Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

റോഡിൽ വഴിയാത്രക്കാരെ പോലെ റോന്തു ചുറ്റി നിൽക്കും; മാലിന്യം വലിച്ചെറിഞ്ഞ് കടന്നു പോകുന്നവരെ നിമിഷങ്ങൾക്കകം വളഞ്ഞ് പിടിച്ചു നിർത്തും; ഈടാക്കുന്നത് കനത്ത പിഴ; കൊച്ചി നഗരസഭയിൽ റോഡിൽ മാലിന്യം തള്ളാനെത്തുന്നവരെ ആരോഗ്യ വകുപ്പ് പിടികൂടുന്നത് ഇങ്ങനെ

റോഡിൽ വഴിയാത്രക്കാരെ പോലെ റോന്തു ചുറ്റി നിൽക്കും; മാലിന്യം വലിച്ചെറിഞ്ഞ് കടന്നു പോകുന്നവരെ നിമിഷങ്ങൾക്കകം വളഞ്ഞ് പിടിച്ചു നിർത്തും; ഈടാക്കുന്നത് കനത്ത പിഴ; കൊച്ചി നഗരസഭയിൽ റോഡിൽ മാലിന്യം തള്ളാനെത്തുന്നവരെ ആരോഗ്യ വകുപ്പ് പിടികൂടുന്നത് ഇങ്ങനെ

ആർ പീയൂഷ്

കൊച്ചി: റോഡിൽ വഴിയാത്രക്കാരെ പോലെ റോന്തു ചുറ്റി നിൽക്കും. മാലിന്യം വലിച്ചെറിഞ്ഞ് കടന്നു പോകുന്നവരെ നിമിഷങ്ങൾക്കകം വളഞ്ഞ് പിടിച്ചു നിർത്തും. ഈടാക്കുന്നത് കനത്ത പിഴ. കൊച്ചി നഗരസഭയിൽ റോഡിൽ മാലിന്യം തള്ളാനെത്തുന്നവരെ പിടികൂടാൻ ആരോഗ്യ വകുപ്പ് സ്വീകരിച്ചരിക്കുന്ന രീതി ഇങ്ങനെയാണ്.

നഗരസഭ ആരോഗ്യ വിഭാഗം ഫ്ലൈയിങ് സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് മാലിന്യം വലിച്ചെറിയുന്നവർക്ക് കനത്ത പിഴ ചുമത്തുന്നത്. വാഹനങ്ങളിലെത്തി റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞവരെ തടഞ്ഞു നിർത്തിയാണ് പിഴ ചുമത്തുന്നത്. 2010 രൂപയാണ് ഏറ്റവും കുറഞ്ഞ പിഴ. ഇന്നലെ രാത്രി 7 മണിമുതൽ പുലർച്ചെ ഏഴു മണി വരെയാണ് കൊച്ചി നഗരസഭയിലെ ആരോഗ്യ വിഭാഗം ഫ്ളൈയിങ് സ്‌ക്വാഡ് മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ പരിശോധനയ്ക്കിറങ്ങിയത്. വൈറ്റില മുതൽ ഇടപ്പള്ളി വരെ ദേശീയപാതയോരത്ത് അനധികൃതമായി സ്ഥിരമായി മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. ഹെൽത്ത് ഇൻസ്പെക്ടർ ജി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ പത്തോളം ഉദ്യോഗസ്ഥർ നിരീക്ഷണം നടത്തി 50,000 രൂപയ്ക്കടുത്താണ് പിഴ ചുമത്തിയത്.

മാലിന്യം നിക്ഷേപിക്കുന്നതിന് സമീപത്തായി വഴിയാത്രക്കാരെ പോലെ കോർപ്പറേഷൻ ജീവനക്കാർ റോന്തു ചുറ്റും. അരക്കിലോമീറ്റിന് അപ്പുറത്ത് ഹെൽത്ത് ഇൻസ്പെക്ടറും സംഘവും കാത്തു നിൽക്കും. മാലിന്യം വലിച്ചെറിഞ്ഞു പോകുന്നവരെ വിവധ സ്ഥലങ്ങളിലായി നിലയുറപ്പിച്ചിട്ടുള്ള ജീവനക്കാർ തടഞ്ഞു നിർത്തും. പിന്നീട് ഹെൽത്ത് ഇൻസ്പെക്ടർ എത്തി പിഴ ചുമത്തും. ഇരുപതിലധികം പേർക്കെതിരെയാണ് ഇന്ന് പുലർച്ചെ വരെ നടപടി എടുത്തത്. പിഴ ചുമത്തി രണ്ട് ദിവസത്തിനകം പണം നഗരസഭയിൽ അടച്ചില്ലെങ്കിൽ കോടതിയിലേക്ക് അയക്കും. കോടതിയിൽ പിഴ ഇരട്ടിയിലധികം അടക്കേണ്ടി വരും.

സ്ത്രീകളുൾപ്പെടെയുള്ളവരാണ് മാലിന്യം വലിച്ചെറിയാൻ പാതിരാത്രിയിൽ റോഡിലിറങ്ങുന്നത്. വൈറ്റിലയ്ക്ക് സമീപം വച്ച് സ്‌കൂട്ടറിലെത്തിയ യുവതി മാലിന്യം വലിച്ചെറിഞ്ഞതിനെ തുടർന്ന് തടഞ്ഞു നിർത്തിയത് വലിയ വാക്കേറ്റത്തിന് കാരണമായി. പിഴ ചുമത്തിയ ഉദ്യോഗസ്ഥനെതിരെ തന്നെ തടഞ്ഞു നിർത്തി അപമാനിച്ചതിന് പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർക്കൊപ്പം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്. സന്തോഷ് കുമാർ, പി.ആർ അനൂപ്, ഷാനു എന്നിവരും കോർപ്പറേഷൻ ജീവനക്കാരായ ബാബു, ബിനൂപ്, വിനു, ആന്റണി, സിജീഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

കൊച്ചി നഗരത്തിൽ മാലിന്യം വലിച്ചെറിയാൻ എത്തുന്നവർ ഒന്നോർക്കുക. 2010 രൂപയാണ് പിഴ. മാസം 150 രൂപ കൊടുത്താൽ കോർപ്പറേഷൻ ജീവനക്കാർ വീട്ടിലെത്തി മാലിന്യം ശേഖരിക്കും. അങ്ങനെയുള്ളപ്പോൾ ഇനിയും ഇതു തുടർന്നാൽ കയ്യിലെ പണം ഇരട്ടിയിലധികം നഷ്ടമാകുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ ജി കൃഷ്ണകുമാർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP