Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെഎംഎംഎല്ലിലെ ഒഴിവുവന്ന എക്‌സിക്യുട്ടീവ് ട്രെയിനി പോസ്റ്റിൽ ടെസ്റ്റ് നടത്തിയപ്പോൾ റാങ്ക് ലിസ്റ്റിൽ ഒന്നും ആറും സ്ഥാനത്ത് സിപിഎം അനുഭാവികൾ; എഴുത്ത് പരീക്ഷയിലും അഭിമുഖത്തിലും ഒന്നാമതായ ആലപ്പുഴയിലെ പാർട്ടി ബന്ധുവിനെ മറികടന്ന് ആറാമതായ ഭാര്യാ ബന്ധുവിന് ജോലി നൽകാൻ കരുക്കൾ നീക്കി സിപിഎം യൂണിറ്റിനെ ഉന്നതൻ; സമ്മർദ്ദം മുറുകിയപ്പോൾ വെളിച്ചം കാണാതെ റാങ്ക് ലിസ്റ്റും; ലിസ്റ്റ് അട്ടിമറിക്കാൻ കൈമറിഞ്ഞത് 40 ലക്ഷമെന്ന് ആക്ഷേപം; കെഎംഎംഎല്ലിൽ വീണ്ടും നിയമന അട്ടിമറി വിവാദം

കെഎംഎംഎല്ലിലെ ഒഴിവുവന്ന എക്‌സിക്യുട്ടീവ് ട്രെയിനി പോസ്റ്റിൽ ടെസ്റ്റ് നടത്തിയപ്പോൾ റാങ്ക് ലിസ്റ്റിൽ ഒന്നും ആറും സ്ഥാനത്ത് സിപിഎം അനുഭാവികൾ; എഴുത്ത് പരീക്ഷയിലും അഭിമുഖത്തിലും ഒന്നാമതായ ആലപ്പുഴയിലെ പാർട്ടി ബന്ധുവിനെ മറികടന്ന് ആറാമതായ ഭാര്യാ ബന്ധുവിന് ജോലി നൽകാൻ കരുക്കൾ നീക്കി സിപിഎം യൂണിറ്റിനെ ഉന്നതൻ; സമ്മർദ്ദം മുറുകിയപ്പോൾ വെളിച്ചം കാണാതെ റാങ്ക് ലിസ്റ്റും; ലിസ്റ്റ് അട്ടിമറിക്കാൻ കൈമറിഞ്ഞത് 40 ലക്ഷമെന്ന് ആക്ഷേപം; കെഎംഎംഎല്ലിൽ വീണ്ടും നിയമന അട്ടിമറി വിവാദം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിലെ എക്‌സിക്യുട്ടീവ് ട്രെയിനി (പേഴ്‌സണൽ) പോസ്റ്റിലേക്കുള്ള നിയമനം അട്ടിമറിക്കപ്പെടാൻ സാധ്യത. ഈ നിയമനവുമായി ബന്ധപ്പെട്ട് കെഎംഎംഎല്ലിൽ തയ്യാറായ റാങ്ക്‌ലിസ്റ്റ് അട്ടിമറിക്കാനാണ് അണിയറയിൽ നീക്കം നടക്കുന്നത്. നാല്പത് ലക്ഷത്തോളം രൂപ കൈമറിഞ്ഞ ഇടപാടാണ് നിയമന അട്ടിമറിയുമായി ബന്ധപ്പെട്ട് നടക്കുന്നതെന്നാണ് ഉയരുന്ന ആരോപണം. അഭിമുഖത്തിൽ ഒന്നാമത് വന്ന കുട്ടിക്ക് ആറാമതും ആറാമത് വന്ന കുട്ടിക്ക് ഒന്നാം റാങ്കും നൽകാനുള്ള നീക്കമാണ് നടക്കുന്നത്. ഒന്നാമത് വന്ന കുട്ടി ആലപ്പുഴയിലെ പാർട്ടി ബന്ധുവിന്റെ മകളാണ്. ആറാമത് വന്ന കുട്ടി കെഎംഎംഎല്ലിലെ ഉന്നത സിപിഎം യൂണിയൻ നേതാവിന്റെ ബന്ധുവും.

എഴുത്ത് പരീക്ഷയിലും അഭിമുഖത്തിലും ഒന്നാമത് വന്ന കുട്ടിക്ക് തന്നെ നിയമനം നൽകണമെന്നു ആലപ്പുഴയിലെ സിപിഎം ജില്ലാ സെക്രട്ടറി തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഈ ആവശ്യം നടന്നിട്ടില്ല. നിയമനത്തിനായി കൈമറിഞ്ഞ ലക്ഷങ്ങൾ തന്നെയാണ് ഈ അവശ്യത്തിനു തടസം നിൽക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. വ്യവസായമന്ത്രി അറിയാതെ ഓഫീസിലെ ഉന്നതരിൽ ചിലരാണ് നിയമന അട്ടിമറിക്ക് ചുക്കാൻ പിടിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്. പ്രശ്‌നം ആലപ്പുഴ സിപിഎമ്മിൽ പുകയുന്നുമുണ്ട്.

നിലവിൽ ഒരു റാങ്ക് ലിസ്റ്റ് അണിയറയിൽ തയ്യാറായിട്ടുണ്ട്. അതിൽ പാർട്ടി ബന്ധുതന്നെയാണ് ഒന്നാമത് ഉള്ളത്. ഈ റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് യൂണിയൻ നേതാവിന്റെ ഭാര്യ ബന്ധുവിനെ ഒന്നാം സ്ഥാനത്ത് പ്രതിഷ്ടിച്ച് പുതിയ ലിസ്റ്റ് ഇറക്കാനാണ് നീക്കം നടക്കുന്നത്. ഇതിനായി ഇന്റർവ്യൂ ബോർഡിനെ സ്വാധീനിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. എച്ച്എൽഎല്ലിലെ എച്ച് ആർ വകുപ്പിലെ ഉദ്യോഗസ്ഥ,ഇൻഡസ്ട്രിയൽ വകുപ്പിലെ ഉദ്യോഗസ്ഥ, മീറ്റർ കമ്പനിയിലെ ഉദ്യോഗസ്ഥൻ, കെഎംഎംഎൽ ജിഎം എന്നിങ്ങനെ നാല് പേരാണ് ഇന്റർവ്യൂ ബോർഡ്. ആദ്യ റാങ്ക് ലിസ്റ്റിൽ ഇവരുടെ ഒപ്പുണ്ട്. മാർക്ക് ലിസ്റ്റ് തിരുത്തണമെങ്കിൽ ഇവർ വീണ്ടും ഒപ്പിടണം. അല്ലെങ്കിൽ വ്യാജ ഒപ്പ് ഇടണം. രണ്ടാമത് പുലിവാൽ ആണെന്നുള്ളതുകൊണ്ട് ഇന്റർവ്യൂ ബോർഡിനെ തന്നെ സ്വാധീനിച്ച് പുതിയ ലിസ്റ്റ് ഇറക്കാനാണ് ശ്രമം നടക്കുന്നത്. റാങ്ക് ലിസ്റ്റ് പുറത്ത് വരാത്തത് ഇതിനു ബലം പകരുന്നുമുണ്ട്.

2018 ജനുവരിയാണ് ഒഴിവുകളിലേക്കുള്ള നോട്ടിഫിക്കേഷൻ വന്നത്. എക്‌സാം നടന്നത് കഴിഞ്ഞ വർഷം ജനുവരിയും. അഭിമുഖം നടന്നത് കഴിഞ്ഞ വർഷം ഫെബ്രുവരിയും. എന്നാൽ അക്കൗണ്ട്‌സിലെ നിയമനത്തിനു റാങ്ക് ലിസ്റ്റ് വരുകയും ഈ പോസ്റ്റിൽ നിയമനം നടക്കുകയും ചെയ്തു. എന്നാൽ എക്‌സിക്യുട്ടീവ് ട്രെയിനി (പേഴ്‌സണൽ ) എന്ന എച്ച് ആർ പോസ്റ്റിലേക്ക് ടെസ്റ്റും അഭിമുഖവും നടന്നെങ്കിലും ഇതുവരെ റാങ്ക് ലിസ്റ്റ് പുറത്ത് വിട്ടിട്ടില്ല. സിപിഎം യൂണിയൻ നേതാവിന്റെ ഭാര്യാ ബന്ധുവിനെ പോസ്റ്റ് ചെയ്യാനാണ് ഇത്രയും നാൾ റാങ്ക് ലിസ്റ്റ് പുറത്ത്വിടാത്തത് എന്നാണ് ലഭിക്കുന്ന സൂചനകൾ. ഒന്നാം സ്ഥാനത്ത് പാർട്ടി ബന്ധുവായതിനാൽ ഭാര്യ ബന്ധുവിന്റെ നിയമനം ഉറപ്പിക്കാൻ ലക്ഷങ്ങൾ കൂടി ഈ കാര്യത്തിൽ ചെലവിട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ റാങ്ക് ലിസ്റ്റ് പുറത്തും വന്നില്ല. ഇപ്പോൾ ധൃതിയിൽ സിപിഎം യൂണിയൻ നേതാവിന്റെ ബന്ധുവിനെ ഒന്നാം സ്ഥാനത്ത് പ്രതിഷ്തിച്ചുള്ള റാങ്ക് ലിസ്റ്റ് ഇറക്കാനാണ് ശ്രമം നടക്കുന്നത്. അതുകൊണ്ട് തന്നെയാണ് വാർത്ത പുറത്ത് വന്നതും.

ഇതാദ്യമായല്ല കെഎംഎംഎല്ലിൽ നിയമന അട്ടിമറി നടക്കുന്നത്. എക്സിക്യൂട്ടീവ് ട്രെയിനി (കെമിക്കൽ) തസ്തികയിലേക്കുള്ള ഇന്റർവ്യൂവിന് നിയമവിരുദ്ധമായി കൂടുതൽ മാർക്ക് നിശ്ചയിച്ച് നിയമനങ്ങൾ നടത്തിയതിൽ കമ്പനി മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി കഴിഞ്ഞ വർഷം ഉത്തരവിട്ടിരുന്നു. പക്ഷെ നിയമനം റദ്ദാക്കാൻ ഹൈക്കോടതി ഉത്തരവിട്ടില്ല. എഴുത്തു പരീക്ഷയിൽ 44.75 മാർക്കോടെ ഏഴാം റാങ്ക് ലഭിച്ച ഹർജിക്കാരനെ പിന്തള്ളി 27.75 മാർക്ക് വാങ്ങിയ 33-ാം റാങ്കുകാരനെയും 21.25 മാർക്ക് നേടിയ 48-ാം റാങ്കുകാരനെയും നിയമിച്ചെന്നായിരുന്നു ആക്ഷേപം. ഇന്റർവ്യൂവിൽ ഉയർന്ന മാർക്ക് നൽകിയാണ് ഇവരെ നിയമിച്ചതെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

ഹർജിക്കാരന് അഭിമുഖത്തിന് 20 മാർക്ക് ലഭിച്ചപ്പോൾ മറ്റുള്ളവർക്ക് യഥാക്രമം 44, 46 മാർക്കുകൾ ലഭിച്ചിരുന്നു. ഇതോടെയാണ് പ്രശ്‌നം കോടതി കയറിയത്. മുൻവർഷങ്ങളിൽ എഴുത്തു പരീക്ഷയ്ക്ക് 100 മാർക്കും ഇന്റർവ്യൂവിന് 20 മാർക്കുമായിരുന്നെങ്കിൽ എഴുത്തു പരീക്ഷയ്ക്കും അഭിമുഖത്തിനും 50 മാർക്ക് വീതമാണ് നിശ്ചയിച്ചത്. ഇതു നിലവിലെ ചട്ടത്തിന് വിരുദ്ധമാണെന്നും ഇന്റർവ്യൂ നിലനിൽക്കില്ലെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഈ നിയമന അട്ടിമറിയുടെ പൊടിപടലങ്ങൾ മായുന്നതിനു മുൻപ് തന്നെയാണ് കെഎംഎംഎല്ലിൽ നിന്നും വീണ്ടും നിയമന അട്ടിമറി വിവാദം ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP