Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെടിവച്ചുകൊന്ന പന്നിയുടെ ജഡത്തിന് മുകളിൽ കാൽകയറ്റി വച്ച് തോക്കുമേന്തി വീരപരിവേഷത്തിൽ ഫോട്ടോ; ഇനി വെടിവെക്കേണ്ടെന്ന് വനം വകുപ്പ്; കോടഞ്ചേരി സ്വദേശി ജോർജ് ജോസഫ് ജഡത്തോട് അനാദരവ് കാട്ടി; റദ്ദാക്കിയത് സംസ്ഥാനത്ത് ആദ്യമായി നിയമാനുസൃതം കാട്ടുപന്നിയെ വെടിവയ്ക്കാൻ അനുമതി കിട്ടിയ വ്യക്തിയുടെ ലൈസൻസ്; നിയമലംഘനത്തിന് കേസും

വെടിവച്ചുകൊന്ന പന്നിയുടെ ജഡത്തിന് മുകളിൽ കാൽകയറ്റി വച്ച് തോക്കുമേന്തി വീരപരിവേഷത്തിൽ ഫോട്ടോ; ഇനി വെടിവെക്കേണ്ടെന്ന് വനം വകുപ്പ്; കോടഞ്ചേരി സ്വദേശി ജോർജ് ജോസഫ് ജഡത്തോട് അനാദരവ് കാട്ടി; റദ്ദാക്കിയത് സംസ്ഥാനത്ത് ആദ്യമായി നിയമാനുസൃതം കാട്ടുപന്നിയെ വെടിവയ്ക്കാൻ അനുമതി കിട്ടിയ വ്യക്തിയുടെ ലൈസൻസ്; നിയമലംഘനത്തിന് കേസും

ജാസിം മൊയ്തീൻ

കോഴിക്കോട്: സംസ്ഥാനത്ത് ആദ്യമായി നിയമാനുസൃതം കാട്ടുപന്നിയെ വെടിവെച്ചുകൊന്നയാളുടെ അനുമതി വനം വകുപ്പ് റദ്ദാക്കി. കോഴിക്കോട് കോടഞ്ചേരി സ്വദേശി മൈക്കാവ് കാവുങ്ങൽ എടപ്പാട്ട് ജോർജ്ജ് ജോസഫാണ് കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ അനുമതി നൽകിയവരുടെ ലിസ്റ്റിൽ നിന്നും പുറത്തായത്. ജോർജ്ജ് ജോസഫ് വെടിവെച്ചുകൊന്ന പന്നിയുടെ ജഡത്തിന് മുകളിൽ കാൽകയറ്റിവെച്ച് ഫോട്ടോയെടുത്ത് സാമൂഹിക മാധ്യമങ്ങൾ പ്രചരിപ്പിച്ചതാണ് നടപടിക്കാധാരം. ഇയാൾക്കെതിരെ വനംവന്യജീവി നിയമപ്രകാരം വനംവകുപ്പ് കേസെടുക്കുകയും ചെയ്തു.

കർഷകർക്ക് ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ ലൈസൻസ് നേടിയ സംസ്ഥാനത്തെ ആദ്യത്തെ പഞ്ചായത്താണ് കോടഞ്ചേരി പഞ്ചായത്ത്. അഞ്ചുപേർക്കാണ് ഇത്തരത്തിൽ അനുമതി ലഭിച്ചിട്ടുള്ളത്. ഇന്നലെ രാത്രി 9 മണിക്കാണ് സംസ്ഥാനത്തു തന്നെ ആദ്യമായി നിയമപ്രകാരം ഒരു കാട്ടുപന്നിയെ വെടിവെച്ചുകൊല്ലുന്നത്. കോടഞ്ചേരി പഞ്ചായത്തിലുള്ള കൃഷിയിടത്തിൽ കയറിയ 85 കിലോഗ്രാം തൂക്കം വരുന്ന ഒരു കാട്ടുപന്നിയെയാണ് ഇന്നലെ ജോർജ്ജ് ജോസഫ് വെടിവെച്ചുകൊന്നത്. 10 മണിയോടെ തന്നെ ഫോറസ്റ്റ് അധികൃതർ എത്തി പന്നിയുടെ മൃതദേഹം കൊണ്ടുപോകുകയും ചെയ്തു. ഇതിനിടയിലെ ഒരു മണിക്കൂർ സമയത്ത് വീരപരിവേഷത്താടെ എടുത്ത ഒരു ഫോട്ടോയാണ് ഇപ്പോൾ ജോർജ്ജ് ജോസഫിന് തന്നെ തിരിച്ചടിയായിരിക്കുന്നത്.

പന്നിയുടെ ജഡത്തിൽ ചവിട്ടിക്കൊണ്ട് തോക്കുമേന്തിനിൽക്കുന്ന ഫോട്ടോ കൂടെയുണ്ടായിരുന്നവരെ കൊണ്ട് എടുപ്പിച്ച് സമൂഹമാധ്യമങ്ങൾ വഴി പങ്കുവെക്കുകയായിരുന്നു. നിരവധിയാളുകൾ കാട്ടുപന്നിയെ വെടിവെച്ചുകൊന്നയാളെ അനുമോദിച്ചും അഭിനന്ദനങ്ങളറിയിച്ചും ഈ ഫോട്ടോ പങ്കുവെച്ചു. ജോർജ്ജ് ജോസഫിനെ അനുമോദിച്ചുകൊണ്ട് നാട്ടുകാർ ഈ ചിത്രം വ്യാപകമായി പ്രചരിപ്പിച്ചതോടെയാണ് ഫോട്ടോ ജോസഫിന് കുരുക്കായി മാറിയത്. ഫോട്ടോ ശ്രദ്ധയിൽ പെട്ട വനംവകുപ്പ് അദ്ദേഹത്തിനെതിരെ കേസെടുക്കുകയും കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള അനുമതി റദ്ദാക്കുകയും ചെയ്തു.

ജോർജ്് ജോസഫിന്റെ അനുമതി റദ്ദാക്കിക്കൊണ്ട് കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറായ എം.രാജീവൻ ഉത്തരവിറക്കി. ജോസഫ് തോട്ടത്തിൽ വെച്ച് ഒരാൺ പന്നിയെ വെടിവെച്ച് കെല്ലുകയും അത് വനം വകുപ്പ് ജീവനക്കാരെ അറിയിച്ചതനുസരിച്ച് ഗവ. ഉത്തരവ് പ്രകാരമുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.. എന്നാൽ അദ്ദേഹം പന്നിയെ വെടിവെച്ച ശേഷം വനം വകുപ്പ് ജീവനക്കാർ എത്തുന്നത് വരെയുള്ള സമയപരിധിയിൽ പന്നിയുടെ ജഡത്തിന്റെ മുകളിൽ കാൽ കയറ്റി വെച്ച് തോക്കും പിടിച്ച് ഫോട്ടോയെടുക്കുകയും, അത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തതായി ബോധ്യപ്പെട്ടിരിക്കുന്നു.

ശല്യക്കാരായ കാട്ടുപന്നികളെ നിയന്ത്രിക്കുക എന്ന ഉദ്ദ്യേശത്തോടു കൂടിയാണ് സർക്കാർ ഉത്തരവ് ഇറക്കിയിട്ടുള്ളത്. അതിനപ്പുറം കാട്ടുപന്നി ഇന്ത്യൻ വന്യ ജീവി നിയമത്തിൽ അനുബന്ധ പട്ടികയിൽ വരുന്ന ജീവിയാണ്. ഇത്തരം ഒരു ജീവിയെ കൊന്ന ശേഷം അതിന്റെ ജഡത്തിൻ മേൽ ഇത്തരത്തിൽ ചെയ്യുന്നതും ആ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതും ഇന്ത്യൻ വന്യ ജീവി നിയമം 1972 ന്റെയും, ഇന്ത്യൻ ഭരണഘടനയിലെ തത്വങ്ങളുടെയും ലംഘനമാണ്. ആയതിനാൽ മേൽക്കാര്യത്തിൽ ഉത്തരവാദിയായ ജോർജ്ജ് ജോസഫ് എടപ്പാട്ട് എന്നയാളെ കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാൻ അനുമതി നൽകിയവരുടെ ലിസ്റ്റിൽ നിന്നും ഒഴിവാക്കിക്കൊണ്ട് ഉത്തരവാകുന്നു. ടിയാൻ ഉത്തരവ് പ്രകാരം മേലിൽ കാട്ടുപന്നികളെ വെടിവെക്കാൻ പാടുള്ളതല്ലയെന്നും കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറായ എം.രാജീവൻ നൽകിയ ഉത്തരവിൽ പറയുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP