Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഓലക്കുട ചൂടിയ ചതുർബാഹുവായ അവതാരമൂർത്തി തലയിൽ പാദം വച്ചു; കൈകൂപ്പി തൊഴുത് മഹാബലി: ഭഗവാൻ വിഷ്ണുവിന്റെ പഞ്ചാവതാര ദിനത്തിൽ എല്ലാ ദേശ് നിവാസികൾക്കും വാമനജയന്തി ആശംസകൾ; വിവാദം കൊഴുപ്പിച്ച് സംഘപരിവാർ വഴിയേ അമിത് ഷായുടെ തിരുവോണാശംസ

ഓലക്കുട ചൂടിയ ചതുർബാഹുവായ അവതാരമൂർത്തി തലയിൽ പാദം വച്ചു; കൈകൂപ്പി തൊഴുത് മഹാബലി: ഭഗവാൻ വിഷ്ണുവിന്റെ പഞ്ചാവതാര ദിനത്തിൽ എല്ലാ ദേശ് നിവാസികൾക്കും വാമനജയന്തി ആശംസകൾ; വിവാദം കൊഴുപ്പിച്ച് സംഘപരിവാർ വഴിയേ അമിത് ഷായുടെ തിരുവോണാശംസ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മലയാളികളുടെ ദേശീയോത്സവമായ ഓണത്തിന്, കേരളീയർക്ക് വാമന ജയന്തി ആശംസ നേർന്നു കൊണ്ട് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ ഫേസ്‌ബുക്ക് പോസ്റ്റ്. എല്ലാവർക്കും വാമന ജയന്തി ആശംസകൾ എന്നാണ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അമിത് ഷാ പറയുന്നത്. വാമനൻ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്‌ത്തുന്ന ചിത്രത്തിനൊപ്പമാണ് പോസ്റ്റ് ഇട്ടിരിക്കുന്നത്. ഇതിൽ ചതുർബാഹിയായ വാമനചിത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. മഹാബലി, തൊഴുകൈകളുമായി വാമനന്റെ അനുഗ്രഹത്തിനായി ഇരിക്കുന്നതാണ് ചിത്രം. തിരുവോണത്തെ വാമനജയന്തിയാക്കി ആഘോഷിക്കണമെന്ന സംഘപരിവാർ ആവശ്യത്തിന്റെ തുടർച്ചയായാണ് അമിത് ഷായുടെ പോസ്റ്റ്. ഇതോടെ തിരുവോണത്തിന്റെ ഐതീഹ്യത്തിൽ ദേശീയ തലത്തിൽ തന്നെ ചർച്ച ഉയർന്നു വരും.

ആർ.എസ്.എസിന്റെ, മുഖപത്രമായ 'കേസരി'യിൽ വന്ന ലേഖനത്തിൽ വാമന ജയന്തിയാണ് തിരുവോണം എന്ന് പറഞ്ഞിരുന്നു. തിരുവോണം എന്നാൽ വാമനാവതാര ദിനമാണെന്നും ശ്രാവണ മാസത്തിലെ തിരുവോണം വാമനജയന്തിയാണെന്നുമായിരുന്നു ലേഖനത്തിൽ പറഞ്ഞിരുന്നത്. സത്യസന്ധനും നീതിമാനും ധർമിഷ്ഠനുമായ മഹാബലിയെ വാമനൻ പാതാളത്തിലേക്ക് ചവിട്ടിത്താഴ്‌ത്തിയിട്ടില്ല. തന്റെ ഐശ്വര്യത്തിൽ അൽപം അഹങ്കരിച്ചുപോയ മഹാബലിയുടെ അഹങ്കാരത്തെ നീക്കി അനുഗ്രഹിക്കുകയാണ് വാമനൻ ചെയ്തതെന്നും ലേഖനത്തിൽ വിശദീകരിക്കുന്നുണ്ട്. ഇതു സംബന്ധിച്ച വിവാദങ്ങൾക്കിടെയാണ് അമിത് ഷായുടെ ഫേസ്‌ബുക്ക് പോസ്റ്റ്. ഇത്തവണ ആദ്യമായാണ് വാമനജയന്തിയായി ഓണത്തെ ആഘോഷിക്കണമെന്ന നിലപാട് ആർഎസ്എസ് പരസ്യമായെടുത്തത്. ഇത് അമിത് ഷായും പിന്തുണയ്ക്കുന്നുവെന്നതാണ് ഈ പോസ്റ്റിലൂടെ വ്യക്തമാകുന്നത്.

ആർഎസ്എസിന്റെ മുഖമാസികയായ 'കേസരി'യുടെ ഓണപ്പതിപ്പിലാണ് ഓണം വാമന ജയന്തിയാണെന്ന് വിളംബരം ചെയ്തിരുന്നു്. ഓണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന മഹാബലിയുടെ കഥ സത്യമല്ലെന്നും ബ്രാഹ്മണനായ വാമനനെ വാഴ്‌ത്തുന്നതാണ് ഓണമെന്നും ആർഎസ്എസ് പ്രചരിപ്പിക്കുന്നു. വാമനന്റെ മുഖചിത്രം ആലേഖനം ചെയ്ത ഓണപ്പതിപ്പിൽ 'തിരുവോണം എന്ന വാമനജയന്തി ആഘോഷം' എന്ന ലേഖനത്തിലാണ് ആർഎസ്എസ് ഓണാഘോഷ കഥകളോടുള്ള തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം സംസ്‌കൃത കോളേജിലെ അദ്ധ്യാപകനായ ഡോ. കെ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയായിരുന്നു ലേഖകൻ. നമ്പൂതിരിമാർ വിളവെടുപ്പുത്സവവും വാമനജയന്തിയും കൂട്ടിയിണക്കി ഓണാഘോഷം തുടങ്ങിയിരിക്കാമെന്ന് അഭിജ്ഞർ പറയുന്നതായി ലേഖനത്തിലൂടെ സ്ഥാപിക്കാനാണ് ശ്രമം. മഹാബലി കേരളം കാണാൻ വരുന്നുവെന്നുള്ള കഥ ജനങ്ങളെ ആകർഷിക്കാൻ പിന്നീട് കൂട്ടിച്ചേർത്തതായിരിക്കുമെന്നും ലേഖനത്തിലുണ്ട്. നല്ലവനായ മഹാബലിയെന്ന ദളിതനായ അസുര ചക്രവർത്തിയെ വാമനനെന്ന സവർണർ ചതിച്ച്, ബലി അടക്കിവാണിരുന്ന മൂന്നുലോകവും രണ്ടടികൊണ്ടളന്നെടുത്ത്, മൂന്നാമത്തെ അടി അളന്നെടുക്കാൻ സ്ഥലമില്ലാതായതോടെ മഹാബലിയുടെ തലയിൽ ചവിട്ടി പാതാളത്തിലേക്കു താഴ്‌ത്തിയെന്ന കഥ അസത്യമാണെന്നും പുരാണങ്ങളിലും ഇതിഹാസങ്ങളിലും ഒന്നുംതന്നെ ഇതിന് ഉപോൽബലകമായ പരാമർശങ്ങളോ, വിവരണങ്ങളോ ഇല്ലെന്നും ലേഖനത്തിൽ പറയുന്നു. ഇത്രയും അസത്യമായ കഥ കേരളത്തിൽ മാത്രം എങ്ങനെ പ്രചരിച്ചുവെന്ന ചോദ്യവും ലേഖകൻ മുന്നോട്ടുവയ്ക്കുന്നു.

പരശുരാമ ക്ഷേത്രങ്ങളിൽ കുടിയേറിപ്പാർത്ത ബ്രാഹ്മണർ, പിന്നീട് ജന്മികളായി മാറിയെന്നും, അവർ വിളവെടുപ്പുൽസവത്തേയും വാമനജയന്തിയേയും ഒരുമിപ്പിച്ച് തിരുവോണമാക്കി മാറ്റിയെന്നുമുള്ള വാദമാണ് ആർഎസ്എസ് ഉന്നയിക്കുന്നത്. മലയാളികൾക്ക് കേട്ടുകേൾവിപോലുമില്ലാത്ത ഇത്തരം കഥകൾ ആർഎസ്എസ് ഇപ്പോൾ എവിടെനിന്നുകൊണ്ടുവന്നു എന്ന ചോദ്യം പ്രസക്തമാണ്. ഓണത്തിന്റെ ചരിത്രത്തെ മലയാളികൾക്ക് തെറ്റായി പഠിപ്പിച്ചുകൊടുത്തതാണെന്നാണ് ഈ ചോദ്യത്തിന് ആർഎസ്എസ് നൽകുന്ന മറുപടി. മഹാബലി അഹങ്കാരിയായിരുന്നു. അഹങ്കാരം ഇല്ലാതാക്കി മോക്ഷം നൽകുക മാത്രമാണ് വാമനായി വന്ന മഹാവിഷ്ണു ചെയ്തത്. കുടവയറും കപ്പടാമീശയുമായി ഓലക്കുട ചൂടിവരുന്ന മഹാബലിയല്ല ഓണത്തപ്പൻ. മലയാളികൾ ഓണത്തപ്പനായി ആരാധിക്കുന്നത് തൃക്കാക്കരയപ്പനായ വാമനമൂർത്തിയേയാണ്. മഹാബലി ജീവിച്ചിരുന്നപ്പോൾ കേരളം നിലവിലില്ലായിരുന്നു. നർമദാ നദിയുടെ തീരമായ 'ഭൃഗുകച്ഛ' എന്ന തീർത്ഥഭൂമിയിലാണ് മഹാബലി യാഗം നടത്തിയത്. മഹാബലിയുടെ മഹാ സാമ്രാജ്യമായിരുന്ന ഭാരതത്തിൽ മറ്റൊരിടത്തും ഇല്ലാത്ത ഓണാഘോഷം കേരളത്തിൽ മാത്രമെങ്ങനെ വന്നുവെന്നും ആർഎസ്എസ് മലയാളികളോട് ചോദിക്കുന്നുണ്ട്.

പരശുരാമൻ മഴുവെറിഞ്ഞ് കേരളമുണ്ടാക്കിയെന്നാണ് കഥ. വാമനാവതാരത്തിനു ശേഷമാണ് മഹാവിഷ്ണു പരശുരാമ അവതാരമെടുത്തത്. അപ്പോൾ പിന്നെ, കേരളം ഉണ്ടാകുന്നതിനുമുമ്പ് മഹാബലി എങ്ങനെ കേരളം ഭരിച്ചുവെന്നാണ് ആർഎസ്എസ് ഉന്നയിക്കുന്ന മറ്റൊരു ചോദ്യം. ആർഎസ്എസ് നേതാക്കളായ ശശികലയും, ശോഭാ സുരേന്ദ്രനുമെല്ലാം രണ്ടുവർഷമായി ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തുണ്ട്. അതിനുപിന്നാലെയാണ് തങ്ങളുടെ മുഖമാസികയിലൂടെ ഓണം വാമനജയന്തിയായി ആഘോഷിക്കണമെന്ന് ഉദ്‌ഘോഷിക്കുന്നത്. ഇതിന് ബിജെപി ദേശീയ അധ്യക്ഷനും പിന്തുണ നൽകുന്നു. തിരുവോണത്തെ ചർച്ചയാക്കി കേരളത്തിൽ വേരുപിടിക്കാനുള്ള പുതു തന്ത്രമാണ് ഇതിന് പിന്നിലെന്ന ആരോപണമാണ് സിപിഎമ്മും മറ്റും ആരോപിക്കുന്നത്. കോൺഗ്രസ് ഈ വിഷയത്തിൽ പരസ്യമായി പ്രതികരിച്ചിട്ടുമില്ല.

മഹാബലിയിൽ നിന്നും കേരളത്തെ മോചിപ്പിച്ച സ്വാതന്ത്ര സമര സേനാനിയാണ് വാമനൻ എന്ന് ശശികല ടീച്ചർ പറഞ്ഞതിന് തൊട്ടു പിന്നാലെ സൈബർ ട്രോളുകളും സജിവമായിരുന്നു. ഓണം എന്നത് വാമനജയന്തിയാക്കിയ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ പരഹസിച്ചും ഉരുളയ്ക്കുപ്പേരി പോലെ മറുപടി നൽകിയും സോഷ്യൽ മീഡിയ രംഗത്ത് വന്നത് ഏറെ ചർച്ചയായി. ശശികലയുടെ പരാമർശങ്ങൾക്കെതിരെ നിരവധി ആളുകൾ രംഗത്ത് വന്നിരുന്നു. ഓണം വാമനജയന്തിയായി ആഘോഷിക്കാൻ സംഘികൾ തീരുമാനിച്ചതറിഞ്ഞ് പാതി വഴിയിൽ മാവേലി തിരികെ പോയെന്ന് ഒരു ട്രോൾ. ശശികലയുടെ വിഷം കാരണം ഏറ്റവും വിഷം കൂടിയ ജീവി എന്ന ബഹുമതി ഇല്ലാതാകുമെന്ന് പാമ്പ് പരിതപിക്കുന്നതായി ട്രോളിൽ കളിയാക്കുന്നു. ചില മലയാളികൾ ഓണത്തിൽ വരെ വിഷം തളിക്കുന്നെന്ന് ട്രോളന്മാർ വിമർശിക്കുന്നു.

കേരളം ഭരിച്ച സാമ്രാജ്യത്വശക്തിയായ മഹാബലിയിൽ നിന്ന് കേരളത്തെ മോചിപ്പിച്ച സ്വാതന്ത്ര്യസമരസേനാനിയാണ് വാമനനെന്നായിരുന്നു ശശികലയുടെ വാക്കുകൾ. അദ്ധ്യാപക ദിനത്തിൽ എല്ലാ അദ്ധ്യാപകർക്കും ആശംസ നേർന്നിട്ടും ഇവർക്ക് നേരാഞ്ഞതിന് കാരണം ഇതാണെന്ന് ട്രോളുകൾ പറയുന്നു. ഇത്തരം ചർച്ചകൾ സജീവമാകുന്നതിനിടെയാണ് ബിജെപിയുടെ ദേശീയ അധ്യക്ഷനും ഓണത്തെ വാമനജയന്തിയാക്കുന്നത്.

തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (14.09.2016) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP