Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

നികുതിയായി പിരിക്കുന്ന പണം അതാത് ആവശ്യത്തിന് ഉപയോഗിച്ച ശേഷം ബാക്കി ഉണ്ടെങ്കിൽ കിഫ്ബിയിലേക്ക്; പ്രവാസി ചിട്ടിയടക്കം നൂതന മാർഗ്ഗങ്ങളിലൂടെ ഫണ്ട് ശേഖരണം; തോമസ് ഐസക്കിന്റെ പദ്ധതികൾ മുഴുവൻ കിഫ്ബിയെ ആശ്രയിച്ച്; പണം ലഭിച്ചാൽ ചരിത്രമാവുമെങ്കിലും ഫണ്ട് കണ്ടെത്തിയില്ലെങ്കിൽ എല്ലാം താളം തെറ്റും

നികുതിയായി പിരിക്കുന്ന പണം അതാത് ആവശ്യത്തിന് ഉപയോഗിച്ച ശേഷം ബാക്കി ഉണ്ടെങ്കിൽ കിഫ്ബിയിലേക്ക്; പ്രവാസി ചിട്ടിയടക്കം നൂതന മാർഗ്ഗങ്ങളിലൂടെ ഫണ്ട് ശേഖരണം; തോമസ് ഐസക്കിന്റെ പദ്ധതികൾ മുഴുവൻ കിഫ്ബിയെ ആശ്രയിച്ച്; പണം ലഭിച്ചാൽ ചരിത്രമാവുമെങ്കിലും ഫണ്ട് കണ്ടെത്തിയില്ലെങ്കിൽ എല്ലാം താളം തെറ്റും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഭരണ തുടർച്ചയില്ലാത്ത നാടാണ് കേരളം. അഞ്ച് കൊല്ലം ഇടതു പക്ഷമെങ്കിൽ അടുത്തത് യുഡിഎഫ്. പിണറായി സർക്കാർ അധികാരത്തിൽ ഏറിയിട്ട് വർഷം ഒന്ന് തികഞ്ഞിട്ടില്ല. ചരിത്രം മാറ്റിയെഴുതി ഭരണ തുടർച്ചയാണ് പിണറായി വിജയന്റെ ലക്ഷ്യം. എന്നാൽ അനുദിനമുണ്ടാകുന്ന വിവാദങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഭരണത്തുടർച്ചയിലേക്ക് കാര്യങ്ങളെത്തുമോ എന്ന സംശയവും സജീവം. ഇതിനിടെയിലാണ് പുതിയ വികസന മോഡൽ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിക്കുന്നത്. കടക്കണിയിലായ കേരളത്തെ മുമ്പോട്ട് നയിക്കാനുള്ള അതിനൂതന ആശയം. അതാണ് കിഫ്ബി. പൊതു ജനങ്ങളിൽ നിന്ന് ഫണ്ട് സാമാഹരിച്ച് വികസനത്തിലേക്ക് നീങ്ങുക. സ്വപ്‌നം നല്ലതാണ്. പക്ഷേ അത് യാഥാർത്ഥ്യത്തിലെത്താൻ കടുത്ത വെല്ലുവിളികളുണ്ട്. അടുത്ത ഒരുവർഷത്തെ കിഫ്ബിയുടെ പ്രവർത്തനം അതുകൊണ്ട് തന്നെ നിർണ്ണായകവുമാകും. 

കേരളത്തിന്റെ വികസനത്തിന് വൻകിട പദ്ധതികൾക്കായി ബജറ്റിലൂടെ പണം കണ്ടെത്തി ബജറ്റിലൂടെ തന്നെ ചെലവിട്ടുള്ള കീഴ്‌വഴക്കം ഒഴിവാക്കി ധനമന്ത്രി തോമസ് ഐസകിന്റെ പുതിയ ആശയമാണ് കിഫ്ബി (കേരള ഇൻഫ്രാസട്രക്ച്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ്). കണിശക്കാരിൽ കണിശക്കാരനെന്ന് പേരുകേട്ട മുൻ സിഎജി വിനോദ് റായിയെ ഉപദേശക സമിതി ചെയർമാനാക്കി കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) പ്രവർത്തനം തുടങ്ങിയപ്പോൾ തന്നെ ആദ്യ ഡയറക്ടർ ബോർഡ് യോഗം 4004 കോടി രൂപ ചെലവിട്ടുള്ള 48 പദ്ധതികൾക്കാണ് അംഗീകാരം നൽകിയത്. ഈ സർക്കാരിന്റെ അഞ്ചുവർഷക്കാലത്തിനിടെ അമ്പതിനായിരം മുതൽ ഒരുലക്ഷം കോടി രൂപവരെ സമാഹരിച്ച് കേരളത്തിന്റെ സ്വപ്നപദ്ധതികൾ നടപ്പാക്കാനാണ് ശ്രമം. പ്രത്യേക പദ്ധതികൾക്കായി റിസർവ് ബാങ്കിന്റെയും സെബിയുടെയും അംഗീകാരത്തോടെ എങ്ങനെ പണം നേടാമെന്ന് കണ്ടെത്താൻ കിഫ്ബിയുടെ ഉപസമിതിയായി ഇൻഫ്രാസ്ട്രക്ചർ ഫണ്ട് മാനേജ്‌മെന്റ് കോർപ്പറേഷനും രൂപീകരിക്കും.

ഓരോ പദ്ധതിയും സർക്കാർ ആസൂത്രണം ചെയ്യുമ്പോൾ അതിന് ഇതുവരെയുള്ള രീതിവച്ച് പണം കണ്ടെത്തുന്നത് വായ്പകളിലൂടെയാണ്. ഇതിൽ 70-80 ശതനവും ബോണ്ടുകൾ വഴിയാണെത്തുന്നത്. എല്ലാ ബാങ്കുകളും അവരുടെ ഡെപ്പോസിറ്റുകളുടെ നിശ്ചിത ശതമാനം സർക്കാർ ബോണ്ടുകളിൽ നിക്ഷേപിക്കണമെന്നാണ് നിയമം. ഇതുപ്രകാരം സർക്കാർ ഇറക്കുന്ന ബോണ്ടുകൾ ബാങ്കുകൾ വാങ്ങുന്നു. പക്ഷേ ഇത്തരത്തിൽ വായ്പയെടുക്കുന്നതിന് കർശന പരിധിയുണ്ട് സംസ്ഥാനങ്ങൾക്ക്. സംസ്ഥാന ആഭ്യന്തര വരുമാനത്തിന്റെ മൂന്നു ശതമാനത്തിലേറെ വായ്പയെടുത്തുകൂടാ. ഇത് വൻകിട പദ്ധതികൾക്ക് പണം കണ്ടെത്താൻ തടസ്സമാകുമ്‌ബോഴാണ് ഇത് മറികടക്കാൻ പ്രത്യേക കമ്പനികൾ രൂപീകരിച്ച് സംസ്ഥാന സർക്കാരുകൾ വായ്പയെടുക്കുന്നത്. ഇങ്ങനെ അധിക വായ്പയെടുക്കുന്ന പണം സർക്കാർ ഖജനാവിലേക്ക് വരുന്നില്ല എന്നതിനാൽ കേന്ദ്ര സർക്കാരിന്റെ അനുവാദം ആവശ്യമില്ല. എന്നാൽ ഇങ്ങനെ വൻതോതിലെടുക്കുന്ന വായ്പകൾ എങ്ങനെ അടച്ചു തീർക്കുമെന്നതാണ് ഉയരുന്ന ചോദ്യം. വായ്‌പ്പയ്ക്ക് അപ്പുറം ചിട്ടിയും മറ്റും നടത്തി ഫണ്ട് കണ്ടെത്തും.

സർക്കാരിലേക്ക് എത്തുന്ന വരുമാന സാധ്യത പോലും കിഫ്ബിക്ക് കരുത്താകൻ ഉപയോഗിക്കും. വാഹന നികുതി പരിവാണ് ഇതിൽ പ്രധാനം. മോട്ടോർ വാഹന വകുപ്പിന്റെ ചെലവു കഴിഞ്ഞും ഈ ഫണ്ടുകളിൽ മിച്ചം വരും. ഇത്തരം തുകയെല്ലാം കിഫ്ബിയിലോട്ട് നിക്ഷേപിക്കും. ലാഭത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങളും ഇതിലേക്ക് നിക്ഷേപം നടത്തും. സർക്കാരിന്റെ ചെലവ് കുറിച്ച് നികുതി പിരിവ് കാര്യക്ഷ്മമാക്കി കിഫ്ബിയെ കരുത്തരാക്കാനും നീക്കമുണ്ട്. വായ്പാ എടുക്കലിന് അപ്പുറത്തേക്കുള്ള ഫണ്ട് സ്വരൂപണ സാധ്യതയാണ് ഇതിലൂടെ തോമസ് ഐസക് മുന്നോട്ട് വയ്ക്കുന്നത്. എന്നാൽ പ്രതീക്ഷിച്ച പോലെ കാര്യങ്ങൾ നീങ്ങില്ലെങ്കിൽ കിഫ്ബി ആശങ്കയിലാകും.

നോട്ട് നിരോധനകാലത്തെ ഏറ്റവും ശക്തമായ പ്രതിരോധ മാർഗമായി കിഫ്ബി പദ്ധതികൾ മാറുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണത്തിനിടെ പറഞ്ഞിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ 25000 കോടിയുടെ പദ്ധതികൾ കിഫ്ബി വഴി നടപ്പിലാക്കുമെന്നാണ് പ്രഖ്യാപനം. ആറ് മാസം കൊണ്ട് കിഫ്ബി അഭിമാനകരമായ നേട്ടം കൈവരിച്ചുവെന്നും കേരള ചരിത്രത്തിലെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയാകുമെന്നും ധനമന്ത്രി പറഞ്ഞു. 11000 കോടി രൂപ പദ്ധതി കിഫ്ബിക്കു അടങ്കലിന് മാറ്റി വച്ചു. പക്ഷേ ആരു നിക്ഷേപിക്കുമെന്നതാണ് പ്രശ്‌നം. കേരളത്തോട് താൽപ്പര്യമുള്ള എല്ലാവരും കൂടി ചേർന്നാലും 25000 കോടി കണ്ടെത്താനാകുമോ എന്ന സംശയവുമുണ്ട്. ഭരണം മാറിയാൽ കിഫ്ബിയുടെ അവസ്ഥ എന്താകും. അടുത്ത തെരഞ്ഞെടുപ്പിൽ ഭരണമാറ്റമുണ്ടാവുകയും തോമസ് ഐസക്കിന്റെ മോഡൽ സർക്കാർ ഉപേക്ഷിക്കുകയും ചെയ്താൽ എന്താകും സ്ഥിതിയെന്നത് അടക്കമുള്ള വിഷയങ്ങൾ സജീവ ചർച്ചയാണ്.

സംസ്ഥാനത്തിന്റെ എല്ലാ പ്രശ്നങ്ങൾക്കും ഒറ്റമൂലി എന്ന നിലയിൽ കിഫ്ബിയെയാണ് അവതരിപ്പിച്ചിരിക്കുന്നത്. കിഫ്ബിയിൽ നിക്ഷേപം ആകർഷിക്കും എന്നത് പ്രതീക്ഷയാണ്. അത് യാഥാർത്ഥ്യമല്ല. ബജറ്റിന് പുറത്ത് ധനസമാഹരണം എന്നത് ബജറ്റിന്റെ പ്രാധാന്യം തന്നെ ഇല്ലാതാക്കുന്നതാണെന്ന നിരീക്ഷണവും സജീവമാണ്. എന്നാൽ തോമസ് ഐസക്കിന്റെ കണക്ക് കൂട്ടലുകൾ പോലെ കിഫ്ബിയിലേക്ക് ഫണ്ട് എത്തിയാൽ എല്ലാം അപ്രസക്തമാകും. അല്ലാത്ത പക്ഷം വലിയ വിമർശനമാകും തോമസ് ഐസക് നേരിടേണ്ടി വരിക. പ്രവാസികളാണ് പ്രധാനമായും സർക്കാരിന്റെ പ്രതീക്ഷാ പട്ടികയിൽ മുന്നിൽ. പ്രവാസികളുടെ സമ്പാദ്യം കിഫ്ബിയിൽ നിക്ഷേപിക്കുന്നതിന് സർക്കാർ ഗാരന്റി ഉറപ്പാക്കുമെന്ന് ധനമന്ത്രി പറയുന്നു.. കിഫ്ബിക്ക് പണം സമാഹരിക്കാൻ പ്രവാസി ചിട്ടി തുടങ്ങുകയും ചെയ്യും. 12,000 കോടിരൂപ കെഎസ്എഫ്ഇ വഴി കിഫ്ബി സമാഹരിക്കാനാണ് പദ്ധതി. അതായത് ഇതിലേക്ക് പണമെത്തിയില്ലെങ്കിൽ ഈ വികസന പദ്ധതി താളം തെറ്റും.

ദേശീയപാത വികസനത്തിന് 6500 കോടിയും 30 കിലോമീറ്റർ ദൂരത്തിൽ ആറു മുതൽ എട്ടു മീറ്റർ വരെ വീതിയിൽ ഒൻപതു ജില്ലകളിലൂടെ നടപ്പാക്കുന്ന തീരദേശ ഹൈവേ പദ്ധതിക്കായി 6500 കോടിയും കിഫ്ബി വകയിരുത്തും. സംസ്ഥാനത്തെ റോഡുകൾ മെച്ചപ്പെടുത്തുന്നതിന് അഞ്ചു വർഷത്തിനകം അര ലക്ഷം കോടി രൂപ ചെലവഴിക്കും.പ്രവാസികൾക്കായി കെ.എസ്.എഫ്.ഇ ചിട്ടി നടത്തി 10,000 കോടി കണ്ടെത്തി അത് കിഫ്ബി വഴി ചെലവിടുമെന്നാണ് ധനമന്ത്രി പറയുന്നത്്. 1267 കിലോമീറ്റർ മലയോര ഹൈവേയ്ക്ക് 3,500 കോടിയും 630 കിലോമീറ്റർ തീരദേശ ഹൈവേയ്ക്ക് 6,500 കോടിയുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്്. അഞ്ചുവർഷംകൊണ്ട് 50,000 കോടി രൂപയുടെ റോഡുനവീകരണമാണ് പ്രഖ്യാപിച്ചത്. 25,000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ വികസന പരിപാടയാണ് ബജറ്റിൽ. 5,628 കോടി രൂപയുടെ 182 റോഡുകൾ.2,557 കോടി രൂപയുടെ 69 പാലങ്ങൾ- മേൽപ്പാലങ്ങൾ കിഫ്ബി വഴി നടപ്പാക്കും.

അതായത് വിദേശത്തുള്ള പ്രവാസികളുടെ നിക്ഷേപത്തിൽ കണ്ണുംനട്ട് കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനം കിഫ്ബി ഏറ്റെടുത്തുനടത്തും എന്നതാണ് ബജറ്റിലെ പ്രധാന നിർദ്ദേശം. മുഖ്യമന്ത്രി ആവുന്നതിന് മുമ്പും പിമ്പും പിണറായി വിജയൻ നടത്തിയ ഗൾഫ് സന്ദർശനങ്ങളിൽ ഇത്തരമൊരു ആശയം സജീവമായി ഉണ്ടായിരുന്നു. മുഖ്യമന്ത്രി പദമേറ്റെടുത്ത ശേഷം യു.എ.ഇ.യിലും കഴിഞ്ഞമാസം ബഹ്‌റൈനിലും നടത്തിയ യാത്രകൾ ഈ ഒരു ആശയത്തിന് കൂടുതൽ കരുത്തുപകർന്നിട്ടുണ്ട്. ഗൾഫ് നാടുകളിലെ ഒട്ടേറെ പ്രവാസി വ്യവസായികൾ ഇത്തരത്തിൽ നിക്ഷേപം നടത്താൻ താത്പര്യം കാണിച്ചിരുന്നു. സർക്കാറിന്റെ സെക്യൂരിറ്റി എല്ലാ നിക്ഷേപങ്ങൾക്കും നൽകാമെന്നതും ആ നിക്ഷേപങ്ങൾ ബോണ്ടുകളായി മാറ്റാമെന്നുമായിരുന്നു നിർദ്ദേശങ്ങളിൽ പ്രധാനം. അപ്പോഴും ഇത്രയും വലിയ തുക ഗൾഫിൽ നിന്ന് പരിച്ചെടുക്കാൻ കഴിയുമോ എന്നതാണ് ഉയരുന്ന ചോദ്യം.

ഗൾഫ് മേഖലയിലെ പ്രവാസി വ്യവസായികളെല്ലാം ബജറ്റിനെ സ്വാഗതം ചെയ്തിട്ടുണ്ട്. കേരളത്തിന്റെ കുതിപ്പിന് വേഗം കൂട്ടുന്നതിന് വഴി തുറക്കുമെന്നാണ് അവരുടെ വിലയിരുത്തൽ. എന്നാൽ എല്ലാം കിഫ്ബിയെ വിശ്വസിച്ചാണ് നീങ്ങുക എന്നതാണ് ബജറ്റിന്റെ വലിയ ന്യൂനത. ചുവപ്പുനാട ഒഴിവാക്കി പദ്ധതി അതിവേഗം തുടങ്ങി വികസന വേഗം കൂട്ടാനാണ് ലക്ഷ്യം. വിനോദ് റായിയെ പോലുള്ളവരെ കിഫ്ബിയുടെ തലപ്പത്ത് നിയോഗിച്ചതും അതുകൊണ്ട് കൂടിയാണ്. അഴിമതിക്ക് ഒരൂ സാധ്യതയും ഇല്ലാതെ പദ്ധതികൾ നടപ്പാക്കും. ഇതോടെ മുടക്കുമുതലിൽ ചോർച്ചുണ്ടാകില്ലെന്ന് ഉറപ്പാക്കാനാവും. മുൻ സിഎജിയായ വിനോദ് റായിയുടെ സാന്നിധ്യം ഇതിനെല്ലാം ഗുണകരമാകുമെന്നാണ് തോമസ് ഐസക്കിന്റെ പ്രതീക്ഷ. ഇതിനൊപ്പം പ്രവാസികൾ കൈയും മെയ്യും മറന്ന് നിക്ഷേപിക്കുകയും വേണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP