Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാട്ടുകാരോട് മുണ്ടു മുറുക്കി ഉടുക്കാൻ പറഞ്ഞ് കോവിഡ് കാലത്ത് സർക്കാറിന്റെ വമ്പൻ ധൂർത്ത്! കിഫ്ബിയിൽ പുതുതായി ആളെ എടുക്കുന്നത് 10,000 രൂപ ദിവസ വേതനത്തിൽ; സീനിയറും ജൂനിയറുമായ ഉപദേശികൾക്ക് ഒരു ദിവസം ആറായിരവും നാലായിരവും സമ്പാദിക്കാൻ സുവർണ അവസരം; മറ്റ് നിയമനങ്ങൾ എല്ലാം മരവിപ്പിച്ചിരിക്കേ കിഫ്ബിയുടെ പേരിൽആളെ തിരുകി കയറ്റാൻ ഐസക്കിന്റെ ശ്രമം; ഉപദേശിക്കാൻ നിരവധി പ്രഗത്ഭർ ഉള്ളപ്പോൾ കോവിഡ് കാലത്ത് എന്തിന് വീണ്ടും ഉപദേശികൾ എന്നും വിമർശനം

നാട്ടുകാരോട് മുണ്ടു മുറുക്കി ഉടുക്കാൻ പറഞ്ഞ് കോവിഡ് കാലത്ത് സർക്കാറിന്റെ വമ്പൻ ധൂർത്ത്! കിഫ്ബിയിൽ പുതുതായി ആളെ എടുക്കുന്നത് 10,000 രൂപ ദിവസ വേതനത്തിൽ; സീനിയറും ജൂനിയറുമായ ഉപദേശികൾക്ക് ഒരു ദിവസം ആറായിരവും നാലായിരവും സമ്പാദിക്കാൻ സുവർണ അവസരം; മറ്റ് നിയമനങ്ങൾ എല്ലാം മരവിപ്പിച്ചിരിക്കേ കിഫ്ബിയുടെ പേരിൽആളെ തിരുകി കയറ്റാൻ ഐസക്കിന്റെ ശ്രമം; ഉപദേശിക്കാൻ നിരവധി പ്രഗത്ഭർ ഉള്ളപ്പോൾ കോവിഡ് കാലത്ത് എന്തിന് വീണ്ടും ഉപദേശികൾ എന്നും വിമർശനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവിഡ് കാലത്തെ പ്രതിസന്ധിയെ മറികടക്കാൻ വേണ്ടി മുണ്ടു മുറുക്കി ഉടുക്കാനാണ് ധനമന്ത്രി തോമസ് ഐസക്ക് എപ്പോഴും പറയുന്നത്. എന്നാൽ, ഇതിന്റെ സ്വന്തം വകുപ്പിന്റെ കീഴിലെ ധൂർത്തിന്റെ കാര്യത്തിൽ ഐസക്ക് യാതൊരു വിട്ടുവീഴ്‌ച്ചക്കും തയ്യാറല്ല താനും. നിരവധി ഉപദേശകരും പ്രഗത്ഭരും അടങ്ങുന്ന കിഫ്ബിയിലേക്ക് കോവിഡ് കാലത്തും പുതുതായി ആളെ എടുക്കാൻ ശ്രമിക്കുന്ന നടപടി ഇതിനോടകം വിവാദത്തിൽ ആയിക്കഴിഞ്ഞു. കിഫ്ബിയിൽ ആളെ ദിവസക്കൂലിക്ക് ആളെ നിയമിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. ഇതിന് അപേക്ഷ ക്ഷണിച്ചത് ഇക്കഴിഞ്ഞ ഏപ്രിൽ 15നാണ്. അതായത് കോവിഡ് കേസുകൾ സംസ്ഥാനത്ത് ഉയർന്ന നിലയിലേക്ക് എത്തിയ ദിവസങ്ങളിലാണ് വിജ്ഞാപനം വന്നതെന്ന് വ്യക്തം.

സർക്കാറിന് കീഴിലുള്ള സ്ഥാപനത്തിൽ ദിവസക്കൂലിക്ക് ആളെ നിയമിച്ചതിന് ഒപ്പം തന്നെ ഇതിൽ പ്രതിഫലമായി രേഖപ്പെടുത്തിയതാണ് കടുത്ത വിമർശനങ്ങൾ ക്ഷണിച്ചു വുത്തിയത്. ഇത് സർക്കാറിന്റെ ധൂർത്തിന്റെ നേർചിത്രമായി മാറുകയുമാണ്. കിഫ്ബിയിൽ ദിവസക്കൂലിക്ക് ആളെ എടുക്കുമ്പോൾ പ്രതിഫലമായി നൽകുക 2500 രൂപ മുതൽ പതിനായിരം രൂപ വരെയാണ്. സീനിയർ പ്രൊജക്ട് അഡൈ്വസർ എന്ന തസ്തികയിലേക്ക് അപേക്ഷ നൽകി ജോലിക്കെടുത്താൽ ദിവസക്കൂലിയായി പതിനായിരം രൂപയാണ് ലഭിക്കുക. പ്രൊജക്ട് അഡൈ്വസറായി ക്ഷണിച്ചിരിക്കുന്ന തസ്തികയിൽ ആറായിരം രൂപയും. ജൂനിയർ പ്രൊജക്ട് അഡൈ്വസർ തസ്തികയിൽ 25,00 രൂപയും സീനിയർ ടെക്‌നിക്കൽ അഡൈ്വസർ തസ്തികയിൽ 4000 രൂപയുമാണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്.

പതിനായിരം രൂപ ദിവസ വേതനം സർക്കാർ സർവീസിലുള്ള ഒരാൾക്ക് പോലും ഇല്ലെന്നിരിക്കേയാണ് കിഫ്ബിയുടെ പുതിയ തീരുമാനം വിവാദത്തിൽ ആയിരിക്കുന്നത്. കിഫ്ബി വായ്‌പ്പ എടുത്തതിന്റെ തിരിച്ചടവ് തന്നെ മുടങ്ങുമോ എന്ന ആശങ്ക ശക്തമാണ്. ഇതിനിടെയാണ് സർക്കാർ ധൂർത്തുമായി രംഗത്തിറങ്ങിയിരിക്കുന്നത്. കിഫ്ബിയിലെ ദിവസക്കൂലി നിയമനം തൊഴിലാളി സംഘടനകളെയും ചൊടിപ്പിച്ചിട്ടുണ്ട്. കിഫ്ബി പോലുള്ള ഒരു സർക്കാർ സ്ഥാപനത്തിൽ ഇങ്ങനെ ദിവസക്കൂലി അടിസ്ഥാനത്തിൽ ആളെ എടുക്കുന്നത് തെറ്റായ പ്രവണത ആണെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.

കോവിഡിന്റെ പശ്ചാത്തലത്തിൽ കിഫ്ബി പദ്ധതികൾക്കെടുത്ത വായ്പകളുടെ തിരിച്ചടവിൽ കടുത്ത ആശങ്ക തുടടരുകയാണ്. വായ്പ തിരിച്ചടവിനുള്ള ഉറപ്പായി സർക്കാർ പറഞ്ഞിരുന്ന മോട്ടർ വാഹനനികുതി വരുമാനവും പെട്രോൾ, ഡീസൽ സെസും ലോക്ഡൗൺ കാലയളവിൽ കുത്തനെ കുറഞ്ഞതാണ് കാരണം. ബദൽ മാർഗങ്ങൾ തേടിയില്ലെങ്കിൽ കിഫ്ബി പദ്ധതികളുടെ നടപ്പാക്കലും വായ്പ തിരിച്ചടവും പ്രതിസന്ധിയിലായേക്കുമെന്ന ആശങ്ക ശക്തമാണ്.

വായ്പ, ബോണ്ടുകൾ, മോട്ടർ വാഹന നികുതിയുടെ പകുതി, ഒരു ലീറ്റർ വീതം പെട്രോളും ഡീസലും വിൽക്കുമ്പോൾ കിട്ടുന്ന ഒരു രൂപ സെസ് എന്നിവയാണ് കിഫ്ബിയുടെ ധനാഗമ മാർഗങ്ങൾ. ഇതിൽ വായ്പകളും ബോണ്ടും വഴി സമാഹരിക്കുന്ന തുകയും പലിശസഹിതം തിരിച്ചടയ്ക്കണം. മോട്ടർ വാഹന നികുതിയുടെ 50 ശതമാനവും ഇന്ധന സെസുമാണ് കിഫ്ബിയിലേക്കുള്ള സ്ഥിരം വരുമാനം. പ്രതിദിനം എട്ടുകോടിയോളം രൂപ ഈയിനത്തിൽ കിഫ്ബിയിലേക്ക് സർക്കാർ നൽകുന്നുണ്ട്.

സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകൾ പ്രകടമായ കഴിഞ്ഞ കുറച്ചുനാളുകളായി വാഹന വിൽപനയും ഇന്ധന വിൽപനയും കുറഞ്ഞു. ഇതിനിടെ കൊറോണ ലോക്ഡൗൺ ആരംഭിച്ചതോടെ മോട്ടർ വാഹന നികുതിയിനത്തിലെ വരുമാനം നിലച്ചു. പെട്രോൾഡീസൽ വിൽപന നികുതി വരുമാനം കുത്തനെ താഴ്ന്നു. ലോക്ഡൗൺ കാലാവധി കഴിഞ്ഞാലും ഉടനെങ്ങും കാര്യങ്ങൾ പഴയനിലയിലാവില്ലെന്നാണു സൂചന. കഴിഞ്ഞ വർഷത്തെ നികുതിയുടെ അടിസ്ഥാനത്തിലാണ് ഈ വർഷം കിഫ്ബിയിലേക്ക് പണം നൽകുന്നത്. അതിനാൽ ഈ വർഷം ബുദ്ധിമുട്ടില്ല. ഇപ്പോഴത്തെ വരുമാനനഷ്ടം അടുത്ത വർഷം പ്രതിഫലിക്കും. അടുത്ത വർഷം മേയിലാണ് കിഫ്ബി വായ്പകളുടെ തിരിച്ചടവ് ആരംഭിക്കേണ്ടത്.

കോവിഡ് ലോക്ഡൗൺ മൂലമുള്ള വരുമാന നഷ്ടം മറികടക്കുന്നതെങ്ങനെയെന്ന ആലോചനയിലാണ് കിഫ്ബി അധികൃതർ. ഇതിനിടെയാണ് പുതിയ നിയമനത്തിന് കിഫ്ബി അധികൃതർ രംഗത്തുള്ളത് ഇതിലെ അനൗചിത്യം നിരവധി പേർ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. നടപടിയെ വിമർശിച്ചു കോൺഗ്രസ് എംഎൽഎ വി ടി ബൽറാം രംഗത്തെത്തി. ബൽറാമിന്റെ വിമർശനം ഇങ്ങനെ: കിഫ്ബി പോലുള്ള ഒരു സർക്കാർ സ്ഥാപനത്തിൽ ഇങ്ങനെ ദിവസക്കൂലി അടിസ്ഥാനത്തിൽ ആളെ എടുക്കുന്നത് ലോക തൊഴിലാളി വർഗം നിരവധി പോരാട്ടങ്ങളിലൂടെ നേടിയെടുത്ത സ്ഥിരം തൊഴിൽ എന്ന ആശയത്തിന് എതിരല്ലേ? അതും വെറും 10,000 രൂപ മാത്രം ദിവസ വേതനത്തിൽ! 3 ലക്ഷം രൂപ ശമ്പളം കിട്ടാൻ പാവം സീനിയർ പ്രോജക്റ്റ് അഡ്വൈസർ ഒരു മാസം കാത്തിരിക്കണമെന്നത് എത്ര വലിയ കഷ്ടമാണ്?

നടപടിയെ വിമർശിച്ചു മാധ്യപ്രവർത്തകൻ റോയ് മാത്യു ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെ:

കിഫ് ബി മഹാത്മ്യം-ഉപദേശിക്ക് 10 K ദിവസക്കൂലി

വെള്ള ജുബായും പാറപ്പുറത്ത് ചെരട്ടയിട്ട് ഉരയ്ക്കുന്ന സൗണ്ട് മായി നടക്കുന്ന പെന്തോ ഉപദേശിമാർക്ക് മുട്ടൻ മാർക്കറ്റെന്ന് തോമാച്ചൻ മന്ത്രിയുടെ കിഫ് ബി. ഒന്ന് അമുക്കി ഉപദേശിച്ചാൽ 10 K കയ്യിൽ കിട്ടും - ഒരു ദിവസത്തെ മെനക്കേട് കുലി വെറും പതിനായിരം രൂഫ - കിഫ് ബി വന്ന് നാടാകെ പാലും തേനും ഒഴുക്കാൻ 10 കെ കൊടുത്തു ദിവസകൂലിക്ക് ഉപദേശിമാരെ വെക്കുന്നതിൽ ഒരു തെറ്റുമില്ല - മസാല ബോണ്ടിൽ നിന്ന് കാശെടുത്ത് ഉപദേശിമാർക്ക് ബോണ്ടാ മേടിച്ചു കൊടുക്കുന്ന വികസനമാണ് യഥാർത്ഥ വികസനം..

കൊറെ ഉപദേശിമാരെ നിയമിക്കാത്തതു കൊണ്ട് വികസനം വഴി മുട്ടി നിൽക്കയാണെന്ന് കാണിച്ചുള്ള പരസ്യം വന്നു കഴിഞ്ഞു. കരുതൻ മൻസന്റെ നാട്ടിൽ ഉപദേശിമാർക്കിത് പൂക്കാലം.

സുബൈദയുടെ ആടും, കോവാലന്റ കുടുക്കയും, ഡാക്കിനി അമ്മച്ചിയുടെ പെൻഷൻ കാശുമൊക്കെ മേടിച്ച് ദാരിദ്ര്യം മാറ്റുന്ന നാട്ടിലാണ് 10 കെ ക്ക് ഉപദേശിമാരെ പോറ്റുന്നത്. 6000, 4000 2500 എന്നി നിരക്കിലും ഉപദേശിമാർക്ക് മാർക്കറ്റുണ്ട്. കിഫ്ബി ബകനാണെന്ന് സാമൂഹ്യ പരിഷ്‌കർത്താവും കവിയും മന്ത്രിയുമായ ജി. സുധാകരൻ പറഞ്ഞത് മറന്നു പോവരുത്..

ബോർഡ് മടക്കി വീട്ടിലിരിക്കുന്ന ഏതോ NGO യൂണിയൻ കാർക്ക് താവള മൊരുക്കാനുള്ള ഓരോ വഴികളാണി നിയമനങ്ങൾ... നേരാം വണ്ണം ഒരു റോഡും പാലവും നിർമ്മിക്കാന റിയാത്തവരാണ് ഉപദേശിക്കാനിറങ്ങുന്നത്. ചീഫ് സെക്രട്ടറിയേക്കാൾ കൂടുതൽ ശമ്പളം മേടിക്കുന്ന സിഇഒയും ,ചീഫ് പ്രോജക്റ്റ് എക്‌സാമിനറും ഭരിക്കുന്ന കി ഫ്ബി കൊണ്ടു നാടിനുള്ള നേട്ടം വർണിക്കാനാവതില്ല. കെട്ട കാലത്തും സ്വന്തക്കാരെ തിരുകി കേറ്റുന്ന വികസനമാണിവിടെ ഭേഷായി നടക്കുന്നത്. 10 K മേടിക്കുന്ന ഉപദേശിമാരെ നിയമിക്കുന്ന ഉത്തരവ് കത്തിക്കാൻ ആർക്കും വരാം - കടന്നു വരുവിൻ. .... കടന്ന് വരുവിൻ. .


കേരള മുഖ്യമന്ത്രിയാണ് കിഫ്ബി ബോർഡിന്റെ ചെയർമാൻ. ധനകാര്യ മന്ത്രി വൈസ് ചെയർമാനും കിഫ്ബി സിഇഒ ബോർഡിന്റെ മെമ്പർ സെക്രട്ടറിയുമായിരിക്കും. സംസ്ഥാന ചീഫ് സെക്രട്ടറി ബോർഡ് അംഗമാണ്. പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ, നിയമ സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ധനവിഭവ സെക്രട്ടറി എന്നിവരും കിഫ്ബി കോർപ്പറേറ്റ് ബോർഡിൽ അംഗങ്ങളാണ്. വിവിധ മേഖലകളിൽ പ്രഗത്ഭരായിട്ടുള്ള ഏഴ് സ്വതന്ത്ര അംഗങ്ങളും ഉണ്ട്.

കോർപ്പറേറ്റ് ബോർഡ് കൂടാതെ കിഫ്ബിക്ക് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമുണ്ട്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ചെയർമാൻ സംസ്ഥാന ധനമന്ത്രിയാണ്. കമ്മിറ്റി മെമ്പർമാരായി സംസ്ഥാന ചീഫ് സെക്രട്ടറി, നിയമ സെക്രട്ടറി, ധനകാര്യ സെക്രട്ടറി, ധനവിഭവ സെക്രട്ടറി എന്നിവരുണ്ടാകും. ഇവരെക്കൂടാതെ കിഫ്ബി സിഇഒയും സർക്കാർ നിയമിക്കുന്ന മൂന്ന് സ്വതന്ത്ര അംഗങ്ങളും അടങ്ങിയതാണ് കിഫ്ബി എക്‌സിക്യൂട്ടീവ് കമ്മിറ്റി. നിലവിൽ മുൻ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. കെ എം ഏബ്രഹാമാണ് കിഫ്ബിയുടെ സിഇഒ. അദ്ദേഹമാണ് കിഫ്ബി ബോർഡിന്റെ മെമ്പർ സെക്രട്ടറിയും. ധനവിഭവ സെക്രട്ടറിയായ സഞ്ജീവ് കൗശിക്കാണ് കിഫ്ബിയുടെ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP