Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഷാനു ചാക്കോ നാട്ടിലെത്തിയത് കടുത്ത പ്രതികാര ബുദ്ധിയോടെ; വഴയിലയിലെ ഭാര്യവീട്ടിൽ നിന്നും കോട്ടയത്തേക്ക് പുറപ്പെട്ടത് എല്ലാ പദ്ധതിയുമിട്ട്; കെവിന്റെ കൊലയാളി പേരൂർക്കടയിൽ ഉണ്ടെന്ന കഥ പരന്നതോടെ നിരവധി പേർ വീട്ടിലേക്കെത്തി; സഹോദരിയെ വിവാഹം ചെയ്തവനോട് മുന്നും പിന്നും നോക്കാതെ പ്രതികാരം തീർക്കാൻ ഇറങ്ങിയപ്പോൾ വഴിയാധാരമായത് കർണ്ണാടകയിൽ നഴ്സായി ജോലി നോക്കുന്ന ഭാര്യയും

ഷാനു ചാക്കോ നാട്ടിലെത്തിയത് കടുത്ത പ്രതികാര ബുദ്ധിയോടെ; വഴയിലയിലെ ഭാര്യവീട്ടിൽ നിന്നും കോട്ടയത്തേക്ക് പുറപ്പെട്ടത് എല്ലാ പദ്ധതിയുമിട്ട്; കെവിന്റെ കൊലയാളി പേരൂർക്കടയിൽ ഉണ്ടെന്ന കഥ പരന്നതോടെ നിരവധി പേർ വീട്ടിലേക്കെത്തി; സഹോദരിയെ വിവാഹം ചെയ്തവനോട് മുന്നും പിന്നും നോക്കാതെ പ്രതികാരം തീർക്കാൻ ഇറങ്ങിയപ്പോൾ വഴിയാധാരമായത് കർണ്ണാടകയിൽ നഴ്സായി ജോലി നോക്കുന്ന ഭാര്യയും

അരുൺ ജയകുമാർ

തിരുവനന്തപുരം: കെവിൻ ജോസഫ് തന്റെ സഹോദരിയെ വിവാഹം കഴിച്ച വിവരമറിഞ്ഞ് ഷാനു ചാക്കോ നാട്ടിലെത്തിയത് കടുത്ത പ്രതികാര ബുദ്ധിയോടെയെന്ന് പൊലീസ് നിഗമനം. ശനിയാഴ്ച രാത്രിയാണ് സഹോദരി കെവിന്റെയൊപ്പം പോയ വിവരമറിഞ്ഞ ഷാനു തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. ഇവിടെ നിന്നും നേരെ അയാൾ പോയത് പേരൂർക്കട വഴയില രാധാകൃഷ്ണൻ ലെയിനിലെ ഭാര്യ ജെസ്സിയുടെ വീട്ടിലേക്കായിരുന്നു. ഒരു മണിക്കോറോളം മാത്രം അവിടെ ചിലവഴിച്ച ഷാനു എല്ലാം പദ്ധതിയിട്ട ശേഷമാണ് നാട്ടിലെത്തിയത്. എന്നാൽ ഭാര്യ ജെസ്സിയോടും അവരുടെ മാതാപിതാക്കളോടും ഷാനു പറഞ്ഞത് നീനുവിനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി തിരിച്ച് കൊണ്ട് വരണമെന്നാണ്. അക്രമിക്കാൻ പദ്ധതിയൊന്നുമില്ലെന്നാണ് ഷാനു ഇവരോട് പറഞ്ഞതെന്നാണ് പേരൂർക്കട പൊലീസിൽ ഇവർ പറഞ്ഞത്.

അതിനിടെ പ്രതി പേരൂർക്കടയിലെ ഭാര്യ വീട്ടിൽ തന്നെയുണ്ടെന്ന് പ്രദേശത്തെ ചിലർ പറഞ്ഞ് പരത്തിയതോടെ നാട്ടുകാരും വഴയില ജംങ്ഷൻ കേന്ദ്രീകരിച്ചുള്ള ഓട്ടോ തൊഴിലാളികളും കൊലയാളിയെ നേരിൽ കാണാനായി രാധാകൃഷ്ണൻ ലെയ്നിലെ 183ാം നമ്പർ വീട്ടിലേക്ക് എത്തി. ഭാര്യയുടെ വീട്ടുകാരെ ചോദ്യം ചെയ്യാനും ഷാനുവിനെ കുറിച്ച് അവർക്ക് അറിയാവുന്ന കാര്യങ്ങൾ ചോദിക്കുന്നതിനും വേണ്ടിയാണ് പോരൂർക്കട എസ്ഐ സമ്പത്തിന്റെ നേതൃത്വത്തിൽ പൊലീസ് ഇങ്ങോട്ട് എത്തിയത്. പിന്നീട് സർക്കിൾ ഇൻസ്പെക്ടർ സ്റ്റുവർട്ട് കീലറിന്റെ നേതൃത്വത്തിൽ വിശദമായി ഇവരെ ചോദ്യം ചെയ്യാൻ പൊലീസ് വീണ്ടുമെത്തിയതോടെയാണ് കൊലയാളി പേരൂർക്കടയിൽ തന്നെയുണ്ടെന്ന കഥ പരന്നത്. നിരവധി ആളുകൾ ഇവിടേക്ക് എത്തിയെങ്കിലും പൊലീസിനെ കാണാത്തതോടെ കാര്യം മനസ്സിലാക്കി തിരിച്ച് മടങ്ങി.

ഇതിനോടകം സംഭവമറിഞ്ഞ് കൂടുതൽ ആളുകൾ ഇവിടേക്കെത്തി. എന്നാൽ അടച്ച് കിടക്കുന്ന വീടാണ് നാട്ടുകാർ കണ്ടത്. വീട് അകത്ത് നിന്നും പൂട്ടിയ ശേഷം അകത്ത് തന്നെ കഴിയുകയാണ് ഷാനുവിന്റെ ഭാര്യ വീട്ടുകാർ. ഇടയ്ക്ക് ചില ബന്ധുക്കൾ ഇവരെ സന്ദർശിക്കാനെത്തിയപ്പോൾ മാത്രമാണ് വാതിൽ തുറന്ന് കാണപ്പെട്ടത്.ഇതിന് പിന്നാലെ സ്ഥലത്തേക്ക് മാധ്യമങ്ങൾ കൂടിയെത്തിയതോടെ പ്രതി ഇവിടെയുണ്ടെന്ന് കഥയ്ക്ക് വിശ്വാസ്യതയേറി. സംഭവത്ത തുടർന്ന് നിരവധി നാട്ടുകാരും മാധ്യമ പ്രവർത്തകരും സ്ഥലതെത്തുകയും തങ്ങളുടെ വീടിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തത് ശ്രദ്ധയിൽപെട്ടതോടെ നാണക്കേട് കാരണം കുടുംബം വീടിന് പുറത്തിറങ്ങാത്ത അവസ്ഥയിലാവുകയായിരുന്നു.

ഇതിന് പിന്നാലെ ഇവർ പേരൂർക്കട പൊലീസിൽ ബന്ധപ്പെട്ടെങ്കിലും തങ്ങൾക്ക് ഇതിൽ ഒന്നും ചെയ്യാനാകില്ലെന്നും ഇത് സ്വാഭാവികമായി സംഭവിക്കുന്ന കാര്യമാണെന്നും പൊലീസ് പറഞ്ഞു. ഇതേ തുടർന്ന് ഇപ്പോൾ താമസിക്കുന്ന സ്ഥലത്ത് നിന്നും തങ്ങൾ മാറിയേക്കും എന്നും കുടുംബം പൊലീസിനോട് അറിയിച്ചതായും എന്നാൽ അന്വേഷണവുമായി സഹകരിക്കുമെന്നുമാണ് സൂചന.അതേസമയം തങ്ങളുടെ പരിസരത്ത് ഇത്തരം സംഭവ വികാസങ്ങൾ നടന്നതിന്റെ അന്താളിപ്പിലാണ് നാട്ടുകാർ.

അതേസമയം ഷാനുവിന്റെ ഭാര്യ വീട്ടുകാർക്ക് നാട്ടുകാരുമായി വലിയ അടുപ്പമൊന്നും ഇല്ല. ഷാനുവിന്റെ ഭാര്യയുടെ മാതാപിതാക്കളും മിശ്രവിവാഹിതരാണ്. ഭാര്യ കർണ്ണാടകയിൽ നഴ്സായി ജോലി ചെയ്യുകയാണ്. ഇവർ ഇടയ്ക്ക് പേരൂർക്കടയിലെ വീട്ടിലാണ് അവധിക്ക് വരുന്നത്. മൂന്ന് വർഷം മുൻപ് ഷാനുവും ജെസ്സിയും തമ്മിലുള്ള വിവാഹം ആർഭാടപൂർവ്വമായിട്ടാണ് നടത്തിയതെന്നും എന്നാൽ എല്ലാ അയൽവാസികളേയും ഇതിലേക്ക് ക്ഷണിച്ചിരുന്നുമില്ല. സഹോദരിക്ക് വേണ്ടി എടുത്തുചാടിയുള്ള ഷാനു ചാക്കോയുടെ പ്രവർത്തി കാരണം ജെസ്സിയും വഴിയാധാരമായ അസ്ഥയിലാണ്.

കെവിനെ കൊലപ്പെടുത്തിയ ശേഷം ഷാനു ബംഗളൂരുവിലേക്ക് കടക്കുകയാണ് ചെയ്തത്. പിതാവിനെയും ഒപ്പം കൂട്ടിയാണ് ഷാനു സ്ഥലം വിട്ടത്. പൊലീസ് പിന്തുടരുന്നുണ്ട് എന്ന് ബോധ്യമായതോടെ ഇരുവരും പൊലീസിൽ കീഴടങ്ങുകയായിരുന്നു. കണ്ണൂർ ഇരിട്ടിയിലെ കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനിലെത്തിയാണ് പ്രതികൾ കീഴടങ്ങിയത്. കെവിൻ കൊലപാതക കേസിൽ ഒന്നാം പ്രതിയാണ് ഷാനു ചാക്കോ. പിതാവായ ചാക്കോ കേസിലെ അഞ്ചാം പ്രതിയുമാണ്.

അതിനിടെ മാതാപിതാക്കളുടെ അറിവില്ലാതെ സഹോദരൻ ഷാനുവും സംഘവും കെവിനെ കൊലപ്പെടുത്താൻ സാധ്യതയില്ലെന്ന് നീനുവും മൊഴി നൽകിയിരുന്നു. കൂടാതെ, നിയാസ് കെവിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും നീനു വ്യക്തമാക്കുകയുണ്ടായി. കെവിൻ താഴ്ന്ന ജാതിക്കാരനായതുകൊണ്ടാണ് കൊല നടത്തിയതെന്ന നീനുവിന്റെ ബന്ധുവും കേസിലെ പ്രതിയുമായ നിയാസിന്റെ ഉമ്മ ലൈലാ ബീവിയുടെ വെളിപ്പെടുത്തൽ പുറത്തുവരുകയുണ്ടായി. താഴ്ന്ന ജാതിക്കാരനെ സ്വീകരിക്കില്ലെന്ന നിലപാടിലായിരുന്നു ചാക്കോയും രഹനയും. ഇരുവരും നേരിട്ടാണ് വാഹനം ഏർപ്പാടാക്കണമെന്ന് നിയാസിനോട് ആവശ്യപ്പെട്ടതെന്നും ലൈല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP