Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചീഫ് സെക്രട്ടറിയായി വിരമിച്ച ശേഷം പുനർനിയമത്തിലൂടെ വാങ്ങുന്നത് പ്രതിമാസം അഞ്ചു ലക്ഷത്തിലേറെ; കാബിനറ്റ് റാങ്ക് കൊടുക്കുമ്പോൾ സ്വന്തമായി ജീവനക്കാരേയും നിയമിക്കാം; സാമ്പത്തിക പ്രതിസന്ധിക്കിടെ മറ്റൊരു അധിക ചെലവ്; കെ എം എബ്രഹാമിന് കാബിനറ്റ് പദവി കൊടുത്തത് പിണറായി തീരുമാനം

ചീഫ് സെക്രട്ടറിയായി വിരമിച്ച ശേഷം പുനർനിയമത്തിലൂടെ വാങ്ങുന്നത് പ്രതിമാസം അഞ്ചു ലക്ഷത്തിലേറെ; കാബിനറ്റ് റാങ്ക് കൊടുക്കുമ്പോൾ സ്വന്തമായി ജീവനക്കാരേയും നിയമിക്കാം; സാമ്പത്തിക പ്രതിസന്ധിക്കിടെ മറ്റൊരു അധിക ചെലവ്; കെ എം എബ്രഹാമിന് കാബിനറ്റ് പദവി കൊടുത്തത് പിണറായി തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം. ഏബ്രാഹാമിന് കാബിനറ്റ് പദവി നൽകാനുള്ള മന്ത്രിസഭാ യോഗവും ഖജനാവിന് ചെലവ് കൂട്ടും. മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലുള്ള ഒരാൾക്ക് കാബിനറ്റ് പദവി നൽകുന്നത് ആദ്യമായാണ്. ഇതോടെ കെ എം എബ്രഹാം ചീഫ് സെക്രട്ടറിക്കും മുകളിലെത്തും. നിലവിൽ മന്ത്രിമാർക്കുപുറമേ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് എന്നിവർക്കും കാബിനറ്റ് പദവിയുണ്ട്. അതായത് മന്ത്രിസഭയ്ക്ക് പുറത്ത് കാബിനറ്റ് റാങ്കുള്ള മൂന്നാമനാണ് കെ എം എബ്രഹാം.

മന്ത്രിമാർക്ക് തുല്യമായ പദവിയിലെത്തുന്നതോടെ അദ്ദേഹത്തിന് ആവശ്യമെങ്കിൽ പേഴ്സണൽ സ്റ്റാഫിനെ നിയമിക്കാം. യാത്രപ്പടി, താമസം, സുരക്ഷ എന്നിവയിലും മാറ്റമുണ്ടാകും. ഇതെല്ലാം ഖജനാവിന് ബാധ്യത കൂട്ടും. ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയെന്നനിലയിൽ ഏബ്രാഹാം നൽകിയ സ്തുത്യർഹസേവനം കണക്കിലെടുത്താണ് പദവിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു. ചർച്ചകളിലേക്ക് കടക്കാതെതന്നെ മുഖ്യമന്ത്രിയുടെ നിർദ്ദേശം മന്ത്രിസഭ അംഗീകരിച്ചു. കേരളത്തിലെ രണ്ട് മുൻ ചീഫ് സെക്രട്ടറിമാർ പുനർനിയമനത്തിലൂടെ പെൻഷനടക്കം വാങ്ങുന്നത് മാസം അഞ്ച് ലക്ഷത്തോളം രൂപയം എന്നതാണ് വസ്തുത. അതിലൊരാളാണ് കെ എം എബ്രഹാം. ഈ ഉദ്യോഗസ്ഥനാണ് കാബിനറ്റ് പദവി കൂടി നൽകുന്നത്.

ചീഫ് സെക്രട്ടറി റാങ്കിലുള്ള അതേ ശമ്പളം പെൻഷനൊപ്പം വാങ്ങുന്നത് ചട്ടവിരുദ്ധമാണെന്നാണ് ആക്ഷേപം. അഖിലേന്ത്യ ഉദ്യോഗസ്ഥരുടെ സർവീസ് ചട്ടത്തിലെ 4(2) വകുപ്പനുസരിച്ച് വിരമിച്ചവർ പുനർനിയമനകാലത്ത് പെൻഷൻ വാങ്ങാൻ പാടില്ല. സൈനികർക്ക് മാത്രമേ ഇളവുള്ളൂ. കേന്ദ്രചട്ടം മറികടക്കാൻ സംസ്ഥാന സർവീസ് ചട്ടമായ കെ.എസ്.ആറിൽ സർക്കാർ ഇളവു നൽകുകയായിരുന്നു. വിരമിച്ച ഉദ്യോഗസ്ഥർക്ക് പുനർനിയമനം നൽകുമ്പോൾ പെൻഷൻ കഴിച്ചുള്ള തുകയേ നൽകാറുള്ളൂ. ലോകായുക്തയിലും മനുഷ്യാവകാശ കമ്മിഷനിലുമടക്കം നിയമിതരായ റിട്ട. ചീഫ് ജസ്റ്റിസുമാർക്കുപോലും ഇങ്ങനെയാണ് നൽകുന്നത്. എന്നാൽ കെ എം എബ്രഹാമിന് വൻ തുക ഇപ്പോൾ പ്രതിമാസം കിട്ടുന്നുണ്ട്. അക്കാദമിക മികവ് കൂടി കണക്കിലെടുത്താണ് ഇതെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. കാബിനറ്റ് പദവിയിൽ എത്തിയ കെ എം എബ്രഹാം ജീവനക്കാരെ നിയമിക്കുമോ എന്നതും നിർണ്ണായകമാണ്.

മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും മുൻ ചീഫ് സെക്രട്ടറിയുമാണ് ഡോ.കെ.എം.എബ്രഹാം. കിഫ്ബിയുടെ സിഇഒ എന്ന പദവിക്കൊപ്പം കെ ഡിസ്‌കിന്റെ ചെയർമാൻ കൂടിയാണ് കെ എം എബ്രഹാം. നിർണ്ണായക ഉത്തരവാദിത്തങ്ങളുള്ള വ്യക്തിയെന്ന നിലയ്ക്കാണ് എബ്രഹാമിന് പിണറായി സർക്കാർ കാബിനറ്റ് പദവി നൽകുന്നത്. 1982 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് കെ എം എബ്രഹാം. കേരള സർവകലാശാലയിൽനിന്ന് സിവിൽ എൻജിനീയറിങ്ങിൽ ബിടെകും കാൺപൂർ ഐഐടിയിൽനിന്ന് എംടെകും നേടിയശേഷം അമേരിക്കയിലെ മിഷിഗൺ സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടി. 2008 മുതൽ 2011വരെ സെബി അംഗമായിരുന്നു. ആദ്യപഠനം സിവലി# എഞ്ചിനീയറിങിലായിരുന്നുവെങ്കിൽ പിന്നീട് ധനകാര്യ മേഖലയിലേക്ക് കൂടി ചുവട് മാറ്റി. അമേരിക്കയിൽ നിന്നു തന്നെ സി.എഫ്.എ. (ചാർട്ടേർഡ് ഫിനാൻഷ്യൽ അസിസ്റ്റന്റ്) നേടിയ എബ്രഹാം സ്റ്റൻഫോർഡ്, ജോൺ ഫ്രാപ്കിൻസ് യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ ലോസ് ആഞ്ജലിസ് എന്നിങ്ങനെയുള്ള ലോകോത്തര സർവകലാശാലകളിൽ നിന്ന് വിവിധ വിഷയങ്ങളിൽ സർട്ടിഫിക്കറ്റ് കോഴ്‌സുകളും പാസായിട്ടുണ്ട്. മെഷീൻ റീഡിങ്, ബിഗ്‌ഡേറ്റാ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻഫറൻസ്, എക്‌സ്‌പ്ലോറേറ്ററി ഡേറ്റ അനാലിസിസ് എന്നിങ്ങനെ എബ്രഹാം പഠിച്ച വിഷയങ്ങളുടെ എണ്ണം ഏറെ.

ടികെഎം എൻജിനിയറിങ് കോളേജിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം തുടങ്ങിയ എബ്രഹാം ആലപ്പുഴ കളക്ടറായും സിവിൽ സർവ്വീസുകാരനെന്ന നിലയിൽ ശോഭിച്ചു. ഐഎഎസുകാരനെന്ന നിലയിൽ കേരളത്തിലെ സർക്കാർ സംവിധാനത്തിന് നൽകിയ അദ്ദേഹം സംഭാവനകൾ വളരെയാണ്. സംസ്ഥാന ധനകാര്യവകുപ്പിന് ഇന്ന് കാണുന്ന രൂപവും ഭദ്രതയും നൽകിയത് എബ്രഹാമാണ്. ട്രഷറി ഇടപാടുകൾ മുഴുവൻ കമ്പ്യൂട്ടറൈസ്ഡ് ചെയ്‌തെന്നും സർക്കാർ ജീവനക്കാരുടെ മുഴുവൻ വിവരങ്ങളും ശമ്പളവിതരണവും സ്ഥലം മാറ്റവുമെല്ലാം കമ്പ്യൂട്ടറിലാക്കിയതും എബ്രഹാമിന്റെ ഉത്സാഹത്തിലായിരുന്നു. തിരുവനന്തപുരത്തെ സെക്രട്ടറിയേറ്റ് മന്ദിരത്തിൽ ആദ്യം കമ്പ്യൂട്ടറുമായി വന്ന ഉദ്യോഗസ്ഥനും അദ്ദേഹം തന്നെ. 1986 ൽ -കമ്പ്യൂട്ടർവൽക്കരണത്തിനെതിരെ പ്രതിഷേധം നടക്കമ്പോഴായിരുന്നു അത്. സംസ്ഥാനസർക്കാറിനുവേണ്ടി ഒരു കമ്പ്യൂട്ടർ നയം തയ്യാറാക്കി അന്നത്തെ ചീഫ് സെക്രട്ടറി വി.രാമചന്ദ്രന് സമർപ്പിക്കുകയും ചെയ്തു അദ്ദേഹം.

1996 ലെ നായനാർ സർക്കാറിന്റെ കാലത്ത് ധനകാര്യസെക്രട്ടറിയായിരിക്കെ മോഡോണൈസിങ്ങ് ഗവൺമെന്റ് പ്രോഗ്രാം (എം.ജി.സി.) എന്ന പദ്ധതിക്കു നേതൃത്വം നൽകി. അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം (എഎസ്എപി) എന്ന പേരിൽ വിദ്യാർത്ഥികൾക്കുവേണ്ടി ഒരു നൈപുണ്യ വികസന പദ്ധതിയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തുടങ്ങി. ലക്ഷക്കണക്കിന് കുട്ടികളാണ് ഇതിന്റെ ഗുണഭോക്താക്കളായി മാറിയത്. 1996 ൽ ത്തന്നെയാണ് കേരളത്തിന് ആദ്യമായി വിദേശ ഫണ്ടിങ് ലഭിച്ചത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയമായിരുന്നു അത്. ഇതിന് പിന്നിലും എ്ബ്രഹാമിന്റെ ഇടപെടലുണ്ടായിരുന്നുവെന്നാണ് പിണറായി സർക്കാരിന്റെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP