Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കിൻഫ്രയിൽ കത്തിനശിച്ചത് കാലാവധി കഴിഞ്ഞ 65 ലക്ഷത്തോളം ഗുളികകൾ; കത്തി ചാമ്പലായത് സൈക്യാട്രി ചികിത്സയക്കുള്ള മരുന്നുകൾ; കൂട്ടിയിട്ടത് 2014ൽ കാലാവധി കഴിഞ്ഞവ; ആസൂത്രണമില്ലാതെ മരുന്നുകൾ വാങ്ങിക്കൂട്ടുന്നത് വിനയാകുമ്പോൾ

കിൻഫ്രയിൽ കത്തിനശിച്ചത് കാലാവധി കഴിഞ്ഞ 65 ലക്ഷത്തോളം ഗുളികകൾ; കത്തി ചാമ്പലായത് സൈക്യാട്രി ചികിത്സയക്കുള്ള മരുന്നുകൾ; കൂട്ടിയിട്ടത് 2014ൽ കാലാവധി കഴിഞ്ഞവ; ആസൂത്രണമില്ലാതെ മരുന്നുകൾ വാങ്ങിക്കൂട്ടുന്നത് വിനയാകുമ്പോൾ

അമൽ രുദ്ര

തിരുവനന്തപുരം: മേനംകുളം കിൻഫ്ര പാർക്കിലെ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ ഗോഡൗണിൽ ഉണ്ടായ തീപിടിത്തത്തിൽ കാലാവധി കഴിഞ്ഞ 65 ലക്ഷത്തോളം ഗുളികകൾ കത്തിനശിച്ചെന്ന് റിപ്പോർട്ട്. ആന്റി ബയോട്ടിക്കുകളും സൈക്യാട്രി ചികിത്സയ്ക്കുള്ള ഗുളികകളുമാണു കത്തിനശിച്ചത്. 2014ൽ കാലാവധി കഴിഞ്ഞ ഗുളികകൾ ഈ ഗോഡൗണിൽ കൂട്ടിയിട്ടിരുന്നു.

ഉപയോഗ ശൂന്യമായ ഈ ഗുളികകൾ ഇത്രയുംകാലം സൂക്ഷിച്ചതിലും ഉദ്യോഗസ്ഥർക്കു മറുപടിയില്ല. അഗ്നിബാധയിൽ 1.19 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. പതിനഞ്ചര ലക്ഷം രൂപ വിലയുള്ള 33,525 കിലോഗ്രാം ബ്ലീച്ചിങ് പൗഡർ ഗോഡൗണിൽ ഉണ്ടായിരുന്നു. കലാമിൻ ലോഷന്റെ 26,751 ബോട്ടിലുകൾ (50 എംഎൽ) കത്തി നശിച്ചു. സർജിക്കൽ സ്പിരിറ്റിന്റെ 36295 കുപ്പികളും (അര ലീറ്റർ), വാഷിങ് സോഡയുടെ 9402 കിലോ പാക്കറ്റും കത്തിനശിച്ചു. സർജിക്കൽ സ്പിരിറ്റിന് 24.79 ലക്ഷം രൂപയാണു വില.

ആശുപത്രി ആവശ്യത്തിനുള്ള 17 ഇനം രാസവസ്തുക്കൾ അഗ്നിക്കിരയായി. ഇതിനു പുറമേയാണു കാലപ്പഴക്കം ചെന്ന ഗുളികകളും കത്തിയത്. ആസൂത്രണമില്ലാതെ മരുന്നുകൾ വാങ്ങിയതാണ് അവയെല്ലാം കാലാവധി കഴിഞ്ഞു നശിക്കാൻ കാരണം. സോഫ്‌റ്റ്‌വെയർ സൗകര്യം വരുന്നതിനു മുൻപ് ആശുപത്രി അധികൃതർ അവർക്ക് ആവശ്യമായ മരുന്നുകളും അളവും എഴുതി കോർപറേഷനു നൽകും. ആശുപത്രികൾ ഗുളികകളുടെ എണ്ണം എഴുതിയപ്പോൾ ഉണ്ടായ പിഴവാണ് അമിതമായി വാങ്ങാൻ കാരണമെന്ന് കോർപറേഷനിലെ ഉദ്യോഗസ്ഥർ പറയുന്നു. കാലാവധി കഴിഞ്ഞ ഗുളികകൾ സൂക്ഷിച്ചതിന്റെ കാരണം വ്യക്തവുമല്ല.

അതേസമയം കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ 3 ഗോഡൗണുകളിൽ തീപിടിച്ചതു വലിയ വിവാദമായെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. കൊല്ലം ഉളിയക്കോവിൽ, തിരുവനന്തപുരം മേനംകുളം കിൻഫ്ര പാർക്ക്, ആലപ്പുഴ വണ്ടാനം എന്നിവിടങ്ങളിലെ ഗോഡൗണുകളാണു കത്തിയത്. ഇതിന്റെ ഫൊറൻസിക് റിപ്പോർട്ട് പോലും പുറത്തുവന്നിട്ടില്ല. ബ്ലീച്ചിങ് പൗഡറിൽ അമിത തോതിൽ ക്ലോറിൻ ഉണ്ടായിരുന്നതാണു തീപിടിത്തത്തിനു കാരണമെന്നാണു കോർപറേഷൻ വാദിച്ചിരുന്നത്. എന്നാൽ ക്ലോറിൻ അനുവദനീയമായ അളവിലാണെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോളറുടെ ലാബിൽ നടത്തിയ പരിശോധനയിൽ തെളിഞ്ഞിരുന്നു.

അതേസമയം തുമ്പ കിൻഫ്ര പാർക്കിൽ തീപിടിത്തമുണ്ടായ മെഡിക്കൽ സർവീസ് കോർപറേഷന്റെ മരുന്ന് സംഭരണ കേന്ദ്രം പ്രവർത്തിച്ച കെട്ടിടത്തിന് ഫയർ ഫോഴ്‌സിന്റെ അംഗീകാരം ഉണ്ടായിരുന്നില്ലെന്ന് ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യ പറഞ്ഞിരുന്നു. തീപിടുത്തം ഉണ്ടായ കെട്ടിടത്തിൽ അടിമുടി വീഴ്ചയാണെന്നും കെട്ടിടത്തിൽ തീയണക്കാനുള്ള സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും സ്ഥലം സന്ദർശിച്ച ശേഷം അവർ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ബ്ലീച്ചിങ് പൗഡറിൽ വെള്ളം കലർന്നാൽ തീപിടുത്തം ഉണ്ടാകാം, ബ്ലീച്ചിങ് പൗഡറും ആൽക്കഹോളും കലർന്നാൽ തീപിടുത്തം ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി. സാനിറ്റിറ്റസർ അടക്കമുള്ളവ കെട്ടിടത്തിൽ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് വിശദമായ പരിശോധനയിൽ മാത്രമേ വ്യക്തമാകൂവെന്നും അവർ പറഞ്ഞു. അതിനിടെ, സംസ്ഥാനത്തെ എല്ലാ മരുന്ന് സംഭരണ ശാലകളിലും ഫയർ ഓഡിറ്റ് നടത്താൻ അവർ നിർദ്ദേശം നൽകുകയും ചെയ്തു.  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP