Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള കോടതി നിർദ്ദേശം ഉടൻ പ്രാവർത്തികമാക്കാനൊരുങ്ങി സർക്കാർ; പരിഹാര നടപടികൾ നിരീക്ഷിക്കാൻ കോടതി ഒരുങ്ങുമ്പോൾ നടപടികൾ ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം; വെള്ളക്കെട്ടിന് പുറമേ കാനകളുടെ അവസ്ഥകൂടി പരിഹരിക്കേണ്ടത് അത്യാവശ്യമെന്ന് വ്യക്തമാക്കി കോടതി

കൊച്ചിയിലെ വെള്ളക്കെട്ട് പരിഹരിക്കാനുള്ള കോടതി നിർദ്ദേശം ഉടൻ പ്രാവർത്തികമാക്കാനൊരുങ്ങി സർക്കാർ; പരിഹാര നടപടികൾ നിരീക്ഷിക്കാൻ കോടതി ഒരുങ്ങുമ്പോൾ നടപടികൾ ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം; വെള്ളക്കെട്ടിന് പുറമേ കാനകളുടെ അവസ്ഥകൂടി പരിഹരിക്കേണ്ടത് അത്യാവശ്യമെന്ന് വ്യക്തമാക്കി കോടതി

സുവർണ പി എസ്

കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് ഉടൻ ഒഴിവാക്കണമെന്ന നിർദ്ദേശത്തെ തുടർന്ന് ഉടൻ തന്നെ പ്രശ്നം പരിഹരിക്കാനുള്ള തിടുക്കത്തിലാണ് അധികൃതർ. അധികൃതർ എന്താണ് ചെയ്യുന്നതെന്ന് ഹൈക്കോടതി നിരീക്ഷിക്കുമെങ്കിലും വെള്ളക്കെട്ട് എത്രത്തോളം പരിഹരിക്കാനാവുമെന്നത് വ്യക്തമല്ല. പണ്ട് ഉണ്ടായിരുന്ന രീതിയിൽ തന്നെയാണ് ഇത്തവണയും പോവുന്നതെങ്കിൽ പേരിന് മാത്രമായ പരിഹാര നടപടികളാവാനാണ് സാധ്യത. അതായത് വെള്ളക്കെട്ട് ഇനിയും വന്ന് പോയിക്കൊണ്ടേയിരിക്കും.

കോടതി നിർദ്ദേശത്തെ തുടർന്ന് നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി നടത്താൻ പോവുന്ന നടപടികൾ മാർച്ച് 31 നകം പൂർത്തിയാകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. മാത്രമല്ല വെള്ളക്കെട്ട് നിവാരണത്തിനുള്ള ഓപ്പറേഷൻ ബ്രേക്ക് ത്രൂവിന്റെ മാസ്റ്റർ പ്ലാൻ ഡിസംബർ 16 നകം തയ്യാറാക്കാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സമിതി യോഗം തീരുമാനിച്ചെന്നും അഡ്വക്കറ്റ് ജനറൽ കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം വെള്ളക്കെട്ട് പരിഹരിക്കാൻ സർക്കാർ രൂപീകരിച്ച ഉന്നതതല സമിതിക്ക് പ്രവർത്തന സ്വാതന്ത്ര്യമുണ്ടാകണമെന്ന് വ്യക്തമാക്കിയ കേടതി അഴുക്കുചാൽ, കാനകൾ, റെയിൽവേ ഭൂമി, എന്നിവ സംബന്ധിച്ചും വ്യക്തത വേണമെന്നും അറിയിച്ചിരുന്നു. കാരണം കനാൽ മലിനീകരണം തുടർന്നാൽ അത് ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കും. അതുകൊണ്ടെല്ലാം തന്നെ വെള്ളക്കെട്ടിനും മറ്റ് മലിനീകരണങ്ങൾക്കും പരിഹാര നടപടികൾ ഉടൻ വേണമെന്ന് പറഞ്ഞ കോടതി സമയാസമയങ്ങളിൽ നടപടി റിപ്പോർട്ട് നൽകണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

വെള്ളക്കെട്ടിന് പുറമേ കാനകളിലും മറ്റും മാലിന്യങ്ങൾ വന്ന് കൂടി നീരൊഴുക്ക് തടസ്സപ്പെടുത്തുന്നതും പരിഹാരം ആവശ്യമുള്ള പ്രധാന പ്രശ്നങ്ങളിലൊന്നാണ്. ജനങ്ങളുടെ നിരന്തരമായ പരാതിയെ തുടർന്നാണ് പരിഹാര നടപടികൾക്ക് ഇപ്പോൾ സർക്കാർ ഒരുങ്ങുന്നത്. അഴുക്കുചാലുകൾ വൃത്തിയാക്കാത്തതിനാൽ തന്നെ ജനജീവിതം ദുരിതത്തിലാണ്. അതുകൊണ്ട് തന്നെ നഗരത്തിലെ അഴുക്കുചാലുകളുടെ വിവരങ്ങൾ ഉടൻ ശേഖരിക്കാനും ഇപ്പോൾ തീരുമാനമായിട്ടുണ്ട്. നഗരസഭ, ജിസിഡിഎ, കെഎംആർഎൽ, പൊതുമരാമത്ത്, ജലസേചന-ആർക്കൈവ്സ് വകുപ്പ് പ്രതിനിധികൾ, പൊലീസ് എന്നിവരുമായി കലക്ടർ നടത്തിയ ചർച്ചയിലാണ് നഗരത്തിലെ അഴുക്കുചാലുകളുടെ വിവരങ്ങൾ ശേഖരിക്കാൻ തീരുമാനമായത്. അതിനോടൊപ്പം തന്നെ കനാലുകൾ ശുചിയാക്കാനും നിലനിർത്താനും കൊച്ചിൻ കപ്പൽശാല, ബിപിസിഎൽ, പോട്രോനെറ്റ് എൽഎൻജി എന്നിവരുമായി കലക്ടർ ചർച്ച നടത്തിയെന്നും അവർ സഹായ, സഹകരണങ്ങൾ ഉറപ്പ് നൽകിയെന്നും സർക്കാർ അറിയിച്ചു.

അതേസമയം ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ നേതൃത്വത്തിലാകും വെള്ളക്കെട്ട് നിവാരണ നടപടികൾ നടക്കുകയെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. മൈനർ ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയറുടെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളിലെ എക്സിക്യൂട്ടിവ് എൻജിനീയർമാരെ ഉൾപ്പെടുത്തി സാങ്കേതിക സമിതി രൂപീകരിക്കും. പ്രവർത്തനങ്ങളുടെ നിലവാരം കെഎംആർഎൽ വിലയിരുത്തും. കൂടാതെ ജില്ലാ ദുരന്തനിവാരണ അഥോറിറ്റി സെൽ രൂപീകരിക്കുകയയും ചെയ്യും. മുല്ലശ്ശേരി കനാൽ, തേവര പേരണ്ടൂർ കനാൽ, മാർക്കറ്റ് റോഡ് കനാൽ, ചിലവന്നൂർ കനാൽ, ഇടപ്പള്ളി കനാൽ എന്നിവയാണ് പ്രധാനമായും ശുചീകരിക്കുക. അതേസമയം നഗരത്തിൽ വെള്ളക്കെട്ട് ഇനിയുണ്ടാവാതിരിക്കാൻ 2020 ജനുവരി ഒന്നു മുതലുള്ള 90 ദിവസം അധികൃതരെല്ലാം ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ നിർദ്ദേശിച്ചിട്ടുമുണ്ട്.

തേവര-പേരണ്ടൂർ കനാൽ ഉൾപ്പെടെ നഗരത്തിലെ ശുദ്ധജല കനാലുകളുടെയെല്ലാം ശുചീകരണം നിരീക്ഷിക്കാനും റിപ്പോർട്ട് നൽകാനും കലക്ടറെ ചുമതലപ്പടുത്തി. ഹൈക്കോടതി നിർദ്ദേശിച്ച പ്രകാരം സമിതികൾ രൂപീകരിച്ചു. ഒക്ടോബർ 25ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ മേയറും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ തിരുവനന്തപുരത്തെ ഓപ്പറേഷൻ അനന്ത മാതൃകയിലുള്ള നടപടികൾക്ക് തീരുമാനമായി. ഉടൻ തന്നെ വെള്ളക്കെട്ടിനും കനാൽ ശുചീകരണത്തിനുമുള്ള നടപടികൾ വേണമെന്ന കോടതിയുടെ കർശന നിർദ്ദേശം എത്രത്തോളം പ്രാവർത്തികമാവുമെന്നത് വഴിയേ മാത്രമേ വ്യക്തമാകൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP