Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202201Thursday

തെരുവ് നായക്കഥകൾ വാർത്തയാക്കി ബിബിസിയും; ടൂറിസത്തിനു തിരിച്ചടിയാകും; ലോകം വിരൽ തുമ്പിൽ നിൽക്കുന്ന കാലത്ത് പട്ടിയും കുഴി നിറയുന്ന റോഡുമുള്ള നാട്ടിലേക്ക് ടൂറിസ്റ്റുകളെ ആകർഷിക്കാൻ മന്ത്രി റിയാസ് ഓടുന്നത് വെറുതെയാകും; കേരളം ബഹിഷ്‌കരിക്കാൻ അന്തരാഷ്ട്ര ശ്രമമോ?

തെരുവ് നായക്കഥകൾ വാർത്തയാക്കി ബിബിസിയും; ടൂറിസത്തിനു തിരിച്ചടിയാകും; ലോകം വിരൽ തുമ്പിൽ നിൽക്കുന്ന കാലത്ത് പട്ടിയും കുഴി നിറയുന്ന റോഡുമുള്ള നാട്ടിലേക്ക് ടൂറിസ്റ്റുകളെ ആകർഷിക്കാൻ മന്ത്രി റിയാസ് ഓടുന്നത് വെറുതെയാകും; കേരളം ബഹിഷ്‌കരിക്കാൻ അന്തരാഷ്ട്ര ശ്രമമോ?

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: തെരുവുനായകൾ ഏതാനും മാസമായി കേരളം നിറഞ്ഞാടുകയാണ്. രണ്ടു വർഷം മുൻപ് എല്ലാ ദിവസവും ആറു മണിക്ക് മുഖ്യമന്ത്രി പത്രസമ്മേളനം നടത്തി കോവിഡ് കണക്കുകൾ അവതരിപ്പിച്ചതിനെ ഓർമ്മിപ്പിച്ചു എല്ലാ ദിവസവും പട്ടി കടിയുടെയും പരുക്കേറ്റവരുടെയും മരിച്ചവരുടെയും കണക്കുകൾ അവതരിപ്പിക്കേണ്ട ഗതികെട്ട കാലത്തിലൂടെയാണ് കേരളത്തിന്റെ സഞ്ചാരം.

വഴിയാത്രക്കാരായ ബൈക്ക് സഞ്ചാരികളെ കാത്തിരിക്കുന്ന മട്ടിൽ റോഡ് വക്കിൽ നിന്നും പൊടുന്നനെ കുറുകെ ചാടൽ നായകളുടെ കേരളത്തിൽ മാത്രം കണ്ടുവരുന്ന പ്രത്യേകതയായി തോന്നിപ്പിക്കുകയാണ് ഓരോ ദിവസവും എത്തുന്ന ഇത്തരം അപകട വാർത്തകൾ. ഇത്തരം അപകടത്തിൽ മരണം സംഭവിക്കുന്നവരുടെ എണ്ണവും കൂടി കൊണ്ടിരിക്കുന്നു. ഓരോ മലയാളിയെയും ചിന്തിപ്പിക്കാൻ പര്യാപ്തമായ വിധം നായശല്യം അധികരിച്ചിരിക്കുകയാണ് കേരളത്തിൽ. സർക്കാരാകട്ടെ കോടതികൾ എന്ത് പറയുന്നു എന്ന കാത്തിരിപ്പിലും. ഈ അസാധാരണ അവസ്ഥ മാധ്യമങ്ങളിൽ നിറഞ്ഞതോടെ ഇപ്പോൾ ദേശീയ മാധ്യമങ്ങൾ മാത്രമല്ല ബിബിസി അടക്കം അന്താരാഷ്ട്ര മാധ്യമങ്ങളും വിഷയത്തിലേക്കു ശ്രദ്ധ നൽകിയിരിക്കുന്നു.

റോഡിലെ പട്ടിയും കുഴിയും ആക്രമിക്കുന്നത് റിയാസിന്റെ ടൂറിസം വകുപ്പിനെ

വെറും ആഴ്ചകൾക്ക് മുൻപാണ് കേരള ടൂറിസം മന്ത്രി വിദേശികളെ കേരളത്തിൽ എത്തിക്കാൻ പാരിസിൽ എത്തി മടങ്ങിയത്. കേരളത്തിൽ തിരികെ എത്തിയ മന്ത്രി പാരീസ് അനുഭവം വിവരിക്കാൻ വിളിച്ചു കൂട്ടിയ മാധ്യമ പ്രവർത്തകരോട് വാ തോരാതെ സംസാരിക്കുകയും ചെയ്തു. പാരിസിൽ എത്തിയ മന്ത്രി വകുപ്പിന്റെ പിടിപ്പു കേടിൽ ടൂറിസം ഫെയറിന്റെ ഒരു മൂലയ്ക്ക് ചടഞ്ഞു കൂടി ഇരിപ്പായിരുന്നെന്നു വിമർശകർ സോഷ്യൽ മീഡിയയിൽ പരിഹാസം ചൊരിഞ്ഞെങ്കിലും കഴിഞ്ഞ ദിവസം നടന്ന പത്ര സമ്മേളനത്തിലും മുൻ ടൂറിസം മന്ത്രിമാർ പറഞ്ഞു പോയ കാര്യങ്ങൾ അല്ലാതെ നവീനമായതൊന്നും പാരിസിൽ നിന്നും കണ്ടെത്തിയതായി അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും ലഭ്യമായില്ല.

പക്ഷെ കേരളത്തിലെ മന്ത്രി പാരിസിലും ലണ്ടനിലും ബെർലിനിലും കറങ്ങി നടന്നു ടൂറിസ്റ്റുകളെ കൊണ്ട് വരാൻ ശ്രമിക്കുമ്പോൾ ബിബിസി പോലെയുള്ള അന്തരാഷ്ട്ര മാധ്യമങ്ങളിൽ കേരളത്തിലെ നായശല്യവും തെരുവുകളിൽ ജനത്തെ ഓടിച്ചിട്ട് കടിക്കുന്ന കഥയും നടുവൊടിക്കുന്ന റോഡിലെ കുഴിയും ഒക്കെ വാർത്തകളായി നിറയുമ്പോൾ മന്ത്രി നടത്തുന്ന ശ്രമങ്ങളൊക്കെ കമിഴ്‌ത്തി വച്ച കുടത്തിൽ ഒഴിച്ച വെള്ളം പോലെ ഒലിച്ചു പോകുകയാണ്. നിർഭാഗ്യവശാൽ റോഡിലെ കുഴിയും വഴിയിലെ പട്ടിയും ഒന്നിച്ചു കടന്നാക്രമിക്കുന്നതു റിയാസിന്റെ ടൂറിസം വകുപ്പിനെ ആണെന്നതാണ് ഏറ്റവും ശ്രദ്ധേയമായതും.

പട്ടികൾ നിരത്തു വാഴുമ്പോൾ പരിഹാരമില്ലാത്ത പ്രതിസന്ധിയും

പട്ടിയെയും പൂച്ചയേയും ഒക്കെ കുടുംബ അംഗങ്ങളെ പോലെ സ്നേഹിക്കുന്നവരാണ് യൂറോപ്യർ പൊതുവെ. എന്നാൽ ഭ്രാന്ത് പിടിച്ച നായയെ സ്നേഹിക്കാൻ അവർ തയ്യാറാകില്ല. നന്നായി ഭയപ്പെടുകയും ചെയ്യും .ഇതിനു ഉദാഹരണമായി രണ്ടു നാളായി യുകെ മലയാളികൾ ജോലി സ്ഥലങ്ങളിൽ സംസാരിക്കുമ്പോൾ ബ്രിട്ടീഷുകാർ കൂടുതലായി ഇന്ത്യയിലെ തെരുവ് പട്ടികളെ കുറിച്ച് ചോദിച്ചു തുടങ്ങാൻ കാരണവും ബിബിസി റിപ്പോർട്ട് ആണെന്ന് ഉറപ്പിക്കാം. കൊച്ചിയിൽ നിന്നും ചിത്രങ്ങൾ അടക്കം ബിബിസി പ്രതിനിധി തയാറാക്കിയ റിപ്പോർട്ടിൽ നായശല്യത്തിന്റെ രൂക്ഷത തന്നെയാണ് വെളിപ്പെടുത്തുന്നത്. കേരളത്തിന്റെ പ്രതിച്ഛായ തന്നെ തകരുന്നു എന്ന തലക്കെട്ടോടെയാണ് അവർ വാർത്ത അവതരിപ്പിച്ചിരിക്കുന്നതും.

എന്തിനും ഏതിനും രാഷ്ട്രീയ കാരണം നോക്കുന്ന ഭരണക്കാരും പ്രതിപക്ഷവും പരിഹാരം എന്തെന്ന് മാത്രം ചർച്ച ചെയ്യുന്നില്ല എന്നിടത്താണ് കേരളത്തിൽ ഏറ്റവും അധികം വിദേശികൾ ടൂറിസ്റ്റായി എത്തുന്ന യുകെയിൽ തന്നെ പട്ടിശല്യ വാർത്ത വന്നതിന്റെ പ്രത്യാഘാതവും നേരിടാൻ ഇരിക്കുന്നത് .കോവിഡിൽ തകർന്ന ടൂറിസം മേഖല തകർന്നു കിടക്കുമ്പോൾ കൈപിടിച്ച് ഉയർത്താമെന്ന പ്രതീക്ഷ വളരുമ്പോളാണ് പട്ടിയും തകർന്ന റോഡുകളും വീണ്ടും വില്ലനായി മാറിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഓണക്കാലത്തു കേരളത്തിലെ പ്രധാന ടൂറിസ്റ്റു ഡെസ്റ്റിനേഷനുകളിൽ ഒരൊറ്റ വിദേശി പോലും ഇല്ലാതെ കാലിയായി കിടന്ന റിസോർട്ടുകൾ അനവധിയാണ്. ഇത്തരം ഒരവസ്ഥ മുൻപൊരിക്കലും ഉണ്ടായിട്ടില്ലെന്ന് യുകെ മലയാളിക്ക് ബിസിനസ് പങ്കാളിത്തമുള്ള വാഗമണിലെ റിസോർട് ഉടമകൾ ബ്രിട്ടീഷ് മലയാളിയോട് വ്യക്തമാക്കി.

നായകടിയിൽ കേരളം ആറാം സ്ഥാനത്ത്

പട്ടിശല്യത്തെ തുടർന്ന് സോഷ്യൽ മീഡിയയിൽ പറക്കുന്ന ട്രോളുകളും പരിഹാസ വിഡിയോകളും ആധാരമാക്കിയാണ് ബിബിസി റിപ്പോർട്ട് ആരംഭിക്കുന്നത് തന്നെ. മലയാളികൾ പൊതുവെ യൂറോപ്യരെ പോലെ മൃഗസ്നേഹികൾ അല്ലെന്നും വീട്ടിലെ വളർത്തു മൃഗങ്ങൾ പോലും സദാ സമയം കൂടുകളിൽ അടച്ചിട്ടിരിക്കുകയാന്നെന്നും മൃഗ സംരക്ഷണ രംഗത് പ്രവർത്തിക്കുന്ന അഡ്വ സാലി വർമ്മ വെളിപ്പെടുത്തിയതിനു ബിബിസി വാർത്തയിൽ പ്രാധന്യത്തോടെ ഇടം പിടിച്ചിരിക്കുകയാണ്. തെരുവിൽ കാണുന്ന ഓരോ നായയെയും നാട്ടുകാർ പേപ്പട്ടികളായാണ് കാണുന്നതെന്നും സാലി വിശദീകരിക്കുന്നു. ഇതോടെ ഇവ കൂട്ടമായി ആക്രമിക്കപ്പെടാനുള്ള സാധ്യതയാണ് ബിബിസി റിപ്പോർട്ടിലൂടെ കണ്ണോടിക്കുന്ന ഒരാൾക്ക് ലഭ്യമാകുക.

കേരളത്തിൽ ഏകദേശം 290000 തെരുവ് നായകളുടെ സാന്നിധ്യം ഉണ്ടെന്നു റിപ്പോർട്ട് തുടരുന്നു. എന്നാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ തെരുവ് നായ്ക്കൾ ഉള്ള പത്തു സ്ഥലങ്ങളുടെ കൂട്ടത്തിൽ കേരളം ഉൾപ്പെടുന്നില്ല എന്നും ബിബിസി പറയുന്നുണ്ട്. എന്നാൽ നായ കടിയുടെ കാര്യത്തിൽ കേരളം ഇന്ത്യയിൽ ആറാം സ്ഥാനത്തുമാണ്. ചെറിയൊരു സംസ്ഥാനവും ചെറിയ ജനസംഖ്യയും എന്ന നിലയിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു ഇത് വലിയ കണക്കുമാണ്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയുമ്പോൾ 2022 ലെ ആദ്യ ഏഴു മാസം കൊണ്ട് ഒരു ലക്ഷം പേർക്ക് നായകടി ഏറ്റെന്നാണ് റിപ്പോർട്ടിന്റെ ഉള്ളടക്കം. മുൻ വർഷത്തേതിന്റെ ഇരട്ടിയാണിത്. ഇതെങ്ങനെ സംഭവിച്ചു എന്നതിൽ ആർക്കും ഒരു നിശ്ചയവുമില്ല.

കോഴി മാലിന്യം നായകൾ വർധിക്കാൻ കാരണമായോ?

എന്നാൽ കോഴി ഇറച്ചിയുടെയും മറ്റും ഉപയോഗം കേരളത്തിൽ ക്രമാതീതമായി വർധിച്ചത് നായകളുടെ എണ്ണം പെരുകാൻ കാരണമായിട്ടുണ്ട് എന്ന് അഭിപ്രായപെടുന്നവർ ഏറെയാണ്. കോഴിയെ സംസ്‌കരിക്കുന്ന സ്ഥലങ്ങളിൽ നിന്നുള്ള അറവ് മാലിന്യങ്ങൾ പൊതു സ്ഥലത്തു അശ്രദ്ധമായി നിക്ഷേപിക്കുന്നതിലൂടെ നായകൾക്ക് തിന്നു കൊഴുക്കാനുള്ള അവസരം സൃഷ്ടിക്കുകയാണ്. സ്വാഭാവികമായും ഇത്തവയുടെ പ്രജനന ശേഷിയും വർധിപ്പിക്കും. കൂട്ടത്തിൽ വന്ധ്യകരണം നിലച്ചതും പ്രധാന കാരണമാണ്. പ്രതിരോധ കുത്തിവെയ്‌പ്പില്ലാത്തതിനാൽ പേപ്പട്ടിയുടെ സാന്നിധ്യവും ഏറി. ഇത്തരത്തിൽ കാരണങ്ങൾ ഒന്നൊന്നായി അക്കമിട്ടു നിരത്തുകയാണ് ബിബിസി റിപ്പോർട്ട്.

മൂന്ന് തവണ വാക്സിൻ എടുത്തിട്ടും പേ വിഷ ഏറ്റു 12 വയസുകാരിയായ പെൺകുട്ടി ഉൾപ്പെടെ 21 പേരാണ് ഇതുവരെ ഈ വർഷം കേരളത്തിൽ നായകടി മൂലം മരിച്ചത്. ഇതോടൊപ്പം നായ വട്ടം ചാടി ഉണ്ടായ അപകട മരണം കൂടിയാകുമ്പോൾ കണക്കുകൾ കണ്ണ് തള്ളിക്കാൻ കാരണമാകും. ഇത് തന്നെയാണ് നായശല്യം ജനങ്ങളും മാധ്യമങ്ങളും കൂടുതലായി ചർച്ച ചെയ്യാനും കാരണം. ഏഴു വർഷം മുൻപ് ഇത്തരത്തിൽ നായശല്യം ഉണ്ടായപ്പോൾ ജനങ്ങൾ തെരുവിൽ ഇറങ്ങി കൂട്ടത്തോടെ നായകളെ കൊന്നൊടുക്കിയതും അത്തരം കാര്യങ്ങൾ ചെയ്യുന്നവർക്ക് ബിസിനസ് രംഗത്തെ പ്രമുഖൻ പാരിതോഷികം പ്രഖ്യാപിച്ചതും ഒക്കെ ബിബിസി റിപ്പോർട്ട് ഓർത്തെടുക്കുന്നു.

പരസ്യം പോലും കേരള ടൂറിസത്തിനു തിരിച്ചടി

ആ സാഹചര്യത്തിൽ കേരളം ബഹിഷ്‌കരിക്കാൻ ടൂറിസ്റ്റു രംഗത്ത് ഉണ്ടായ പ്രചാരണമാണ് ഇപ്പോൾ ബിബിസി അധികൃതരുടെ ശ്രദ്ധയിൽ എത്തിക്കുന്നത് .ഇത്തരം സെൻസിറ്റീവ് വിഷയങ്ങളോട് വൈകാരികമായി പ്രതികരിക്കുന്നവരാണ് സഞ്ചാരികളായ വിദേശികൾ എന്നതിനാൽ എത്ര വലിയ പ്രചാരണം ടൂറിസത്തിനായി നൽകിയാലും അതിനെയൊക്കെ മറികടക്കും വിധം മൃഗസ്നേഹികളുടെ പ്രചാരണം ലോക ശ്രദ്ധയിൽ എത്തും എന്നും റിപ്പോർട്ട് ഓർമിപ്പിക്കുന്നു. നായശല്യം ഓർമ്മിപ്പിക്കും വിധം ഒരു പ്രമുഖ ഗോതമ്പു പൊടി ബ്രാൻഡ് പരസ്യം തയാറാക്കിയത് വരെ ബിബിസി ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതെല്ലം അന്താരാഷ്ട്ര വെബ് സൈറ്റുകളിലും ട്രാവൽ ബ്ലോഗുകളിലും എത്താൻ നിമിഷങ്ങളുടെ താമസം മാത്രമേ വേണ്ടിവരൂ എന്നും റിപ്പോർട്ട് തുടരുന്നു.

വാർത്തകളിലും സോഷ്യൽ മീഡിയയിലും എത്തുന്ന പേടിപ്പെടുത്തുന്ന ചിത്രങ്ങളും വിഡിയോകളും കേരളത്തിന് വെളിയിലാണ് കൂടുതലായി പ്രചരിപ്പിക്കപ്പെടുന്നതും. കുട്ടികളെ സ്‌കൂളിലയക്കാൻ എയർ ഗണ്ണുമായി മുന്നിൽ നടന്ന മനുഷ്യനെതിരെ പൊലീസ് കേസ് ഉണ്ടായതും ബിബിസി എടുത്തു പറയുന്നു. ഇതോടെ കേരളത്തിൽ ഒറ്റപ്പെട്ട നിലയിൽ എങ്കിലും തെരുവ് നായ്ക്കളെ കൊന്നുടുക്കുന്നു എന്ന മൃഗസ്നേഹികളുടെ ആശങ്കയും റിപ്പോർട്ടിൽ പങ്കുവയ്ക്കുന്നുണ്ട്. നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ കേരളം സുപ്രീം കോടതിയിൽ പോയതിനെ ചോദ്യം ചെയ്യുന്ന മൃഗ സംരക്ഷണ പ്രവർത്തകരുടെ ആശങ്കയ്യും പങ്കിട്ടാണ് റിപ്പോർട്ട് അവസാനിക്കുന്നത്.

തീർച്ചയായും ഈ റിപ്പോർട്ടിലൂടെ കടന്നു പോകുന്ന ഏതൊരു വിദേശിക്കും കേരളത്തെ കുറിച്ച് മോശം പ്രതികരണം തന്നെയാകും പങ്കുവയ്ക്കാൻ ഉണ്ടാകുക. കേരള ടൂറിസം വകുപ്പും മന്ത്രി റിയാസും ഇതിനിടയിൽ എത്രയൊക്കെ ഓട്ടം ഓടിയാലും വിദേശികൾക്ക് ഇത്തരം സംഭവങ്ങൾ നടക്കുന്ന നാട്ടിൽ എത്താനും കാഴ്ചകൾ കാണാനും ഒരു താല്പര്യവും ഉണ്ടാകില്ല എന്നതാണ് മുൻകാല ബഹിഷ്‌കരുണ ആഹ്വനങ്ങൾ തെളിയിക്കുന്നതും .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP