വിയ്യൂർ ജയിലിലെ കിരീടം വയ്ക്കാത്ത രാജകുമാരനായ കൊടി സുനി സർക്കാർ രേഖകളിൽ. കൊടി സുനിക്ക് വിയ്യൂർ സെൻട്രൽ ജയിലിൽ ഒരുക്കിയിരുന്നത് വലിയ സൗകര്യങ്ങളാണ്. സർക്കാരിന്റെ പ്രത്യേക നിർദ്ദേശ പ്രകാരമാണ് എല്ലാം. ഉത്തവുകളൊന്നും ഇല്ലെങ്കിലും കൊടി സുനിക്ക് ഒന്നിനും കുറവ് വരരുതെന്ന നിർദ്ദേശം ബന്ധപ്പെട്ടവർക്കെല്ലാം സിപിഎമ്മിലെ ഉന്നതർ നൽകിയിട്ടുണ്ട്. ഇതാണ് എല്ലാ സുഖ സൗകര്യങ്ങൾക്കും കാരണം. 5 പേരെ പാർപ്പിക്കാവുന്ന സെല്ലിൽ ഒരു വർഷമായി ഒറ്റയ്ക്കാണ് സുനിയുടെ വാസം. ജയിലിനുള്ളിലിരുന്നു ക്വട്ടേഷനുകൾ ആസൂത്രണം ചെയ്യാനുള്ള ഫോൺ സൗകര്യം ഒരുക്കിക്കൊടുത്തതും ചാർജ് ചെയ്തു നൽകിയും ജയിൽ ഉദ്യോഗസ്ഥർ പോലും കൊടി സുനിയിൽ യജമാനനെ കാണുന്നു. പച്ചക്കറിത്തോട്ടത്തിൽ പണിക്ക് ഇറങ്ങിയ വകയിൽ ഓരോ മാസവും 3000 മുതൽ 4000 രൂപ വരെ വരുമാനവും. ഒറ്റ ദിവസം പോലും ജോലി ചെയ്യാതെയാണിത്. ജയിലിലെ ഓരോ ചലനവും കൊടി സുനി അറിഞ്ഞാണ് നടക്കുന്നത്. അതുകൊണ്ട് തന്നെ പരോളിനേക്കാൾ വലിയ സുഖവാസമാണ് വിയ്യൂരിൽ കൊടി സുനിക്ക്.

ജയിലിൽ ഇറച്ചിയും മീനും വയ്ക്കുന്ന ദിവസങ്ങളിൽ രുചികരമായി തയാറാക്കിയ പ്രത്യേക ഭക്ഷണം സുനിക്കു സെല്ലിലെത്തും. സുനിയടക്കം ടിപി കേസിലെ പ്രതികൾക്കു മദ്യം എത്തിക്കാൻ ശ്രമിക്കുന്നതിനിടെ കുറച്ചുകാലം മുൻപ് ജയിൽ ജീവനക്കാർ പിടിക്കപ്പെടുകയും സസ്പെൻഷനിലാകുകയും ചെയ്തിരുന്നു. കാർ ആക്രമിച്ചു കള്ളക്കടത്തു സ്വർണം കവർന്നതടക്കം ജയിലിനുള്ളിലിരുന്ന് ആസൂത്രണം ചെയ്ത ക്വട്ടേഷനുകൾ സുനി നടപ്പാക്കുന്നു. ഇതിനായി ജയിലിനുള്ളിലിരുന്നു പുറത്തേക്കു നൂറുകണക്കിനു ഫോൺ വിളികൾ ദിവസവും കൊടി സുനി നടത്തുന്നു. ഫോൺ ഉപയോഗം സുഗമമാക്കാൻ ചാർജ് നിറച്ച ബാറ്ററികൾ ക്രത്യമായി എത്തും.ജയിലിലെ പച്ചക്കറിത്തോട്ടത്തിൽ പണിയെടുക്കുന്നവരുടെ പട്ടികയിൽ സുനിയും ഉണ്ടെങ്കിലും പണിക്കിറങ്ങാറില്ല. ഹാജർ രേഖപ്പെടുത്താൻ ഗാർഡ് ഓഫിസർക്കു മുന്നിൽ പോകാറുമില്ല. പക്ഷേ, ദിവസവും 127 രൂപ വീതം കൃത്യമായി കൂലി കിട്ടും.

പരോളിലിറങ്ങിയ കൊടി സുനി ക്വട്ടേഷൻ കേസിൽ അറസ്റ്റിലായതോടെയാണ് സുഖ സൗകര്യങ്ങൾ വീണ്ടും പുറം ലോകത്ത് എത്തുന്നത്. .കൂത്തുപറമ്പ് സ്വദേശിയായ യുവാവിനെ സ്വർണ്ണക്കടത്തിനുപയോഗിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു അറസ്റ്റ്. സാമ്പത്തിക കുറ്റകൃത്യമായി കണ്ട് കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്ന സാഹചര്യത്തിലായിരുന്നു അറസ്റ്റ്. രണ്ട് ദിവസം പൊലീസ് കസ്റ്റഡിയിൽ സുനിയെ കോടതി വിട്ടു കൊടുത്തു. എന്നാൽ അറസ്റ്റിലായതോടെ വിയ്യൂരിലെ സുഖങ്ങളിലേക്ക് പോകാനായിരുന്നു കൊടി സുനിക്ക് താൽപ്പര്യം. അങ്ങനെ പൊലീസ് തെളിവെടുപ്പ് പോലും നടത്തായെ വിയ്യൂരിലെ വിഐപി സംവിധാനങ്ങളിലേക്ക് കൊടി സുനിയെ അയച്ചു. ജയിലിനുള്ളിൽ വലിയ ഓപ്പറേഷനുകളാണ് കൊടി സുനി നടപ്പാക്കുന്നത്.

യുഡിഎഫ് ഭരണകാലത്ത് ഫെയ്സ് ബുക്കും വാട്സ് ആപ്പുമായിരുന്നു കൊടി സുനിക്ക് ജയിലിൽ ആശ്വാസം. എന്നാൽ സ്വന്തം സർക്കാരെത്തിയപ്പോൾ ജയിൽ വീടു പോലെയായി. ക്വട്ടേഷനും ഏറ്റെടുക്കാം. അങ്ങനെയാണ് കോഴിക്കോട്ട് കാർ യാത്രക്കാരനെ ആക്രമിച്ച് മൂന്ന് കിലോഗ്രാം കള്ളക്കടത്ത് സ്വർണം കവരാനുള്ള സാധ്യത തെളിഞ്ഞത്. അത് ഫലപ്രദമായി സുനി ഉപയോഗിക്കുകയും ചെയ്തു. ഈ കേസിലെ മുഖ്യ ആസുത്രകനായിരുന്നു കൊടി സുനി. സിപിഎമ്മുമായുള്ള അടുത്ത ബന്ധം കാരണം വിയ്യൂരിൽ സുനിക്ക് സർവ്വ സ്വാതന്ത്ര്യമായിരുന്നു. ജയിലർക്ക് സമാനമായ ജീവതമാണ് സുനി നയിച്ചത്. ഇതിന് തെളിവാണ് പുതിയ കേസ്

കവർച്ച ആസൂത്രണം ചെയ്യാൻ അഞ്ഞൂറിലേറെ ഫോൺകോളുകൾ വിയ്യൂരിൽ നിന്ന് കൊടി സുനി ചെയ്തു. ഇതാണ് വിനയായി മാറിയതും. നല്ലളം മോഡേൺ സ്റ്റോപ്പിന് സമീപമാണ് കാർയാത്രികനെ ആക്രമിച്ച് മൂന്ന് കിലോഗ്രാമോളം കള്ളക്കടത്ത് സ്വർണം കവർന്നത്. ഇതിന്റെ ആസൂത്രകൻ സുനിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കവർച്ചയ്ക്ക് നേതൃത്വം നൽകിയ കാക്ക രഞ്ജിത്തിനെ 244 തവണ വിളിച്ചിട്ടുണ്ട്. കവർച്ചമുതൽ വാങ്ങിയ കൊല്ലത്തെ സ്വകാര്യ പണമിടപാടുകാരൻ രാജേഷ് ഖന്നയെ ഇരുന്നൂറിലധികം തവണ വിളിച്ചു. കൊടിസുനി വിയ്യൂർ സെൻട്രൽ ജയിലിൽ ഉപയോഗിച്ച മൊബൈൽ ഫോണിന്റെ ഏതാനും ആഴ്ചകളിലെ വിവരങ്ങൾ ശേഖരിച്ചതിൽനിന്നാണ് ഇത്രയധികം ഫോൺ കോളുകൾ ഉണ്ടായത് കണ്ടെത്തിയത്. മൊബൈൽ കമ്പനികളിൽനിന്ന് ശേഖരിച്ച ഫോൺ കോൾ രേഖകൾ, ടവർ ലൊക്കേഷൻ രേഖകൾ, സെൽ ഐ.ഡി. രേഖകൾ എന്നിവ വിനയായി മാറി. കാക്ക രഞ്ജിത്തിനെയും രാജേഷ് ഖന്നയെയും വിളിക്കാൻ ഉപയോഗിച്ച അതേ നമ്പറിൽനിന്ന് സിപിഎമ്മിന്റെ കണ്ണൂർ ജില്ലയിലെ രണ്ടു നേതാക്കളെയും തലശ്ശേരി, ചൊക്ലി ഭാഗത്തെ ചിലരേയും വിളിച്ചിട്ടുണ്ട്.

2016 ജൂലായ് 16-ന് ദേശീയപാതയിൽ നല്ലളം മോഡേൺ സ്റ്റോപ്പിനുസമീപം കാർ യാത്രക്കാരനെ ആക്രമിച്ച് മൂന്ന് കിലോ സ്വർണം കവർന്നതാണ് കേസ്. ജയിലിൽ കൊടി സുനി മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി മുൻപും തെളിവുകൾ ഉണ്ടായിരുന്നു. ഇതെല്ലാം വിവാദമാവുകയും ചെയ്തു. എന്നാൽ ഇടത് സർക്കാരെത്തിയപ്പോൾ കൊടി സുനി ജയിൽ അധികൃതർക്കും പ്രിയങ്കരനായി. വിയ്യൂരിലെ ജയിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് പോലും കൊടി സുനിയാണ്. അതുകൊണ്ട് തന്നെ സുനിക്ക് ഇവിടെ ഒരു പ്രശ്നവുമില്ല. ടിപിയെ കൊന്നതിൽ പ്രധാന ഗൂഡാലോചകനാണ് സിപിഎം നേതാവ് പി.കെ.കുഞ്ഞനന്തൻ. കുഞ്ഞനന്തന് സർക്കാർ വീണ്ടും പരോൾ കാലാവധി നീട്ടി നൽകി വീട്ടിലിരുത്തുകയാണ്. ഇത് ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കൊടി സുനിക്കും കുഞ്ഞനന്തനും ശിക്ഷാ ഇളവ് നൽകാൻ പോലും ശ്രമിച്ചു. എന്നാൽ ഗവർണ്ണറുടെ ഇടപെടലോടെ ഇത് നടക്കാതെ പോയി. ഈ സാഹചര്യത്തിലാണ് പരോളിലൂടെ വിധിയെ അട്ടിമറിക്കുന്നത്.

യഥേഷ്ടം ഫോൺ വിളിക്കാം, പ്രത്യേക ഭക്ഷണം, വാർഡന്മാരെ എടാ പോടാ എടാ പോടാ എന്നു വിളിക്കാനുള്ള സ്വാതന്ത്ര്യം. എന്നിങ്ങനെ ജയിലിനു പുറത്തു കിട്ടുന്നതിനേക്കാൾ സുഖസൗകര്യത്തിലാണ് സുനിയുടെ ജീവിതമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഒരിക്കൽ ജയിലിനകത്തുനിന്ന് സുനി ഫോൺ വിളിക്കുന്നതു മൊബൈലിൽ പകർത്തിയ വാർഡനു ലഭിച്ചത് മെമോയായിരുന്നു. 2017 ജനുവരിയിലാണു കൊടി സുനി ജയിൽ ഉദ്യോഗസ്ഥനു മെമോ 'കൊടുപ്പിച്ചത്'.ഉ ദ്യോഗസ്ഥൻ ഫോൺ വിളി പകർത്തുന്നതു കണ്ട സുനി ഫോൺ പിടിച്ചെടുത്ത് സിംകാർഡ് നശിപ്പിച്ചു. ജയിലിനകത്തു കാമറ കടത്തിയെന്നു പറഞ്ഞ് വാർഡനു ജെയിലർ മെമോ നൽകി. തടവുകാരുടെ ചിത്രം അനുമതിയില്ലാതെ എടുക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണു വിശദീകരണം തേടിയത്. എന്നാൽ സുനി ആരോടാണു സംസാരിച്ചത് എന്നതിനെപ്പറ്റി അന്വേഷണം നടന്നില്ല എന്നതാണ് യാഥാർഥ്യം. ഇതെല്ലാം വലിയ വിവാദമായിരുന്നു.

പരോളും ശിക്ഷാകാലാവധി തീരുന്നതിനു മുമ്പുള്ള ജയിൽ മോചനവും നിയന്ത്രിക്കുന്നത് നിയമങ്ങളോ ജയിൽ വകുപ്പുകളോ അല്ല, രാഷ്ട്രീയ നേതാക്കൾ അടങ്ങുന്ന ഉപദേശക സമിതികളാണ്. അതുകൊണ്ട് തന്നെ ഇടതു സർക്കാർ അധികാരത്തിലേറിയ ശേഷം ടി.പി വധക്കേസിലെ പ്രതികൾക്ക് കൈയയച്ചു പരോൾ നൽകിയത് ഏറെ വിവാദങ്ങളും ഉണ്ടാക്കിയിരുന്നു. നേരത്തെ ടിപി കേസിലെ പ്രതി കിർമാണി മനോജും വിവാഹിതനായ വാർത്ത പുറത്തു വന്നിരുന്നു. ടിപിയുടെ നാട്ടുകാരിയായിരുന്നു വധു. പൂജപ്പുര, വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകൾ ഭരിക്കുന്നത് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളാണെന്ന ആരോപണം നേരത്തെ തന്നെ സജീവമാണ്. ജയിലിലെ തന്ത്രപ്രധാന തീരുമാനങ്ങൾ പലതും ഇവരിലൂടെയാണ് നടപ്പാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കൊടി സുനി, കിർമാണി മനോജ്, അണ്ണൻ സിജിത്ത് എന്നിവർ ഉദ്യോഗസ്ഥർക്കു കടുത്ത തലവേദനയാണു സൃഷ്ടിക്കുന്നത്. മൂന്നു ജയിലുകളിലും വാർഡർമാരെ ഡ്യൂട്ടിക്കിടുന്നതുപോലും പല ഉദ്യോഗസ്ഥരും ടിപി കേസ് പ്രതികളുടെ അനുമതി തേടിയാണെന്നാണ് സൂചന. ഇത് ശരിവയ്ക്കുന്നതാണ് കൊടി സുനിയുടെ ജയിലിലെ ക്വട്ടേഷൻ പരിപാടികൾ.

സിങ്കം വന്നതോടെ കാലക്കേടായി

ജയിൽ ഡിജിപി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു കണ്ണൂർ സെൻട്രൽ ജയിലിലെ പരിശോധന. വിയ്യൂരിൽ തൃശൂർ കമ്മീഷണർ യതീഷ് ചന്ദ്രയും റെയ്ഡിന് നേതൃത്വം നൽകി. പുലർച്ചെ നാലുമണിയോടെയായിരുന്നു പരിശോധന. രണ്ടും ഋഷിരാജ് സിംഗിന്റെ നിർദ്ദേശ പ്രകാരമായിരുന്നു. ജയിലുകളിൽ പാർട്ടി ഗ്രാമം അനുവദിക്കില്ലെന്നാണ് ഋഷിരാജ് സിങ് വ്യക്തമാക്കുന്നത്. മൊബൈൽ ഫോണുകൾ, കഞ്ചാവ്, റേഡിയോ എന്നിവയ്ക്ക് പുറമെ ബീഡി, സിഗരറ്റ്, പുകയിലെ പണം ചിരവ, ബാറ്ററികൾ സിം കാർഡുകൾ ഇരുമ്പുവടികൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. വിയ്യൂരിലെ പരിശോധനയിൽ ടിപി കേസ് പ്രതി ഷാഫിയുടെ കയ്യിൽ നിന്ന് രണ്ട് മൊബൈലുകൾ പിടിച്ചെടുത്തു. മുൻപ് രണ്ടുതവണ ഷാഫിയിൽ നിന്ന് മൊബൈലുകൾ പിടിച്ചിട്ടുണ്ട്.

വിയ്യൂരിൽ നിന്ന് 4 മൊബൈൽ ഫോണുകളാണ് ആകെ പിടിച്ചത്. തടവുകാർ ജയിലിൽ വഴിവിട്ട ആനൂകൂല്യങ്ങൾ അനുഭവിക്കുന്നുവെന്ന് നിരന്തരം പരാതികളുയർന്ന സാഹചര്യത്തിലായിരുന്നു പരിശോധന. ഒരേ സമയമാണ് കണ്ണൂരിലും വിയ്യൂരിലും റെയ്ഡ്. പരിശോധനാ വിവരം ചോരാതിരിക്കാൻ അതീവ രഹസ്യമായാണ് പദ്ധതിയിട്ടതും നടപ്പാക്കിയതും. രണ്ടിടത്തുമായി 150 ഓളം പൊലീസുകാർ പങ്കെടുത്തു. ജയിൽ ഡിജിപിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെ കർശന നിലപാടുകളുമായി ഋഷിരാജ് സിങ് രംഗത്തെത്തിയിരുന്നു. ടി പി കേസിലെ അഞ്ച് പ്രതികൾ വിയ്യൂർ സെൻട്രൽ ജയിലിലാണ്. ഇവർ 2014 ൽ കോഴിക്കോട് ജില്ലാ ജയിലിലും സ്മാർട്ട് ഫോൺ ഉപയോഗിച്ചിരുന്നു. ജയിലിൽ നിന്നുള്ള ഫോട്ടോകൾ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതോടെ സംഭവം വിവാദമായി. വിയ്യൂരിലേക്ക് മാറ്റിയപ്പോൾ 2017 ലും ഷാഫിയുടെ കയ്യിൽ നിന്ന് മൊബൈൽ പിടിച്ചു.

വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് എത്തുന്നവരെ കൂട്ടിക്കലർത്തി സെല്ലുകളിൽ പാർപ്പിക്കുന്ന രീതി ഇനി സംസ്ഥാനത്തെ സെൻട്രൽ ജയിലുകളിൽ ഉണ്ടാവില്ലെന്ന് ഋഷിരാജ് സിങ് വ്യക്തമാക്കി കഴിഞ്ഞു. കുറ്റകൃത്യത്തിന്റെ സ്വഭാവം അനുസരിച്ച് തടവുകാരെ തരംതിരിച്ച് പ്രത്യേകം പാർപ്പിക്കും. ഉദാഹരണത്തിന് മോഷണക്കേസുകളിൽ റിമാൻഡ് ചെയ്തോ ശിക്ഷിക്കപ്പെട്ടോ എത്തുന്നവരെ അതേ വിഭാഗത്തിൽപെട്ടവരെ പാർപ്പിക്കുന്ന സെല്ലിലാകും താമസിപ്പിക്കുക. അവരെ കൊലക്കേസുകളിലോ പീഡനക്കേസിലോ മറ്റോ ശിക്ഷിക്കപ്പെട്ട് എത്തുന്നവരുടെ കൂട്ടത്തിൽ പാർപ്പിക്കില്ല. മറ്റ് കേസുകളിലും ഈ രീതി അവലംബിക്കും. കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് എത്തുന്നവരേയും ക്വട്ടേഷൻ സംഘത്തെയും മയക്കുമരുന്ന് കേസിലെ പ്രതികളെയുമൊന്നും സെല്ലുകളിൽ കൂട്ടായി പാർപ്പിക്കില്ല.

ചെറിയ കുറ്റകൃത്യങ്ങളിലുൾപ്പെട്ട് എത്തുന്നവർ ജയിൽ ജീവിതത്തിനൊടുവിൽ കൊടുംകുറ്റവാളികളായി മാറുന്ന സാഹചര്യവും ജയിലിലെ കൂട്ടുകെട്ടിലൂടെ കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതും ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിചാരണ തടവുകാരെയും ശിക്ഷാ പ്രതികളെയും പ്രത്യേകം പാർപ്പിക്കും.ജയിലുകളുടെ പ്രവർത്തനം അഴിമതി വിമുക്തവും കുറ്റമറ്റതുമാക്കാനുള്ള നടപടികളുടെ ഭാഗമാണ് ഇതെല്ലാം. ജയിലുകളിൽ കഞ്ചാവും മയക്കുമരുന്നും കടത്തികൊണ്ടുവരുന്നത് തടയാൻ പരിശോധനകൾ കർശനമാക്കാനും നിർദ്ദേശിച്ചു. ഇതിനായി സെല്ലുകളിൽ ശക്തമായ നിരീക്ഷണം നടത്തും. ലഹരിക്ക് അടിമപ്പെട്ട തടവുകാരെ അതിൽ നിന്ന് മോചിപ്പിക്കാനായി എല്ലാ ആഴ്ചയും ബോധവത്കരണം നടത്തും. ആവശ്യമായവർക്ക് ലഹരി വിമുക്ത ചികിത്സ ലഭ്യമാക്കും. ജയിലിൽ താത്കാലിക ജീവനക്കാരായി വിമുക്ത ഭടന്മാരെ നിയോഗിക്കും.

പരോൾ അപേക്ഷകളിൽ കാലവിളംബം കൂടാതെ തീരുമാനമെടുക്കണം. ആർക്കും പ്രത്യേക പരിഗണന നൽകാൻ പാടില്ല. ഇത് തന്റെ അനുമതിയോടെ മാത്രമേ നൽകാവൂവെന്നും ഋഷിരാജ് സിങ് പറഞ്ഞിരുന്നു. ഏത് ജയിലിലും ഏത് സമയത്തും തന്റെ മിന്നൽ സന്ദർശനവും പരിശോധനയും ഉണ്ടാകുമെന്നും ഡി.ജി.പി ജീവനക്കാരെ കഴിഞ്ഞ ദിവസം ഓർമിപ്പിച്ചിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP