Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭിന്നലിംഗക്കാർക്ക് കൊച്ചി മെട്രോയിൽ ജോലി നൽകിയ ഇടതു സർക്കാറിനെ പ്രശംസിച്ച് അന്തർദേശീയ മാധ്യമങ്ങൾ; ചരിത്രപരമായ തീരുമാനത്തിൽ ജോലി ലഭിച്ചത് 23 ഭിന്നലിംഗക്കാർക്ക്; കൗണ്ടർമുതൽ ഹൗസ് കീപ്പിങ് വരെ കൈകാര്യം ചെയ്യാൻ കുടുംബശ്രീക്കാർക്കൊപ്പം ഇനി വിൻസിയും കൂട്ടരും

ഭിന്നലിംഗക്കാർക്ക് കൊച്ചി മെട്രോയിൽ ജോലി നൽകിയ ഇടതു സർക്കാറിനെ പ്രശംസിച്ച് അന്തർദേശീയ മാധ്യമങ്ങൾ; ചരിത്രപരമായ തീരുമാനത്തിൽ ജോലി ലഭിച്ചത് 23 ഭിന്നലിംഗക്കാർക്ക്; കൗണ്ടർമുതൽ ഹൗസ് കീപ്പിങ് വരെ കൈകാര്യം ചെയ്യാൻ കുടുംബശ്രീക്കാർക്കൊപ്പം ഇനി വിൻസിയും കൂട്ടരും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഭിന്നലിംഗക്കാർക്ക് നിയമനം നൽകിയതോടെ ദേശീയ അന്താരാഷ്ട്ര മാധ്യമങ്ങളിലുൾപ്പെടെ അഭിനന്ദനം നേടി കൊച്ചി മെട്രോ. 23 ഭിന്നലിംഗക്കാർക്കാണ് കൊച്ചി മെട്രോയിൽ നിയമനം ലഭിച്ചിട്ടുള്ളത്. 530 കുടുംബശ്രീ തൊഴിലാളികൾക്കും ഇതോടൊപ്പം ജോലി നൽകിയിട്ടുണ്ട് കൊച്ചി മെട്രോയിൽ.

ഇതോടെ തൊഴിൽ ദാതാവ് എന്ന നിലയിൽ ലോകോത്തരമാതൃകയായി മാറുകയാണ് കൊച്ചി മെട്രോ. ടിക്കറ്റ് കൗണ്ടറുകൾ മുതൽ ഹൗസ് കീപ്പിങ് ഉൾപ്പെടെയുള്ള ജോലികളിൽ ഇവർ നിയോഗിക്കപ്പെടും. സ്റ്റേഷനുകളിൽ അവർക്ക് യാതൊരു വിവേചനവും കൂടാതെ ജോലിചെയ്യാനാകുമെന്ന് കൊച്ചി മെട്രോ എംഡി ഏലിയാസ് ജോർജും പ്രതികരിക്കുന്നു.

ട്രാൻസ് ജെൻഡേഴ്‌സിന് ജോലി നൽകുന്ന രാജ്യത്തെ ആദ്്യ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമെന്ന കീർത്തിയാണ് ഇതോടെ കൊച്ചി മെട്രോയ്ക്ക് കൈവരുന്നത്. എഴുത്തുപരീക്ഷയും അഭിമുഖവും നടത്തിയാണ് 530 തൊഴിലാളികളെ നിയമിച്ചത്. ഇതിന്റെ കൂട്ടത്തിൽ ഒരേ പരിഗണനയോടെ ഭിന്നലിംഗക്കാരെയും ജോലിക്ക് തിരഞ്ഞെടുത്തു. ഇവർക്കെല്ലാം മെട്രോയുമായി ബന്ധപ്പെട്ട മേഖലകളിൽ പരിശീലനം നൽകും.

ഇതോടെ കൊച്ചി മെട്രോയുടെ വിശേഷങ്ങൾ ലോക മാധ്യമങ്ങളിലും ദേശീയ മാധ്യമങ്ങളിലും വലിയ വാർത്തയായിരിക്കുകയാണ്. മെട്രോയിൽ ആദ്യമായി നിയമനം ലഭിച്ചത് ഭിന്നലിംഗക്കാർക്കാണ് എന്നതിനെ ഗാർഡിയൻ ഉൾപ്പെടെയുള്ള ആഗോള മാധ്യമങ്ങൾ അഭിനന്ദിക്കുകയും ചെയ്യുന്നു. രാജ്യത്ത് ആദ്യമായി ഭിന്നലിംഗക്കാർക്കായി നയം പ്രഖ്യാപിച്ച സംസ്ഥാനവും കേരളമാണെന്ന വിശേഷവും അവർ പങ്കുവയ്ക്കുന്നു.

ഇന്ത്യയിലെ ഈ ട്രെയിൻ നെറ്റ്‌വർക്ക് ഭിന്നലിംഗക്കാരെ നിയമിച്ച് ചരിത്രം സൃഷ്ടിച്ചുവെന്നാണ് ഗാർഡിയന്റെ തലക്കെട്ട്. കേരളത്തിലെ ഹിജഡ വിഭാഗത്തിലെ ആളുകളെ മുൻവിധികളെ മാറ്റിമറിക്കാൻ ലക്ഷ്യമിട്ട് നിയമിക്കുകയാണെന്ന് ഗാർഡിയൻ പറയുന്നു. ഇത്തരക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമാണിതെന്നും ഗാർഡിയൻ പ്രഖ്യാപിക്കുന്നു.

ഗ്ലോബൽ ഡവലപ്മെന്റിലെ വനിതാവകാശങ്ങളും ലിംഗസമത്വവും എന്ന വിഭാഗത്തിലാണ് ഈ വാർത്ത ഇടംപിടിച്ചിരിക്കുന്നത്. മൂന്നാംലിംഗ പദവി 2014ൽ സുപ്രീംകോടതി വിധിയനുസരിച്ച് ലഭ്യമായെങ്കിലും ഭിന്നലിംഗക്കാർ കടുത്ത വിവേചനമാണ് നേരിടുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ട്.

'ഇന്ത്യയിലെ ട്രെയിനുകളിൽ പൊതുവെ ഭിക്ഷയെടുക്കുന്നവരായാണ് ഭിന്നലിംഗക്കാരെ കാണാറുള്ളത്. എന്നാലിതാ, ആദ്യമായി ഇതാ അവർക്ക് ശരിയായ ഒരു ജോലി ലഭിക്കുന്നു ഈ മാസം.

ദക്ഷിണേന്ത്യൻ നഗരമായ കൊച്ചിയിലെ യാത്രക്കാർക്ക് സേവനമൊരുക്കാനും ടിക്കറ്റ് നൽകാനുമാണ് ഇവരുടെ ജോലി' ഇങ്ങനെയാണ് മുംബൈയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഈ വാർത്ത ആരംഭിക്കുന്നത് തന്നെ. ഭിന്നലിംഗക്കാരെ സമൂഹത്തിനൊപ്പം നിർത്തുന്നതിനായാണ് 23 പേർക്ക് ഇത്തരത്തിലുള്ള ജോലി നൽകിയതെന്നും ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. ഈ മാസം അവസാനത്തോടെ ഇവർ ജോലിയിൽ കയറുമെന്നും ഗാർഡിയൻ ലോകത്തെ അറിയിക്കുന്നു.

ഇന്ത്യയിൽ ആദ്യമായാണ് ഭിന്നലംഗക്കാർക്ക് ഇത്തരമൊരു അംഗീകാരം ലഭിക്കുന്നതെന്ന് മെട്രോയിൽ ജോലി നേടിയ വിൻസി പറഞ്ഞു. ഇതൊരു വലിയ നേട്ടമാണ്. വലിയ ആശ്വാസമാണിതെന്നും, സഹപ്രവർത്തകരിൽ നിന്ന് വലിയ ബഹുമാനം ലഭിക്കുന്നുവെന്നും വിൻസി വ്യക്തമാക്കുന്നു.

കൊച്ചി മെട്രോ ഞങ്ങളെ അംഗീകരിക്കുന്നുവെന്നതിന്റെ തെളിവാണിതെന്നും അവർ പറഞ്ഞുവെക്കുന്നു. ഐടി കമ്പിനിയിലും സർക്കാർ സ്ഥാപനങ്ങളിലും പോലും തങ്ങൾക്ക് ജോലി ലഭിക്കുന്നില്ലെന്നും ഇവർ പറയുന്നു. ഈ വാർത്തകൾ വരുമ്പോളെങ്കിലും കൂടുതൽ സ്ഥാപനങ്ങൾ ഇത്തരത്തിലുള്ള നിയമനങ്ങൾ നടത്താൻ തയ്യാറാകുമെന്നും വിൻസി പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP