Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

യുപിയിൽ ഇന്നലെ ഒരു ലക്ഷത്തിൽ അധികം പരിശോധനയും 248 രോഗികളും; ഡൽഹിയിൽ 199 രോഗികൾ മാത്രം; കേരളത്തിൽ 5771ഉം; ഒടുവിൽ തദ്ദേശം വില്ലനായെന്ന വിലയിരുത്തിലിലേക്ക് മന്ത്രി ശൈലജയും; ഇനി കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത; പ്രതിദിന കേസുകൾ ഇനിയും ഉയർന്നേക്കും

യുപിയിൽ ഇന്നലെ ഒരു ലക്ഷത്തിൽ അധികം പരിശോധനയും 248 രോഗികളും; ഡൽഹിയിൽ 199 രോഗികൾ മാത്രം; കേരളത്തിൽ 5771ഉം; ഒടുവിൽ തദ്ദേശം വില്ലനായെന്ന വിലയിരുത്തിലിലേക്ക് മന്ത്രി ശൈലജയും; ഇനി കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത; പ്രതിദിന കേസുകൾ ഇനിയും ഉയർന്നേക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഇന്നലെ യുപിയിൽ നടന്നത് ഒരു ലക്ഷത്തിൽ അധികം കോവിഡ് പരിശോധനയാണ്. അതിൽ രോഗം സ്ഥിരീകരിച്ചത് വെറും 248 പേർക്കും. മാസങ്ങൾക്ക് മുമ്പ് ഈ കണക്ക് എത്രയോ വലുതായിരുന്നു. കോവിഡ് പൊട്ടിപ്പുറപ്പെട്ട ഡൽഹിയിൽ പോലും ഇന്നലെ രോഗികളുടെ എണ്ണം 199 ആയി ചുരുങ്ങി. എന്നാൽ കോവിഡിനെ തുടക്കത്തിൽ പിടിച്ചു കെട്ടിയ കേരളത്തിൽ ഇന്നലെ നടന്നത് അമ്പത്തിയെട്ടായിരം പരിശോധനകളാണ്. രോഗികൾ 5771ഉം. ചത്തീസ്ഗഡിൽ 6451 രോഗികളും. ബാക്കിയെല്ലാ സംസ്ഥാനത്തും കോവിഡ് നിയന്ത്രണ വിധേയമായി കഴിഞ്ഞു.

അതിനിടെ സംസ്ഥാനത്തു കോവിഡ് വ്യാപനം കൂടാൻ കാരണം തദ്ദേശ തിരഞ്ഞെടുപ്പാണെന്ന് മന്ത്രി കെ.കെ.ശൈലജ സമ്മതിക്കുന്നു. കോവിഡ് വ്യാപനത്തിൽ കേരളത്തെ കുറ്റപ്പെടുത്തുന്നവർ കാര്യങ്ങൾ വിശകലനം ചെയ്യാതെയാണു സംസാരിക്കുന്നത്. സംസ്ഥാനത്തു കോവിഡ് പരിശോധന കുറച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് വ്യാപന സാധ്യത മറുനാടൻ പല തവണ പറഞ്ഞിരുന്നു. എന്നാൽ ഈ സമയത്ത് വേണ്ട മുൻകരുതലുകൾ എടുക്കുന്നതിൽ സർക്കാർ വലിയ വീഴ്ച വരുത്തി. ഇത് തന്നെയാണ് കേരളത്തെ കോവിഡിന്റെ ഹബ്ബാക്കിയതെന്ന് വൈകിയ സമയത്ത് മന്ത്രി തന്നെ സമ്മതിക്കുകയാണ്.

കോവിഡിന് ശേഷം ബീഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നു. കർണ്ണാടകയിൽ തദ്ദേശ തെരഞ്ഞെടുപ്പും നടന്നു. എന്നാൽ അവിടെ ഒന്നും കേരളത്തെ പോലെ രോഗ വ്യാപനം ഉണ്ടായിട്ടില്ല. രാജ്യത്ത് ഏറ്റവും കൂടുതൽ പേർ കോവിഡ് ചികിത്സയിലുള്ള 10 ജില്ലകളിൽ ഏഴും കേരളത്തിൽ ആണിപ്പോൾ. ഇന്ത്യയിലെ ആദ്യ കോവിഡ് കേസ് തൃശൂരിൽ റിപ്പോർട്ട് ചെയ്തിട്ട് നാളെ ഒരു വർഷമാകുമ്പോഴും സംസ്ഥാനത്തു സ്ഥിതി രൂക്ഷമായി തുടരുന്നു. മഹാരാഷ്ട്ര ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളിൽ കോവിഡ് നിയന്ത്രണ വിധേയമാകുന്നതിനിടെയാണിത്. ഔദ്യോഗിക കണക്കനുസരിച്ചു സംസ്ഥാന ജനസംഖ്യയുടെ 3 ശതമാനത്തിൽ താഴെ പേർക്കു മാത്രമേ കോവിഡ് ബാധിച്ചിട്ടുള്ളൂ.

കുറച്ചു ദിവസങ്ങളായി ഇന്ത്യയിലെ പ്രതിദിന കേസുകളിൽ പകുതിയും കേരളത്തിലാണ്. ഇന്നലെ ചത്തീസ്ഗഡ് കേരളത്തെ രണ്ടാമതാക്കി. ആകെ കേസുകളിൽ മൂന്നാമതും (9.11 ലക്ഷം) നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ ഒന്നാമതുമാണ് കേരളം. ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ള 5 സംസ്ഥാനങ്ങളിൽ മറ്റു നാലും കേരളത്തേക്കാൾ ഏറെ പിന്നിലുമാണ്. ഈ 4 സംസ്ഥാനങ്ങളിലെ മൊത്തം രോഗികളേക്കാൾ കൂടുതലാണ് കേരളത്തിൽ ചികിത്സയിലുള്ളവരുടെ എണ്ണം. കേരളത്തിൽ 72,392 പേർ; മറ്റു നാലിടത്തും ചേർന്ന് 61,489.

സംസ്ഥാനത്ത് ഇന്നലെ 58,472 സാംപിളുകളിലായി 5771 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. പോസിറ്റിവിറ്റി നിരക്ക് 9.87 %. ആകെ മരണം 3682 ആയി. എറണാകുളം 784, കൊല്ലം 685, കോഴിക്കോട് 584, കോട്ടയം 522, പത്തനംതിട്ട 452, ആലപ്പുഴ 432, തൃശൂർ 424, മലപ്പുറം 413, തിരുവനന്തപുരം 408, ഇടുക്കി 279, കണ്ണൂർ 275, പാലക്കാട് 236, വയനാട് 193, കാസർകോട് 84 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. അടുത്ത 13 ദിവസങ്ങളിൽ പ്രതിദിന കേസുകൾ 6600-7400 ആകാമെന്ന ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പു കൂടി പരിഗണിച്ച് സംസ്ഥാനത്തു പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുമെങ്കിലും മരണ നിരക്ക് ഉയരില്ലെന്നാണു കണക്കുകൂട്ടൽ. നിയന്ത്രണങ്ങൾ ഉത്തരവായി ഇറങ്ങും. ഇതിനിടെ, വിമർശനം ഉണ്ടായാലും യഥാർഥ കണക്കുകൾ ജനത്തിനു മുന്നിൽ പറയുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നേരത്തേതു പോലെ വ്യാപക വർധന ഇല്ലെങ്കിലും രോഗമുക്തരെക്കാൾ രോഗികളുടെ എണ്ണം ദിവസവും കൂടുന്ന സാഹചര്യമാണുള്ളത്. ഈ മാസത്തെ കണക്കനുസരിച്ച് കേസുകളുടെ എണ്ണത്തിൽ ക്രമാനുഗത വർധനയുണ്ടായി. 4നും 10 നും മധ്യേ റിപ്പോർട്ട് ചെയ്തത് 35,296 കേസുകളാണ്. 11 മുതലുള്ള ആഴ്ചയിൽ ഇത് 36,700 ആയും 18 മുതലുള്ള ആഴ്ചയിൽ 42,430 ആയും ഉയർന്നു.

സിനിമ തിയറ്ററുകളിൽ കൂടുതൽ പേർക്ക് പ്രവേശനം അനുവദിക്കാമെന്നുള്ള കേന്ദ്ര മാർഗരേഖ തൽക്കാലം കേരളത്തിൽ നടപ്പാക്കുന്നില്ലെന്ന് തീരുമാനം. കേരളത്തിൽ കോവിഡ് വ്യാപനം കൂടുതലായതിനാലാണിത്. നിലവിൽ 50% പേർക്കാണ് പ്രവേശനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP