Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രവാസി ചിട്ടിയിൽ മീഡിയാ പ്ലാനിങ്ങിന് ജയപ്രകാശിന് നൽകിയത് ഒരു ലക്ഷം രൂപയും 18 ശതമാനം ജി എസ് ടിയും; സാധാനം വാങ്ങുമ്പോൾ നൽകുന്ന ചരക്ക് സേവന നികുതി ജീവനക്കാർക്ക് കൊടുത്ത് മാതൃക കാട്ടിയത് കേരളത്തിന് പുതിയ വികസന മാതൃക സമ്മാനിക്കേണ്ട കിഫ്ബിയും; ചിട്ടി പാളിയപ്പോൾ ജയപ്രകാശിന് ജോലി നൽകാൻ മീഡിയാ മാനേജ്‌മെന്റ് ഗ്രൂപ്പുണ്ടാക്കിയും കിഫ്ബിയുടെ സ്‌നേഹ പ്രകടനം; കിയാലിനേയും കിഫ്ബിയേയും ഓഡിറ്റിംഗിന് വിധേയമാക്കണമെന്ന് പ്രതിപക്ഷം; ധൂർത്ത് വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുകൾ

പ്രവാസി ചിട്ടിയിൽ മീഡിയാ പ്ലാനിങ്ങിന് ജയപ്രകാശിന് നൽകിയത് ഒരു ലക്ഷം രൂപയും 18 ശതമാനം ജി എസ് ടിയും; സാധാനം വാങ്ങുമ്പോൾ നൽകുന്ന ചരക്ക് സേവന നികുതി ജീവനക്കാർക്ക് കൊടുത്ത് മാതൃക കാട്ടിയത് കേരളത്തിന് പുതിയ വികസന മാതൃക സമ്മാനിക്കേണ്ട കിഫ്ബിയും; ചിട്ടി പാളിയപ്പോൾ ജയപ്രകാശിന് ജോലി നൽകാൻ മീഡിയാ മാനേജ്‌മെന്റ് ഗ്രൂപ്പുണ്ടാക്കിയും കിഫ്ബിയുടെ സ്‌നേഹ പ്രകടനം; കിയാലിനേയും കിഫ്ബിയേയും ഓഡിറ്റിംഗിന് വിധേയമാക്കണമെന്ന് പ്രതിപക്ഷം; ധൂർത്ത് വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കിഫ്ബിയിൽ മീഡിയാ മാനേജ്‌മെന്റ് ഗ്രൂപ്പിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് പുറത്തു വരുന്നത് പ്രവാസി ചിട്ടിയുമായി ബന്ധപ്പെട്ട വിചിത്ര നിയമനം. ഒരു ലക്ഷം രൂപയും ജി എസ് ടിയും നൽകി കെജി ജയപ്രകാശ് എന്ന വ്യക്തിയെ കെ എസ് ഇബിയുടെ പ്രവാസി ചിട്ടിയിൽ നിയമിച്ചുവെന്നാണ് പ്രക്തമാക്കുന്നത്. 2018ൽ പ്രവാസി ചിട്ടിക്ക് വേണ്ടി സിഡിറ്റ് രജിസ്ട്രാർക്ക് അയച്ച കത്തിലാണ് ജി എസ് ടി നൽകി ഉദ്യോഗസ്ഥനെ നിയമിച്ച വിവരമുള്ളത്. കിഫ്ബിക്ക് വേണ്ടി ഫണ്ട് കണ്ടെത്താനായിരുന്നു പ്രവാസി ചിട്ടി. ഈ ചിട്ടിക്ക് വേണ്ടി സിഡിറ്റിലെ കരാർ ജീവനക്കാരനായ ജയപ്രകാശിനെ കിഫ്ബിയാണ് നിയമിച്ചതെന്നാണ് സൂചന.

വളരെ ദുരൂഹമായ കാര്യങ്ങളാണ് കിഫ്ബിയിൽ നടക്കുന്നത്. ഇപ്പോൾ കിഫ്ബി മീഡിയാ മാനേജ് ഗ്രൂപ്പ് എന്നൊരു പുതിയ വിഭാഗത്തെ ഉണ്ടാക്കി. അതിന്റെ കോർഡിനേറ്റർക്ക് ശമ്പളം മാസം80,000 രൂപ. ഈ പദവിയിലാണ് ജയപ്രകാശ് ഇപ്പോൾ. കിഫ്ബിലെ പ്രോജക്ടുകൾ പരിശോധിക്കാനായി ഒരു അപ്രൈസൽ ഡിവിഷനുണ്ട്. ചീഫ് പ്രോജക്ട എക്സാമിനർ ആണ് തലവൻ. മാസ ശമ്പളം 2.5 ലക്ഷം രൂപ. അദ്ദേഹത്തിന്റെ കീഴിൽ വിദഗ്ധ സമിതിയുമുണ്ട്. ഈ സംവിധാനമുള്ളപ്പോൾ തന്നെ കിഫ്ബി പോരജക്ടുകൾ പരിശോധനക്കായി പുറത്തുള്ള ടെറാനസ് എന്ന കമ്പനിയെയും ചുമതലപ്പെടുത്തി. ഇത് കടലാസ് കമ്പനിയാണെന്നും ആരോപണം ഉയർന്നു കഴിഞ്ഞു. 10 കോടി രൂപയോളം ഇതിനകം അവർക്ക് നൽകിയിട്ടുണ്ട്.ഇങ്ങനെ നിവധി ധൂർത്താണ് കിഫ്ബിയിൽ നടക്കുന്നത്. അവ പുറത്തു വരാതിരിക്കാനാണ് സി.എ.ജി ഓഡിറ്റിങ് വേണ്ടെന്ന് പറയുന്നതെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്.

കിഫ്ബിയിലെ ഉത്തരവുകളും നോട്ടിഫിക്കേഷനുകളുമൊന്നും ഇപ്പോൾ കിഫ്ബി വെബ്സൈറ്റിൽ ലഭ്യമല്ല. എല്ലാം പരമ രഹസ്യമാക്കി വച്ചിരിക്കുന്നു. കിഫ്ബി ഇടപാടുകൾ ആകെ ദുരൂഹമാണെന്നും ചെന്നിത്തല പറയുന്നു. അതിനിടെ കിഫ്ബിയിലും കണ്ണൂർ എയർപോർട്ട് അഥോറിറ്റിയിലും സി ആൻഡ് എ ജിയെ ഓഡിറ്റിങ് നടത്താൻ അനുവദിക്കാത്ത സർക്കാർ നിലപാട് തിരുത്താൻ ഇടപെടണമെന്ന് അഭ്യർത്ഥിച്ച് സംസ്ഥാന ഗവർണർ ആരീഫ് മുഹമ്മദ് ഖാന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നൽകിയിട്ടുണ്ട്. ഭരണഘടനാ സ്ഥാപനമായ സി.എ.ജിയെ ഓഡിറ്റിംഗിന് അനുവദിക്കാതിരിക്കുന്നത് ഈ രണ്ടു സ്ഥാപനങ്ങളിലും നടക്കുന്ന കൊള്ളയും ക്രമക്കേടും മൂടി വയ്ക്കുന്നതിനാണ്.ഇവയെ സിപിഎം കറവപ്പശുക്കളാക്കി മാറ്റിയിരിക്കുകയാണ്. മടിയിൽ കനമില്ലെങ്കിൽ വഴിയിൽ ഭയമെന്തിന് എന്നതു പോലെ മറച്ചു വയ്ക്കാൻ കള്ളത്തരമില്ലെങ്കിൽ ഭരണഘടനാനുസൃതമായ ഓഡിറ്റിംഗിനെ സർക്കാർ ഭയക്കുന്നതെന്തിന്? രണ്ടിലും തങ്ങൾ ഇഷ്ടം പോലെ ഇടപാട് നടത്തും, കണക്ക് ആരും നോക്കണ്ട എന്ന് പറയാൻ ഇവ സിപിഎമ്മിന്റെ തറവാട്ട് സ്വത്തല്ലെന്നും ചെന്നിത്തല പറയുന്നു.

പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് പ്രവർത്തനം നടത്തുന്ന ഈ സർക്കാർ സ്ഥാപനങ്ങളിൽ സി എ ജിയുടെ ഓഡിറ്റ് നിഷേധിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. തങ്ങൾ നൽകുന്ന ഓരോ രൂപയും എങ്ങനെ ചിലവഴിക്കപ്പെടുന്നു എന്നറിയാനുള്ള അവകാശം ഓരോ പൗരനുമുണ്ട്. അത് നിഷേധിക്കരുത്.അറിയാനുള്ള അവകാശം മൗലീകാവകാശമായി നൽകിയ മഹത്തായ ഭരണഘടനയാണ് നമ്മുടേത്. ഈ അവകാശത്തിന്റെ ലംഘനമാണ് സി എ ജി ഓഡിറ്റ് നിഷേധിക്കുന്നത് വഴി സർക്കാർ നടത്തുന്നത്. വിവരാവകാശ നിയമത്തെ അടക്കം തകർക്കുന്ന നരേന്ദ്ര മോദി സർക്കാരിന്റെ കേരള പതിപ്പായി പിണറായി സർക്കാർ മാറിയിരിക്കുന്നു.കിഫ്ബിയുടെ പ്രവർത്തങ്ങൾ സുതാര്യമല്ല എന്നും അതിനാൽ സി എ ജിയുടെ സമ്പൂർണ ഓഡിറ്റ് നടത്തേണ്ടത് അനിവാര്യമെന്നും ചൂണ്ടിക്കാട്ടി ഞാൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിന് അദ്ദേഹം ഇതുവരെ മറുപടി നൽകിയിട്ടില്ലെന്നാണ് ചെന്നിത്തലയുടെ കുറ്റപ്പെടുത്തൽ.

കിഫ്ബിയുടെയും, കണ്ണൂർ എയർപോർട്ടിന്റെയും സി എ ജി ഓഡിറ്റ് സംബന്ധിച്ചു ഉന്നയിച്ച കാര്യങ്ങളെ കുറിച്ചു മുഖ്യമന്ത്രിയും ധനമന്ത്രിയും വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞു മാറുന്നത് ദുരൂഹമാണ്.കിയാലിൽ എന്തു കൊണ്ട് സി.എ.ജി ഓഡിറ്റിങ് അനുവദിക്കുന്നില്ല എന്ന വാർത്താ ലേഖകരുടെ ചോദ്യത്തിന് സിയാലിൽ ഏതു തരം ഓഡിറ്റാണ് നടക്കുന്നത് എന്ന മറു ചോദ്യമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ചോദിച്ചത്. മുഖ്യമന്ത്രി ബോധപൂർവ്വം തെറ്റിദ്ധരിപ്പിക്കാൻ നോക്കുകയാണ്. കേന്ദ്ര സർക്കാരിന്റെ മിനിസ്ട്രി ഓഫ് കോർപ്പറേറ്റ് അഫയേഴ്സിന്റെ രേഖകൾ പ്രകാരം കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് എന്ന കിയാൽ സംസ്ഥാന ഗവൺമെന്റ് കമ്പനിയാണ്. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് എന്ന സിയാൽ ഗവൺമെന്റ് ഇതര കമ്പനിയുമാണ്. ഈ വസ്തുത മുഖ്യമന്ത്രിക്ക് അറിയാത്തതല്ല. മനഃപൂർവ്വം തെറ്റിദ്ധരിപ്പിക്കുകയാണ് അദ്ദേഹമെന്ന് ചെന്നിത്തല പറയുന്നു.

കണ്ണൂർ എയർപോർട്ടിൽ സർക്കാരിനും സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതു മേഖലാ സ്ഥാപനങ്ങൾക്കും കൂടി 64%ത്തോളം ഓഹരികളുണ്ട്. എന്നാൽ സിയാലിൽ 32.41% ഓഹരികൾ മാത്രമേ ഉള്ളൂ. 51% ഓഹരികൾ ഉണ്ടെങ്കിലേ സർക്കാർ കമ്പനിയാകൂ. യു ഡി എഫ് ഭരിച്ചിരുന്ന 2015-16 സാമ്പത്തിക വർഷം വരെ കണ്ണൂർ എയർപോർട്ടിലെ (കിയാൽ ) അക്കൗണ്ടുകളെ സി ആൻഡ് എ ജി ഓഡിറ്റിന് വിധേയമാക്കിയിരുന്നു. എന്നാൽ ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം 28 ജൂൺ 2017 നാണു കിയാൽ അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യുവാൻ സി എ ജിക്കു അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ കിയാൽ എം ഡി, സി എ ജിക്കു കത്ത് നൽകിയത്. ഈ കത്തിൽ ഉയർത്തിയ വാദങ്ങൾ വിചിത്രവും വസ്തുതാവിരുദ്ധവുമായിരുന്നു. കിയാലിൽ സർക്കാരിന് വെറും 35 ശതമാനം മാത്രമേ ഓഹരികൾ ഉള്ളു എന്നും അതിനാൽ അത് കമ്പനി ആക്ട് പ്രകാരം സർക്കാർ കമ്പനിയല്ല എന്നുമാണ് കിയാൽ നൽകിയ കത്തിൽ പറയുന്നത്.-ഇതാണ് ചെന്നിത്തല ചർച്ചയാക്കുന്നത്.

ഇതിനു സി എ ജി നൽകിയ മറുപടിയിൽ കിയാലിന്റെ ഈ വാദങ്ങളെല്ലാം പൊള്ളയാണെന്ന് തെളിയിക്കുന്നു. കിയാലിൽ സർക്കാരിനും, പൊതുമേഖല സ്ഥാപനങ്ങൾക്കും കൂടി 65 ശതമാനത്തോളം ഓഹരികൾ ഉണ്ടെന്ന വസ്തുത സി.എ.ജി മറുപടിയിൽ ചൂണ്ടിക്കാട്ടി. അതിനാൽ ഇത് സർക്കാർ കമ്പനിയാണെന്നും , കമ്പനി നിയമപ്രകാരം ഈ കമ്പനിയെ 'ഡീംഡ് കമ്പനിയായി' കണക്കാക്കി സി എ ജി ഓഡിറ്റിന് വിധേയമാക്കണമെന്ന് സി എ ജി പറഞ്ഞു. കേന്ദ്ര കോർപ്പറേറ്റ് മന്ത്രാലയത്തിൽ നിന്നും ഇത് സംബന്ധിച്ചു വ്യക്തത വരുത്തിയ ശേഷമാണ് സി എ ജി സർക്കാരിന് മറുപടി നൽകിയത് എന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്. സർക്കാരിന്റെ വാദം പൊള്ളയാണെന്ന് സി എ ജി തെളിയിച്ചിട്ടും, കിയാൽ അക്കൗണ്ടുകളിൽ സി എ ജി ഓഡിറ്റിന് അനുമതി നൽകാത്തത് ദുരൂഹമാണ്. ഇതിന്റെ കാരണങ്ങൾ എന്തായിരിക്കാം എന്നതിന്റെ സൂചനകൾ 2015-16 വർഷത്തിലെ സി എ ജി ഓഡിറ്റ് റിപ്പോർട്ടിലുണ്ട്.

1999 ൽ യു ഡി എഫ് സർക്കാർ കൊണ്ടുവന്ന കിഫ്ബി നിയമത്തിൽ സി എ ജിക്ക് കിഫ്ബി ഫണ്ടുകൾ ഓഡിറ്റ് ചെയ്യാനുള്ള അധികാരം നൽകിയിരുന്നു. കിഫ്ബി നിയമത്തിൽ കിഫ്ബി ഫണ്ട് സ്‌കീമിനായി ഉണ്ടാക്കിയ ചട്ടം 16 (6) പ്രകാരമാണ് സിഎജിക്ക് കിഫ്ബിയുടെ ഫണ്ടുകൾ ഓഡിറ്റ് ചെയ്യാനുള്ള അധികാരം നൽകിയിരുന്നത്. എന്നാൽ 2010 ലും , 2016 ലും എൽ ഡി എഫ് സർക്കാർ കൊണ്ടുവന്ന നിയമ ഭേദഗതിയിലൂടെ സി എ ജിക്കു നൽകിയ ഓഡിറ്റ് അവകാശം എടുത്തുകളയുകയായിരുന്നു. ഇതിനെതിരെ അന്ന് യു ഡി എഫ് നിയമസഭയിൽ ഉയർത്തിയ പ്രതിഷേധം സർക്കാർ അവഗണിക്കുകയാണ് ചെയ്തത്. സി എ ജി നിയമം 1971 ലെ വകുപ്പ് 20 (2) പ്രകാരം കിഫ്ബിയുടെ ഫണ്ട് വിനിയോഗം ഓഡിറ്റ് ചെയ്യുവാനുള്ള അനുമതി നൽകണമെന്നാവശ്യപ്പെട്ട് 2018 മാർച്ച് 15 ന് സി എ ജി സംസ്ഥാന സർക്കാരിന് കത്ത് നൽകിയത്. സി എ ജി ആക്ടിലെ 14 (1) പ്രകാരം സി എ ജിക്ക് സർക്കാർ ഗ്രാന്റുകളുടെ പരിശോധന സ്വയമേവ ഏറ്റെടുക്കാൻ അധികാരമുണ്ട്. ഇത് പറഞ്ഞാണ് ധനമന്ത്രി തോമസ് ഐസക്ക് പുകമറ സൃഷ്ടിക്കുന്നത്. ഇത് പക്ഷെ പരിമിതവും , കിഫ്ബിയുടെ നിയമങ്ങൾക്ക് വിധേയവുമായിരിക്കണം. കിഫ്ബി യുടെ 43000 കോടി രൂപയുടെ പദ്ധതികളിൽ വെറും 10,000 കോടിയുടെ സർക്കാർ ഗ്രാന്റ് മാത്രമാണ് സി എ ജി ആക്ടിലെ 14 (1) പ്രകാരം ഓഡിറ്റ് ചെയ്യുവാൻ സാധിക്കുക.

ഈ സാഹചര്യത്തിലാണ് സി എ ജി ആക്ടിലെ 20 (2) പ്രകാരം കിഫ് ബി ഫണ്ട് ഓഡിറ്റ് ചെയ്യാനുള്ള അനുമതി നൽകണമെന്നാവശ്യപ്പെട്ട് സി.എ.ജി സർക്കാരിന് കത്ത് നൽകിയത്. പക്ഷേ സി എ ജിക്ക് കിഫ്ബി അക്കൗണ്ടുകൾ പരിശോധിക്കാനുള്ള അനുമതി നിഷേധിച്ചു കൊണ്ട് സർക്കാർ നൽകിയ മറുപടി വളരെ വിചിത്രമാണ്. നിലവിലെ കിഫ്ബി ആക്ട് പ്രകാരം സിഎജിക്ക് ഓഡിറ്റ് അനുമതിയില്ലെന്നും അത് ചെയ്താൽ നിക്ഷേപകർക്ക് തെറ്റായ സന്ദേശം നൽകുമെന്നുമായിരുന്നു സർക്കാരിന്റെ മറുപടി. കൂടാതെ കിഫ് ബി ആക്ടിലെ സെക്ഷൻ 6സി പ്രകാരം ഫണ്ട് വിനിയോഗം വിലയിരുത്താൻ ഫണ്ട് ട്രസ്റ്റി ആൻഡ് അഡൈ്വസറി കമ്മീഷൻ രൂപീകരിച്ചിട്ടുണ്ടെന്നും സർക്കാർ മറുപടിയിൽ വ്യക്തമാക്കുന്നു. ലോകത്തെവിടെയെങ്കിലും ഒരു സ്ഥാപനം സുതാര്യമാണെന്ന് അറിഞ്ഞാൽ നിക്ഷേപകർക്ക് ആത്മവിശ്വാസം കുറയും എന്ന പറയുന്നത് കേട്ടിട്ടുണ്ടോ? ചിലപ്പോൾ സ്വിസ് ബാങ്ക് അങ്ങനെയായിരിക്കാം.

അനുമതി നിഷേധിച്ചുകൊണ്ടുള്ള സർക്കാരിന്റെ കത്തിന് 2/8/2018 തീയതിയിൽ സി എ ജി നൽകിയ മറുപടിയിൽ സർക്കാരിന്റെ വാദങ്ങളെ പൂർണ്ണമായും തള്ളിക്കളയുന്നു. ഫണ്ട് ട്രസ്റ്റി ആൻഡ് അഡൈ്വസറി കമ്മീഷന്റെ അധികാരങ്ങൾ പരിമിതമാണെന്നും അവർക്ക് കിഫ് ബി ഫണ്ടുകളുടെ പൂർണ്ണമായ ഓഡിറ്റ് നടത്താനുള്ള അധികാരമില്ല എന്നുമാണ് സി എ ജി യുടെ മറുപടി. കൂടാതെ കിഫ്ബി ഫണ്ടുകൾ സി എ ജി ഓഡിറ്റ് ചെയ്യുന്നത് നിക്ഷേപകർക്ക് ആത്മവിശ്വാസം വർദ്ധിപ്പിക്കുകയാണ് ചെയ്യുകയെന്നും സി എ ജി കത്തിൽ പറയുന്നു.

ഫണ്ട് ട്രസ്റ്റി ആൻഡ് അഡൈ്വസറി കമ്മീഷൻ ഇപ്പോൾ നിലവിലുണ്ടോ എന്ന കാര്യം സംശയകരമാണ് ന്നെതാണ് മറ്റൊരു കാര്യം. കിഫ്ബി ആക്ട് 2016 ലെ 6ഇ (3) പ്രകാരം ഫണ്ട് ട്രസ്റ്റി ആൻഡ് അഡൈ്വസറി കമീഷന്റെ കാലാവധി രണ്ടു വർഷമാണ്. വിനോദ് റായ് ചെയർമാനായ കമ്മീഷനെ നിയമിച്ചത് ഏപ്രിൽ 15, 2017 നാണ്. പ്രസ്തുത കമ്മീഷന്റെ കാലാവധി നീട്ടിനൽകിയ ഉത്തരുവുകൾ ഒന്നും കിഫ്ബിയുടെ വെബ് സൈറ്റിൽ ലഭ്യവുമല്ല. അങ്ങനെയെങ്കിൽ ഫണ്ട് ട്രസ്റ്റി ആൻഡ് അഡൈ്വസറി കമ്മീഷൻ നിയമപരമായി ഇപ്പോൾ നിലവിലില്ല. ഇതിനു ധനമന്ത്രി വ്യക്തത വരുത്തണം. കിഫ്ബി കൂടുതൽ സുതാര്യമാക്കണമെന്ന പ്രതിപക്ഷത്തിന്റെ വാദം ഊട്ടി ഉറപ്പിക്കുന്നതാണ് സി എ ജി ഉന്നയിച്ച കാര്യങ്ങൾ. സംസ്ഥാനത്തിന്റെ സഞ്ചിത നിധി ഗ്യാരണ്ടിയായി നൽകി എടുക്കുന്ന ഓരോ രൂപയും പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് പൊതുവിൽ ഉയരുന്ന ആവശ്യം.

കിഫ്ബി നടത്തിയ ദുരൂഹമായ മസാല ബോണ്ട് ഇടപാടുകൾ അടക്കമുള്ള കാര്യങ്ങൾ സി എ ജി പരിശോധിക്കണം. അവ പുറത്തു വന്നാൽ പലരുടെയും കൈ പൊള്ളും. ആ പേടിയാണ് ഒരു പരിശോധനയും വേണ്ടെന്ന സർക്കാർ നിലപാടെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP