Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202001Tuesday

നോർക്ക ഓഫീസ് നവീകരണത്തിന് ചെലവാക്കുന്നത് കോടികൾ; മരണത്തിനും ജീവിതത്തിനും ഇടയിലെ നൂൽപ്പാലത്തിൽ ആയിരക്കണക്കിന് പ്രവാസികൾ; പാവങ്ങളെ സുരക്ഷിതരായി തിരികെ എത്തിക്കാൻ കഴിയാത്തതിന്റെ കുറ്റമെല്ലാം കേന്ദ്രത്തിന്റെ തലയിൽ കെട്ടുമ്പോഴും ധൂർത്തിന് പഞ്ഞമില്ലാതെ ഇടത് സർക്കാർ; ഒരിക്കൽ ഈ കൊച്ചു കേരളത്തിനെ മൃഷ്ടാന്നം ഊട്ടിയവർ ദുരിതം അനുഭവിക്കുമ്പോൾ 'തള്ളി'ന് ഒരു കുറവും വരുത്താതെ കേരള പ്രവാസികാര്യ വകുപ്പ്

നോർക്ക ഓഫീസ് നവീകരണത്തിന് ചെലവാക്കുന്നത് കോടികൾ; മരണത്തിനും ജീവിതത്തിനും ഇടയിലെ നൂൽപ്പാലത്തിൽ ആയിരക്കണക്കിന് പ്രവാസികൾ; പാവങ്ങളെ സുരക്ഷിതരായി തിരികെ എത്തിക്കാൻ കഴിയാത്തതിന്റെ കുറ്റമെല്ലാം കേന്ദ്രത്തിന്റെ തലയിൽ കെട്ടുമ്പോഴും ധൂർത്തിന് പഞ്ഞമില്ലാതെ ഇടത് സർക്കാർ;  ഒരിക്കൽ ഈ കൊച്ചു കേരളത്തിനെ മൃഷ്ടാന്നം ഊട്ടിയവർ ദുരിതം അനുഭവിക്കുമ്പോൾ 'തള്ളി'ന് ഒരു കുറവും വരുത്താതെ കേരള പ്രവാസികാര്യ വകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വർഷം പ്രവാസികൾ അയച്ചത് 4.5 ലക്ഷം കോടി രൂപയാണ് എന്നാണ് കണക്ക്. കേരളത്തിലെ സാമ്പത്തിക മേഖലയിൽ പ്രവാസികൾ നൽകുന്ന സംഭാവന മനസ്സിലാക്കാൻ ഈ കണക്ക് മാത്രം മതിയാകും. കേരളത്തിൽ പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കാൻ ഒരു പ്രവാസികാര്യ വകുപ്പും അതുകൂടാതെ ലോക കേരള സഭ എന്ന സംവിധാനവും നിലവിലുണ്ട്. എന്നാൽ, ലോകമെമ്പാടും, പ്രത്യേകിച്ച് ​ഗൾഫ് മേഖലയിൽ മലയാളികൾ കോവിഡ് ബാധിച്ച് മരിച്ചു വീഴുകയും ഈ വകുപ്പ് എന്ത് ചെയ്തു എന്ന ചോദ്യം പ്രവാസികൾ പരസ്പരം ചോദിക്കുകയാണ്.

​ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ നിരവധി ആളുകളാണ് ജോലിപോലും നഷ്ടപ്പെട്ട് ദുരിതം അനുഭവിക്കുന്നത്. എന്നാൽ, ഇവരെ അടിയന്തിരമായി നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന വന്ദേഭാരത് മിഷൻ മാത്രമാണ് ഏക ആശ്രയം. പ്രവാസികളെ തിരികെ എത്തിക്കുന്ന കാര്യത്തിൽ കേന്ദ്രത്തെ കുറ്റം പറയുന്ന കേരളത്തിന് എന്തുകൊണ്ടാണ് ചാർട്ടേഡ് വിമാനങ്ങൾ ഏർപ്പാട് ചെയ്തുകൂട എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. പ്രവാസി സംഘടനകളും തൊഴിലാളി സംഘടനകളും പോലും വിമാനങ്ങൾ ചാർട്ട് ചെയ്ത് ആളുകളെ തിരികെ എത്തിക്കുമ്പോൾ കേരളത്തിലെ പ്രവാസികാര്യ വകുപ്പ് വെറും നോക്കുകുത്തിയാകുകയാണ്.

നടപ്പ് സാമ്പത്തിക വർഷത്തിലേക്ക് ധനകാര്യമന്ത്രി അവതരിപ്പിച്ച ബജറ്റിൽ 90 കോടി രൂപയാണ് പ്രവാസി ക്ഷേമത്തിനായി വകയിരുത്തിയത്. എയർപോർട്ട് ആംബുലൻസ്, വിദേശജോലിക്കു ജോബ് പോർട്ടൽ, വിദേശ മലയാളികൾക്കു 24 മണിക്കൂർ ഹെൽപ് ലൈൻ, 10,000 നഴ്സുമാർക്ക് വിദേശ ജോലി ലഭ്യമാക്കാനുള്ള പ്രത്യേക പരിശീലനം എന്നിങ്ങനെ പദ്ധതികൾ ബജറ്റിലുണ്ട്. എന്നാൽ, വർഷാവർഷം പ്രവാസി ക്ഷേമത്തിനായി തുക വകയിരുത്തുന്നതല്ലാതെ സാധാരണക്കാരായ പ്രവാസികൾക്ക് ഏറ്റവും അത്യാവശ്യ ഘട്ടത്തിൽ ആശ്വാസമാകാൻ ഈ വകുപ്പിന് കഴിയുന്നില്ല.

വിദേശ രാജ്യങ്ങളിൽ കോവിഡ് ബാധിച്ച മലയാളികളെ പോലെ തന്നെ ദുരിതത്തിലാണ് വിവിധ അസുഖങ്ങൾക്ക് മുടങ്ങാതെ മരുന്നുകൾ കഴിക്കുന്ന ആളുകളും. ഗൾഫ് രാജ്യങ്ങളിൽ മരുന്നിന് വലിയ വിലയാണ് നൽകേണ്ടി വരുന്നത്. നേരത്തേ, നാട്ടിൽ നിന്നും എത്തുന്നവരുടെ പക്കൽ ബന്ധുക്കൾ മരുന്നുകൾ വാങ്ങി കൊടുത്തുവിടുകയായിരുന്നു പതിവ്. ​എന്നാൽ ഇപ്പോൾ ​ഗൾഫിലേക്ക് ആളുകൾ പോകാത്തത് സ്ഥിരമായി മരുന്നുകൾ കഴിക്കുന്നവർക്കും പ്രതിസന്ധി സൃഷ്ടിക്കുന്നു.

പ്രവാസികളുടെ മടക്ക യാത്രയ്ക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിലും വേണ്ടത്ര ശ്രദ്ധ കേന്ദ്രം നൽകുന്നില്ലെന്നാണ് സംസ്ഥാനം ആവർത്തിച്ച് പരാതിപ്പെടുന്നത്. ഈ ആപത്ഘട്ടത്തിൽ പോലും പ്രവാസികളെ സഹായിക്കുന്നതിന് പകരം വിമാന ടിക്കറ്റ് അടക്കം വർധിപ്പിക്കുകയാണ് കേന്ദ്ര വ്യോമയാന വകുപ്പ് ചെയ്തത് എന്നും സംസ്ഥാനം ആവർത്തിക്കുന്നു. എന്നാൽ, അടിയന്തിരമായി നാട്ടിലെത്തേണ്ട ആളുകളെ തിരികെ എത്തിക്കാൻ ശ്രമിക്കുന്നതിന് പകരം രണ്ടുകോടി രൂപ നോർക്ക റൂട്ട്സ് ആസ്ഥാന മന്ദിരം ഉൾപ്പെടെയുള്ളവ നവീകരിക്കുന്നതിനായി നൽകുകയാണ് സംസ്ഥാന സർക്കാർ ചെയ്തത്.

നോർക്ക റൂട്ട്സ് പ്രവാസി തിരിച്ചറിയൽ കാർഡ് ഉടമകൾക്ക് നൽകിവരുന്ന അപകട ഇൻഷ്വറൻസ് പരിരക്ഷ ഇരട്ടിയാക്കി എന്നാണ് സംസ്ഥാന സർക്കാർ പറയുന്ന അവകാശവാദങ്ങളിൽ ഒന്ന്. ന്യൂ ഇന്ത്യ ഇൻഷ്വറൻസുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്. നോർക്ക ഡിപ്പാർട്ട്മെൻറ് പ്രോജക്റ്റ് ഫോർ റിട്ടേർഡ് എമിഗ്രൻസ് പദ്ധതി വിപുലീകരിച്ച് 30 ലക്ഷം രൂപ വരെ വ്യക്തിഗത വായ്പ അനുവദിക്കും എന്നാണ് മറ്റൊരു വാ​ഗ്ദാനം. 3% സബ്സിഡി പലിശയിൽ നൽകും. വിദേശത്ത് 2 വർഷത്തിൽ കൂടുതൽ പണി എടുക്കുകയും നാട്ടിൽ തിരിച്ചെത്തിയതുമായ പ്രവാസികൾക്ക് കൊറോണ രോഗം പിടിപെട്ടിട്ടുണ്ടെങ്കിൽ സാന്ത്വന പദ്ധതിയിൽപെടുത്തി അവർക്ക് 10000 രൂപയുടെ അടിയന്തര സഹായവും നോർക്ക പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, വിദേശങ്ങളിൽ കോവിഡ് ബാധിച്ച മലയാളികൾക്ക് പരിചരണത്തിന് ഇപ്പോഴും പ​ദ്ധതിയില്ല.

നോർക്ക വെൽഫെയർ ബോർഡ് വഴി ബോർഡിൽ അംഗത്വം എടുത്തിട്ടുള്ള പ്രവാസികൾക്ക് ആർക്കെങ്കിലും ലോകത്തെവിടെ വച്ചായാലും കോറോണ രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ ആശ്വാസ ധനമായി 10000 രൂപ നൽകി എന്നാണ് വകുപ്പിന്റെ മറ്റൊരു അവകാശവാദം. അപ്പോഴും കോവിഡ് ഭീതിയിൽ കഴിയുന്ന പ്രവാസികളെ എങ്ങനെ സുരക്ഷിതരാക്കാം എന്നതിന് യാതൊരു പദ്ധതിയുമില്ല. വിദേശ രാജ്യങ്ങളിൽ ഉള്ള ലോക കേരള സഭാംഗങ്ങളുടെ സഹകരണത്തോടു കൂടി വിവിധ രാജ്യങ്ങളിലായി ഹെൽപ്പ് ഡെസ്കുകളും മെഡിക്കൽ ടീമുകളും പ്രവർത്തിച്ചു വരുന്നു എന്നാണ് വകുപ്പ് പറയുന്നത്. എന്നാൽ, ​ഗൾഫ് രാജ്യങ്ങളിൽ മലയാളികളുടെ മരണസംഖ്യ ദിനംപ്രതി വർധിക്കുകയാണ്. ഈ ഡെസ്കും ടിമും എവിടെയാണെന്ന് സാധാരണക്കാരായ പ്രവാസികൾക്ക് ഒരു പിടിയുമില്ല.

കെഎസ്എഫ്ഇ ജീവനം സൗഹൃദ പാക്കേജ് ആണ് വകുപ്പ് ഉയർത്തിക്കാട്ടുന്ന മറ്റൊരു പദ്ധതി. കോവിഡ് കാലത്ത് കേരളത്തിലേക്ക് മടങ്ങുന്ന പ്രവാസി കേരളീയരെ സഹായിക്കാൻ ഒരു ലക്ഷം രൂപ വരെ സ്വർണ്ണപ്പണയ വായ്പാ പദ്ധതിയാണിത്. നാലുമാസത്തേക്ക് 3% വും തുടർന്ന് സാധാരണ നിരക്കിലുമായിരിക്കും പലിശ. നോർക്ക ഐഡിയുള്ള ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് വന്ന പ്രവാസി കേരളീയർക്കും ഇതേ വായ്പ ലഭിക്കുമെന്നും വകുപ്പ് പറയുന്നു. സ്വർണവും ജീവനും ഉള്ളവന് മാത്രമുള്ള പദ്ധതിയെന്ന് പ്രവാസികൾ നിരാശയോടെ പറയുന്നു.

​ഗൾഫ് നാടുകളിലെ ലേബർക്യാമ്പുകളിൽ ഉൾപ്പെടെ നിരാശയുടെ നെടുവീർപ്പിടുന്നത് ഇന്നലെ വരെ ഈ നാടിനെ തീറ്റിപ്പോറ്റാൻ വിയർപ്പൊഴുക്കിയ ആയിരങ്ങളാണ്. മേനി പറയാനുള്ള പദ്ധതികളല്ല, ജീവൻ നിലനിർത്താനും ശേഷിക്കുന്ന കാലം തങ്ങൾക്ക് മാന്യമായി ജീവിക്കാനും വേണ്ട ഇടപെടലാണ് ഉണ്ടാകേണ്ടതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ഉദ്യോ​ഗസ്ഥർക്കും വ്യവസായികളായ ബോർഡ് അം​ഗങ്ങൾക്കും മീറ്റിം​ഗ് നടത്താനും കാപ്പി കുടിക്കാനുമുള്ള സ്ഥലങ്ങൾ ഒരുക്കാൻ കോടികൾ ചിവലഴിക്കുന്നത് ഈ പാവങ്ങൾ അറിയുന്നുണ്ട്. പക്ഷേ, എല്ലാം ഒരു നെടുവീർപ്പിൽ ഒതുക്കാനല്ലാതെ ഈ പാവങ്ങൾക്ക് ഒന്നിനുമാകുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP