Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിയ്യൂരിൽ കഴിഞ്ഞത് 'ജയിലറുടെ സുഖസൗകര്യങ്ങളിൽ'; പരോളിലിറങ്ങുന്നത് ക്വട്ടേഷൻ നടപ്പാക്കാനും; ജയിലിൽ നിന്ന് ക്വട്ടേഷൻ പൂർത്തിയാക്കാൻ വിളിച്ചത് 400ലേറെ തവണ; കാക്ക രഞ്ജിത്തിനെ 244 തവണ വിളിച്ചപ്പോൾ കവർച്ച മുതൽ വാങ്ങിയ കൊല്ലത്തെ സ്വർണ്ണക്കടക്കാരെ വിളിച്ചത് 200 തവണ; ആസൂത്രകന്റെ പങ്ക് വ്യക്തമാക്കി ഫ്‌ളാറ്റിലെ ആഘോഷത്തിന്റെ ഫോട്ടോയും പുറത്ത്; കൊടി സുനിയെ പൂജപ്പുരയിൽ പൂട്ടാനുറച്ച് 'ഋഷിരാജ് സിങ്കം'; ടിപിയെ 51 വെട്ടിന് കൊന്ന കൊലയാളിക്ക് ഇനി പരോൾ നൽകില്ല

വിയ്യൂരിൽ കഴിഞ്ഞത് 'ജയിലറുടെ സുഖസൗകര്യങ്ങളിൽ'; പരോളിലിറങ്ങുന്നത് ക്വട്ടേഷൻ നടപ്പാക്കാനും; ജയിലിൽ നിന്ന് ക്വട്ടേഷൻ പൂർത്തിയാക്കാൻ വിളിച്ചത് 400ലേറെ തവണ; കാക്ക രഞ്ജിത്തിനെ 244 തവണ വിളിച്ചപ്പോൾ കവർച്ച മുതൽ വാങ്ങിയ കൊല്ലത്തെ സ്വർണ്ണക്കടക്കാരെ വിളിച്ചത് 200 തവണ; ആസൂത്രകന്റെ പങ്ക് വ്യക്തമാക്കി ഫ്‌ളാറ്റിലെ ആഘോഷത്തിന്റെ ഫോട്ടോയും പുറത്ത്; കൊടി സുനിയെ പൂജപ്പുരയിൽ പൂട്ടാനുറച്ച് 'ഋഷിരാജ് സിങ്കം'; ടിപിയെ 51 വെട്ടിന് കൊന്ന കൊലയാളിക്ക് ഇനി പരോൾ നൽകില്ല

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ഇനി കൊടി സുനിക്ക് പരോൾ അനുവദിക്കില്ല. ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ജീവപര്യന്തം തടവനുഭവിക്കുന്ന കൊടി സുനി പരോളിലിറങ്ങി ഭീകര പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുവെന്ന തെളിവുകൾ പുറത്ത് വന്ന സാഹചര്യത്തിലാണ് ഇത്. താൻ ജയിൽ ഡിജിപിയുടെ സ്ഥാനത്തിരിക്കുന്നിടത്തോളം കാലം കൊടി സുനിക്ക് പരോൾ നൽകാനാകില്ലെന്ന് സിപിഎം കേന്ദ്രങ്ങളെ ഋഷിരാജ് സിങ് അറിയിച്ചു കഴിഞ്ഞു. കൊടി സുനി കൊടി സുനി പരോൾകാലയളവിൽ കോഴിക്കോട്ടെത്തി ക്രിമിനൽസംഘവുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നതിന് തെളിവുകൾ പുറത്തു വന്നിരുന്നു. ഇതിനൊപ്പം കൊടി സുനി പലരേയും ജയിലിൽ ഇരുന്നും ഭീഷണിപ്പെടുത്തുന്നു. ഇതൊന്നും ഇനി അനുവദിക്കില്ലെന്നാണ് ഋഷിരാജ് സിങ് നൽകുന്ന സൂചന. ജയിൽ ഭരണത്തിലും അടിമുടി അഴിച്ചു പണികൾ നടത്തും.

ഒട്ടേറെ പിടിച്ചുപറിക്കേസുകളിലെ പ്രതിയായ കാക്ക രഞ്ജിത്ത്, ടി.പി. വധക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട കോടിയേരി ചിരുന്നംകണ്ടിയിൽ സി.കെ. രജികാന്ത് (കൂരാപ്പൻ) എന്നിവരുൾപ്പെടുന്ന സംഘത്തെയാണ് കോഴിക്കോട്ടെ ഒരു ഫ്‌ളാറ്റിൽ കണ്ടത്. ഒന്നിച്ചുകണ്ടപ്പോഴെടുത്ത ഫോട്ടോ പൊലീസിന് ലഭിച്ചെങ്കിലും കാര്യമായ അന്വേഷണം നടന്നില്ല. അസുഖവും സ്വകാര്യ പ്രശ്‌നങ്ങളും പറഞ്ഞാണ് കൊടി സുനി പരോൾ നേടുന്നത്. സിപിഎം നേതാക്കളുടെ പിന്തുണയും കിട്ടാറുണ്ട്. ഇത്തരത്തിലൊരു പ്രതിയാണ് ക്രിമിനലുകളുമായി ആഘോഷിക്കുന്നത്. ഗൂഢാലോചനയുടെ ലക്ഷ്യം വ്യക്തമല്ലെങ്കിലും പൊലീസ് ചിത്രത്തെ കുറിച്ച് അന്വേഷിക്കാത്തത് വിചിത്രമാണ്. ഈ സാഹചര്യത്തിലാണ് ഇനി പരോൾ നൽകില്ലെന്ന് ൃഷിരാജ് സിങ് നിലപാട് എടുക്കുന്നത്. വിയ്യൂരിൽ നിന്ന് കൊടി സുനിയെ പൂജപ്പുര ജയിലിലേക്ക് മാറ്റിയിരുന്നു. കൊടി സുനിയിൽ നിന്ന് ഫോണും മറ്റും പിടിച്ചെടുത്ത സാഹചര്യത്തിലായിരുന്നു ഇത്.

കഴിഞ്ഞ ഡിസംബറിലാണ് ആഘോഷം നടന്നത്. വിയ്യൂർ ജയിലിൽനിന്ന് പരോളിൽ ഇറങ്ങിയ കൊടി സുനി, ഇതേദിവസങ്ങളിൽ കൈതേരി സ്വദേശിയായ റഫ്ഷാനെ തട്ടിക്കൊണ്ടുപോയി വയനാട്ടിലെ സ്വകാര്യ റിസോർട്ടിൽ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയെന്ന് കൂത്തുപറമ്പ് പൊലീസ് കണ്ടെത്തിയിരുന്നു. പിന്നീട് ഈ കേസിൽ ജയിലിലെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ തട്ടിക്കൊണ്ടുപോകലിനുശേഷം തിരികെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മടങ്ങുന്നതിനിടെയാണ് കോഴിക്കോട് പാലാഴിയിലെ ഒരു ഫ്‌ളാറ്റിൽ സംഘം ഒത്തുചേർന്നത്. ജയിലിനുള്ളിൽനിന്ന് കൊടി സുനി സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്യുന്നുവെന്ന കേസുകൾ അന്വേഷണത്തിലിരിക്കെയാണ് രഹസ്യ ഒത്തുചേരൽ വിവരം പുറത്തുവരുന്നത്. അതായത് പ്രവാസിയെ തട്ടിക്കൊണ്ട് പോയതിന്റെ വിജയം ആഘോഷിക്കുകയായിരുന്നു കൊടി സുനിയും സംഘവും.

കാക്ക രഞ്ജിത്തിന് പുറമെ, ദിൽഷാദ്, ഫൈസൽ, സൂരജ്, പ്രകാശൻ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ഇതിൽ പലരും ജീവപര്യന്തം ശിക്ഷ കഴിഞ്ഞിറങ്ങിയവരും കൊലക്കേസ് ഉൾപ്പെടെയുള്ളവയിൽ പ്രതി ചേർക്കപ്പെട്ടവരുമാണ്. ജയിലിലിരുന്ന് കൊടി സുനിയുടെ നിർദ്ദേശപ്രകാരം കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കുന്നതിന് കാക്ക രഞ്ജിത്ത് ഉൾപ്പെട്ട സംഘം പങ്കാളികളായെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കാക്ക രഞ്ജിത്തിനെ അറിയില്ലെന്ന മൊഴിനൽകി തടിയൂരുകയായിരുന്നു കൊടി സുനിയുടെ പതിവ്. ആദ്യമായാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം പൊലീസിന് ലഭിക്കുന്നത്. ഇതോടെ ഈ കേസിൽ നിർണ്ണായക തെളിവായി ഈ ഫോട്ടോ മാറുകയാണ്. ജയിലിൽ കഴിയുകയായിരുന്ന കൊടി സുനി പരോളിലിറങ്ങിയ സമയത്ത് കൃത്യത്തിൽ പങ്കാളിയാവുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ജയിലിനുള്ളിലും കൊടി സുനി ഈ ആക്രമണ പദ്ധതിയിൽ പങ്കെടുത്തിരുന്നു.

യുഡിഎഫ് ഭരണകാലത്ത് ഫെയ്‌സ് ബുക്കും വാട്‌സ് ആപ്പുമായിരുന്നു കൊടി സുനിക്ക് ജയിലിൽ ആശ്വാസം. എന്നാൽ സ്വന്തം സർക്കാരെത്തിയപ്പോൾ ജയിൽ വീടു പോലെയായി. ക്വട്ടേഷനും ഏറ്റെടുക്കാം. അങ്ങനെയാണ് കോഴിക്കോട്ട് കാർ യാത്രക്കാരനെ ആക്രമിച്ച് മൂന്ന് കിലോഗ്രാം കള്ളക്കടത്ത് സ്വർണം കവരാനുള്ള സാധ്യത തെളിഞ്ഞത്. അത് ഫലപ്രദമായി സുനി ഉപയോഗിക്കുകയും ചെയ്തു. ഈ കേസിലെ മുഖ്യ ആസുത്രകനായിരുന്നു കൊടി സുനി. സിപിഎമ്മുമായുള്ള അടുത്ത ബന്ധം കാരണം വിയ്യൂരിൽ സുനിക്ക് സർവ്വ സ്വാതന്ത്ര്യമായിരുന്നു. ജയിലർക്ക് സമാനമായ ജീവതമാണ് സുനി നയിച്ചത്. 2017 ജനുവരി 13-നായിരുന്നു പുതിയ അറസ്റ്റിന് ആധാരമായ സംഭവം. കൈതേരിയിലെ റഫ്ഷാനെ കാറിലെത്തിയ സംഘം വയനാട്ടിലെ റിസോർട്ടിലേക്ക് തട്ടിക്കൊണ്ടുപോയി മർദിക്കുകയും മൊബൈൽഫോണും 16,000 രൂപയും തട്ടിയെടുത്തുവെന്നായിരുന്നു കേസ്. റഫ്ഷാന്റെ സഹോദരൻ മറ്റൊരാൾക്ക് നൽകാനായി ഗൾഫിൽനിന്ന് കൊണ്ടുവന്ന സ്വർണം ഉടമസ്ഥന് കൊടുക്കാത്തതാണ് അക്രമത്തിന് ഇടയാക്കിയത്.

കവർച്ച ആസൂത്രണം ചെയ്യാൻ അഞ്ഞൂറിലേറെ ഫോൺകോളുകൾ വിയ്യൂരിൽ നിന്ന് കൊടി സുനി ചെയ്തു. ഇതാണ് വിനയായി മാറിയതും. നല്ലളം മോഡേൺ സ്റ്റോപ്പിന് സമീപമാണ് കാർയാത്രികനെ ആക്രമിച്ച് മൂന്ന് കിലോഗ്രാമോളം കള്ളക്കടത്ത് സ്വർണം കവർന്നത്. ഇതിന്റെ ആസൂത്രകൻ സുനിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കവർച്ചയ്ക്ക് നേതൃത്വം നൽകിയ കാക്ക രഞ്ജിത്തിനെ 244 തവണ വിളിച്ചിട്ടുണ്ട്. കവർച്ചമുതൽ വാങ്ങിയ കൊല്ലത്തെ സ്വകാര്യ പണമിടപാടുകാരൻ രാജേഷ് ഖന്നയെ ഇരുന്നൂറിലധികം തവണ വിളിച്ചു. കൊടിസുനി വിയ്യൂർ സെൻട്രൽ ജയിലിൽ ഉപയോഗിച്ച മൊബൈൽ ഫോണിന്റെ ഏതാനും ആഴ്ചകളിലെ വിവരങ്ങൾ ശേഖരിച്ചതിൽനിന്നാണ് ഇത്രയധികം ഫോൺ കോളുകൾ ഉണ്ടായത് കണ്ടെത്തിയത്.

മൊബൈൽ കമ്പനികളിൽനിന്ന് ശേഖരിച്ച ഫോൺ കോൾ രേഖകൾ, ടവർ ലൊക്കേഷൻ രേഖകൾ, സെൽ ഐ.ഡി. രേഖകൾ എന്നിവ വിനയായി മാറി. കാക്ക രഞ്ജിത്തിനെയും രാജേഷ് ഖന്നയെയും വിളിക്കാൻ ഉപയോഗിച്ച അതേ നമ്പറിൽനിന്ന് സിപിഎമ്മിന്റെ കണ്ണൂർ ജില്ലയിലെ രണ്ടു നേതാക്കളെയും തലശ്ശേരി, ചൊക്ലി ഭാഗത്തെ ചിലരേയും വിളിച്ചിട്ടുണ്ട്. കള്ളക്കടത്ത് സ്വർണം കവർച്ച ചെയ്താൽ ആരും എവിടേയും പരാതി നൽകില്ല. ഈ വിശ്വാസത്തിലാണ് കൊടി സുനി തന്ത്രങ്ങൾ ഒരുക്കിയത്. ക്വട്ടേഷൻ ഗുണ്ടകൾ ഇത്തരം കവർച്ചകൾ ചെയ്യുന്നത് സ്ഥിരമാണ്. ഇതുകൊടി സുനിയുടേയും രീതിയായിരുന്നു. കവർന്നെടുത്ത സ്വർണം രാജേഷ് ഖന്ന പൊലീസിന് കൈമാറാതെ ഒളിപ്പിച്ചതിനു പിന്നിലും കൊടി സുനിയുടെ ഉപദേശം തന്നെയായിരുന്നു. കാക്ക രഞ്ജിത്തിന്റെ അറസ്റ്റ് പൊലീസ് ഔദ്യോഗികമായി രേഖപ്പെടുത്തിയതിന്റെ പിറ്റേദിവസം വിയ്യൂർ സെൻട്രൽ ജയിലിലെത്തി രാജേഷ് ഖന്ന കൊടിസുനിയെ കണ്ടത് സ്വർണം ഒളിപ്പിക്കുന്നകാര്യം സംസാരിക്കുന്നതിനുവേണ്ടിയായിരുന്നെന്നാണ് നിഗമനം.

കേസിൽ കാക്ക രഞ്ജിത്തിന്റെ കുറ്റസമ്മത മൊഴിയിലും കൊടി സുനിയുടെ ബന്ധം വെളിപ്പെടുത്തുന്നുണ്ട്. ഇതും കൊടി സുനിക്ക് വനിയായി. ടി.പി.കേസിൽ പ്രതികൾക്കുവേണ്ടി ഹാജരായ ഒരു അഭിഭാഷകൻ ഈ കേസിലെ ഒരു പ്രതിക്കുവേണ്ടിയും ഹാജരായി. ഈ അഭിഭാഷകനെ ഏർപ്പെടുത്തിയതും സുനിയാണെന്ന് പൊലീസ് കരുതുന്നു. ഇതെല്ലാം കൊടി സുനിക്കെതിരായ സാഹചര്യ തെളിവുകളായി മാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP