Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആലുവ മുതൽ പാലാരിവട്ടം വരെ എത്തുന്നതിന് മെട്രോയിൽ 40 രൂപ; സിറ്റി ബസുകളിൽ 12 രൂപയും: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയെ പൊളിച്ചടുക്കാൻ തൊടുന്യായവുമായി ബസുടമകളിൽ ഒരു വിഭാഗം; ഏകീകൃത ഗതാഗത സംവിധാനത്തെ അട്ടിമറിക്കാൻ നീക്കം സജീവം

ആലുവ മുതൽ പാലാരിവട്ടം വരെ എത്തുന്നതിന് മെട്രോയിൽ 40 രൂപ; സിറ്റി ബസുകളിൽ 12 രൂപയും: കേരളത്തിന്റെ സ്വപ്‌ന പദ്ധതിയെ പൊളിച്ചടുക്കാൻ തൊടുന്യായവുമായി ബസുടമകളിൽ ഒരു വിഭാഗം; ഏകീകൃത ഗതാഗത സംവിധാനത്തെ അട്ടിമറിക്കാൻ നീക്കം സജീവം

അർജുൻ സി വനജ്

കൊച്ചി: മെട്രോ ട്രെയിനുകളേക്കാൾ യാത്രക്കാരന് ലാഭകരം സിറ്റി ബസുകൾ തന്നെയാണെന്ന് ബസ് ഉടമകളുടെ സംഘടനകൾ. മെട്രോ ഓടി തുടങ്ങുന്നതോടെ കൊച്ചിയിൽ ഏകീകൃത ഗതാഗത സംവിധാനമായ ഉംറ്റ (യു.എം ടി.എ) നടപ്പാക്കനുള്ള കെ.എം.ആർ.എല്ലിന്റെ നീക്കത്തിന് തിരിച്ചടിയുണ്ടാകുമെന്നും ബസ് ഉടമകൾ വാദിക്കുന്നു.

ഔദ്യോഗിക കണക്കുകൾ പ്രകാരം കൊച്ചിയിൽ 773 റൂട്ടുകളിലാണ് ബസ് സർവ്വീസ് ഉള്ളത്. ഇത് മെട്രോ യാഥാർഥ്യമാകുന്നതോടെ 362 ആയി ചുരുങ്ങും. ബാക്കിയുള്ള 411 സർവ്വീസുകൾ നിലവിൽ ബസ് സർവ്വീസുകൾ ഇല്ലാത്ത ഇടറോഡുകളിൽ നിന്ന് മെട്രോ സ്റ്റേഷനുകളെ ബന്ധിപ്പിച്ച് ഓടിക്കുന്നതിനാണ് ഉംറ്റയിലൂടെ കെ.എം.ആർ.എൽ ലക്ഷ്യമിടുന്നത്. എന്നാൽ അധികം വൈകാതെ മെട്രോ പാലത്തിന് സമാന്തരമായി ഓടുന്ന 170 ബസുകൾ ഉംറ്റയെ ബഹിഷ്‌ക്കരിച്ച് സർവ്വീസ് നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.

മെട്രോ നിർമ്മാണ കാലത്തെ ഗതാഗതക്കുരുക്ക് നഗരത്തിൽ ഒഴിഞ്ഞിരിക്കുകയാണ്. നല്ല റോഡായതിനാൽ യാത്ര സുഖകരമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ബസ് തന്നെയാണ് യാത്രക്കാരന് സൗകര്യം എന്നാണ് ബസ് ഉടമകളുടെ നിരീക്ഷണം.

1, ആലുവ മുതൽ പാലാരിവട്ടം വരെ എത്തുന്നതിന് മെട്രോയിൽ 40 രൂപ കൊടുക്കേണ്ടിവരുമ്പോൾ, സിറ്റി ബസുകളിൽ 12 രൂപ മതിയാകും. രാവിലേയും വൈകിട്ടും മെട്രോ ഉപയോഗിക്കുന്ന യാത്രക്കാരന് ദിവസവും 80 രൂപ മെട്രോയ്ക്കും സ്റ്റേഷനിലേക്ക് എത്താൻ മിനിമം 16 രൂപയും ചെലവാക്കേണ്ടി വരും. ഒരു മാസത്തിൽ ശരാശരി ഈ ചെലവ് 2400 രൂപ വരും. മാസം 25 ദിവസം ജോലി ചെയ്യുന്ന ഒരു യാത്രക്കാരന് ബസ് സംവിധാനത്തെ ഉപയോഗിച്ചാൽ 600 രൂപയെ ചെലവ് വരുകയുള്ളൂ.

2, കൊച്ചി മെട്രോ ആലുവയിൽ നിന്ന് പാലാരിവട്ടത്ത് എത്താൻ 25 മിനുട്ടാണ് പറയുന്നത്. എന്നാൽ ബസിന് മുപ്പത് മുതൽ മുപ്പത്തിയഞ്ച് മിനുട്ട് മാത്രമേ എടുക്കുകയുള്ളു.

3, മെട്രോയാത്രക്കാരന് ആകെ 13 സ്റ്റോപ്പുകളാണ് ആലുവ-പാലാരിവട്ടം റൂട്ടിൽ ലഭിക്കുക. എന്നാൽ ബസ് യാത്രക്കാരന് 23 സ്റ്റോപ്പുകൾ ലഭിക്കും.

4,ഭൂരിഭാഗം യാത്രക്കാർക്കും മെട്രോ സ്റ്റേഷനിൽ എത്താൻ ബസിനേയോ ഓട്ടോ റിക്ഷയേയോ ആശ്രയിക്കണം. കൂടാതെ മെട്രോ ട്രെയിനിനെ കാത്ത് നിൽക്കണം.

ഉംറ്റയെ തകർക്കുക ലക്ഷ്യമിട്ടാണ് ബസുകളുടെ കൂട്ടായ്മകളും സംഘടനകളും ചേർന്ന് ഏഴ് സൊസൈറ്റികൾ രൂപീകരിച്ചിരിക്കുന്നതെന്നാണ് ഇപ്പോൾ പൊതു ജനങ്ങളിൽ ഉയർന്നിരിക്കുന്ന പ്രധാന വാദം. വൈറ്റിലയിൽ നിന്ന് വൈറ്റില വരെ നഗരത്തെ ചുറ്റി ഓടിയിരുന്ന സർക്കുലർ സർവ്വീസ് ബസുകൾ മൈ മെട്രോ എന്ന പേരിലാണ് ഇപ്പോൾ സർവ്വീസ് നടത്തുന്നത്.

നേരത്തെ തന്നെ പരസ്പരം ധാരണയോടെ പ്രവർത്തിച്ചവരാണിവർ. ഇടത് അനുഭാവമുള്ള കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷന്റെ ബസുകൾ കൊച്ചി വീൽസ് എന്ന പേര് സ്വീകരിച്ചാണ് നഗരത്തിലിറങ്ങിയത്. കൂട്ടത്തിൽ നിഷ്പക്ഷ രാഷ്ടീയ നിലപാടുള്ള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പെർഫക്ട് മോട്ടോർ ബസ് സർവ്വീസ് എന്ന പേരാണ് ബസുകൾക്ക് നൽകിയിരിക്കുന്നത്. ഗ്രേറ്റർ കൊച്ചിൻ ബസ് ട്രാൻസ്പോർട്ട് മുസിരിസ്, പ്രതീക്ഷ എന്നീ പേരുകളിൽ ബസ് ഉടമകൾ കമ്പനികൾ രൂപീകരിച്ചിട്ടുള്ളത്.

അതേസമയം വിവിധ കൂട്ടായ്മകൾക്ക് കീഴിൽ ബസുകൾ എത്തിച്ചേർന്നതോടെ മത്സരയോട്ടം ഒരു പരിധിവരെ കുറഞ്ഞു. ഉംറ്റയെന്ന പുതിയ സംവിധാനത്തിന്റെ കീഴിൽ ബസുകൾ വരുന്നതോടെ ലാഭവും നഷ്ടവുമെല്ലാം ബസ് ഉടമകൾ തുല്ല്യമായി വീതിക്കേണ്ടി വരുമെന്നാണ് വിവരം. ഇതും ബസ് ഉടമകളെ കെ.എം.ആർ. എല്ലിന്റെ പദ്ധതിക്ക് എതിരാക്കുന്നുണ്ട്. ബസുകൾകൾക്ക് പുറമേ, ഓട്ടോറിക്ഷകളെ ബന്ധിപ്പിച്ചുള്ള ഗതാഗത പരിഷ്‌ക്കാരങ്ങളും കെ.എം.ആർ.എൽ ആലോചിക്കുന്നുണ്ട്. 15,000 ഓട്ടോറിക്ഷകളാണ് നഗരത്തിൽ ഉള്ളത്.

ഇവയെ മെട്രോയുടെ സമയക്രമത്തിന് അനുസരിച്ച് മുഴുവൻ സ്റ്റേഷനുഖളിലും, മറ്റ് ഇടറോഡുകളിലും വിന്ന്യസിച്ച് മെട്രോയിലേക്ക് യാത്രക്കാർക്ക് എത്തുന്നതിന് കൂടുടുതൽ സൗകര്യങ്ങൾ ഒരുക്കാനാണ് പദ്ധതി. ഇതിനായി ഓട്ടോറിക്ഷ തൊഴിലാളികളുടെ പ്രബല സംഘടനകളുമായി ഇതിനകംതന്നെ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP