Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202415Saturday

മാനദണ്ഡങ്ങൾ പാലിച്ച് വോട്ടുകൾ വീണ്ടും എണ്ണാൻ ഹൈക്കോടതി ഉത്തരവ്; കേരളവർമ്മ കോളേജ് തിരഞ്ഞെടുപ്പ് കേസിൽ എസ് എഫ് ഐയ്ക്ക് തിരിച്ചടി; അംഗീകരിക്കപ്പെടുന്നത് കെ എസ് യുവിന്റെ വാദങ്ങൾ; റീ കൗണ്ടിങ് തീയതി കോളേജ് മാനേജ്‌മെന്റ് തീരുമാനിക്കും

മാനദണ്ഡങ്ങൾ പാലിച്ച് വോട്ടുകൾ വീണ്ടും എണ്ണാൻ ഹൈക്കോടതി ഉത്തരവ്; കേരളവർമ്മ കോളേജ് തിരഞ്ഞെടുപ്പ് കേസിൽ എസ് എഫ് ഐയ്ക്ക് തിരിച്ചടി; അംഗീകരിക്കപ്പെടുന്നത് കെ എസ് യുവിന്റെ വാദങ്ങൾ; റീ കൗണ്ടിങ് തീയതി കോളേജ് മാനേജ്‌മെന്റ് തീരുമാനിക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളവർമ്മ കോളേജ് തിരഞ്ഞെടുപ്പ് കേസിൽ എസ് എഫ് ഐയ്ക്ക് തിരിച്ചടി. എസ് എഫ് ഐ ജയിച്ചെന്ന പ്രഖ്യാപനം ഹൈക്കോടതി റദ്ദാക്കി. വീണ്ടും റീ കൗണ്ടിങ് നടത്തും. അത് മാനദണ്ഡങ്ങൾ പാലിച്ചാകും. ആദ്യം അസാധുവായ വോട്ടുകൾ സാധുവാക്കിയ നടപടിയെ ചോദ്യം ചെയ്താണ് കെ എസ് യു ഹൈക്കോടതിയെ സമീപിച്ചത്. ഇതാണ് കോടതി അംഗീകരിച്ചത്. എപ്പോൾ റീ കൗണ്ടിങ് നടത്തണമെന്ന് കോളേജ് അധികൃതർ തീരുമാനിക്കും.

റീ കൗണ്ടിങ്ങിൽ അസാധുവായ വോട്ടുകൾ സാധുവാക്കിയെന്നാണ് കെ.എസ്.യു. ചെയർമാൻ സ്ഥാനാർത്ഥി എസ്. ശ്രീക്കുട്ടൻ റിട്ട് ഹർജിയിൽ പറഞ്ഞിരുന്നത്. വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വീണ്ടും തിരഞ്ഞെടുപ്പിനുള്ള ഉത്തരവിടാൻ കോടതിക്ക് അധികാരമുണ്ടോ എന്ന സംശയവും ഹൈക്കോടതി മുന്നോട്ടുവെച്ചിരുന്നു. ഇതോടെയാണ് റീ കൗണ്ടിങ് എന്ന ആവശ്യത്തിൽ കെ എസ് യു എത്തിയത്. ഇത് അംഗീകരിക്കുകയും ചെയ്തു.

ഹർജി നിലനിൽക്കില്ലെന്നാണ് ഹൈക്കോടതിയിൽ കോഴിക്കോട് സർവകലാശാലയും കേരളവർമ കോളേജും എടുത്ത നിലപാട്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ ഇത്തരത്തിൽ റിട്ട് ഹർജിയുമായി ഇടപെടാൻ കഴിയില്ല. ഇതിൽ അപ്പീൽ നൽകുകയാണ് മുന്നിലുള്ള പോംവഴിയെന്നും ഇവർ കോടതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇതൊന്നും കോടതി അംഗീകരിച്ചില്ല. കെ എസ് യുവിന് വേണ്ടി ഈ കേസ് ഏറ്റെടുത്തത് മാത്യു കുഴൽനാടൻ എംഎൽഎയായിരുന്നു.

കേരളവർമ്മ കോളജിൽ കെ.എസ്.യുവിന്റെ വിജയം പാതിരാത്രിയിൽ റീ കൗണ്ടിങ് നടത്തി എസ്.എഫ്‌ഐ അട്ടിമറിച്ചുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ ആരോപിച്ചിരുന്നു. കേരളവർമ്മയിലെ കുട്ടികളുടെ തീരുമാനമായിരുന്നു ചെയർമാൻ സ്ഥാനത്തേക്കുള്ള ശ്രീക്കുട്ടന്റെ വിജയം. എന്നാൽ ജനാധിപത്യവിജയത്തെ എസ്എഫ്‌ഐ അട്ടിമറിക്കുകയായിരുന്നു. രാഷ്ട്രീയ തിമിരം ബാധിച്ച ചില അദ്ധ്യാപകർ ഇതിന് കൂട്ടുനിന്നതായും പ്രതിപക്ഷനേതാവ് ഫേസ്‌ബുക്ക് പോസ്റ്റിൽ ആരോപിച്ചിരുന്നു.

കേരളവർമ്മ കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും വലിയ വിവാദത്തിലായിരുന്നു. തോറ്റ എസ്ഫ്ഐ ചെയർപേഴ്സണെ റീ കൗണ്ടിങ്ങിൽ വിജയിപ്പിച്ചതായാണ് ആരോപണം. ആദ്യം വോട്ടെണ്ണിയപ്പോൾ കെ.എസ്യു ചെയർമാൻ സ്ഥാനാർത്ഥി ഒരു വോട്ടിന് ജയിച്ചു. തുടർന്ന് എസ്എഫ്ഐ റീ കൗണ്ടിങ് ആവശ്യപ്പെട്ടു. റീകൗണ്ടിങ്ങിനിടെ തർക്കമുണ്ടായതിനെ തുടർന്ന് പ്രിൻസിപ്പൽ നിർത്തിവയ്ക്കാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ കോളജ് മാനേജരായ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് റീകൗണ്ടിങ് തുടരാൻ ആവശ്യപ്പെട്ടു. ഇതിനിടെ രണ്ട് പ്രാവശ്യം വൈദ്യുതി പോയി. ഒടുവിൽ രാത്രി പന്ത്രണ്ടരയോടെ എസ്എഫ്ഐ സ്ഥാനാർത്ഥി 11 വോട്ടിന് ജയിച്ചുവെന്ന് പ്രഖ്യാപനം വന്നു.

ആദ്യം എണ്ണിയപ്പോൾ മാറ്റിവച്ച അസാധു വോട്ടുകൾ എസ്എഫ്ഐക്ക് അനുകൂലമായി പരിഗണിച്ചുവെന്നാണ് ആക്ഷേപം. റിട്ടേണിങ് ഓഫീസറും തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന അദ്ധ്യാപകരും അട്ടിമറിക്ക് കൂട്ടുനിന്നുവെന്ന് കെഎസ്‌യു ആരോപിക്കുന്നു. പ്രിൻസിപ്പലിനെ വിളിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ സുദർശൻ നിറുത്തി വച്ചിരുന്ന റീ കൗണ്ടിങ് നിയമപരമായി പൂർത്തീകരിക്കാനാണ് നിർദ്ദേശിച്ചതെന്ന് വ്യക്തമാക്കിയതും വിവാദങ്ങൾക്ക് പുതിയ മാനം നൽകി. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP