Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണയെ ഒതുക്കിയ വയനാട്ടിൽ വില്ലനായി കുരങ്ങ് പനി; ഇന്ന് ഒരാൾ കൂടി മരിച്ചതോടെ കുരങ്ങ് പനി മൂലം മരിച്ചവരുടെ എണ്ണം രണ്ടായി; രോഗം സ്ഥിരീകരിച്ച 19 പേരിൽ 16 ഉം തിരുനെല്ലി പഞ്ചായത്തിൽ നിന്നുള്ളവർ; 6700-ലധികം പേർക്ക് കുത്തിവയ്‌പ്പ് നടത്തി രോഗവ്യാപനത്തിന് തടയിടാൻ ആരോഗ്യവകുപ്പും

മറുനാടൻ ഡെസ്‌ക്‌

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കുരങ്ങുപനി മരണം സ്ഥിരീകരിച്ചു. ഏപ്രിൽ 13നു കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച മാനന്തവാടി നാരങ്ങാക്കുന്ന് കോളനിയിലെ മാരി എന്നയാൾക്കാണ് കുരങ്ങുപനിയായിരുന്നുവെന്ന് സ്ഥിരീകരിച്ചത്.ഇതോടെ സംസ്ഥാനത്തു ഈവർഷം കുരങ്ങുപനി ബാധിച്ചു മരിച്ചവരുടെ എണ്ണം രണ്ടായി. അതേസമയം ഏപ്രിൽ ആറിന് മരിച്ച മാനന്തവാടി സ്വദേശി രാജു എന്നയാളുടെ മരണ കാരണവും കുരങ്ങുപനി ആണെന്ന് സംശയം ഉയർന്നിട്ടുണ്ട്. ഇയാളുടെ സാമ്പിൾ എടുക്കാത്തതിനാൽ ഇനി രോഗം സ്ഥിരീകരികരിക്കാനും സാധിക്കില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.

കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കെ വയനാട്ടിലെ ആരോഗ്യവകുപ്പിന് വെല്ലുവിളിയായി കുരങ്ങുപനിയും പടർന്നിരിക്കുന്നത്.ഇന്നലെ മൂന്ന് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആശങ്കയിലാണ് ജില്ല. അതിനിടെ കുരങ്ങുപനിയുടെ ഹോട്ട് സ്പോട്ടായി മാറുകയാണ് തിരുനെല്ലി പഞ്ചായത്ത്. ഈവർഷം രോഗം സ്ഥിരീകരിച്ച 19 പേരിൽ 16 ഉം തിരുനെല്ലി പഞ്ചായത്തിൽ നിന്നുള്ളവരാണ്. രണ്ടുമരണവും ഈ പഞ്ചായത്തിലാണ്.

അപ്പപ്പാറ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പരിധിയിലെ നാരാങ്ങാക്കുന്ന് കോളനി, ബേഗൂർ കോളനി, മണ്ണുണ്ടി കോളനി എന്നിവിടങ്ങളിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ പ്രദേശങ്ങളിലെല്ലാം കുരങ്ങിനെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. രോഗവ്യാപനം തടയാനായി പഞ്ചായത്തുടനീളം ആരോഗ്യ വകുപ്പ് പ്രതിരോധകുത്തിവെപ്പ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നുണ്ട്. ഇതിനായി ബുധനാഴ്ച 3000 ഡോസ് വാക്സിൻ കർണാടകയിലെ ശിവമോഗയിൽ നിന്ന് എത്തിച്ചു.

അപ്പപ്പാറ കുടുംബാരോഗ്യകേന്ദ്രം, ബേഗൂർ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയുടെ നേതൃത്വത്തിലാണ് കുത്തിവെപ്പ് ക്യാമ്പുകൾ. തിരുനെല്ലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 6700-ലധികം പേർക്ക് ഇതിനോടകം കുത്തിവെപ്പ് നൽകി കഴിഞ്ഞു. അതേ സമയം വേനൽ കടുത്താൽ രോഗവ്യാപനത്തിന് സാധ്യത കുടുതലാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ആവശ്യമുള്ളവർ കുരങ്ങുപനിക്കെതിരെയുള്ള കുത്തിവെപ്പ് എടുക്കണമെന്നും വനത്തിൽ പോകുന്നത് പരമാവധി ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.

പകരുന്നതെങ്ങനെ?

കർണ്ണാടകയിലെ വനങ്ങളോട് ചേർന്നുള്ള പ്രദേശങ്ങളിലാണ് രോഗം ആദ്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഹീമോ ഫൈസാലിസ് വർഗ്ഗത്തിൽപെട്ട ചെള്ളുകളാണ് രോഗം പരത്തുന്നത്. ഈ രോഗത്തിന് കാരണമാകുന്ന വൈറസ് കുരങ്ങുകൾ, ചെറിയ സസ്തനികൾ, ചിലയിനം പക്ഷികൾ എന്നിവയിലാണ് കാണപ്പെടുന്നത്.ഇവയുടെ രക്തം കുടിക്കുന്ന ചെള്ളുകളുടെ കടിയേൽക്കുന്നതിലൂടെ രോഗാണു മനുഷ്യരിലെത്താം. രോഗാണു വാഹിയായ കുരങ്ങിലൂടെയും രോഗം മനുഷ്യരിലെത്താം.

ലക്ഷണങ്ങൾ

രോഗാണു ശരീരത്തിലെത്തി എട്ട് ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങും. ശക്തിയായ പനി, തലവേദന, ശരീരവേദന, വയറുവേദന,വയറിളക്കം എന്നിവയാണ് ലക്ഷണങ്ങൾ. രോഗം തലച്ചോറിനെ ബാധിച്ചാൽ ഗുരുതരമാകും. അപസ്മാര ലക്ഷണങ്ങളും പ്രകടിപ്പിച്ചേക്കാം.

രോഗം എങ്ങനെ കണ്ടെത്താം

ലക്ഷണങ്ങൾ പ്രകടമാകുന്ന ഘട്ടത്തിൽ പി.സി.ആർ ടെസ്റ്റ് വഴി സ്ഥിരീകരിക്കാൻ കഴിയും. എലിസാ ടെസ്റ്റ വഴിയും രോഗം കണ്ടെത്താം.

മുൻകരുതൽ 

രോഗം റിപ്പോർട്ട് ചെയ്താൽ ഇത്തരം മേഖലകളിലേക്കുള്ള യാത്രകൾ ഒഴിവാക്കണം. വനത്തിൽ പ്രവേശിക്കേണ്ടവർ ചെള്ള് കടിയേൽക്കാതിരിക്കാനുള്ള ലേപനങ്ങൾ പുരട്ടുകയും സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും വേണം. രോഗം ബാധിച്ച കുരങ്ങുകളുടെ ശരീരം മറവ് ചെയ്യുമ്പോഴും മുൻകരുതലെടുക്കണം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP