Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വെണ്ണലയിലെ പ്രസംഗം പ്രകോപനപരമെന്ന് കോടതി; പി.സി ജോർജിനെത്തേടി കൊച്ചി പൊലീസ് ഈരാറ്റുപേട്ടയിലെ വീട്ടിൽ; നീക്കം, മുൻകൂർ ജാമ്യപേക്ഷ തള്ളിയതിന് പിന്നാലെ; ബന്ധുക്കളുടെ വീട്ടിലടക്കം പരിശോധന; ഹൈക്കോടതിയെ സമീപിക്കുമെന്ന് ഷോൺ ജോർജ്

വെണ്ണലയിലെ പ്രസംഗം പ്രകോപനപരമെന്ന് കോടതി; പി.സി ജോർജിനെത്തേടി കൊച്ചി പൊലീസ് ഈരാറ്റുപേട്ടയിലെ വീട്ടിൽ; നീക്കം, മുൻകൂർ ജാമ്യപേക്ഷ തള്ളിയതിന് പിന്നാലെ; ബന്ധുക്കളുടെ വീട്ടിലടക്കം പരിശോധന; ഹൈക്കോടതിയെ സമീപിക്കുമെന്ന്  ഷോൺ ജോർജ്

മറുനാടൻ മലയാളി ബ്യൂറോ

പൂഞ്ഞാർ: മുൻ എംഎ‍ൽഎ പി.സി ജോർജിന്റെ വീട്ടിൽ പൊലീസ് പരിശോധന. പാലാരിവട്ടം വെണ്ണലയിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതി രാവിലെ പി.സി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളയതിന് പിന്നാലെയാണ് ഈരാറ്റുപേട്ടയിലെ വീട്ടിൽ തൃക്കാക്കര എ.സി.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തിയത്.

മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ അറസ്റ്റിന് വഴിയൊരുങ്ങുമെന്ന സൂചനയുള്ളതിനാൽ പി.സി ജോർജ് വീട്ടിൽ നിന്നും മാറി നിന്നിരുന്നു. അദ്ദേഹം രാവിലെ തന്നെ തിരുവനന്തപുരത്തേക്ക് പോയെന്നാണ് ലഭിക്കുന്ന വിവരം. പൊലീസ് വീട്ടിലെത്തിയെങ്കിലും ജോർജിനെ കാണാൻ കഴിഞ്ഞില്ല. പൊലീസ് ഇപ്പോഴും വീട്ടിൽ ക്യമ്പ് ചെയ്യുകയാണ്.

പിസി ജോർജിനെ കസ്റ്റഡിയിലെടുക്കാനായിരുന്നു പൊലീസ് എത്തിയത്. തിരുവനന്തപുരത്ത് പിസി ജോർജിനെതിരെ കേസെടുത്ത ഘട്ടത്തിൽ പോലും ഇദ്ദേഹം ഈരാറ്റുപേട്ടയിൽ എത്തിയിരുന്നില്ല. അഞ്ച് മണിയോടെയാണ് പൊലീസ് ഈരാറ്റുപേട്ടയിലെത്തിയത്. കുടുംബാംഗങ്ങളുമായി പൊലീസ് സംസാരിച്ചു. ഇവിടെ പിസി ജോർജിന്റെ ബന്ധുക്കളുടെ വീട്ടിലടക്കം പൊലീസ് പരിശോധന നടത്തി.

പി.സി.ജോർജിന്റെ വെണ്ണലയിലെ പ്രസംഗം പ്രകോപനപരമെന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതി വ്യക്തമാക്കിയിരുന്നു. പ്രസംഗം മതസ്പർധയ്ക്കും ഐക്യം തകരാനും കാരണമാകും. ജോർജിന്റെ മുൻകൂർ ജാമ്യം തള്ളിയ ഉത്തരവിലാണ് കോടതി പരാമർശം.

വെണ്ണല മഹാദേവക്ഷേത്രത്തിൽ നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെ സർക്കാർ തനിക്കെതിരെ നീങ്ങുകയാണെന്നും കള്ളക്കേസാണെന്നുമായിരുന്നു ജോർജിന്റെ വാദം.

എന്നാൽ, തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ഹിന്ദുമഹാസമ്മേളനത്തിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി കൊച്ചിയിലും ആവർത്തിച്ചത് ഗൂഢലക്ഷ്യത്തോടെയാണെന്ന് പ്രോസിക്യൂഷനും നിലപാടെടുത്തു. സമാന കുറ്റം ആവർത്തിക്കരുതെന്ന് അറിയില്ലേ എന്ന് വാദത്തിനിടെ കോടതിയും ജോർജിനോടു ചോദിച്ചു.

പി.സി.ജോർജിനെതിരെ ശക്തമായ തെളിവുണ്ടെങ്കിലും അറസ്റ്റിന് തിടുക്കമില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ ആവർത്തിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് ജോർജിന്റെ മകൻ ഷോൺ ജോർജ് പറഞ്ഞു.

തിരുവനന്തപുരം ഹിന്ദു മഹാസഭാ സമ്മേളനത്തിൽ പങ്കെടുത്ത് വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസ് നിലനിൽക്കെയാണ് പി.സി.ജോർജിനെതിരെ പാലാരിവട്ടത്തും സമാനമായ കേസെടുത്തത്. തിരുവനന്തപുരത്തെ കേസിൽ അറസ്റ്റ് ചെയ്‌തെങ്കിലും കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. തുടർച്ചയായി വിദ്വേഷ പ്രസംഗം നടത്തുന്ന പശ്ചാത്തലത്തിൽ കൂടിയാണ് എറണാകുളം അഡീഷണൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം തള്ളിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP