Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സഞ്ചാരികളുടെ പറുദീസയായി ഭൂട്ടാനും ബ്രിട്ടനും മാറുമ്പോൾ അഭിമാനിക്കാൻ മലയാളികൾക്കുമുണ്ട് വക; ലോകത്തെ ഏറ്റവും സുന്ദരമായ പത്ത് നഗരങ്ങളിൽ ഏഴാം സ്ഥാനം അലങ്കരിച്ച് കൊച്ചി; ലോൺലി പ്ലാനറ്റ് പുറത്ത് വിട്ട ലോകത്തെ ഏറ്റവും മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ലിസ്റ്റിൽ കൊച്ചി തിളങ്ങിയതോടെ പ്രതീക്ഷിക്കുന്നത് വിദേശ സഞ്ചാരികളുടെ പ്രവാഹം

സഞ്ചാരികളുടെ പറുദീസയായി ഭൂട്ടാനും ബ്രിട്ടനും മാറുമ്പോൾ അഭിമാനിക്കാൻ മലയാളികൾക്കുമുണ്ട് വക; ലോകത്തെ ഏറ്റവും സുന്ദരമായ പത്ത് നഗരങ്ങളിൽ ഏഴാം സ്ഥാനം അലങ്കരിച്ച് കൊച്ചി; ലോൺലി പ്ലാനറ്റ് പുറത്ത് വിട്ട ലോകത്തെ ഏറ്റവും മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ലിസ്റ്റിൽ കൊച്ചി തിളങ്ങിയതോടെ പ്രതീക്ഷിക്കുന്നത് വിദേശ സഞ്ചാരികളുടെ പ്രവാഹം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അറബിക്കലടിന്റെ റാണിയെന്ന ഖ്യാതിയുള്ള കൊച്ചിയിലൂടെ നമുക്ക് ലോകത്തിന് മുന്നിൽ വീണ്ടും തലയുയർത്തിപ്പിടിക്കാൻ ഒരു സുവർണാവസരം കൂടി ലഭിച്ചിരിക്കുകയാണ്. 2020ൽ സന്ദർശിക്കാൻ പറ്റിയ ലോകത്തിലെ ഏറ്റവും സുന്ദരമായ പത്ത് നഗരങ്ങളിൽ കൊച്ചിക്ക് ഏഴാം സ്ഥാനം ലഭിച്ചതിലൂടെയാണിത്. ലോകത്തിലെ ഏറ്റവും വലിയ ട്രാവൽ ഗൈഡ് ബുക്ക് പബ്ലിഷറായ ലോൺലി പ്ലാനറ്റ് പുറത്തിറക്കിയ ഏറ്റവും മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ ലിസ്റ്റിലാണ് കൊച്ചി തിളങ്ങിയിരിക്കുന്നത്. ഇതോടെ കൊച്ചിയിലേക്ക് വിദേശസഞ്ചാരികളുടെ പ്രവാഹമുണ്ടാകുമെന്ന പ്രതീക്ഷയും ശക്തമായിട്ടുണ്ട്. ആഗോളതലത്തിലുള്ള സഞ്ചാരികളുടെ പറുദീസയായി ഭൂട്ടാനും ബ്രിട്ടനും മാറിയിരിക്കുന്നുവെന്നും ലോൺലി പ്ലാനറ്റ് വെളിപ്പെടുത്തുന്നു.

അടുത്ത വർഷം സന്ദർശിക്കാൻ പറ്റിയ ലോകത്തിലെ ഏറ്റവും നല്ല നഗരമെന്ന ഖ്യാതി നേടിയിരിക്കുന്നത് ഓസ്ട്രിയയിലെ സാൽസ്ബർഗാണ്. ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ളത് യുഎസിലെ വാഷിങ്ടൺ ഡിസിയും മൂന്നാം സ്ഥാനത്ത് മമ്മികളുടെ നാടായ ഈജിപ്തിലെ കെയ്റോയുമാണ്.അയർലണ്ടിലെ ഗാൽവേയും ജർമനിയിലെ ബോണും ബൊളീവിയയിലെ ലാ പാസും യഥാക്രമം തുടർന്നുള്ള സ്ഥാനങ്ങളിലെത്തിയപ്പോഴാണ് നമ്മുടെ കൊച്ചി ഈ പ്രമുഖ നഗരങ്ങൾക്കിടയിൽ ഏഴാം സ്ഥാനം അലങ്കരിച്ചിരിക്കുന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം.

കൊച്ചിക്ക് പുറകിലാണ് കാനഡയിലെ വാൻകൂവറും എന്തിനേറെ യുഎഇയിലെ ദുബായും യുഎസിലെ ഡെൻവറും ഈ ടോപ് ടെൻ ലിസ്റ്റിൽ തുടർന്നുള്ള സ്ഥാനങ്ങളിൽ നിലകൊള്ളുന്നതെന്നതാണ് ശ്രദ്ധേയമായ കാര്യം. ലോകത്തിന് മാതൃകയാക്കാവുന്ന നിരവധി കാര്യങ്ങൾ പ്രാവർത്തികമാക്കിയതിന്റെ പേരിലാണ് കൊച്ചിക്ക് ഈ ലിസ്റ്റിൽ തിളങ്ങുന്ന സ്ഥാനം ലഭിച്ചിരിക്കുന്നത്.സമീപവർഷങ്ങളിലായി റിന്യൂവബിൾ എനർജി വ്യാപകമായി ഉപയോഗിച്ചതുകൊച്ചിക്ക് അപൂർവ ബഹുമതി നേടിക്കൊടുക്കുന്നതിന് പ്രധാന പങ്ക് വഹിച്ചുവെന്ന് ലോൺലി പ്ലാനറ്റ് എടുത്ത് കാട്ടുന്നു.

പൂർണമായും സൗരോർജത്താൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ എയർപോർട്ടെന്ന ബഹുമതി കൊച്ചിയിലെ നെടുമ്പാശേരി എയർപോർട്ടാണെന്ന കാര്യവും ലോൺലി പ്ലാനറ്റ് പ്രത്യേകം പരാമർശിക്കുന്നുണ്ട്.ഇതിന് പുറമെ കൊച്ചിയിലുള്ള അതുല്യമായ മറ്റ് ചില ആകർഷണീയതകളും ലോൺലി പ്ലാനറ്റ് എടുത്ത് കാട്ടുന്നുണ്ട്. ഇവിടുത്തെ ആകർഷകങ്ങളായ കഫേകളും ആതിഥ്യമര്യാദയുള്ള ഹോംസ്റ്റേകളും കോളനി ഭരണകാലത്തെ തിരുശേഷിപ്പുകളായി ഇപ്പോഴും പരിപാലിക്കപ്പെടുന്ന തെരുവുകളും പുരോഗമനാത്മക ചിന്തയുള്ള ഗ്യാലറികളും കൊച്ചിക്ക് തിലക്കുറി ചാർത്തുന്നുണ്ട്.

ഇത്തരത്തിൽ കൊച്ചി മഹത്തായ പാരമ്പര്യത്തെ ഇന്നും കാത്ത് സൂക്ഷിക്കുമ്പോഴും അത്യന്താധുനികതയെ പുൽകുന്നതിലും മാതൃകാപരമായ മുന്നേറിയിരിക്കുന്നുവെന്നും ലോൺലി പ്ലാനറ്റ് പ്രശംസിക്കുന്നുണ്ട്. കൊച്ചി-മുസിരിസ് ബിനാലെ എന്ന മഹത്തായ പ്രസ്ഥാനവും ഇവിടെ പുകഴ്‌ത്തപ്പെടുന്നുണ്ട്.ഈ പരിപാടിയിലൂടെ ഇന്ത്യ ലോകത്തിലെ കണ്ടമ്പററി ആർട്ട് മാപ്പിൽ സ്ഥാനം പിടിച്ചുവെന്ന കാര്യവും ലോൺലി പ്ലാനറ്റ് എടുത്ത് കാട്ടുന്നുണ്ട്.2020ൽ സന്ദർശിക്കാൻ ഏറ്റവും ഉചിതമായ പത്ത് രാജ്യങ്ങളുടെയും പത്ത് റീജിയണുകൾ, പത്ത് നഗരങ്ങൾ എന്നിവയുടെ വെവ്വേറെ ലിസ്റ്റാണ് ലോൺലി പ്ലാനറ്റ് പുറത്ത് വിട്ടിരിക്കുന്നത്.

ഇതിൽ രാജ്യങ്ങളുടെ ലിസ്റ്റിൽ ഭൂട്ടാൻ ഒന്നാം സ്ഥാനത്തും ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തുമാണ്.മൂന്നാം സ്ഥനത്ത് നോർത്ത് മാസിഡോണിയയും നാലാം സ്ഥാനത്ത് അറൂബയും അഞ്ചാം സ്ഥാനത്ത് എസ്വാട്ടിനി(സ്വാസിലാൻഡ്),ആറാം സ്ഥാനത്ത് കോസ്റ്റ റിക്ക,ഏഴാം സ്ഥാനത്ത് നെതർലാൻഡ്സ്,എട്ടാം സ്ഥാനത്ത് ലൈബീരിയ,ഒമ്പതാം സ്ഥാനത്ത് മൊറോക്കോ, പത്താം സ്ഥാനത്ത് ഉറുഗ്വേ എന്നിവയാണ് നിലകൊള്ളുന്നത്.2020ൽ സന്ദർശിക്കാൻ പറ്റിയ ഏറ്റവും നല്ല റീജിയൺ എന്ന സ്ഥാനം ലഭിച്ചിരിക്കുന്നത് സെൻട്രൽ ഏഷ്യൻ സിൽക്ക് റോഡാണ്.

ഇറ്റലിയിലെ ലെ മാർച്ചെയും ജപ്പാനിലെ തോഹോകുവും രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിലകൊള്ളുന്നു.യുഎസിലെ മൈനെ,ഓസ്ട്രേലിയയിലെ ലോർഡ് ഹോവെ,ചൈനയിലെ ഗുയിസ്ഹൗ പ്രൊവിൻസ്,സ്പെയിനിലെ കാർഡിസ് പ്രൊവിൻസ്,നോർത്ത് ഈസ്റ്റ് അർജന്റീന,ക്രൊയേഷ്യയിലെ ക്വാർനർ ഗൾഫ്,ബ്രസീലിയൻ ആമസോൺ എന്നീ റീജിയണുകളാണ് ഈ ലിസ്റ്റിൽ തുടർന്നുള്ള സ്ഥാനങ്ങളിൽ നിലകൊള്ളുന്നത്.ലോകത്തിലെ ഏറ്റവും ശാന്തസുന്ദരമായ രാജ്യമായിട്ടാണ് ഇംഗ്ലണ്ടിനെ വിലയിരുത്തുന്നത്.

ഇവിടുത്തെ തദ്ദേശീയർക്കും സന്ദർശകർക്കും ഒരു പോലെ സമാധാനം അനുഭവിക്കാനാകുന്നുവെന്നാണ് ലോൺലി പ്ലാനറ്റ് വിലയിരുത്തുന്നത്. ഇതിനാൽ 2020ൽ സന്ദർശിക്കാൻ പറ്റിയ ഏറ്റവും നല്ല രണ്ടാമത്തെ രാജ്യമായിത്തീർന്നിരിക്കുകയാണ് ഇംഗ്ലണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP