Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇഷ്ടക്കാരെ തിരുകി കയറ്റാൻ മന്ത്രി കെകെ ശൈലജ നേരിട്ട് ഇടപെട്ടതിനുള്ള സൂചനകൾ പുറത്ത്; പിഎച്ച്ഡിയും ബാലാവകാശ വിഷയങ്ങളിൽ പരിചയവുമുള്ള അപേക്ഷകന് 95 മാർക്ക് നൽകിയപ്പോൾ 12 ക്രിമിനൽ കേസുകളിൽ പ്രതിയായ സി.പി.എം നേതാവിന് ഇന്റർവ്യൂ ബോർഡ് നൽകിയത് 210 മാർക്ക്! കുട്ടികളെ സംരക്ഷിക്കാൻ നിയമിച്ചവരിൽ കുട്ടികളെ പീഡിപ്പിച്ച കേസിന്റെ പേരിൽ ശിക്ഷിക്കപ്പെട്ടയാളും; മന്ത്രി ശൈലജ നേരിടുന്നത് ഇപി ജയരാജൻ നേരിട്ടതിനേക്കാൾ വലിയ ആരോപണം

ഇഷ്ടക്കാരെ തിരുകി കയറ്റാൻ മന്ത്രി കെകെ ശൈലജ നേരിട്ട് ഇടപെട്ടതിനുള്ള സൂചനകൾ പുറത്ത്; പിഎച്ച്ഡിയും ബാലാവകാശ വിഷയങ്ങളിൽ പരിചയവുമുള്ള അപേക്ഷകന് 95 മാർക്ക് നൽകിയപ്പോൾ 12 ക്രിമിനൽ കേസുകളിൽ പ്രതിയായ സി.പി.എം നേതാവിന് ഇന്റർവ്യൂ ബോർഡ് നൽകിയത് 210 മാർക്ക്! കുട്ടികളെ സംരക്ഷിക്കാൻ നിയമിച്ചവരിൽ കുട്ടികളെ പീഡിപ്പിച്ച കേസിന്റെ പേരിൽ ശിക്ഷിക്കപ്പെട്ടയാളും; മന്ത്രി ശൈലജ നേരിടുന്നത് ഇപി ജയരാജൻ നേരിട്ടതിനേക്കാൾ വലിയ ആരോപണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വജനപക്ഷപാതമെന്ന കുരുക്കിലാണ് ഇപി ജയരാജൻ വീണത്. അപ്പോൾ തന്നെ പിണറായി രാജി ചോദിച്ചു വാങ്ങി. അതിന് ശേഷം ഇപ്പോൾ കണ്ണൂരിൽ നിന്നുള്ള രണ്ടാമത്തെ മന്ത്രിയും ഊരാക്കുടുക്കിൽ. പിടിച്ചു നിൽക്കാൻ ആരോഗ്യമന്ത്രി കെകെ ശൈലജ പറയുന്നതൊന്നും ശരിയില്ലെന്ന് തെളിയുകയാണ്. സംസ്ഥാന ബാലാവകാശ കമ്മിഷൻ അംഗങ്ങളായി ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നീട്ടാൻ സാമൂഹിക നീതി മന്ത്രി കെ.കെ.ശൈലജ നേരിട്ട് ഇടപെട്ടതിനു തെളിവ് പുറത്തുവന്നു. തീയതി നീട്ടുന്നതിനുള്ള കാരണം പോലും വ്യക്തമാക്കാതെ മന്ത്രി രേഖാമൂലം നിർദ്ദേശം നൽകി. ഇത് ഇഷ്ടക്കാർക്ക് വേണ്ടിയാണെന്നാണ് സൂചന. അവസാന തീയതി നീട്ടാൻ മന്ത്രി രേഖാമൂലം നൽകിയ നിർദ്ദേശം ഹൈക്കോടതി കഴിഞ്ഞ 17നു പുറപ്പെടുവിച്ച ഉത്തരവിന്റെ ഭാഗമാക്കുകയും ചെയ്തു.

സംസ്ഥാന ബാലാവകാശ കമ്മിഷന്റെ വെബ്‌സൈറ്റ് അടക്കം സൂചിപ്പിച്ചു അപേക്ഷാതീയതി ജനുവരി 20 വരെ ദീർഘിപ്പിക്കുന്നതിനു പത്രപ്പരസ്യം നൽകുകയെന്നായിരുന്നു മന്ത്രിയുടെ നിർദ്ദേശം. ജനുവരി 25ന് അകം, കിട്ടിയ അപേക്ഷകളെല്ലാം പരിശോധിച്ചു ചുരുക്കപ്പട്ടിക തയാറാക്കി സമർപ്പിക്കുക, ഫെബ്രുവരി ഏഴിന് അഭിമുഖം നടത്താനുള്ള നടപടി സ്വീകരിക്കുക, സുപ്രീം കോടതിയിൽ പിഴ കെട്ടിയ കാര്യവും മറച്ചുവച്ചു എന്നിവയായിരുന്നു അവ. ആദ്യം പുറത്തിറക്കിയ വിജ്ഞാപനത്തിലെ സമയപരിധിക്കുള്ളിൽ നിയമനം നടത്താതിരുന്നതു മൂലം അര ലക്ഷം രൂപ പിഴ കെട്ടിവയ്‌ക്കേണ്ടിവന്നതും സർക്കാർ രഹസ്യമായി സൂക്ഷിച്ചു. ഏപ്രിൽ അഞ്ചിലെ ഉത്തരവുപ്രകാരം തുക കെട്ടിവച്ച വിവരം സുപ്രീംകോടതി രേഖകളിലൂടെയാണ് പുറത്തായത്.

അതിനിടെ ബാലാവകാശ കമ്മിഷൻ നിയമനത്തിന്റെ അപേക്ഷാകാലാവധി നീട്ടിയതുമായി ബന്ധപ്പെട്ട് സാമൂഹികനീതി മന്ത്രി കെ.കെ.ശൈലജയെ ഹൈക്കോടതി വിമർശിച്ചതിനെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. മന്ത്രി കേസിൽ കക്ഷിയായിരുന്നില്ലെന്നും മന്ത്രിയുടെ വിശദീകരണം കേൾക്കാതെയുള്ള പ്രതികൂല പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്നും അപ്പീലിൽ പറയുന്നു. അപേക്ഷാ തീയതി നീട്ടാനുള്ള മന്ത്രിയുടെ നിർദ്ദേശം സദുദ്ദേശ്യത്തിലല്ലെന്ന് അനുമാനിക്കാമെന്നു സിംഗിൾ ജഡ്ജി കുറ്റപ്പെടുത്തിയിരുന്നു. കേസിന്റെ തീർപ്പിനു മന്ത്രിക്കെതിരെയുള്ള പരാമർശങ്ങൾ അനിവാര്യമായിരുന്നില്ലെന്നും സർക്കാർ അപ്പീലിൽ പറയുന്നു. ഡോ. ജാസ്മിൻ അലക്‌സ് നൽകിയ ഹർജി ഭാഗികമായി അനുവദിച്ചുകൊണ്ടായിരുന്നു സിംഗിൾ ജഡ്ജിയുടെ വിമർശനം. ഈ ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളിയാൽ മന്ത്രിക്ക് രാജി വയ്‌ക്കേണ്ടിയും വരും. അതിനിടെയാണ് പുതിയ തെളിവുകൾ പുറത്തുവന്നത്.

കമ്മീഷനിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള തീയതി നീട്ടി വീണ്ടും സർക്കാർ വിജ്ഞാപനം ഇറക്കിയതു ചോദ്യം ചെയ്ത് കോട്ടയം സ്വദേശിനി ഡോ. ജാസ്മിൻ അലക്‌സ് നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് മന്ത്രിക്കെതിരെ വിമർശനമുന്നയിച്ചത്. അപ്പീൽ ഹൈക്കോടതി ഇന്നു പരിഗണിച്ചേക്കും. ഈ കോടതി നടപടികളിലാണ് ശൈലജയുടെ പ്രതീക്ഷ. ഇത് തെറ്റിയാൽ മന്ത്രിക്ക് രാജിവയ്‌ക്കേണ്ടി വരും. ബാലാവകാശ കമ്മീഷൻ അംഗങ്ങളുടെ നിയമനത്തിൽ അധികാര ദുർവിനിയോഗം നടത്തിയെന്ന് ഹൈക്കോടതി വിമർശനം നേരിട്ട ആരോഗ്യമന്ത്രി കെ.കെ. ശൈലജ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചിരുന്നു.

ഹൈബി ഈഡന്റെ നേതൃത്വത്തിൽ ബിൽ സഭയ്ക്കുള്ളിൽ കീറിയെറിഞ്ഞ് പ്രതിഷേധിച്ചു. എൻ. ഷംസുദ്ദീൻ, എൽദോസ് കുന്നപ്പിള്ളി, വി.പി. സജീന്ദ്രൻ, ടി.വി. ഇബ്രാഹിം, റോജി എം. ജോൺ എന്നിവർ സഭാ കവാടത്തിൽ സത്യഗ്രഹം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. തുടർന്ന് പ്രതിപക്ഷം സഭവിട്ട് സഭാ കാവാടത്തിൽ കുത്തിയിരുന്നു. രണ്ടര മണിയോടെ അഞ്ച് എംഎൽഎമാരുടെ നേതൃത്വത്തിൽ സത്യഗ്രഹം ആരംഭിച്ചു. 24ന് സഭാകാലയളവ് തീരുന്നതു വരെ എംഎൽഎമാരുടെ സത്യഗ്രഹം തുടരുകയാണ്. ഇതും ശൈലജ ടീച്ചറിന് സമ്മർദ്ദം കൂട്ടുന്നതാണ്. ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവ് എതിരായാൽ മന്ത്രിക്ക് രാജിവച്ചേ മതിയാകൂ എന്ന അവസ്ഥ വരും.

ക്രിമിനൽ കേസുകളിൽ പ്രതിയും കോടതി ശിക്ഷിക്കുകയും ചെയ്ത സി.പി.എം നേതാവിനെ ബാലാവകാശ കമ്മിഷൻ അംഗമായി നിയമിക്കാൻ മന്ത്രി കെ.കെ. ശൈലജ അധികാരദുർവിനിയോഗം നടത്തിയെന്നാണ് ആരോപണം. ഇത് കണ്ടെത്തിയ ഹൈക്കോടതി മന്ത്രിക്കെതിരെ രൂക്ഷമായ വിമർശനങ്ങളും ഉന്നയിച്ചിരുന്നു. ഭരണഘടനാപരമായ വിശ്വാസ്യത നഷ്ടമാക്കിയാണു മന്ത്രി പ്രവർത്തിച്ചത്. മനുഷ്യാവകാശലംഘനക്കേസിൽ വിചാരണക്കോടതി ശിക്ഷിച്ച വയനാട്ടിലെ സി.പി.എം നേതാവ് ടി.ബി.സുരേഷിനെ കമ്മിഷനിൽ നിയമിക്കാൻ മന്ത്രി ഉൾപ്പെടെ എടുത്ത തീരുമാനം അംഗീകരിക്കാനാവില്ല. ബാലാവകാശ കമ്മിഷൻ പോലുള്ള സുപ്രധാന സമിതികളിൽ അംഗങ്ങളെ നിയമിക്കുമ്പോൾ അതീവജാഗ്രത പുലർത്തണമെന്നു സുപ്രീംകോടതി പല വിധികളിലും വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രി ഉൾപ്പെട്ട നിയമനസമിതി ഇതൊന്നും പാലിച്ചില്ല.

കമ്മിഷനിൽ ആറ് അംഗങ്ങളെ തിരഞ്ഞെടുക്കാൻ കഴിഞ്ഞ നവംബർ എട്ടിനു വിജ്ഞാപനം പുറപ്പെടുവിച്ചു. 30നു വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണമെന്നും കാലാവധി നീട്ടില്ലെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കി. 103 പേരാണ് അപേക്ഷ നൽകിയത്. ഇതിൽ 40 പേരുടെ ചുരുക്കപ്പട്ടിക തയാറാക്കി നിയമിക്കേണ്ട ആറുപേരെയും നിശ്ചയിച്ചു. ജനുവരി 10നു ഫയൽ വിളിപ്പിച്ച മന്ത്രി 20 വരെ അപേക്ഷിക്കാമെന്ന് എഴുതി. അപ്പോഴാണു ടി.ബി.സുരേഷ് അപേക്ഷിക്കുന്നത്. അപേക്ഷാതീയതി നീട്ടിയപ്പോൾ അതിന്റെ കാരണം മന്ത്രി ഫയലിൽ രേഖപ്പെടുത്തിയിട്ടില്ല. ഇതിൽ നിന്നു സുരേഷിനെ നിയമിക്കാൻ മാത്രമാണു മന്ത്രി ഇടപെട്ടതെന്നു വ്യക്തമെന്നാണു കോടതിയുടെ കണ്ടെത്തൽ. എന്നാൽ കൂടുതൽ മികച്ച അപേക്ഷ കിട്ടാനായിരുന്നു അതെന്നാണ് മന്ത്രി പറയുന്നത്.

ഇതിനിടെ ഹൈക്കോടതിയിൽനിന്നു സ്റ്റേ വന്നെങ്കിലും നിയമന നടപടികളുമായി മന്ത്രി മുന്നോട്ടുപോയി. സ്റ്റേ നൽകിയതിനെതിരെ സർക്കാർ മൂന്ന് എതിർസത്യവാങ്മൂലം സമർപ്പിച്ചുവെങ്കിലും വസ്തുതകൾക്കു നിരക്കാത്ത വാദങ്ങളാണ് ഉന്നയിച്ചതെന്നും കോടതി നിരീക്ഷിച്ചു. മന്ത്രികൂടി പങ്കെടുത്ത ഇന്റർവ്യൂ ബോർഡാണ് അംഗങ്ങളെ തിരഞ്ഞെടുത്തത്. ബാലാവകാശനിയമത്തിൽ പിഎച്ച്ഡി നേടിയ ജാസ്മിൻ അലക്‌സിനു 95 മാർക്ക് നൽകിയ ഇന്റർവ്യൂ ബോർഡ് സുരേഷിന് 210 മാർക്കാണു നൽകിയത്. ഡിജിപി സർക്കാരിനു നൽകിയ റിപ്പോർട്ടിൽ 12 ക്രിമിനൽ കേസുകളിൽ സുരേഷ് പ്രതിയാണെന്നു പറഞ്ഞിട്ടുണ്ട്. വിധിയിൽ ഇക്കാര്യം കൂടി വിശദീകരിച്ചുകൊണ്ടാണ്, സുരേഷിന്റെയും ശ്യാമളാ ദേവിയുടെയും നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കിയത്. കോടതിയുടെ ഈ പരമാർശമെല്ലാം ഷൈലജ ടീച്ചറിനെ കുടുക്കുന്നതാണ്.

നിയമസഭയിൽ കഴിഞ്ഞ ദിവസം വലിയ ബഹളമാണ് ഉണ്ടായത്. സ്വാശ്രയ മെഡിക്കൽ ബിൽ പ്രതിപക്ഷം കീറിയെറിഞ്ഞ് ഇറങ്ങിപ്പോയി. രാജി ആവശ്യപ്പെട്ട് അഞ്ച് പ്രതിപക്ഷ എംഎൽഎമാർ നിയമസഭാ കവാടത്തിനു മുന്നിൽ സത്യഗ്രഹം ആരംഭിച്ചു. സി.പി.എം വയനാട് ജില്ലാ കമ്മിറ്റി അംഗം ടി.ബി. സുരേഷിന്റെ നിയമനത്തിൽ സ്വജനപക്ഷപാതം കാട്ടിയെന്ന് ഹൈക്കോടതി വിമർശിച്ച ആരോഗ്യമന്ത്രിക്ക് തത്സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും അക്കാര്യം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നും പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസിൽ ആവശ്യപ്പെട്ടു.

സദുദ്ദേശപരമായാണ് അംഗങ്ങളുടെ അപേക്ഷാ തീയതി നീട്ടിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. മന്ത്രിയുടെ വാദം കേൾക്കാതെയാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. ഇത് സുപ്രീംകോടതി നിർദ്ദേശങ്ങൾക്കെതിരാണ്. അക്കാര്യം ഹൈക്കോടതിയെ ബോധ്യപ്പെടുത്തുമെന്നും രാജിവയ്ക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി നിലപാടെടുത്തു. തുടർന്ന് അടിയന്തര പ്രമേയാവതരണത്തിന് അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വച്ചു. സഭാ നടപടികൾ 45 മിനിറ്റോളം നിർത്തിവച്ചു. അതിന് ശേഷമായിരുന്നു സത്യാഗ്രഹത്തിലേക്ക് കാര്യങ്ങളെത്തിയത്.

കമ്മീഷനിലെ രണ്ടംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. 25 പേജുള്ള ഹൈക്കോടതി വിധിയിൽ അധികാര ദുർവിനിയോഗവും സത്യപ്രതിജ്ഞാ ലംഘനവും ഉണ്ടായെന്ന് പറയുന്നുണ്ട്. സംസ്ഥാന ചരിത്രത്തിൽ ഏതെങ്കിലുമൊരു മന്ത്രിക്കെതിരെ ഹൈക്കോടതിയുടെ അന്തിമ വിധിന്യായത്തിൽ ഇത്തരം ഗുരുതരമായ പരാമർശങ്ങൾ വരുന്നത് ആദ്യമായാണെന്ന് അടിയന്തരപ്രമേയത്തിന് അനുമതി തേടിയ ഷാഫി പറമ്പിൽ പറഞ്ഞു. സി.പി.എം വയനാട് ജില്ലാ കമ്മിറ്റി അംഗം ടി.ബി. സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ടാണ് പ്രതിപക്ഷം കടുത്ത വിമർശനവുമായി രംഗത്ത് വന്നത്.

സുരേഷ് 12 കേസുകളിലെ പ്രതിയാണ്. ഒരുകേസിൽ 65 ദിവസത്തോളം റിമൻഡിൽ കിടന്നയാളാണ്. കൊട്ടിയൂർ പീഡനക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ ചൈൽഡ് വെൽഫയർ അഥോറിറ്റിയിൽ നിന്ന് പുറത്താക്കപ്പെട്ട് ആളുമാണ്. ഇത്തരം പശ്ചാത്തലങ്ങളുള്ള ആളിനെ ബാലാവകാശ കമ്മീഷൻ അംഗമാക്കാൻ വഴിവിട്ട ഇടപെടൽ മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായി എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP