Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മിസ് ഇംഗ്‌ളണ്ട് സെമിഫൈനൽ ഉറപ്പിച്ച് മലയാളി സുന്ദരി; കഴിഞ്ഞ മൂന്നുവർഷവും ഫാഷൻ വേദികളിൽ നിറഞ്ഞിട്ടും തിളങ്ങാതെ പോയ ഗിഫ്റ്റി ഫിലിപ്പ് ഇംഗ്‌ളണ്ടിലെ താരസുന്ദരിയാകുമോ? കഴിഞ്ഞദിവസം മിസ് ലീഡ്‌സ് ആയതിന്റെ ആഹ്‌ളാദത്തിൽ ഗിഫ്റ്റി റാമ്പിലേക്ക്

മിസ് ഇംഗ്‌ളണ്ട് സെമിഫൈനൽ ഉറപ്പിച്ച് മലയാളി സുന്ദരി; കഴിഞ്ഞ മൂന്നുവർഷവും ഫാഷൻ വേദികളിൽ നിറഞ്ഞിട്ടും തിളങ്ങാതെ പോയ ഗിഫ്റ്റി ഫിലിപ്പ് ഇംഗ്‌ളണ്ടിലെ താരസുന്ദരിയാകുമോ? കഴിഞ്ഞദിവസം മിസ് ലീഡ്‌സ് ആയതിന്റെ ആഹ്‌ളാദത്തിൽ ഗിഫ്റ്റി റാമ്പിലേക്ക്

കെ ആർ ഷൈജുമോൻ

ലണ്ടൻ: മൂന്നു വർഷം മുൻപ്, മെയ് മൂന്നാം വാരത്തിലെ ഞായറാഴ്ച. കൃത്യമായി പറഞ്ഞാൽ 2014 മെയ് 18. ബ്രിട്ടനിലെ ഏറ്റവും പ്രൗഢ ഗംഭീരമായ വേദികളിൽ ഒന്നായ ഫെയർഫീൽഡ് ഹാൾ. ചുവന്ന കാർപ്പറ്റിൽ രാജകീയ പ്രൗഢിയിൽ പ്രോജ്വലിക്കുന്ന വേദിയും ഇരിപ്പിടവും. ത്രസിക്കുന്ന മനസ്സോടെ ഒരു സംഘം മലയാളി പെൺകുട്ടികൾ വേദിയിലേക്ക്.

ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റിന്റെ ഭാഗമായ മൂന്നാം എഡിഷൻ മിസ് കേരള സൗന്ദര്യ മത്സരം അതിന്റെ സകല വീറും വാശിയും കാട്ടി സൗന്ദര്യത്തിന്റെ മായാ കാഴ്ചകളിൽ രമിക്കുകയാണ്.

ഒപ്പത്തിനൊപ്പം മത്സരിച്ച പത്തു പെൺകുട്ടികളിൽ ഏറെ ആശയോടെ, തന്റെ ഭാവി ജീവിതത്തിൽ ഫാഷൻ രംഗത്തിനു കൂടി അൽപ്പം ഇടം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എത്തിയ ഒരു പെൺകുട്ടി ആദ്യ മൂന്നു സ്ഥാനക്കാരിൽ ഇടം പിടിക്കാതെ മിസ് ഫോട്ടോജെനിക് കിരീടം മാത്രം നേടി പിൻവാങ്ങുന്നു.

അവളുടെ പേര് അന്നവിടെ പലരും ശ്രദ്ധിച്ചിരിക്കണം. തീർച്ചയായും അവളുടെ കൺകോണുകളിൽ ചെറിയൊരു നീർത്തുള്ളി ഉരുണ്ടു കൂടിയിരിക്കാം. പക്ഷെ മനസ്സിൽ നിറഞ്ഞതു മൊത്തം വാശിയായിരിക്കണം. തോറ്റു പിന്മാറാൻ ഒരുക്കമല്ല എന്ന വാശി.

ആ വാശിക്ക് പുറകെ സഞ്ചരിക്കുമ്പോഴും പഠനത്തിൽ ഉഴപ്പാതെ നേരിട്ട് എഞ്ചിനീയറിഗിൽ നാനോ ടെക്‌നോളജിക്ക് യൂണിവേഴ്‌സിറ്റിയിൽ ബിരുദാനന്തര ബിരുദത്തിനു സെലെക്ഷൻ കിട്ടിയപ്പോൾ അഭിനന്ദനവും ആയി എത്തിയവരിൽ ബ്രിട്ടീഷ് മാധ്യമങ്ങളും ഉണ്ടായിരുന്നു. കഴിഞ്ഞ മൂന്നു വർഷവും ഫാഷൻ വേദികളിൽ പലവട്ടം എത്തിയിട്ടുള്ള, കഴിഞ്ഞ ദിവസം മിസ് ലീഡ്‌സ് ആയി തിരഞ്ഞെടുക്കപ്പെട്ട ഗിഫ്റ്റി ഫിലിപ്പ് എന്ന മലയാളി പെൺകുട്ടി ഒരാഴ്ചക്കകം മിസ് ഇംഗ്ലണ്ട് മത്സരത്തിന്റെ സെമി ഫൈനൽ വേദിയിൽ എത്തുകയാണ്.

പക്ഷെ അവിടെ അവൾക്കു മുന്നേറാൻ ബ്രിട്ടീഷ് മലയാളി വായനക്കാരുടെ ചെറിയൊരു സഹായം കൂടി ആവശ്യമുണ്ട്, സൗന്ദര്യത്തിനു ഒപ്പം പോപ്പുലാരിറ്റി കൂടി നിശ്ചയിച്ചു, സൗന്ദര്യത്തെ ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കു കൂടി സഹായകമാകുന്ന മിസ് ഇംഗ്ലണ്ട് മത്സരത്തിൽ അടുത്ത ഘട്ടത്തിലേക്ക് നീങ്ങുവാൻ ജനകീയ വോട്ടു കൂടി അത്യാവശ്യമാണ്.

അതിനാൽ ഗിഫ്റ്റിക്കു മിസ് സെമി കിരീടം ഉറപ്പിക്കുവാൻ ബ്രിട്ടീഷ് മലയാളിയുടെ മുഴുവൻ വായനക്കാരും മിസ് സെമിഫൈനൽ 23 എന്ന് ടൈപ്പ് ചെയ്തു 63333 എന്ന നമ്പറിലേക്ക് നിങ്ങളുടെ വോട്ടു ചെയ്യണമെന്ന് അഭ്യർത്ഥിക്കുകയാണ് ഈ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥിനി.

ഒരു മെസേജിനു 50 പെൻസ് ചെലവ് വരുമെങ്കിലും അതിലൂടെ മലയാളത്തിന്റെ സൗന്ദര്യം കൂടിയാണ് ലോകത്തിന്റെ നെറുകയിൽ എത്തുക. കാരണം ഇതാദ്യമായാണ് ഒരു മലയാളി പെൺകുട്ടി മിസ് ഇംഗ്ലണ്ട് കിരീടം തേടി സെമി ഫൈനൽ ഘട്ടം വരെ എത്തുന്നത്. അതിനാൽ, അവളുടെ വിജയം ഓരോ യുകെ മലയാളിയുടേതും കൂടിയാവുകയാണ്.

കാര്യമായ ഒരുക്കങ്ങൾ ഒന്നും ഇല്ലാതെയാണ് ഗിഫ്റ്റി മത്സരത്തിനായി വരുന്നത്. കാരണം ഈ ആഴ്ച മുതൽ വാർഷിക പരീക്ഷയുടെ തിരക്കിലാണ്. സൗന്ദര്യ മത്സരം എന്ന കാരണം പറഞ്ഞു പരീക്ഷയിൽ ഉഴപ്പാൻ ഇല്ലെന്നു ഗിഫ്റ്റി മനസ് തുറക്കുമ്പോൾ ഈ പെൺകുട്ടിയോടുള്ള ആദരവ് കൂടുകയേ ഉള്ളൂ. ഒരു പക്ഷെ മുഴുവൻ മലയാളി പെൺകുട്ടികൾക്കും മാതൃക ആക്കാവുന്ന് നിശ്ചയ ദാർഢ്യത്തിന്റെ ഉടമ. എന്നാൽ മിന്നുന്ന യുവത്വത്തിന്റെ പ്രതീകമായി വേദിയിൽ എത്തിയ 19 പെൺകൊടികൾ ഗിഫ്റ്റിക്കു മുന്നിൽ തോറ്റു പിന്മാറിയപ്പോഴാണ് മിസ് ലീഡ്‌സ് കിരീടം മലയാളി പെൺകുട്ടിയുടെ ശിരസ്സിൽ എത്തിയത്.

ആത്മ വിശ്വാസത്തിനു മുന്നിൽ മറ്റെന്തും കീഴടങ്ങും എന്ന വിശ്വാസം തന്നെയാണ് സെമി ഫൈനലിലേക്ക് ചുവടു വയ്ക്കുമ്പോഴും ഗിഫ്റ്റിയുടെ കരുത്ത്. കൂട്ടത്തിൽ ബ്രിട്ടീഷ് മലയാളി വായനക്കാരുടെ നിറഞ്ഞ പിന്തുണയും പ്രാർത്ഥനയും കൂടെ ഉണ്ടെങ്കിൽ ചരിത്രം ഈ പെൺകുട്ടിക്ക് മുന്നിൽ വഴി മാറും എന്നുറപ്പിക്കാം. പോരാത്തതിന്, അൽപ്പം പാശ്ചാത്യ ഭാവം കൂടി ഗിഫ്റ്റിയുടെ മുഖത്ത് നിഴലിക്കുന്നതിനാൽ ജഡ്ജസിനു പോലും അപരിചത്വതം ഫീൽ ചെയ്യുകയുമില്ല. ഇങ്ങനെ ഗിഫ്റ്റിക്ക് അനുകൂല ഘടകങ്ങൾ ഏറെയാണ്.

പ്രധാനമായും ചാരിറ്റി പ്രവർത്തനങ്ങൾക്കു കൂടി അവസരം സൃഷ്ടിക്കുന്നു എന്നതാണ് മിസ് ഇംഗ്ലണ്ട് സൗന്ദര്യ വേദിയിലേക്ക് ചുവടു വയ്ക്കാൻ തന്നെ പ്രേരിപ്പിക്കുന്നതെന്നും ഗിഫ്റ്റി മനസ് തുറക്കുന്നു. അടുത്ത മാസം നാലിന് ന്യുവർക്കിലെ കെൽഹാം ഹാളിൽ നടക്കുന്ന മത്സരത്തിന് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സൗന്ദര്യ റാണിമാർ എത്തുമ്പോൾ ഒരു വാക്ക് കൊണ്ടോ നോക്ക് കൊണ്ടോ മലയാളി പെൺകുട്ടിക്ക് കണ്ണേറ് തട്ടരുതേ എന്നാണ് ഇപ്പോൾ കൂട്ടുകാരികളുടെയും സുഹൃത്തുക്കളുടെയും പ്രാർത്ഥനകൾ.

സൗന്ദര്യ മത്സര വേദികളെ കുറിച്ച് സാധാരണ ജനത്തിനുള്ള കാഴ്ചപ്പാട് മാറാനും ഈ വിജയം സ്വന്തമാക്കിയാൽ തനിക്കു കഴിയുമെന്നും ഗിഫ്റ്റി വിശ്വസിക്കുന്നു. റാമ്പിലെ ശരീര പ്രദർശനമല്ല യഥാർത്ഥ സൗന്ദര്യ മത്സരം എന്ന് തെളിയിക്കുകയാണ് മിസ് ഇംഗ്ലണ്ട് പോലുള്ള ഔദ്യോഗിക മത്സരങ്ങൾ. മുൻപ് ഫേസ് ഓഫ് യൂറോപ്പ് മത്സരത്തിൽ വിജയിയായ ലണ്ടനിലെ ആരതി മേനോൻ എന്ന മലയാളി പെൺകുട്ടിയും അനവധി അന്താരാഷ്ട്ര ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ബ്രാൻഡ് അംബാസിഡർ ആയി മാറിയിരുന്നു. ഇതേ വിധത്തിൽ തനിക്കും മിസ് ഇംഗ്ലണ്ട് കിരീടം നേടാനായൽ സമൂഹത്തിൽ ഒട്ടേറെ കാര്യങ്ങളിൽ ഇടപെടാൻ കഴിയും എന്നാണ് പൊതു വിഷയങ്ങളിൽ ഉറച്ച നിലപാടുള്ള, ധീരമായ മനസ്സിന് ഉടമ ആയ ഗിഫ്റ്റി കരുതുന്നത്.

സാധാരണ ഇത്തരം വേദികളിൽ മലയാളി സങ്കൽപ്പത്തിലുള്ള സൗന്ദര്യ ശിൽപ്പങ്ങൾ അല്ല വിജയികൾ ആകുന്നത് എന്നതും ശ്രദ്ധേയമാണ്. മിന്നി തിളങ്ങുന്ന മുഖവും ശരീരവും അല്ല ഇത്തരം വേദികളുടെ അഴകളവുകൾ നിർണ്ണയിക്കപ്പെടുന്നത്. ഏറെയും വ്യക്തിത്വം ആണ് ഇവിടെ അളക്കപ്പെടുന്നത്. അതിനാൽ തന്നെയാണ് ഓരോ വാക്കും നോക്കും നിർണ്ണായകമാകുന്നതും. മത്സരത്തിൽ പങ്കെടുന്ന ദിവസത്തെ മനോനിലയും അതി നിർണ്ണായകം.

ഓരോ മനുഷ്യരും ഓരോ ദിവസവും ഓരോ മൂഡിൽ ആയിരിക്കും എന്നതിനാൽ ഇത്തരം മത്സര വേദികളിൽ വിജയ പരാജയങ്ങൾ ആർക്കും മുൻകൂട്ടി പറയാവുന്നതും അല്ല. പക്ഷെ ഗിഫ്റ്റി വിജയം കണ്ടാൽ, മലയാളി സമൂഹത്തിന്റെ കൂടി വിജയമായി അത് മാറുകയാണ്. കാരണം, ബ്രിട്ടനിലെ മലയാളികൾ നെഞ്ചേറ്റിയ ബ്രിട്ടീഷ് മലയാളിയുടെ സൗന്ദര്യ മത്സര വേദിയിൽ ചുവടു വച്ചാണ് ഗിഫ്റ്റി ആത്മ വിശ്വാസം വളർത്തിയത് എന്നത് തന്നെ ഇതിൽ പ്രധാനം.

മിസ് ഇംഗ്ലണ്ടിലെ പ്രധാന സ്ലോഗൻ തന്നെ ബ്യൂട്ടി വിത്ത് എ പർപ്പസ് എന്നാണ്. സമൂഹത്തിൽ ഏറ്റവും താഴ്ക്കിടയിൽ ഉള്ളവരിലേക്കു ഇറങ്ങി ചെല്ലാനും അവരെ സ്വയം ശക്തിപ്പെടുത്താനും ഒക്കെ ഈ മത്സര വേദി വഴി സാധ്യമാകുന്നു എന്നതും പ്രധാനമാണ്. മത്സരം വഴി ലഭിക്കുന്ന ആയിരക്കണക്കിന് ഡോളർ സംഭാവന രോഗികളുടെയും അശരണരുടെയും ഉന്നതിക്കായി പ്രയോജപ്പെടുത്തുന്നു എന്നതിനാൽ ഉയർത്തി പിടിച്ച ശിരസ്സുമായി തന്നെയാകും വേദിയിൽ എത്തുക എന്ന് ഗിഫ്റ്റി പറയുമ്പോൾ അതിൽ മലയാളി പെണ്ണിന്റെ കരുത്തു കൂടിയാണ് തെളിയുന്നത്.

അല്ലെങ്കിലും ശ്രീകുമാരൻ തമ്പി പാടിയത് പോലെ മലയാളി പെണ്ണിന്റെ മനസിന് നഭസ്സോളം ഉയരാൻ കഴിയുമെങ്കിൽ, തീർച്ചയായും ഗിഫ്റ്റിക്കു മുന്നിൽ മിസ് ഇംഗ്ലണ്ട് കിരീടവും നിഷ്പ്രയാസം തല കുനിച്ചേക്കും. അപ്പോൾ മറക്കണ്ട, ഗിഫ്റ്റിയുടെ കരുത്തു നിങ്ങളുടെ വോട്ടിലാണ്. കയ്യോടെ ഫോണെടുക്കാം, മിസ് സെമിഫൈനൽ 23 എന്ന് ടൈപ്പ് ചെയ്യാം, 63333 എന്ന നമ്പരിലേക്ക് വോട്ടു നൽകാം. എത്തട്ടെ മോഹന കിരീടം, നമ്മുടെ സ്വന്തം കുട്ടിയുടെ ശിരസ്സിലേക്ക്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP