Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആശുപത്രിയിൽ എത്തിയത് ഫൈബ്രോയിഡുകൾ നീക്കം ചെയ്യാനുള്ള ലഘു ശസ്ത്രക്രിയയ്ക്ക്; കീ ഹോൾ സർജറി എന്ന് പറഞ്ഞു നടത്തിയത് ഹിസ്റ്ററോസ്‌കോപ്പി; തിയേറ്ററിൽ നിന്ന് പുറത്തുവന്നത് വെളുത്ത റിൻസി കറുത്തിരുണ്ട്; മരണ കാരണം സർജറി വേളയിൽ ഡോക്ടർമാർക്ക് വന്ന കൈപ്പിഴയെന്ന് ഭർത്താവ് വിനു; പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സത്യം തെളിയുമെന്നും പ്രതീക്ഷ; കൊച്ചിയിലെ ലൂർദ്ദ് ആശുപത്രിക്ക് ഊരാക്കുടുക്കായി പൊലീസുകാരന്റെ പരാതി; ആരോപണങ്ങൾ നിഷേധിച്ച് ആശുപത്രിയും

ആശുപത്രിയിൽ എത്തിയത് ഫൈബ്രോയിഡുകൾ നീക്കം ചെയ്യാനുള്ള ലഘു ശസ്ത്രക്രിയയ്ക്ക്; കീ ഹോൾ സർജറി എന്ന് പറഞ്ഞു നടത്തിയത് ഹിസ്റ്ററോസ്‌കോപ്പി; തിയേറ്ററിൽ നിന്ന് പുറത്തുവന്നത് വെളുത്ത റിൻസി കറുത്തിരുണ്ട്; മരണ കാരണം സർജറി വേളയിൽ ഡോക്ടർമാർക്ക് വന്ന കൈപ്പിഴയെന്ന് ഭർത്താവ് വിനു; പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സത്യം തെളിയുമെന്നും പ്രതീക്ഷ; കൊച്ചിയിലെ ലൂർദ്ദ് ആശുപത്രിക്ക് ഊരാക്കുടുക്കായി പൊലീസുകാരന്റെ പരാതി; ആരോപണങ്ങൾ നിഷേധിച്ച് ആശുപത്രിയും

എം മനോജ് കുമാർ

കൊച്ചി: ചികിത്സയ്ക്കെത്തുന്ന രോഗികളുടെ ജീവൻ കൊണ്ട് പന്താടുന്നതിൽ കേരളത്തിലെ സ്വകാര്യ ആശുപത്രികൾ മുൻനിരയിലാണ്. ഇത്തരമൊരു പന്താടൽ തന്നെയാണ് പറവൂർ സ്വദേശിനിയും കേന്ദ്രസർക്കാർ ഉദ്യോഗസ്ഥയുമായ റിൻസിയുടെ ജീവനെടുത്തത് എന്നാണ് ഇപ്പോൾ ഉയരുന്ന ആക്ഷേപം. ഗർഭാശയത്തിലെ ഫൈബ്രോയിഡുകൾ നീക്കം ചെയ്യാനുള്ള ലഘു ശസ്ത്രക്രിയയ്ക്കായി കൊച്ചിയിലെ ലൂർദ്ദ് ആശുപത്രിയിൽ എത്തിയ റിൻസി മൃതശരീരമായാണ് പുറത്തെത്തിയത്. ഗർഭാശയത്തിലെ ഫൈബ്രോയിഡുകൾ നീക്കം ചെയ്യാനുള്ള ലഘു ശസ്ത്രക്രിയയ്ക്കിടെ പോലും സ്വകാര്യ ആശുപത്രികളിൽ രോഗിക്ക് ജീവാപായം സംഭവിക്കുന്നു എന്നത് സ്വകാര്യ മെഡിക്കൽ രംഗത്ത് സംഭവിക്കുന്ന ഗുരുതരമായ ചികിത്സാ പിഴവുകളിലേക്ക് വിരൽ ചൂണ്ടുകയാണ്. ലഘു ശസ്ത്രക്രിയ എന്ന് വിശേഷിപ്പിച്ച് ലൂർദ്ദ് ആശുപത്രി തന്നെ നടത്തിയ ശസ്ത്രക്രിയക്കിടയാണ് റിൻസിക്ക് ജീവൻ നഷ്ടമാകുന്നത്.

ആരോഗ്യവതിയായിരിക്കെയാണ് മെയ് 10 ന് കൊച്ചി ലൂർദ്ദ് ആശുപത്രിയിൽ റിൻസി പ്രവേശിക്കപ്പെടുന്നത്. ശസ്ത്രക്രിയ നടത്തിയ മെയ് 11 നു തന്നെ റിൻസിക്ക് ജീവൻ നഷ്ടമായി. ഭർത്താവും പറക്കമുറ്റാത്ത രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം റിൻസിയുടെ മരണത്തോടെ പ്രതിസന്ധിയിലുമായി. മുപ്പത്തൊന്നു വയസുമാത്രം പ്രായമുണ്ടായിരിക്കെയാണ് ആശുപത്രിക്ക് സംഭവിച്ച കൈപ്പിഴയുടെ പേരിൽ റിൻസിക്ക് ജീവൻ നഷ്ടമാകുന്നത്. ഈ കൈപ്പിഴ തിരിച്ചറിഞ്ഞതിനെ തുടർന്നു റിൻസിയുടെ ഭർത്താവായ കൊച്ചി പൊലീസ് ടെലികമ്മ്യൂണിക്കേഷൻ സെല്ലിലെ വിനു മുഖ്യമന്ത്രിക്കും ഡിജിപിയും കൊച്ചി റേഞ്ച് ഉൾപ്പെടെയുള്ളവർക്കും നൽകിയ പരാതിയെ തുടർന്നു റിൻസിയുടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യുകയും ചെയ്തിട്ടുണ്ട്.

കൊച്ചിയിലെ പ്രശസ്തമായ ലൂർദ്ദ് ആശുപത്രിക്ക് സംഭവിച്ച കൈപ്പിഴയിലാണ് റിൻസിക്ക് ജീവൻ നഷ്ടമായതെന്നാണ് വിനു മുഖ്യമന്ത്രിയും ഡിജിപിയും അടക്കമുള്ളവർക്ക് നൽകിയ പരാതിയിൽ പറയുന്നത്.

റിൻസിയുടെ മരണത്തെക്കുറിച്ച് വിനു മറുനാടൻ മലയാളിയോട് പറഞ്ഞതിങ്ങനെ:

ഫൈബ്രോയിഡ് ഉള്ളതിനാൽ റിൻസിക്ക് അതിന്റെതായ കുഴപ്പങ്ങൾ ഉണ്ടായിരുന്നു. ഫൈബ്രോയിഡ് ഒരു ദശയായി രൂപപ്പെട്ടിരുന്നു. അതിനാൽ ഇടയ്ക്കിടെ രക്തസ്രാവം അടക്കമുള്ള പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. അതിനാലാണ് എട്ടുമാസം മുൻപാണ് റിൻസിക്ക് ഈ പ്രശ്‌നം തുടങ്ങിയത്.രണ്ടു മാസങ്ങൾ ഇടവിട്ടു പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. അതിനാലാണ് രണ്ടു മാസം മുൻപേ ലൂർദ്ദിലെ പ്രവീണ എലിസബത്ത് ജോസഫ് എന്ന ഗൈനക്കോളജിസ്റ്റിനെ കാണിച്ചത്. ഫൈബ്രോയിഡ് എടുത്ത് കളയണം.

വളരെ ചെറിയ സർജറിയാണ് ഇത് എന്നാണ് പ്രവീണ ഞങ്ങളോട് പറഞ്ഞത്. വെക്കേഷൻ സമയത്ത് ഞങ്ങൾ ഇത് എടുത്തു കളയാൻ തീരുമാനിക്കുകയും ചെയ്തു.പുറത്ത് നിന്ന് ഇതിനിടെ ഞങ്ങൾ മറ്റു ഡോക്ടർമാരിൽ നിന്നും അഭിപ്രായം തേടിയിരുന്നു. ഫൈബ്രോയിഡ് കാരണം പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അത് എടുത്ത് കളയുകയാണ് നല്ലത് എന്ന് മറ്റു ഡോക്ടർമാരും ഞങ്ങളോട് പറഞ്ഞു.ഞങ്ങൾക്ക് മൂന്നാമത് ഒരു കുട്ടികൂടെ വേണമെന്നുണ്ടായിരുന്നു. അതിനാൽ ഗർഭപാത്രം എടുത്തു കളയാൻ ഞങ്ങൾ മടിച്ചു. ഈ ദശ മാത്രം നീക്കിയാൽ മതിയെന്നും ചെറിയ ശസ്ത്രക്രിയ ആണെന്നും പ്രവീണ പറഞ്ഞിരുന്നതിനാൽ പിന്നെ വേറെ ആലോചനയും നടന്നില്ല. മെയ് പത്തിന് സർജറി, പതിനൊന്നിന് ആശുപത്രി വാസം. പന്ത്രണ്ടിന് വീട്ടിൽ പോകാം എന്നാണ് പ്രവീണ പറഞ്ഞത്.

ഏപ്രിൽ മാസം ആദ്യമായാണ് പ്രവീണയുടെ അടുത്ത് ചെക്കപ്പിന് ചെന്നത്. ഇസിജിയും ബ്ലഡ് ടെസ്റ്റ് എക്‌സ്‌റേ അടക്കമുള്ള എല്ലാ കാര്യങ്ങളും അന്ന് ചെയ്തിരുന്നു. ബ്ലഡ് ചെക്കപ്പിൽ ഹീമോഗ്ലോബിന്റെ അളവ് കുറച്ചാണ് കാണിച്ചത്. രക്തസ്രാവം ഉള്ളതിനാൽ അത് കാരണമാകും. അതിനാൽ അയൺ ഡ്രിപ്പ് ചെയ്തിട്ട് പിന്നെ സർജറി നടത്താം എന്ന് പറഞ്ഞു. അതിനാലാണ് സർജറി മെയ്‌ മാസത്തിലേക്ക് മാറ്റിയത്. അയൺ ഇട്ടാൽ ബ്ലഡ് ശരിയായി വരാൻ ഒരു മാസമെങ്കിലും പിടിക്കും. അതിനാലാണ് സർജറി മാറ്റിയത്. എച്ച്ബി കൂടിയത് കണ്ടതിനാൽ മെയ് മാസത്തിൽ സർജറി തീരുമാനിച്ചു. മെയ് ഒമ്പതിന് ഡോക്ടറെ കണ്ടപ്പോൾ പത്താം തീയതി അഡ്‌മിറ്റ് ആകാം എന്ന് പറഞ്ഞു. പത്തിന് അഡ്‌മിറ്റ് ആയപ്പോൾ പിറ്റേന്ന് സർജറി എന്ന് പറഞ്ഞു.അവിടെ മുതൽ കുഴപ്പം തുടങ്ങിയിരുന്നു എന്ന് എനിക്ക് പിന്നീട് മനസിലായി.

കാരണം ബ്ലഡ്, ഇസിജി, എക്‌സ്‌റേ അടക്കമുള്ള ചെക്കപ്പുകൾ അവർ ശസ്ത്രക്രിയക്ക് മുൻപേ നടത്തിയില്ല. ഡോക്ടറോട് ചോദിച്ചപ്പോൾ അത് മുൻപ് നടത്തിയത് മതി എന്നാണ് പറഞ്ഞത്. ഒരു മാസം മുൻപ് നടത്തിയ ടെസ്റ്റുകൾ ആണ് മതി എന്ന് അവർ പറഞ്ഞത്. ഒരു ടെസ്റ്റും നടത്താതെയാണ് റിൻസിയെ അവർ സർജറിക്കായി ഒരുക്കിയത്. ഇസിജി റിസൽറ്റുകൾ പോലും ദിനം പ്രതി മാറുന്നതാണ് എന്ന് സർജറി നടത്തിയ പ്രവീണ ഡോക്ടർ പോലും ഓർത്തില്ല എന്നത് എന്നെ ഇപ്പോഴും ഞെട്ടിക്കുന്നു.

കീ ഹോൾ സർജറി എന്ന് പറഞ്ഞു നടത്തിയത് ഹിസ്റ്ററോസ്‌കോപ്പി

കീഹോൾ സർജറി ആണ് എന്നാണ് ആദ്യം പറഞ്ഞത്. പിന്നീടത് ഹിസ്റ്ററോസ്‌കോപ്പി സർജറി ആണെന്ന് പറഞ്ഞു. ഹിസ്റ്ററോസ്‌കോപ്പി സർജറി അവിടെ ആർക്കും ചെയ്തിട്ടില്ലെന്ന കാര്യം ഞങ്ങളിൽ നിന്നും മറച്ചു വെയ്ക്കുകയും ചെയ്തു. അതിനായി നിരത്തിയ ന്യായീകരണം കീ ഹോൾ സർജറിക്ക് ഉള്ള മുറിവ് പോലും ഈ സർജറിക്ക് ഇല്ലാ എന്നായിരുന്നു. മുറിവ് പുറമെ കാണില്ല. ഉള്ളിൽ മാത്രം എന്നാണ് പറഞ്ഞത്. ഹിസ്റ്ററോസ്‌കോപ്പി എന്ന് പോലും പറഞ്ഞില്ല. പുതിയ മെഷീനാണ്. പുതിയ മെഷീനാണ് എന്നുമാത്രമാണ് പറഞ്ഞത്. ഈ മെഷീനെക്കുറിച്ച് അവർക്കും ധാരണയില്ലായിരുന്നു എന്ന് ഓരോ നിമിഷവും അവരുടെ സംസാരത്തിൽ നിന്ന് തന്നെ പുറത്തുവന്നിരുന്നു.

ഇതെല്ലാം പിന്നീടാണ് ഞാൻ ശ്രദ്ധിക്കുന്നതും. കൗണ്ടറിൽ പണം അടയ്ക്കാൻ എത്തിയപ്പോൾ കൗണ്ടറിൽ ഉള്ളവർക്ക് ഒരു ധാരണയുമില്ല. കീ ഹോൾ സർജറി ആണോ എന്ന് ചോദിച്ചു. അല്ല ഹിസ്റ്ററോസ്‌കോപ്പി എന്ന് പറഞ്ഞപ്പോൾ അവർക്ക് ഒരു ധാരണയുമില്ല. ആശുപത്രി കൗണ്ടർ സ്റ്റാഫിന് അതിനെക്കുറിച്ച് ഒരു ധാരണയുമില്ല. അവർ ആരൊക്കെയോടോ വിളിച്ചു ചോദിച്ചു. അവർക്കും പിടിപാടില്ല. പിന്നീട് അവർ പറഞ്ഞു. കീ ഹോളിനു 30000-35000 എന്നിങ്ങനെയാണ് അഡ്വാൻസ് വാങ്ങിക്കുന്നത്.

ചേട്ടൻ 20000 രൂപ അഡ്വാൻസ് നലകിയാൽ മതി എന്ന് പറഞ്ഞു. ഇതുകേട്ടപ്പോൾ റിൻസി പറഞ്ഞു. ഇതെന്താണിത്. ഈ രീതിയിലുള്ള സർജറി ആരും നടത്തിയിട്ടില്ലേ? എന്നിലാണോ ഇത് പരീക്ഷിക്കുന്നത്. റിൻസി പറഞ്ഞത് കേട്ടപ്പോൾ അവർ ഒന്നും അറിയാത്ത രീതിയിൽ ചിരിക്കുകയാണ് ചെയ്തത്. പത്താം തീയതി വൈകീട്ട് നാലേകാൽ മണിയോടെ അഡ്‌മിഷൻ ശരിയായി.

നൽകിയത് പതിമൂന്നാം നമ്പർ റൂം; അപശകുനം മണത്ത് റിൻസിയും

ലൂർദ്ദിലെ 38 ആം ബ്ലോക്കിൽ പതിമൂന്നാം നമ്പർ റൂമാണ് തന്നത്. പതിമൂന്നാണോ റൂം. ആ റൂമിൽ കയറുമ്പോൾ തന്നെ റിൻസി ചോദിച്ചു. വൈകീട്ട് അഞ്ചേകാൽ മണിയോടെ ജൂനിയർ അനസ്‌തേഷ്യ ഡോക്ടർ വന്നു. എന്ത് അനസ്ത്യേഷ്യയാണ് നൽകുന്നത് എന്ന് ഞാൻ ചോദിച്ചു. ജനറൽ അനസ്ത്യേഷ്യ എന്ന് അവർ മറുപടിയും പറഞ്ഞു. അതിനു ശേഷം നഴ്‌സ് വന്നു ഓപ്പറേഷൻ ചാർട്ടിൽ സൈൻ ചെയ്യാൻ പറഞ്ഞു. രാത്രി പത്ത് മണിക്ക് മുൻപായി ഭക്ഷണം കഴിച്ചിരിക്കണം എന്ന് പറഞ്ഞു. എട്ടരയ്ക്ക് തന്നെ അതിനാൽ ഭക്ഷണം കഴിച്ചു. രാത്രി പത്തരയോടെ എനിമ കൊടുത്തു. നാളെ രാവിലെ അഞ്ചര മണിക്ക് റെഡിയായി നിൽക്കണം എന്ന് പറഞ്ഞു. അഞ്ചര മണിയോടെ അവർ തിയേറ്റർ ഡ്രസ് ഇടുവിച്ചു. ആറേകാൽ മണിയോടെ ഡ്രിപ്പ് നൽകാനായി നഴ്‌സ് വന്നു. അവർ സൂചി കുത്തിയപ്പോൾ വെയിൻ കിട്ടുന്നില്ല. പഠിക്കുന്ന കുട്ടിയാണ് വന്നത്. പിന്നേയും കുത്തിക്കൊണ്ടിരുന്നപ്പോൾ കൈ തന്നെ വീർത്തു വന്നു. മാറ്റിക്കുത്തിയപ്പോൾ റിൻസിയുടെ കയ്യിൽനിന്ന് ചോര ചീറ്റി. അത് നഴ്സിങ് കുട്ടിയുടെ ഡ്രെസ്സിൽ വീഴുകയും ചെയ്തു. പിന്നീട് വേറൊരു നഴ്‌സ് വന്നു കുത്തി.

അപ്പോൾ മുതൽ റിൻസിക്ക് അസ്വസ്ഥത വന്നു.തുടർച്ചയായി ഗ്യാസ് പ്രശ്‌നം വന്നു. ഒൻപതരയായിട്ടും റിൻസിയെ ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റിയില്ല. ഇതിന്നിടയിൽ അസിഡിറ്റിയുടെ ഇഞ്ചക്ഷൻ കൊടുക്കുകയും ചെയ്തു. അനസ്ത്യേഷ്യ നൽകേണ്ട രോഗിക്ക് ആണ് അവർ ഗ്യാസിന്റെ ഇഞ്ചക്ഷൻ നൽകിയത്.അനസ്‌തേഷ്യയ്ക്ക് തൊട്ടു മുൻപ് മറ്റു മരുന്നുകൾ ഒരു രോഗിക്ക് നൽകാറില്ല. നൽകിയാൽ തന്നെ അത് ചെക്ക് ചെയ്യുകയും വേണം. ഇതൊന്നും ലൂർദ്ദിൽ നടന്നില്ല. രാവിലെ അഞ്ചരയ്ക്ക് ഒരുക്കി നിർത്തിയ രോഗിയാണ്. ഇതുവരെ സർജറി നടന്നില്ല. പന്ത്രണ്ടു മണി കഴിയും എന്നാണ് പറഞ്ഞത്. ഈ സമയത്ത് തന്നെയാണ് ഒരു വാർഡൻ വന്നത്. ബാത്ത്‌റൂമിൽ എല്ലാം പോയിട്ട് സ്ട്രെച്ചറിൽ കയറിക്കിടക്കാൻ പറഞ്ഞു. നടന്നു പോകാം. എന്തിനാണ് സ്ട്രെച്ചർ എന്ന് റിൻസി ചോദിച്ചു. പക്ഷെ വാർഡനു നിർബന്ധം. സ്ട്രെച്ചറിൽ തന്നെ കിടക്കണം എന്ന് പറഞ്ഞു. എന്നാൽ വീൽചെയർ മതി എന്ന് പറഞ്ഞു. പക്ഷെ സ്ട്രെച്ചറിൽ തന്നെ കിടത്തിയാണ് കൊണ്ടുപോയത്.

പന്ത്രണ്ടുമണി,ഒരു മണി, ഒന്നര ഞങ്ങൾ അന്വേഷിച്ചു കൊണ്ടിരുന്നു.സർജറി നടന്നോ എന്ന്. ഇല്ല എന്ന മറുപടിയാണ് ലഭിച്ചത്. രണ്ടു മണിയായപ്പോൾ ഒന്നരയ്ക്ക് ഓപ്പറേഷൻ തുടങ്ങിയതായി പറഞ്ഞു. അന്ന് കുറെ സർജറിയും ഉണ്ടായിരുന്നു. അതിനാൽ നല്ല തിരക്കും ഉണ്ടായിരുന്നു. പിന്നീട് രണ്ടേമുക്കാലിന് ആണ് റിൻസിയുടെ ഭർത്താവ് വരണം എന്ന് പറയുന്നത്. തിയേറ്ററിൽ ചെന്നപ്പോൾ മൂന്നു ഡോക്ടർമാർ പകച്ചു നിൽക്കുകയാണ്. പകപ്പ് കാരണം അവരുടെ കണ്ണുകൾ പുറത്തേക്ക് വന്ന അവസ്ഥയിലായിരുന്നു. ഈ ദൃശ്യം ഇപ്പോഴും എന്റെ മനസിലുണ്ട്. അപ്പോൾ തന്നെ ഞാൻ അപകടം മണത്തിരുന്നു. എനിക്കും പരിഭ്രമമായി. അവർ പറഞ്ഞു. ഓപ്പറേഷൻ സമയത്ത് റിൻസിയുടെ ബ്രീത്തിങ് ഡൗൺ ആയിപ്പോയി. ഞങ്ങൾ വെന്റിലേറ്ററിലേക്ക് മാറ്റുകയാണ്. റിൻസിയുടെ രണ്ടു ഡെലിവറിയും ഞാൻ തന്നെ എടുത്തതല്ലേ എന്നാണ് പിന്നെ പ്രവീണ പറയുന്നത്. മേഡം അത് സുഖപ്രസവം ആയിരുന്നല്ലോ. സർജറി അല്ലായിരുന്നല്ലോ എന്ന് മാത്രം പറഞ്ഞു. ഒന്ന് വേറൊരു ഡോക്ടറും ആയിരുന്നു. ഷേർളി. അവർ ഇപ്പോൾ ഓസ്ട്രേലിയയിലുമാണുള്ളത്. ഇതൊന്നും ആ സമയത്ത് ഞാൻ പറയാൻ പോയില്ല.

സ്ട്രെച്ചറിൽ കിടന്നിരുന്നത് കറുത്ത് കരുവാളിച്ച നിലയിലുള്ള റിൻസി

ഇതേ സമയത്ത് ഒരു കറുത്ത പെൺകുട്ടിയെ സ്ട്രെച്ചറിൽ തള്ളിക്കൊണ്ട് വരുന്നത് ഞാൻ കണ്ടു. ആ മുഖം കണ്ടപ്പോൾ ഞാൻ തന്നെ നടുങ്ങിപ്പോയി. അത് റിൻസി ആയിരുന്നു. വെളുത്ത റിൻസി എങ്ങിനെ ഇത്രമാത്രം കറുത്തിരുണ്ട് പോയി. റിൻസി കറുത്ത് കരുവാളിച്ച അവസ്ഥയിലായിരുന്നു. വളരെ സന്തോഷത്തോടെ ഓപ്പറേഷൻ തിയറ്ററിലേക്ക് പോയ റിൻസിയുടെ അവസ്ഥയാണോ ഇത്. റിൻസിക്ക് എന്ത് സംഭവിച്ചു. കറുത്ത് നീലിച്ച അവസ്ഥയിലായിരുന്നു.നാവു തന്നെ ഒരു വശത്തേയ്ക്ക് കോടി നിൽക്കുന്നത് ഞാൻ കണ്ടു. നാവും കറുത്ത് പോയിരുന്നു.നാവ് പുറത്തേക്ക് വന്ന അവസ്ഥയിലായിരുന്നു. നാവും നീലിച്ച അവസ്ഥയിലായിരുന്നു. ഇതേ കരുവാളിപ്പ് ദേഹത്ത് മുഴുവനും പടർന്നിരുന്നു. വായിലേക്ക് രണ്ടു വയറുകളും ഘടിപ്പിച്ചിരുന്നു. എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചപ്പോൾ ഒന്നും പേടിക്കേണ്ട വെന്റിലേഷൻ ഘടിപ്പിച്ചതാണ് എന്നാണ് പ്രവീണ മറുപടി നൽകിയത്. എന്നാൽ മുൻപ് പറഞ്ഞത് റൂമിലേക്ക് മാറ്റാത്തത് അനസ്‌തേഷ്യ പ്രശ്‌നം കാരണം എന്നായിരുന്നു.

റിൻസിയുടെ അവസ്ഥ കണ്ടു ഞെട്ടിയെ എന്നോട് തൊട്ടടുത്തുള്ള ആ കന്യാസ്ത്രീ പറഞ്ഞത് മോനെ ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട് എന്നായിരുന്നു. ഇതോടെ ഞാനും പരിഭ്രാന്തിയിലായി. പെങ്ങളും അപ്പനും ഉൾപ്പെടെയുള്ളവരെ വിളിച്ചുകൂട്ടി.എല്ലാവരും ഓടിയെത്തി. കാർഡിയോളജി ഡോക്ടർ വന്നില്ലേ എന്ന് ഞാൻ ഡോക്ടറോട് ചോദിച്ചു. വന്നില്ല എന്നായിരുന്നു മറുപടി. പിന്നീട് പറഞ്ഞു.കാർഡിയോളജി ഡോക്ടർ വന്നെന്നു പറഞ്ഞു.പക്ഷെ ഒരിക്കൽ പോലും കാർഡിയോളജി ഡോക്ടർ എന്റെ മുന്നിൽ വന്നില്ല. ഞങ്ങളുടെ ഡോക്ടർ പ്രവീണ പറഞ്ഞത് റിൻസി സ്റ്റേബിൾ ആണ്. പേടിക്കേണ്ട എന്ന് മാത്രമാണ്. ഞാൻ നോക്കിയപ്പോൾ മുഖമൊക്കെ വീർത്ത് റിൻസി പഴയപടിയിൽ ആയിരുന്നു.റിൻസിക്ക് ഒരനക്കവും ഉണ്ടായിരുന്നില്ല. പകരം അവർ ചെയ്തത് ഞങ്ങളെ എല്ലാവരെയും റൂമിലേക്ക് അയക്കുകയായിരുന്നു. നാലേകാലായപ്പോൾ അവർ എന്നോട് പറഞ്ഞു. ഇന്നു പോകരുത് ഇവിടെ തന്നെ കാണണം. ഈ വാക്കുകളിൽ എല്ലാം ഞാൻ അപകടം തന്നെയാണ് കണ്ടത്. എട്ടേകാലയപ്പോൾ അവർ എന്നെ വിളിച്ചു പറഞ്ഞു. നേരത്തെ വന്ന പോലെ കാർഡിയാക് അറസ്റ്റ് വന്നു. മൂന്നു കാർഡിയാക് അറസ്റ്റുകൾ ഒരുമിച്ച് വന്നു. ആളെ രക്ഷിക്കാനായില്ല എന്നാണ് പറഞ്ഞത്. ഡോക്ടർക്ക് ഞങ്ങളുടെ ചോദ്യങ്ങൾക്ക് ഒന്നും മറുപടിയുണ്ടായിരുന്നില്ല. നിങ്ങൾക്ക് വേണമെങ്കിൽ പോസ്റ്റ്മോർട്ടം നടത്തിക്കോളൂ എന്നാണ് ഡോക്ടർ പറഞ്ഞത്.

അപ്പോൾ പോസ്റ്റ്മോർട്ടം നടത്താനുള്ള മാനസിക അവസ്ഥയിലായിരുന്നില്ല. സർജറി വേളയിൽ ഡോക്ടർമാർക്ക് വന്ന കൈപ്പിഴയായിരുന്നു അത് എന്ന് പിന്നീടാണ് ഞങ്ങൾ അറിയുന്നത്. ആ ഘട്ടത്തിൽ ബിൽ അടക്കാൻ പോലും അവർ ആവശ്യപ്പെട്ടില്ല. റിൻസിയുടെ മൃതദേഹം വീട്ടിലെത്തിച്ചശേഷം പിന്നീട് പറവൂർ കൂട്ടുകാട് ചെറുപുഷ്പം പള്ളിയിൽ ഞങ്ങൾ സംസ്‌ക്കാരം നടത്തി. പിന്നീടാണ് ശസ്ത്രക്രിയയിൽ സംഭവിച്ച കൈയബദ്ധം ആണെന്ന വിവരം ഞങ്ങൾ അറിയുന്നത്. ഈ കയ്യബദ്ധം ആശുപത്രിയിൽ പാട്ടായിരുന്നു. എല്ലാവർക്കും ഇത് സംബന്ധിച്ച് അറിയാമായിരുന്നു. അത് ഒരു കാർഡിയാക് അറസ്റ്റ് ആയിരുന്നില്ല. ശ്വാസം മുട്ടിയാണ് റിൻസി മരിച്ചത്. വില്ലൻ ആയത് ഹിസ്റ്ററോസ്‌കോപ്പി മെഷീനും. ഈ മെഷീൻ ആശുപത്രിയിൽ ആദ്യമായി അവർ റിൻസിയിലാണ് പരീക്ഷിക്കുന്നത്. അവർക്ക് തന്നെ മെഷീനിനെ സംബന്ധിച്ച് പരിചയക്കേടുണ്ടായിരുന്നു. ഹിസ്റ്ററോസ്‌കോപ്പി മെഷീനിലൂടെ ഗർഭപാത്രത്തിലേക്ക് കയറ്റിവിട്ടത് ഇവർ ഹൈ പ്രഷർ ആയിരുന്നു. ഗർഭപാത്രം അമിതമായി വീർത്തു. പ്രഷർ അധികമായപ്പോൾ അത് റിലീസ് ചെയ്യാൻ അവർക്ക് കഴിഞ്ഞില്ല. റിൻസിയുടെ പൾസിൽ വേരിയേഷൻ വന്നു. ഇതാണ് റിൻസിയുടെ ശരീരത്തിൽ മുഴുക്കെ നീലനിറം വ്യാപിച്ചത്.ഓപ്പറേഷൻ തിയേറ്ററിൽ വെച്ച് തന്നെ റിൻസി മരിച്ചിരുന്നു-വിനു പറയുന്നു.

ലൂർദ്ദ് ആശുപത്രിക്ക് സംഭവിച്ച ഈ കൈപ്പിഴ മനസിലായപ്പോഴാണ് പരാതിയുമായി വിനു രംഗത്ത് വന്നത്. ഈ പരാതിയുടെ ഭാഗമായാണ് റിൻസിയുടെ മൃതദേഹം വീണ്ടും പുറത്തെടുത്ത് കഴിഞ്ഞ ദിവസം പോസ്റ്റ്മോർട്ടം നടത്തിയത്. റിൻസിയുടെ ജീവൻ കവർന്ന ചികിത്സ പിഴവിനെതിരെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്നു പച്ചാളത്തു നിന്ന് ലൂർദ്ദുഹോസ്പിറ്റലിലേക്ക് മൗനജാഥ നടത്തുകയാണ്.

ലൂർദ്ദ് ആശുപത്രി മറുനാടന് നൽകിയ വിശദീകരണം ഇങ്ങിനെ:

ശസ്ത്രക്രിയക്കിടെ ശ്വാസകോശത്തിൽ വന്ന നീർക്കെട്ട് ആണ് മരണ കാരണം. ആയിരത്തിൽ ഒരാൾക്ക് മാത്രം സംഭവിച്ചേക്കാവുന്ന കോംപ്ലിക്കേഷൻ ആണിത്. പക്ഷെ സർജറി വിജയകരമായിരുന്നു. അതിനു ശേഷം കാർഡിയാക് അറസ്റ്റ് വന്നു. വൈകുന്നേരം ആറുമണി വരെ രോഗി സ്റ്റേബിൾ ആയിരുന്നു. അതിനു ശേഷം തുടർച്ചയായ കാർഡിയാക് അറസ്റ്റ് വന്നു. അതിനാലാണ് മരണം സംഭവിച്ചത്. ഹിസ്റ്ററോസ്‌കോപ്പി അഡ്വാൻസ് ടെക്നോളജിയാണ് ഞങ്ങൾ റിൻസിയുടെ സർജറിക്ക് ഉപയോഗിച്ചത്. 2018-ൽ വാങ്ങിച്ച മെഷീനാണ് സർജറിക്ക് ഉപയോഗിച്ചത്. അതുപയോഗിച്ച് ഒരു പാട് കേസുകൾ ചെയ്തിട്ടുണ്ട്. പ്രവീണ എക്‌സ്പീരിയൻസ്ഡ് ഡോക്ടർ ആണ്. കേരളത്തിലെ ഡോക്ടർമാർക്ക് ഹിസ്റ്ററോസ്‌കോപ്പിയുടെ ഈ മെഷീനിൽ പരിശീലനം നൽകുന്നത് പ്രവീണ ഉൾപ്പെടെയുള്ള ലൂർദ്ദിലെ ഡോക്ടർമാരാണ്. ഈ ഡോക്ടർക്ക് പരിചയം കുറവ് എന്നുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. പോസ്റ്റ്മോർട്ടം ചെയ്യാനാണ് ഞങ്ങൾ പറഞ്ഞത്. പോസ്റ്റ്മോർട്ടം ചെയ്യാതെയാണ് അവർ ബോഡി കൊണ്ടുപോയത്. പോസ്റ്റ്മോർട്ടം ഒഴിവാക്കാനുള്ള തീരുമാനം അവരുടെ മാത്രം തീരുമാനമായിരുന്നു .

ഞങ്ങൾ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ആദ്യം തന്നെ കാര്യങ്ങൾ അറിയിച്ചിരുന്നു. സർജറി ഉച്ചയ്ക്ക് ഒന്നരയ്ക്ക് അല്ല കഴിഞ്ഞത് എന്നാണ് എനിക്ക് തോന്നുന്നത്. അത് വെരിഫൈ ചെയ്യേണ്ട കാര്യമാണ്. വിനുവിനോട് കാര്യങ്ങൾ എല്ലാം ഞങ്ങൾ വിശദമാക്കുകയും വിനുവിന് അത് മനസിലായതുമാണ്. ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന കുറെ ആളുകളുണ്ട്. ഹിസ്റ്ററോസ്‌കോപ്പി എന്താണ് എന്നറിയാത്ത ആശുപത്രിയോട് വിരോധമുള്ള കുറെ ആളുകൾ. വിനുവിനെക്കൊണ്ട് ആശുപത്രിക്കെതിരെ കേസ് കൊടുപ്പിക്കുകയാണ് സത്യത്തിൽ ഉണ്ടായിരിക്കുന്നത്. റിൻസിയുടെ രണ്ടു പ്രസവ സർജറിയും ഇവിടെ നിന്നാണ് കഴിഞ്ഞത്. പക്ഷെ റിൻസിയുടെ നോർമൽ ഡെലിവറി ആയിരുന്നല്ലോ എന്ന് പറഞ്ഞപ്പോൾ അത് അറിയില്ലെന്ന് ആശുപത്രി വക്താവ് നബിത പറഞ്ഞു. പക്ഷെ രണ്ടു പ്രസവവും ഇവിടെ നിന്നാണ് എന്ന് പറഞ്ഞു അത് തിരുത്തി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP