Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒടുവിൽ കിത്താബും പുരോഗമനപരമായി! ഒരു പ്രത്യേകതരം നവോത്ഥാനം എന്ന സോഷ്യൽ മീഡിയയുടെ കാമ്പയിനു മുന്നിൽ മുട്ടുമടക്കി സാംസ്കാരിക നായകർ; നാടകം ഇസ്ലാമോഫോബിയ വളർത്തുന്നെന്ന് പറഞ്ഞ് മിണ്ടാതിരുന്നവർ നവമാധ്യമങ്ങളിൽ രോഷം ശക്തമായതോടെ വാ തുറന്നു; നവോത്ഥാന മൂല്യങ്ങൾക്കും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണ് കിത്താബിനെതിരെ ഉണ്ടായിട്ടുള്ളതെന്ന് സച്ചിതാനന്ദനും കെഇഎന്നും സുനിൽ പി ഇളയടവും അടക്കമുള്ളവർ; റഫീഖ് മംഗലശ്ശേരിക്കൊപ്പമെന്നും കലാ-സാംസ്കാരിക പ്രമുഖർ

ഒടുവിൽ കിത്താബും പുരോഗമനപരമായി! ഒരു പ്രത്യേകതരം നവോത്ഥാനം എന്ന സോഷ്യൽ മീഡിയയുടെ കാമ്പയിനു മുന്നിൽ മുട്ടുമടക്കി സാംസ്കാരിക നായകർ; നാടകം ഇസ്ലാമോഫോബിയ വളർത്തുന്നെന്ന് പറഞ്ഞ് മിണ്ടാതിരുന്നവർ നവമാധ്യമങ്ങളിൽ രോഷം ശക്തമായതോടെ വാ തുറന്നു; നവോത്ഥാന മൂല്യങ്ങൾക്കും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണ് കിത്താബിനെതിരെ ഉണ്ടായിട്ടുള്ളതെന്ന് സച്ചിതാനന്ദനും കെഇഎന്നും സുനിൽ പി ഇളയടവും അടക്കമുള്ളവർ; റഫീഖ് മംഗലശ്ശേരിക്കൊപ്പമെന്നും കലാ-സാംസ്കാരിക പ്രമുഖർ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: എസ് ഹരീഷിന്റെ മീശ എന്ന നോവലിനെതിരെ സംഘപരിവാർ ഉറഞ്ഞുതുള്ളിയപ്പോൾ പ്രതിഷേധവുമായി വന്ന കലാ-സാസംക്കാരിക നായകർ, റഫീഖ് മംഗലശ്ശേരിയുടെ കിത്താബ് എന്ന നാടകത്തിനെതിരെ എസ്ഡിപിഐ അടക്കമുള്ള ഇസ്്ലാമിക സംഘടനകൾ രംഗത്തുവന്നതിനെതിരെ മൗനം പാലിക്കുന്നത് കഴിഞ്ഞ ഒരാഴ്ചയായ സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയായിരുന്നു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനുനേരെയുണ്ടായ ഏത് ഭീഷണികളെയും ചെറുക്കേണ്ട കലാ സാംസ്കാരിക പ്രവർത്തകരിൽ പലരും മൗനമായിരുന്നു ഈ വിഷയത്തിൽ സ്വീകരിച്ചിരുന്നത്.

മാത്രമല്ല നാടകത്തിന് ആധാരമായ കഥയെഴുതിയ ഉണ്ണി ആറും എഴുത്തുകാരി ജെ ദേവികയുമൊക്കെ ഇസ്ലാമോ ഫോബിയ വളർത്താനുള്ള ചട്ടുകമായാണ് നാടകത്തെ കണ്ടത്. ഇവരുടെ പരസ്യ പ്രതികരണം വന്നതോടെയാണ് ഇത് 'ഒരു പ്രത്യേകതരം നവോത്ഥാനമാണെന്ന്' പറഞ്ഞ് സോഷ്യൽ മീഡിയയിൽ സ്വതന്ത്രചിന്തകരായ ചെറുപ്പക്കാർ കാമ്പയിൻ തുടങ്ങിയത്. വിവാദങ്ങളെ തുടർന്ന് സംസ്ഥാന സ്‌കൂൾ കലോൽസവത്തിൽ പങ്കെടുക്കാതെ പിൻവലിക്കപ്പെട്ട കിത്താബ് നാടകം ഈ ചെറുപ്പക്കാർ വ്യാപകമായി നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ഹൈന്ദവ വർഗീയ സംഘടനകളോട് യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത കേരളത്തിന്റെ സാംസ്്ക്കാരിക ലോകം മുസ്ലിം തീവ്രാവാദികളെ പേടിക്കുന്നുണ്ടോ എന്നായിരുന്നു ഈ കാമ്പയിനിൽ പലരും ചോദിച്ചത്. വോട്ടുബാങ്ക് രാഷ്ട്രീയം മുന്നിൽ കണ്ടാണ് ഇടതുപക്ഷത്തുള്ള സാംസ്‌ക്കരിക പ്രവർത്തകർപോലും പ്രതികരിക്കാത്തതെന്നും വ്യാപകമായി വിമർശനം ഉണ്ടായിരുന്നു. നിരന്തരമായി ഗൾഫ് പ്രോഗ്രാമുകളും, സാംസ്കാരിക പരിപാടികളും, അവാർഡുകളുമൊക്കെയായി കേരളത്തിലെ സാംസ്കാരിക പ്രവർത്തകരെ മുസ്ലിം മൗലിക വാദ ഗ്രൂപ്പുകൾ വിലയ്ക്കെടുത്തു എന്നുവരെ ആരോപണം ഉയർന്നിരുന്നിരുന്നു.

വലിയ ധൈര്യശാലികൾ എന്ന് പ്രഖ്യാപിക്കുന്നവർ പോലും പറയാൻ മടിക്കുന്ന സത്യങ്ങളെ മറയില്ലാതെ നാടകത്തിലൂടെ വിളിച്ചുപറഞ്ഞ കലാകാരനാണ് റഫീഖ് മംഗലശ്ശേരിയെന്ന് ഫേസ്‌ബുക്കിൽ പലരും ചൂണ്ടിക്കാട്ടുന്നു. കിത്താബിൽ ജുമ അത്ത് പള്ളിയിൽ കയറി ബാങ്ക് കൊടുക്കണമെന്ന തന്റെ സ്വപ്നം മുക്രിയുടെ മകൾ വീട്ടുകാരുമായി പങ്കുവെയ്ക്കുന്നു. എന്നാൽ നമ്മുടെ വിശ്വാസങ്ങൾക്ക് എതിരാണെന്നും സ്വർഗത്തിൽ കടക്കാൻ കഴിയില്ലെന്നും പിതാവ് ഓർമ്മിപ്പിക്കുന്നു. അപ്പോൾ നിങ്ങൾ പുരുഷന്മാർക്ക് സ്വർഗത്തിൽ ഹുറികൾ ഉണ്ട് സ്ത്രീകൾക്ക് ഹൂറന്മാരില്ലല്ലോ പിന്നെ ഞങ്ങൾക്ക് എന്തിനാണ് സ്വർഗമെന്ന മകളുടെ ചോദ്യമാണ് വർഗ്ഗീയ സംഘടനകളെ പ്രകോപിപ്പിച്ചിട്ടുള്ളത്.

മകൾ ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് അവൾക്ക് പ്രേതബാധ കാരണമാണെന്ന് പറഞ്ഞ് ഉപ്പയും ഉമ്മയും അവളുടെ മുഖത്തും ശരീരത്തും തുപ്പുന്നുണ്ട്. ഇത് സുന്നി വിശ്വാസികളുടെ ആത്മീയ ചികിത്സയെ അവഹേളിക്കുകയാണെന്നും പ്രതഷേധക്കാർ പറയുന്നു. മകളുടെയും സുഹൃത്തുക്കളുടെയും നിർബന്ധത്തിന് വഴങ്ങി പള്ളിയിൽ സ്ത്രീകൾ ഒന്നിച്ച് ബാങ്ക് കൊടുക്കുന്ന രംഗത്തോട് കൂടിയാണ് നാടകം അവസാനിക്കുന്നത്.എങ്ങനെനോക്കിയാലും സാമുദായിക പരിഷ്‌ക്കരണം ലക്ഷ്യമിട്ടും സ്ത്രീയുടെ പദവി ഉയർത്തുന്നതും തന്നെയാണ് ഈ നാടകം. പക്ഷേ ശബരിമലയിൽപോലും ലിംഗ നീതിയെക്കുറിച്ചും പരിഷ്‌ക്കരണത്തെകുറിച്ചു പറയുന്ന ഒരാളെടെയും പിന്തുണ ഈ വിഷയത്തിൽ റഫീഖിന് കിട്ടുന്നില്ല. ഒരു പ്രത്യേകതരം നവോതഥാനം എന്നാണ് ഫേസ്‌ബുക്കിൽ ഈ ഇരട്ടത്താപ്പ വിമർശിക്കപ്പെടുന്നത്.

ഈ വിമർശനങ്ങൾക്ക് ഒടുവിലാണ് കലാ-സാംസ്്ക്കാരിക പ്രവർത്തകരുടെ സംയുക്ത പ്രസ്താവന വന്നിരുക്കുന്നത്. നാടകത്തെ അനുകൂലിച്ച് കെ.സച്ചിദാനന്ദൻ,കെ.ഇ.എൻ, മാമുക്കോയ, സുനിൽ.പി.ഇളയിടം, എസ്.ശാരദക്കുട്ടി,സണ്ണി.എം.കപിക്കാട് ,സജിത മഠത്തിൽ, കൽപറ്റ നാരായണൻ, ഷാഹിന നഫീസ, പ്രിയനന്ദനൻ, രേണു രാമനാഥ്, സജി സുരേന്ദ്രൻ, സനൽകുമാർ ശശിധരൻ, ജയൻ ചെറിയാൻ തുടങ്ങി കലാ-സാംസ്കാരിക പ്രമുഖർ സംയുക്ത പ്രസ്താവനയിറക്കിയിട്ടുണ്ട്.നവോത്ഥാന മൂല്യങ്ങൾക്കും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണ് ' കിത്താബി 'നെതിരെ നടന്നിട്ടുള്ളതെന്ന് കലാ-സാംസ്കാരിക ലോകത്തെ പ്രമുഖർ പ്രതിഷേധം രേഖപ്പെടുത്തിയ സംയുക്ത പ്രസ്താവനയിൽ പറയുന്നു

സംയുക്ത പ്രസ്താവനയുടെ പൂർണരൂപം ഇങ്ങനെയാണ്:

റഫീഖ് മംഗലശ്ശേരിക്കൊപ്പം

സംയുക്ത പ്രസ്താവന
പ്രതിഷേധക്കുറിപ്പ്

നവംബർ 22ന് വടകര ടൗൺ ഹാളിൽ വച്ച് നടന്ന കോഴിക്കോട് ജില്ലാ സ്‌കൂൾ കലോൽസവത്തിന് അരങ്ങേറുകയും സംസ്ഥാന സ്‌കൂൾ കലോൽസവത്തിന് മൽസരിക്കാൻ അർഹത ലഭിക്കുകയും ചെയ്ത നാടകമാണ് മേമുണ്ട ഹയർ സെക്കണ്ടറി സ്‌കൂൾ അവതരിപ്പിച്ച റഫീഖ് മംഗലശ്ശേരി സംവിധാനം ചെയ്ത 'കിത്താബ്'.എന്നാൽ അത് കടുത്ത പ്രതിഷേധങ്ങൾക്കിടയാക്കുകയും ചില മതസംഘടനകൾ നാടകത്തിനെതിരെ രംഗത്ത് വരികയും ചെയ്തു. മത സംഘടനകളിൽ നിന്നും ഭീഷണി ഉയർന്നതിനെ തുടർന്ന് മേമുണ്ട ഹയർ സെക്കണ്ടറി സ്‌കൂൾ നാടകാവതരണത്തിൽ നിന്നും പിന്മാറിയതായി അറിയിക്കുകയും ചെയ്തു. നവോത്ഥാന മൂല്യങ്ങൾക്കും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണ് ' കിത്താബി 'നെതിരെ ഉണ്ടായിട്ടുള്ളത്. അതു കൊണ്ട് തന്നെ സംസ്ഥാന സ്‌കൂൾ കലോൽസവത്തിൽ നാടകം അവതരിപ്പിക്കുന്നതിന് അവസരം ലഭിക്കാത്തതിൽ ഞങ്ങൾ പ്രതിഷേധിക്കുന്നു.

നാടകം ഇസ്ലാമോഫോബിയയെന്ന് ഉണ്ണി ആറും ജെ ദേവികയും

നവംബർ 22ന് കോഴിക്കോട് വടകരയിലെ ജില്ലാ സ്‌കൂൾ കലോൽസവ വേദിയായിരുന്ന വടകര ടൗൺ ഹാളിൽ വച്ചായിരുന്നു 'കിത്താബ്' അരങ്ങേറിയിരുന്നത്. എസ്ഡിപിഐ പ്രവർത്തകർ നാടകത്തിനെതിരെ പ്രതിഷേധവുമായി എത്തിയതോടെയാണ് പ്രശ്നം വഷളാകുന്നത്. ഇതോടെ എ ഗ്രേഡ് കിട്ടിയ ഈ നാടകം സംസ്ഥാന കലോൽസവത്തിൽ പങ്കെടുപ്പിക്കേണ്ടതില്ലെന്ന് മേമുണ്ട് സ്‌കൾ അധികൃതർ തീരുമാനിക്കയയാിരുന്നു. നാടകത്തിനെതിരെ 'കിതാബിലെ കൂറ' എന്ന പേരിൽ എസ്.ഡി.പി.ഐ തെരുവു നാടകം അവതരിപ്പിച്ചിരുന്നു.

തന്റെ 'വാങ്ക്' എന്ന കഥ വികൃതമായി ചിത്രീകരിച്ചു എന്ന് ചൂണ്ടിക്കാട്ടിയും അനുമതിയില്ലാതെ ഉപയോഗിച്ചും എന്നും പറഞ്ഞാണ് കഥാകൃത്ത് ഉണ്ണി ആർ നാടകത്തിനെതിരെ രംഗത്തെത്തിയത്. ഇസ്ലാമോഫോബിയ നിലനിൽക്കുന്ന കാലത്ത് ഇത്തരത്തിൽ ഇസ്ലാമിനെ വികൃതമാക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് കഥാകൃത്ത് ഉണ്ണി ആർ വ്യക്തമാക്കിയിരുന്നത്. വാങ്ക് എന്ന കഥയിൽ ഞാൻ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയമല്ല കഴിഞ്ഞ ദിവസം റവന്യൂ ജില്ലാ കലോത്സവത്തിൽ അരങ്ങേറിയ നാടകത്തിൽ ഉള്ളതെന്നാണ് മനസ്സിലാകുന്നത്. പിന്നെയെങ്ങനെ എന്റെ കഥയെ ആസ്പദമാക്കിയെന്ന് പറയാനാകും. എന്നോട് ചോദിക്കാതെയാണ് അവർ അത് ചെയ്തിരിക്കുന്നതെന്നും ഉണ്ണി ആർ പറഞ്ഞു.

നാടകത്തിന് തന്റെ കഥയുമായി ബന്ധമുള്ളതായി തോന്നിയിട്ടില്ല. ഏതോ ഒരു മുക്രിയും ഒരു പെൺകുട്ടിയുമൊക്കെയാണ് നാടകത്തിൽ പറയുന്നത്. അതൊന്നുമല്ല ഞാൻ എന്റെ കഥയിൽ ചൂണ്ടിക്കാട്ടുന്നത്. എന്റെ പേരിലും എന്റെ കഥയുടെ പേരിലും ഇസ്ലാമിനെ പ്രാകൃത മതമായി ചിത്രീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.ഇസ്ലാം ഏറെ മാറ്റങ്ങൾ ഉണ്ടാക്കിയ മതമാണ്. ലോകമെമ്പാടുമുള്ള ഇസ്ലാം വിരുദ്ധ രാഷ്ട്രീയത്തിന് അനുകൂലമായി തന്റെ കഥയെ വ്യാഖ്യാനിക്കരുതെന്നും അദ്ദേഹം പറഞ്ഞു. എന്റെ കഥ പറയുന്ന രാഷ്ട്രീയമല്ല നാടകം പറയുന്നത്. എന്റെ കഥയെ എന്തും ചെയ്യാമെന്ന് ധരിക്കരുതെന്നും അദ്ദേഹം പ്രതികരിച്ചു. ഈ നാടകം സംസ്ഥാന കലോത്സവത്തിൽ അവതരിപ്പിക്കുന്നതിനെതിരെ ഡി പി ഐക്ക് പരാതി നൽകിയതായി ഉണ്ണി ആർ വ്യക്്തമാക്കിയിരുന്നു.

നാടകം പച്ചയായ ഇസ്ലാംവിരുദ്ധതയാണെന്ന് എഴുത്തുകാരി ജെ ദേവികയും ഫേസ്‌ബുക്ക്പോസ്റ്റിൽ ചൂണ്ടിക്കാട്ടി. ഇസ്ലാമിൽ സ്ത്രീകളെ ഇപ്പോഴും വെറും വിവരമില്ലാത്തവരും അടിമകളുമായി എണ്ണുന്നെന്നും, മുസ്ലിം അന്യത്തെ സൃഷ്ടിച്ച് തത്ക്കാലം സിപിഎമ്മിനോടു ഇടഞ്ഞുനിൽക്കുന്ന ഹിന്ദുയാഥാസ്ഥിതികരെ അനുനയിപ്പിക്കാനാണ് ഈ നാടകമമെങ്കിൽ നിങ്ങളോളം ദുഷ്ടബുദ്ധികൾ ഈ ഭൂമുഖത്തില്ലെന്ന് പറയേണ്ടി വരും ജെ ദേവിക ഫേസ്‌ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

ഉണ്ണി എന്നെ ഇസ്ലാമിക തീവ്രവാദികൾക്ക് എറിഞ്ഞു കൊടുക്കുകയാണോയെന്ന് റഫീക്ക്

എന്നാൽ അനുവാദം ചോദിക്കാതെ കഥ ഉപയോഗിച്ചെന്ന തെറ്റിന് ഉണ്ണി ആർ എന്നെ ഇസ്ലാമിക തീവ്രവാദികൾക്ക് എറിഞ്ഞു കൊടുക്കുകയാണ് ചെയ്തതെന്ന് റഫീഖ് മംഗലശേരി നേരത്തെ പ്രതികരിച്ചത. സ്വതന്ത്രമായ രീതിയിൽ ഉണ്ണി ആറിന്റെ കഥ ആവിഷ്‌ക്കരിക്കുക മാത്രമാണ് താൻ ചെയ്തത്. എന്നാൽ മലപ്പുറത്തെ ഒരു മുസ്ലിം ഗ്രാമത്തിൽ ജനിച്ച എന്നെ പോലെ ഒരാളെ മത തീവ്രവാദികൾക്ക് എറിഞ്ഞ് കൊടുക്കുകയായിരുന്നോ ഒരു മതേതര എഴുത്തുകാരൻ ചെയ്യേണ്ടിയിരുന്നതെന്നും റഫീഖ് ചോദിക്കുന്നു.

വാങ്ക് വിളിക്കാൻ ആഗ്രഹിക്കുന്ന പെൺകുട്ടി എന്ന ആശയമല്ലാതെ വേറെ ഒരു ബന്ധവും ഉണ്ണിയുടെ കഥയുമായി ഈ നാടകത്തിനില്ല. ലോകത്തിലും കേരളത്തിൽ തന്നെയും മുൻകാലങ്ങളിലും ഉയർന്നു വന്നിട്ടുള്ള ആശയമാണ് പെൺവാങ്ക് എന്നത്. ഉണ്ണിയുടെ കഥ മോഷ്ടിച്ചാണ് 'കിത്താബ്' തയ്യാറാക്കിയതെന്ന് വരരുത് എന്നുള്ളതു കൊണ്ട് മാത്രമാണ് ഉണ്ണിയുടെ പേര് വെച്ചത്. ഒരു കലയിൽ മോഷണം നടത്തി എന്ന് അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ല. ഒരു എഴുത്തുകാരൻ മറ്റൊരു എഴുത്തുകാരന് കൊടുക്കേണ്ട ഒരു മാന്യതയുണ്ടല്ലോ? അത്തരമൊരു മാന്യത കൽപ്പിക്കുകയാണ് ഞാൻ ചെയ്തത്. എന്നാൽ അതെനിക്ക് തന്നെ തിരിച്ചടിയായെന്നും റഫീഖ് പറയുന്നു.

'കോട്ടയത്തെ പടച്ചോൻ' എന്ന കഥ വളരെ ലൗഡ് ആയി തോന്നിയതുകൊണ്ട് തിരുത്തിയെഴുതിയതാണ് 'വാങ്ക്' എന്ന് ഉണ്ണി തന്നെ പറയുന്നു. എഴുത്തിൽ കോംപ്രമൈസ് ചെയ്യുന്ന ആളാണ് ഉണ്ണി എന്നാണ് അതിൽ നിന്നും ഞാൻ മനസ്സിലാക്കുന്നത്. ലൗഡ് ആയ കഥയെ കോംപ്രമൈസ് ചെയ്തത് ഭയം കൊണ്ടാണെന്നാണ് ഉണ്ണി ആർ സമ്മതിക്കുകയാണ്. ലൗഡ് ആയി പറയാൻ പേടിക്കുകയാണ് ഇവിടെ. സംഘപരിവാറിനെതിരെയും മറ്റും ഉണ്ണി ആർ വിമർശനം ഉന്നയിക്കാറുണ്ടല്ലോ? അപ്പോൾ ഇസ്ലാമിക ഭീകരവാദത്തെ തൊടാൻ അദ്ദേഹത്തിന് ഭയമാണെന്നാണ് വ്യക്തമാകുന്നത്.

ഒരു നാടകത്തിന്റെ പേരിൽ ഇസ്ലാമിക ഭീകരവാദികളാൽ വേട്ടയാടപ്പെടുന്ന ഒരു സമയത്ത് എന്റെ കഥയെ അവഹേളിച്ചുവെന്ന് പറഞ്ഞ് ഒരു എഴുത്തുകാരനെ അവർക്ക് വളമായിട്ട് മുന്നോട്ട് വയ്ക്കുകയല്ല പ്രതിബദ്ധതയുള്ള ഒരു എഴുത്തുകാരൻ ചെയ്യേണ്ടത്? അതാണ് അദ്ദേഹത്തോടുള്ള എന്റെ പ്രധാനപ്പെട്ട ചോദ്യം. മതേതരമായി ചിന്തിക്കുന്ന ഒരു എഴുത്തുകാരനെ മതേതരമായി ചിന്തിക്കുന്ന മറ്റൊരു എഴുത്തുകാരൻ ഇവിടുത്തെ വർഗ്ഗീയ തീവ്രവാദികൾക്ക് എറിഞ്ഞുകൊടുക്കുകയാണോ വേണ്ടിയിരുന്നത്. അത് തീർത്തും തെറ്റായ ഒരു നിലപാടാണെന്ന് ഞാൻ പറയും. ഉണ്ണി ആറിന്റെ കഥയ്ക്ക് അനുവാദം ചോദിക്കാതിരുന്നതിന്് ഞാൻ നിരുപാധികം മാപ്പ് ചോദിക്കാൻ തയ്യാറായിരുന്നു. പകരം ഉണ്ണി ആർ എന്താണ് ചെയ്തത്? എന്നെ ഇസ്ലാമോഫോബിയയുടെ ആളാക്കി മാറ്റി.

എന്തിനാണ് ഉണ്ണി ആർ അതൊക്കെ പറയാൻ പോകുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ഉണ്ണി ആറിന്റെ കഥ ഞാൻ ചോദിച്ചില്ല എന്ന തെറ്റിന് അത് മാത്രം പറഞ്ഞാൽ പോരേ? അതിനപ്പുറത്തേക്ക് എന്നെ ഒരു മോശപ്പെട്ട ആളായി ചിത്രീകരിക്കുന്നതിന്റെ ആവശ്യം എന്താണ്?- ഇങ്ങനെയായയിരുന്നു റഫീഖ് ഉണ്ണി ആറിന് മറുപടി കൊടുത്തത്.

വിവാദമായ കിത്താബ് നാടകം ചുവടേ കാണാം.. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP