Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കിഫ്ബിയുടെ സിഇഒയ്ക്ക് പെൻഷനും ശമ്പളവുമായി സർക്കാർ നൽകുന്നത് അഞ്ച് ലക്ഷം രൂപയോളം; ചീഫ് സെക്രട്ടറിക്ക് മുകളിൽ ശമ്പളം വാങ്ങിയിട്ടും ബ്ലയ്ഡ് കമ്പനിക്കായും ജോലിയെടുത്ത് കെ എം എബ്രഹാം; നിയമപ്രശ്‌നമില്ലെന്ന ധനമന്ത്രിയുടെ നിയമസഭയിലെ പ്രതിരോധത്തെ ധാർമികതയിൽ വെട്ടി പ്രതിപക്ഷ നേതാവിന്റെ എൻട്രി; സർക്കാരിന് വേണ്ടിയും മുത്തൂറ്റിനായും ഡബിൾ റോളിൽ പണിയെടുക്കുന്നത് മുൻ ചീഫ് സെക്രട്ടറി; വിവാദത്തിലാകുന്നത് സെബിയിലെ നിഗൂഡ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി സുപ്രീംകോടതി വിമർശിച്ച ഉദ്യോഗസ്ഥൻ

കിഫ്ബിയുടെ സിഇഒയ്ക്ക് പെൻഷനും ശമ്പളവുമായി സർക്കാർ നൽകുന്നത് അഞ്ച് ലക്ഷം രൂപയോളം; ചീഫ് സെക്രട്ടറിക്ക് മുകളിൽ ശമ്പളം വാങ്ങിയിട്ടും ബ്ലയ്ഡ് കമ്പനിക്കായും ജോലിയെടുത്ത് കെ എം എബ്രഹാം; നിയമപ്രശ്‌നമില്ലെന്ന ധനമന്ത്രിയുടെ നിയമസഭയിലെ പ്രതിരോധത്തെ ധാർമികതയിൽ വെട്ടി പ്രതിപക്ഷ നേതാവിന്റെ എൻട്രി; സർക്കാരിന് വേണ്ടിയും മുത്തൂറ്റിനായും ഡബിൾ റോളിൽ പണിയെടുക്കുന്നത് മുൻ ചീഫ് സെക്രട്ടറി; വിവാദത്തിലാകുന്നത് സെബിയിലെ നിഗൂഡ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി സുപ്രീംകോടതി വിമർശിച്ച ഉദ്യോഗസ്ഥൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള സർക്കാരിന്റെ സ്വപ്‌ന പദ്ധതിയാണ് കിഫ്ബി. വികസന പ്രവർത്തനങ്ങൾ ധനമന്ത്രി തോമസ് ഐസക് മുമ്പോട്ട് വയ്ക്കുന്ന ഇടതുപക്ഷ മാത്രക. മുൻ ചീഫ് സെക്രട്ടറി കെ എം എബ്രഹാമാണ് ഈ പദ്ധതിയുടെ തലപ്പത്ത്. എന്നാൽ ഇതു മാത്രം കൊണ്ട് കെ എം എബ്രഹാമിന് തൃപ്തി വരുന്നില്ല. മുത്തൂറ്റ് കാപിറ്റൽ സർവ്വീസ് ലിമിറ്റഡ് നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടറായും കെ എം എബ്രഹാം പ്രവർത്തിക്കുകയാണ്. ഇതിനെ പ്രതിപക്ഷം ചോദ്യം ചെയ്യുമ്പോൾ സർക്കാരും സ്വകാര്യ പണമിടപാട് കമ്പനിയിലെ എബ്രഹാമിന്റെ ഉന്നത പദവിയെ ന്യായീകരിക്കുകയാണ്. നിയമപരമായി പ്രശ്‌നൊന്നുമില്ലെന്ന് പറയുമ്പോൾ അഴിമതിയുടെ മണം സജീവമാക്കുന്നതാണ് എബ്രഹാമിന്റെ മുത്തൂറ്റിലെ പദവിയെന്നാണ് പ്രതിപക്ഷം പറയുന്നത്.

കിഫ്ബിയുടെ സിഇഒ. സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഡയറക്ടറായതിനെപ്പറ്റി ധനമന്ത്രി വിശദീകരിക്കണമെന്ന് കെ.എം.മാണി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. കിഫ്ബിയുടെ കണക്കുകൾ പട്ടത്തുള്ള ചാർട്ടേഡ് അക്കൗണ്ടന്റാണ് ഓഡിറ്റ് ചെയ്യുന്നത്. ഇതിന് മാറ്റംവരണം -മാണി ആവശ്യപ്പെട്ടു. ഇതോടെയാണ് ഈ വിഷയം നിയമസഭയുടെ മുമ്പിലെത്തിയത്. അപ്പോഴും മുത്തൂറ്റ് എന്ന വാക്ക് ചർച്ചയായിരുന്നില്ല. എന്നാൽ ബജറ്റ് ചർച്ചയിൽ അൻവർ സാദത്ത് മടികൂടാതെ മുത്തൂറ്റിന്റെ പേര് സഭയിൽ ചർച്ചയാക്കി. വിഷയത്തിൽ എബ്രഹാമിനെ പ്രതിരോധിക്കാൻ ധനമന്ത്രി തോമസ് ഐസക് രംഗത്ത് എത്തുകയും ചെയ്തു. നിയമപ്രകാരം തെറ്റില്ലെന്നാണ് ധനമന്ത്രിയുടെ വിശദീകരണം. എന്നാൽ ഇതിൽ ധാർമികത കടന്നു വരുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിശദീകരിക്കുകയും ചെയ്തു.

ബജറ്റ് ചർച്ചയിൽ സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താൻ പ്രതിപക്ഷം ആയുധമാക്കുന്നത് എബ്രഹാമിന്റെ മുത്തൂറ്റ് ബന്ധമാണ്. 50000 കോടിയടുെ പ്രോജക്ട് കൈകാര്യം ചെയ്യുന്ന സിഇഒ ബ്ലൈഡ് കമ്പനിയിൽ സ്ഥാനം വഹിക്കുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു അൻവർ സാദത്തിന്റെ വാദം. എന്നാൽ നിയമ പ്രശ്‌നമൊന്നുമില്ലെന്നും ഐഎഎസിൽ നിന്ന് വിരമിക്കുന്നവർക്ക് ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാമെന്നും ധനമന്ത്രി വിശദീകരിച്ചു. കിഫ്ബിയിലെ തുകയൊന്നും മുത്തൂറ്റിൽ ഇതുവരെ നിക്ഷേപിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു. ഇതോടെയാണ് ഇതിലെ ധാർമികത ചർച്ചയാക്കി പ്രതിപക്ഷ നേതാവ് എത്തിയത്. നിയമപ്രശ്‌നമില്ലെങ്കിലും ഇതിൽ ധാർമികതയെ കുറിച്ച് എബ്രഹാമും തോമസ് ഐസക്കും ചിന്തിക്കണമെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആവശ്യം.

മുത്തൂറ്റ് കാപിറ്റൽ സർവ്വീസ് ലിമിറ്റഡ് നോൺ എക്‌സിക്യൂട്ടീവ് ഡയറക്ടറായാണ് മുൻ ചീഫ് സെക്രട്ടറിയും സെബി മുൻ അംഗവുമായ കെ എം എബ്രഹാം നിയമിതനായത്. ഇതാണ് പുതിയ ചർച്ചകൾക്ക് കാരണമാകുന്നത്. അഞ്ച് കൊല്ലം കൊണ്ട് 50000കോടിയുടെ പദ്ധതികളാണ് കിഫ്ബി നടപ്പാക്കുന്നത്. ഇതിന്റെ തലവനാണ് കെ എം എബ്രഹാം. ഇതെല്ലാം കണക്കിലെടുത്താണ് എബ്രഹാമിന് ലക്ഷങ്ങൾ സംസ്ഥാന സർക്കാർ പെൻഷനും ശമ്പളവുമായി നൽകുന്നത്. ഇത് വാങ്ങിയാണ് മറ്റൊരു പണിയും എബ്രഹാം ചെയ്യുന്നതെന്നതാണ് വിമർശനങ്ങൾക്ക് കാരണം. എന്നാൽ കിഫ്ബിയിലെ പണമൊന്നും മുത്തൂറ്റിൽ നിക്ഷേപിച്ചിട്ടില്ലെന്നും അതുകൊണ്ട് പ്രശ്‌നമില്ലെന്നും തോമസ് ഐസക് പറയുന്നു.

വൺ റാങ്ക് വൺ പെൻഷൻ പ്രകാരം ചീഫ് സെക്രട്ടറി റാങ്കിലുള്ളവർക്ക് ഒന്നേകാൽ ലക്ഷത്തോളം പെൻഷൻ കിട്ടും. സർക്കാർ സർവ്വീസിന്റെ ഭാഗമായി പ്രവർത്തിക്കുന്നവർക്ക് ഇത് കഴിഞ്ഞുള്ള തുക പെൻഷനായി കിട്ടും. അതായത് ചീഫ് സെക്രട്ടറിയുടെ ശമ്പളം രണ്ടര ലക്ഷത്തോളം രൂപയാണ്. ഈ തുക മാത്രമേ സർക്കാർ സർവ്വീസിലുള്ളവർക്ക് പെൻഷനും ശമ്പളവുമായി കിട്ടു. എന്നാൽ കെ എം എബ്രഹാം ഇവിടേയും ഭാഗ്യവാനാണ്. അദ്ദേഹത്തിന് പെൻഷന് പുറമേയാണ് ശമ്പളം നൽകുന്നത്. കേരളം വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ ഇത്തരത്തിലെ ധൂർത്ത് അവസാനിപ്പിക്കണമെന്ന ആവശ്യം പ്രളയകാലത്ത് ഉയർന്നിരുന്നു. ചീഫ ്സെക്രട്ടറിക്ക് മുകളിൽ കെ എം എബ്രഹാം ശമ്പളം വാങ്ങുന്നുവെന്നതാണ് വസ്തുത.

2017 ഡിസംബർ 30നാണ് കെ എം എബ്രഹാമിനെ കിഫ്ബിയുടെ തലവനാക്കുന്നത്. മൂന്ന് കൊല്ലത്തേക്കാണ് നിയമനം. പ്രതിമാസം 2.75 ലക്ഷം രൂപയാണ് ശമ്പളമായി നൽകുന്നത്. എല്ലാവർഷവും പത്ത് ശതമാനം കൂടുകയും ചെയ്യും. ഇതിന് പുറമേ മൊബൈൽ ഫോണിനും ലാൻഡ് ഫോണിനും ചെലവാകുന്ന തുകയും നൽകും. കമ്പ്യൂട്ടറും പരിധിയില്ലാത്ത ഇന്റർനെറ്റും നൽകുമെന്നും നിയമന ഉത്തരവിൽ വ്യക്തമാക്കുന്നു. അതായത് ഏതാണ്ട് 3 ലക്ഷം രൂപ മാസം കെ എം എബ്രഹാമിന് മാറ്റി വയ്ക്കുന്നു. ഇതിനൊപ്പം പെൻഷനായ ഒന്നേകാൽ ലക്ഷവും കിട്ടും. അതായത് കെ എം എബ്രഹാമിന്റെ മാസ വരുമാനം നാലേകാൽ ലക്ഷമാണ്. ചീഫ് സെക്രട്ടറിയേക്കാൾ കൂടുതൽ. ഇത്തരത്തിലൊരു ഉദ്യോഗസ്ഥനാണ് മൂത്തുറ്റ് ഗ്രൂപ്പിന് വേണ്ടിയും പ്രവർത്തിക്കുന്നത്. ഈ വിഷയമാണ് നിയമസഭയിൽ പ്രതിപക്ഷം ചർച്ചയാക്കിയത്.

കെ എം എബ്രഹാം സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ മുഴുവൻ സമയ അംഗമായിരിക്കെ നിരവധി ഗൂഢപ്രവർത്തനങ്ങൾ നടത്തിയിരുന്നതായി സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)യിലെ മുഴുവൻസമയ അംഗമായിരുന്നപ്പോഴുള്ള എബ്രഹാമിന്റെ പ്രവർത്തനങ്ങൾ ഗൂഢലക്ഷ്യത്തോടെയുള്ളതാണെന്നായിരുന്നു കോടതി നിരീക്ഷണം. യു.പി.എ. സർക്കാറിന്റെ കാലത്ത് സെബി ചെയർമാനായി കെ.എം. എബ്രഹാമിനെയും പരിഗണിച്ചിരുന്നു. എന്നാൽ, യു.കെ. സിൻഹയ്ക്കാണ് പദവി ലഭിച്ചത്. തുടർന്ന് സിൻഹയെ നീക്കണമെന്ന് ആവശ്യപ്പെട്ട് അരുൺകുമാർ അഗർവാൾ എന്നയാൾ സുപ്രീംകോടതിയിൽ ഹർജി നൽകി . ഹർജിക്കാരൻ കെ എം എബ്രഹാമിന് വേണ്ടി യുകെ സിൻഹയ്ക്ക് എതിരെ നിരവധി ആരോപണങ്ങൾ കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിപ്രസ്താവം എബ്രഹാമിനെ രൂക്ഷമായി വിമർശിക്കുന്നതായിരുന്നു. എബ്രഹാമിന് നേട്ടമുണ്ടാക്കാനായി സമർപ്പിക്കപ്പെട്ട ആരോപണങ്ങൾ ഗൂഢലക്ഷ്യത്തോടെയാണെന്ന് നിരീക്ഷിച്ച കോടതി ഇവ മുഖവിലയ്ക്കെടുക്കാതെയാണ് വിധി പുറപ്പെടുവിച്ചത്.

സെബിയുടെ മുഴുവൻസമയ അംഗമെന്ന നിലയിലുള്ള കെ.എം. എബ്രഹാമിന്റെ പ്രവർത്തനങ്ങൾക്കെതിരായി ഒട്ടേറെ പരാതികൾ ശ്രദ്ധയിൽ വന്നിട്ടുണ്ടെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. ആരോപണങ്ങളെ കോടതി ഗൗരവമായി കാണുന്നു. കാലാവധി നീട്ടിക്കിട്ടില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് സെബിയുടെ പ്രവർത്തനങ്ങളിൽ കേന്ദ്ര ധനകാര്യവകുപ്പ് ഇടപെടുന്നെന്ന ആരോപണം എബ്രഹാം ഉന്നയിക്കുന്നത്. കാലാവധി അവസാനിക്കുന്നതിന് ഒന്നരമാസംമുമ്പ് മാത്രമാണ് പൊതുതാത്പര്യം മുന്നിൽക്കണ്ടല്ലാത്ത ആരോപണങ്ങളുമായി എബ്രഹാം, പ്രധാനമന്ത്രിക്ക് കത്തയച്ചത്. കോടതിയിൽ പരിഗണിക്കപ്പെട്ട കത്തിലെ പരാമർശങ്ങൾക്കും വിശ്വാസ്യതയില്ല. സഹാറയ്ക്കും റിലയൻസിനുമെതിരെ ശക്തമായ നടപടി സെബി കൈക്കൊണ്ടെന്ന് ഹർജിയിൽ പരാതിക്കാരൻ പറയുന്നു. എന്നാൽ, പരാതിക്കാരൻ ഈ കോർപ്പറേറ്റുകളുടെ പിണിയാളാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെ.എം. എബ്രഹാമിനെ അനുകൂലിക്കുന്ന ഹർജി സുപ്രീംകോടതി 2012ൽ തള്ളിയത്. കിഫ്ബിയുടെ തലപ്പത്ത് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ മുത്തൂറ്റിലെ പദവി കൂടി ഏറ്റെടുക്കുമ്പോൾ 2012ലെ സുപ്രീംകടതി വിധിയാണ് ചർച്ചയാകുന്നത്

സഹാറ നീട്ടിയ കോടികൾ പോലും വേണ്ടെന്ന് പറഞ്ഞ് നീതി നടപ്പാക്കിയ ഉദ്യോഗസ്ഥനെന്നായിരുന്നു കെഎം എബ്രഹാമിനെ പൊതുവേ വിലയിരുത്തിയിരുന്നത്. എബ്രഹാം മുംബൈ സെബിയിൽ മെമ്പറായിരുന്നപ്പോഴാണ് സഹാറ ഗ്രൂപ്പിന്റെ തട്ടിപ്പ് കണ്ടെത്തിയതും സുബ്രതോ റായി ജയിലിലായതും. രണ്ടു സഹാറ ഗ്രൂപ് കമ്പനിക്കെതിരെ എബ്രഹാം കൊണ്ടുവന്ന തെളിവുകൾ സെക്യൂരിറ്റീസ് അപ്പലേറ്റ്റ്റ് ട്രിബ്യൂണലിനോ സുപ്രീം കോടതിക്കോ തള്ളിക്കളയാൻ സാധിക്കാത്ത വിധം ശക്തമായിരുന്നു. 2011 ജൂൺ 23നു സഹാറ ഇന്ത്യ റിയൽ എസ്റ്റേറ്റ് കോർപ്പറേഷനും സഹാറ ഹൗസിങ് ഇൻവെസ്റ്റ്മെന്റ് കോർപ്പറേഷനും എതിരെ എബ്രഹാം പുറപ്പെടുവിച്ച ഉത്തരവാണ് സുബ്രതോ റോയിയുടെ പതനത്തിലേക്ക് നയിച്ചത്. ഇതോടെയാണ് എബ്രഹാമിന് വീര പരിവേഷം കിട്ടിയത്. പിന്നീട് കേരളത്തിലേക്ക് എത്തി ചീഫ് സെക്രട്ടറിയായി വിരമിക്കുകയും ചെയ്തു.

സെബിയിൽ ആയിരിക്കെ വളരെ യാദൃശ്ചികമായാണ് എബ്രഹാം സഹാറയുടെ സാമ്പത്തിക ക്രമക്കേടുകൾ കണ്ടത്തിയത്. ഒരു ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ ഓഹരി മൂല്യം ഉയർത്താൻ വേണ്ടി റിയൽ എസ്റ്റേറ്റ് കമ്പനിയായ സഹാറ പ്രൈം സിറ്റി ലിമിറ്റഡ് ഡ്രാഫ്റ്റ് റെഡ് ഹേറിങ് പ്രോസ്പെക്ടസ് സമർപ്പിച്ചപ്പോഴാണ് ഈ തെളിവുകൾ പുറത്തു വന്നത്. സെബിയുടെ അനുമതി ഇല്ലാതെ 'പൂർണമായും മാറ്റാവുന്ന കടപ്പത്രങ്ങൾ' വഴി പൊതു ജനങ്ങളിൽ നിന്നു വൻതോതിൽൽ പണം സമാഹരിക്കുന്ന ഈ രണ്ടു അസോസിയേറ്റ് കമ്പനികളുടെ മുഴുവൻ വിശദാംശങ്ങളും അവർ ഈ അപേക്ഷയിൽ വെളിപ്പെടുത്തിയിരുന്നു. സഹാറ കേസിൽ അവസാനമായി നല്കിയ ഉത്തരവ് എബ്രാഹാമിന്റെ ധൈര്യത്തിനും തൊഴിൽ നൈപുണ്യത്തിനും മികച്ച സാക്ഷ്യപത്രമാണെന്നും വിലയിരുത്തപ്പെട്ടു. കടപ്പത്രം അവരുടെ സ്വകാര്യ നടപടി മാത്രമാണെന്ന സഹാറയുടെ വാദം അവർ തന്നെ നല്കിയ രേഖകളിലൂടെ വെളിപ്പെടുന്ന, ലക്ഷക്കണക്കിനു ആളുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന തെളിവിലൂടെ വളരെ ഫലപ്രദമായി എബ്രഹാം തകർത്തുവെന്നായിരുന്നു റിപ്പോർട്ടുകൾ എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP