Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ കിനാലൂർ എസ്‌റ്റേറ്റിലെ 25 ഏക്കർ മൂന്ന് സ്വകാര്യ വ്യക്തിക്കൾക്ക് കൈമാറി; ഡിവിഷൻ ബെഞ്ച് ഉത്തരവു മറച്ചുവെച്ച് സിംഗിൾ ബെഞ്ചിൽ നിന്ന് നേടിയ വിധിയുടെ മറവിൽ രജിസ്‌ട്രേഷൻ നടത്തിയത് താമരശ്ശേരി സബ്രജിസ്ട്രാർ ഓഫീസിൽ; മിച്ചഭൂമിയിൽ ഉൾപ്പെടുത്തിയ കോടികൾ വിലവരുന്ന ഭൂമി കച്ചവടം ചെയ്തതിന് പിന്നിൽ ഉന്നതതലത്തിലെ ഒത്തുകളിയെന്ന് ആക്ഷേപം; ക്രമക്കേട് നടന്നെങ്കിൽ നടപടിയെന്ന് കലക്ടർ

ഹൈക്കോടതി ഉത്തരവ് നിലനിൽക്കെ കിനാലൂർ എസ്‌റ്റേറ്റിലെ 25 ഏക്കർ മൂന്ന് സ്വകാര്യ വ്യക്തിക്കൾക്ക് കൈമാറി; ഡിവിഷൻ ബെഞ്ച് ഉത്തരവു മറച്ചുവെച്ച് സിംഗിൾ ബെഞ്ചിൽ നിന്ന് നേടിയ വിധിയുടെ മറവിൽ രജിസ്‌ട്രേഷൻ നടത്തിയത് താമരശ്ശേരി സബ്രജിസ്ട്രാർ ഓഫീസിൽ; മിച്ചഭൂമിയിൽ ഉൾപ്പെടുത്തിയ കോടികൾ വിലവരുന്ന ഭൂമി കച്ചവടം ചെയ്തതിന് പിന്നിൽ ഉന്നതതലത്തിലെ ഒത്തുകളിയെന്ന് ആക്ഷേപം; ക്രമക്കേട് നടന്നെങ്കിൽ നടപടിയെന്ന് കലക്ടർ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മിച്ചഭൂമിയായി കണ്ടെത്തിയ കിനാലൂർ എസ്റ്റേറ്റ് ഹൈക്കോടതി ഉത്തരവും കാറ്റിൽപ്പറത്തി കൈമാറ്റം ചെയ്തു. അതീവ രഹസ്യമായി നടത്തിയ നീക്കത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത് വിവരാവകാശ നിയമപ്രകാരമാണ്. ഭൂമി കൈമാറ്റം ചെയ്യരുതെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കേ തന്നെ അതീവ രഹസ്യമായി 25 ഏക്കർ സ്ഥലം സ്വകാര്യ വ്യക്തികൾക്ക് കൈമാറിയതിന് പിന്നിൽ ഭരണപക്ഷത്തെ ഉന്നതർക്കും പങ്കുണ്ട്. ഡിവിഷൻ ബെഞ്ച് ഉത്തരവു മറച്ചുവെച്ച് സിംഗിൾബെഞ്ചിൽനിന്ന് നേടിയ വിധിയുടെ മറവിൽ താമരശ്ശേരി സബ്രജിസ്ട്രാർ ഓഫീസിലാണ് രജിസ്‌ട്രേഷൻ നടന്നത്.

വിഷയം സിംഗിൾബെഞ്ചിന്റെ പരിഗണനയ്ക്ക് വന്നപ്പോൾ അഡ്വക്കേറ്റ് ജനറൽ ഓഫീസ് മുൻ ഉത്തരവ് മറച്ചുവെച്ചു. കോടികൾ വിലവരുന്ന ഭൂമിയാണ് ഉന്നതതലത്തിലെ ഒത്തുകളിയിൽ കച്ചവടം ചെയ്തത്. 'വൺ എർത്ത് വൺ ലൈഫ്' എന്ന സന്നദ്ധസംഘടന നൽകിയ പൊതുതാത്പര്യഹർജിയിൽ 2,438 ഏക്കറുള്ള കിനാലൂർ എസ്റ്റേറ്റ് മിച്ചഭൂമിയാണെന്ന് 2019 ഫെബ്രുവരി 27-നാണ് ഡിവിഷൻബെഞ്ച് വിധിച്ചത്. ഇതിൽ താമരശ്ശേരി സബ് രജിസ്ട്രാർ കക്ഷിയാണ്. ഈ ഭൂമി വിൽക്കരുതെന്ന് അഡ്വക്കേറ്റ് ജനറൽഓഫീസ് 2019 ഏപ്രിൽ 24-ന് കോഴിക്കോട് ജില്ലാകളക്ടർക്കും താമരശ്ശേരി സബ്രജിസ്ട്രാർക്കും നിർദ്ദേശം നൽകി.

ഭൂപരിഷ്‌കരണനിയമം 120 എ വകുപ്പ് പ്രകാരം ഭൂമി കൈമാറ്റംചെയ്യുന്നതും വിൽക്കുന്നതും കളക്ടർ തടഞ്ഞു. ഇവിടത്തെ കൈവശക്കാരുടെ പേരിൽ മിച്ചഭൂമി കേസെടുക്കണമെന്നും അഡ്വക്കേറ്റ് ജനറൽ ഓഫീസ് നിർദ്ദേശിച്ചു. കോഴിക്കോട് ജില്ലയിലെ കിനാലൂർ എസ്റ്റേറ്റ് മുറിച്ചുവിറ്റ സംഭവം കേരള ഭൂപരിഷ്‌കരണ നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് വിലയിരുത്തിയ ഹൈക്കോടതി ഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികൾ കൊയിലാണ്ടി താലൂക്ക് ലാൻഡ് ബോർഡ് പുനഃരാരംഭിക്കാൻ നിർദ്ദേശിച്ചിരുന്നു. പ്‌ളാന്റേഷൻ ഇതര ആവശ്യങ്ങൾക്കായി കിനാലൂർ എസ്റ്റേറ്റ് മുറിച്ചു വിൽക്കുന്നത് ഭൂപരിഷ്‌കരണ നിയമത്തിനു വിരുദ്ധമാണെന്നാരോപിച്ച് വൺ എർത്ത് വൺ ലൈഫ് സംഘടന നൽകിയ ഹർജിയടക്കം പരിഗണിച്ചാണ് ഡിവിഷൻബെഞ്ചിന്റെ വിധി.

കൊച്ചിൻ മലബാർ ആൻഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് എന്ന കമ്പനിയുടെ കൈവശമുള്ള റബർ എസ്റ്റേറ്റ് മുറിച്ചു വിൽക്കുന്നത് ഭൂപരിഷ്‌കരണ നിയമത്തിന്റെ ലക്ഷ്യത്തിന് വിരുദ്ധമാണെന്നും ഹർജിക്കാർ വാദിച്ചിരുന്നു. എസ്റ്റേറ്റ് മുറിച്ചുവിൽക്കുമ്പോൾ വിലയാധാരം രജിസ്റ്റർ ചെയ്യാൻ 2.40 കോടി രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടി ഇളവുചെയ്ത് സർക്കാർ 2015 നവംബർ 27ന് ഉത്തരവ് ഇറക്കിയിരുന്നു. ഇതു റദ്ദാക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടെങ്കിലും സർക്കാരിന്റെ നയതീരുമാനമായതിനാൽ റദ്ദാക്കുന്നില്ലെന്ന് ഡിവിഷൻബെഞ്ച് വ്യക്തമാക്കി. ഭൂപരിഷ്‌കരണ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടുത്തുന്ന തരത്തിൽ വിഷയം ലാഘവത്തോടെയാണ് താലൂക്ക് ലാൻഡ് ബോർഡ് കൈകാര്യം ചെയ്തതെന്ന് കോടതി കുറ്റപ്പെടുത്തുകയുണ്ടായി.

ഡിവിഷൻ ബെഞ്ചിന്റെ വിധി മറച്ചുവച്ചാണ് കേസിലെ കക്ഷിയായ നാലുപേർ വൺ എർത്ത് വൺ ലൈഫിനെയും സബ് രജിസ്ട്രാറെയും കക്ഷിയാക്കാതെ ഹൈക്കോടതി സിംഗിൾബെഞ്ചിനെ സമീപിച്ചത്. മുൻ ഉത്തരവ് ചൂണ്ടിക്കാണിക്കേണ്ട അഡ്വക്കേറ്റ് ജനറൽ ഓഫീസാകട്ടെ കോടതിയെ അത് ധരിപ്പിച്ചുമില്ല. തുടർന്നാണ് ഭൂമികൈമാറ്റം രജിസ്റ്റർ ചെയ്യാൻ സിംഗിൾബെഞ്ച് ഇക്കഴിഞ്ഞ ഏപ്രിൽ നാലിന് വിധിച്ചത്. താമരശ്ശേരി സബ്രജിസ്ട്രാർക്കും ജില്ലാകളക്ടർക്കും അഡ്വക്കേറ്റ് ജനറൽ ഓഫീസ് വിധിപ്പകർപ്പ് മെയ്‌ നാലിന് അയച്ചുകൊടുത്തു. തുടർനിയമനടപടി ആവശ്യമെങ്കിൽ അറിയിക്കണമെന്നും സൂചിപ്പിച്ചു.

ഈ വിധിപ്പകർപ്പ് അയച്ചുകൊടുത്തപ്പോഴും പോരായ്മ അഡ്വക്കേറ്റ് ജനറൽ ഓഫീസ് കണ്ടതായി നടിച്ചില്ല. വിശദീകരണംതേടാൻ സബ് രജിസ്ട്രാറും തയ്യാറായില്ല.സിംഗിൾബെഞ്ചിന്റെ വിധിവന്നയുടൻതന്നെ മൂന്നുപേർക്ക് 25 ഏക്കർഭൂമി കൈമാറ്റംചെയ്തു. കിനാലൂർ എസ്റ്റേറ്റ് മുൻജീവനക്കാരനും പൊതുപ്രവർത്തകനും വിവരാവകാശപ്രവർത്തകനുമായ കെ.എം. ബാലകൃഷ്ണന് ലഭിച്ച വിവരാവകാശരേഖകളിലാണ് ഉന്നതതലത്തിൽ നടന്ന ഒത്തുകളി വെളിപ്പെട്ടത്.

സംഭവം വിവാദമായപ്പോൽ ഇടപെടുമെന്നാണ് കലക്ടർ സാംബശിവറാവു അഭിപ്രായപ്പെട്ടത്. മിച്ചഭൂമിയിൽ ഉൾപ്പെടുത്തിയ കിനാലൂർ എസ്റ്റേറ്റ് ഭൂമി താമരശ്ശേരി സബ്രജിസ്ട്രാർ ഓഫീസിൽ കൈമാറ്റംചെയ്ത സംഭവം ശ്രദ്ധയിൽപ്പെട്ടു. ഇതിന്റെ വിധിപ്പകർപ്പും രേഖകളും പരിശോധിച്ചുവരികയാണ്. ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് കലക്ടർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP