Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗുരുതരമായ മരുന്നു ക്ഷാമം സർക്കാരിനെ പലതവണ അറിയിച്ചു; ജനരോഷം നേരിടേണ്ടി വരുന്നത് ഡോക്ടർമാരും; ഡോക്ടർമാരുടെ നൂറ്റമ്പതോളം ഒഴിവുകൾ ദീർഘനാളായി നികത്താതെ നിൽക്കുന്നു; എന്നിട്ടും ഉത്തരവാദിത്തം ഡോക്ടർമാരിൽ അടിച്ചേൽപ്പിക്കുന്നു: ആരോഗ്യമന്ത്രിക്ക് എതിരെ കെജിഎംഒഎ

ഗുരുതരമായ മരുന്നു ക്ഷാമം സർക്കാരിനെ പലതവണ അറിയിച്ചു; ജനരോഷം നേരിടേണ്ടി വരുന്നത് ഡോക്ടർമാരും; ഡോക്ടർമാരുടെ നൂറ്റമ്പതോളം ഒഴിവുകൾ ദീർഘനാളായി നികത്താതെ നിൽക്കുന്നു; എന്നിട്ടും ഉത്തരവാദിത്തം ഡോക്ടർമാരിൽ അടിച്ചേൽപ്പിക്കുന്നു: ആരോഗ്യമന്ത്രിക്ക് എതിരെ കെജിഎംഒഎ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: തിരുവല്ല താലൂക്ക് ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തിയ ആരോഗ്യമന്ത്രി വീണാ ജോർജിന് എതിരെ സർക്കാർ ഡോക്ടർമാരുടെ സംഘടന കെജിഎംഒഎ. മരുന്നു ക്ഷാമം അടക്കമുള്ള വിഷയങ്ങളുടെ പേരിൽ മന്ത്രി ഡോക്ടർമാർക്കെതിരെ നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്ന വിമർശനമാണ് കെജിഎംഒഎ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ നിലനിൽക്കുന്ന ഗുരുതരമായ മരുന്ന് ക്ഷാമവും അനുബന്ധ പ്രശ്നങ്ങളും മന്ത്രിയെ നേരിട്ട് തന്നെ അറിയിച്ചതാണെന്ന് കെജിഎംഒഎ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

പല പ്രാവശ്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി. മരുന്നുകളുടെ അഭാവം, ലഭ്യമായവയുടെ ഗുണ നിലവാരമില്ലായ്മ, രോഗീ വർധനവിന് ആനുപാതികമായി മരുന്നുകളുടെ വിതരണത്തിലെ അപര്യാപ്തത തുടങ്ങി സർക്കാർ ആശുപത്രികൾ നേരിടുന്നത് ഗുരുതര സാഹചര്യമാണ്. പല ആശുപത്രികളിലും മരുന്ന് ക്ഷാമം കാരണമുള്ള ജനരോഷം നിത്യേന ഡോക്ടർമാർ നേരിടുന്ന സാഹചര്യത്തിൽ മന്ത്രിയുടെ ഭാഗത്തു നിന്നും ഉണ്ടായ നിരുത്തരവാദപരമായ ഈ സമീപനം തെറ്റായ സന്ദേശമാണ് പൊതുജനങ്ങൾക്ക് നൽകുന്നത്.

സർക്കാർ സംവിധാനങ്ങൾ വഴി ആവശ്യത്തിന് മരുന്നുകൾ ലഭിക്കുന്നില്ല. ആശുപത്രി മേധാവികൾ മറ്റു ഫണ്ടുകൾ കണ്ടെത്തി മരുന്നുകൾ വാങ്ങണം എന്ന നിലവിലെ നിർദ്ദേശം. അത് തീർത്തും അപ്രായോഗികമാണ്. ആശുപത്രികളിലെ മരുന്നുക്ഷാമത്തിന്റെ ഉത്തരവാദിത്തം സർക്കാർ ഡോക്ടർമാരുടെ മേൽ അടിച്ചേല്പിച്ച് ആരോഗ്യ വകുപ്പിന് കൈകഴുകയാണ്. ഇത്തരം നടപടികൾ അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

സ്ഥാപന മേധാവികൾ വിചാരിച്ചാൽ നിമിഷനേരം കൊണ്ട് മരുന്നുകൾ വാങ്ങാൻ പറ്റുന്ന നടപടിക്രമങ്ങളല്ല നിലവിലുള്ളത്. മരുന്നുകളുടെ വാർഷിക ഇൻഡന്റ് കൊടുത്തതിനു ശേഷം മറ്റു മാർഗങ്ങളിലൂടെ മരുന്നുകൾ വാങ്ങുന്നതും, മുൻ വർഷങ്ങളിൽ ഓർഡർ ചെയ്ത മരുന്നുകൾ പോലും ഇപ്പോഴും ലഭ്യമാകാത്തതും തുടങ്ങി സ്ഥാപന മേധാവികൾക്ക് ഓഡിറ്റ് തടസങ്ങളും സാമ്പത്തിക ബാധ്യതകളും നേരിടേണ്ടി വരും.

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ നിലനിൽക്കുന്ന രൂക്ഷമായ മരുന്ന് ക്ഷാമം പരിഹരിക്കുവാനും ഗുണ നിലവാരമുള്ള മരുന്നുകൾ എത്രയും പെട്ടന്നു ലഭ്യമാക്കുവാനുള്ള ക്രിയാത്മകമായ ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തു നിന്നു എത്രയും പെട്ടെന്ന് ഉണ്ടാവണം

സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ പൊതുവെ ഡോക്ടർമാരുടേതുൾപ്പടെ മാനവ വിഭവ ശേഷിയുടെ വലിയ കുറവാണ് നിലവിലുള്ളത്. ഡോക്ടർമാരുടെ നൂറ്റമ്പതോളം ഒഴിവുകൾ ദീർഘനാളായി നികത്താതെ നിൽക്കുന്നു. മുൻ വർഷങ്ങളിൽ പകർച്ച വ്യാധികൾ വർധിക്കുന്ന വർഷകാല സമയത്ത് അധിക ഡോക്ടർമാരെ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്ന രീതിയും ഈ വർഷം ഉണ്ടായിട്ടില്ല.

ഒ പി ചികിത്സക്ക് പുറമെ മറ്റ് ഡ്യൂട്ടികൾ ഉള്ള ഡോക്ടർമാർ ഒഴികെ ബാക്കിയുള്ളവരെല്ലാം ഒ പി യിൽ ഉണ്ടായിട്ടും ഇന്നലെ മന്ത്രിയുടെ സന്ദർശന വേളയിൽ തിരുവല്ലയിൽ നടന്ന സംഭവങ്ങൾ അമിത ജോലിഭാരം ആത്മാർഥമായി തന്നെ ഏറ്റെടുക്കുന്ന ഡോക്ടർമാരുടെ മനോവീര്യം തകർക്കുന്നതാണ്.

അടിസ്ഥാന വിഷയങ്ങൾ പരിഹരിക്കാതെ ഡോക്ടർമാരെ പ്രതിസ്ഥാനത്തു നിർത്തി ബലിയാടാക്കുന്ന സമീപനം തീർത്തും പ്രതിഷേധാർഹവും സാമാന്യനീതിക്കു നിരക്കാത്തതും ആണ്. ഇതിൽ സംഘടന ശക്തമായി പ്രതിഷേധിക്കുന്നുവെന്നും പ്രസിഡന്റ് ഡോ: ജി എസ് വിജയകൃഷ്ണൻ, ജനറൽ സെക്രട്ടറി ഡോ: ടി എൻ സുരേഷ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP