Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സിആർ മഹേഷിന് കിട്ടിയത് 12 വോട്ട്; ഏഴാമത് എത്തിയ അംബികയ്ക്ക് കിട്ടിയത് രണ്ടു വോട്ടും; എന്നിട്ടും വിജയിയായത് ആറ്റിങ്ങൽ എംഎൽഎ; പട്ടികജാതി സംവരണ നിയമം അട്ടിമറിച്ചെന്ന് പരാതി; കാട്ടാക്കടയിൽ 'ജയിക്കാത്ത' കുട്ടിസഖാവിനെ ചെയർമാനാക്കാൻ ശ്രമിച്ചവർ വീണ്ടും കളിച്ചു; കേരളാ യൂണിവേഴ്‌സിറ്റിയിൽ മറ്റൊരു അട്ടിമറിയോ?

സിആർ മഹേഷിന് കിട്ടിയത് 12 വോട്ട്; ഏഴാമത് എത്തിയ അംബികയ്ക്ക് കിട്ടിയത് രണ്ടു വോട്ടും; എന്നിട്ടും വിജയിയായത് ആറ്റിങ്ങൽ എംഎൽഎ; പട്ടികജാതി സംവരണ നിയമം അട്ടിമറിച്ചെന്ന് പരാതി; കാട്ടാക്കടയിൽ 'ജയിക്കാത്ത' കുട്ടിസഖാവിനെ ചെയർമാനാക്കാൻ ശ്രമിച്ചവർ വീണ്ടും കളിച്ചു; കേരളാ യൂണിവേഴ്‌സിറ്റിയിൽ മറ്റൊരു അട്ടിമറിയോ?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാട്ടക്കട ക്രിസ്ത്യൻ കോളേജിൽ നിന്നും ജയിക്കാത്ത യൂണിവേഴ്‌സിറ്റി കൗൺസിലറെ യൂണിവേഴ്‌സിറ്റി യൂണിയൻ ചെയർ പേഴ്‌സണാക്കാൻ നടന്ന കള്ളക്കളിക്ക് കേരളാ യൂണിവേഴ്‌സിറ്റിയിലെ ഉന്നതരുടെ പിന്തുണ ഉണ്ടായിരുന്നു. കോളേജിൽ നിന്നും കൗൺസിലർ ആരെന്ന് അറിയിച്ചാൽ അതിനൊപ്പം പ്രായം തെളിയിക്കാനുള്ള രേഖയും വേണം. ഇതെല്ലാം പരിശോധിച്ച് ഉറപ്പാക്കാണ്ടത് യൂണിവേഴ്‌സിറ്റി രജിസ്ട്രാറും. എന്നാൽ ഇതൊന്നും നടന്നില്ല. ഭാഗ്യത്തിന് അട്ടിമറി പുറത്തെത്തി. ഇപ്പോഴിതാ പുതിയൊരു നീക്കം.

കേരള യൂണിവേഴ്‌സിറ്റി സെനറ്റിലേക്ക് എംഎൽഎമാരുടെ പ്രതിനിധികളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിൽ ഏറ്റവും കുറച്ചു വോട്ടു കിട്ടിയ സിപിഎം പ്രതിനിധിയെ ജയിപ്പിക്കാനായി ചട്ടങ്ങൾ അട്ടിമറിച്ചുവെന്ന് പ്രതിപക്ഷം. സിആർ മഹേഷിനെ തോൽപ്പിക്കാനായിരുന്നു ഇത്. അങ്ങനെ ഒഎസ് അംബിക സെനറ്റിലെത്തി. 6 എംഎൽഎ പ്രതിനിധികളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പാണു നടന്നത്. ഇതിൽ 2 വോട്ടു കിട്ടിയ സിപിഎം എംഎൽഎ ഒ.എസ്.അംബികയെ ജയിപ്പിക്കാനായി പട്ടികജാതി സംവരണ ചട്ടം വളച്ചൊടിച്ചെന്നാണ് യുഡിഎഫ് പരാതി.

6 എംഎൽഎമാരെ സെനറ്റിലേക്കു തിരഞ്ഞെടുക്കുന്നതിൽ ഒരാൾ പട്ടിക ജാതി വിഭാഗത്തിൽ നിന്നായിരിക്കണമെന്നാണു സർവകലാശാല നിയമം. അതിനായി പ്രത്യേക തിരഞ്ഞെടുപ്പ് വേണമെന്നു നിയമത്തിലോ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിലോ വ്യക്തമാക്കുന്നില്ല. ഇതിനെയാണ് തന്ത്രപരമായി ഉപയോഗിച്ചത്. മത്സരത്തിനായി എൽഡിഎഫിലെ അഞ്ചും യുഡിഎഫിലെ രണ്ടും എംഎൽഎമാരാണു നാമനിർദേശ പത്രിക നൽകിയത്. ഇതിൽ എൽഡിഎഫിലെ മൂന്നു പേരും പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരാണ്. എന്നാൽ നാമനിർദേശ പത്രികയിൽ അംബിക മാത്രം പട്ടികജാതി എന്നു പ്രത്യേകം രേഖപ്പെടുത്തിയിരുന്നു.

7 പേരുകളും ഉൾപ്പെട്ട ബാലറ്റാണ് എംഎൽഎമാർക്ക് പോസ്റ്റൽ വോട്ടെടുപ്പിനായി നൽകിയിരുന്നത്. ഇതിലും ഒ.എസ്.അംബികയുടെ പേരിനൊപ്പം ബ്രാക്കറ്റിൽ പട്ടികജാതി എന്നു രേഖപ്പെടുത്തി. പട്ടികജാതിക്കു പ്രത്യേക തിരഞ്ഞെടുപ്പാണെങ്കിൽ അതു പൊതു ബാലറ്റിനൊപ്പം ചേർക്കേണ്ടതില്ലെന്ന് യുഡിഎഫ് രേഖാമൂലം വൈസ് ചാൻസലർക്ക് ഉൾപ്പെടെ പരാതിയും നൽകി. ഇന്നലെയായിരുന്നു വോട്ടെണ്ണൽ. വോട്ട് തരം തിരിച്ച ശേഷം എണ്ണുന്നതിനു മുൻപേ വരണാധികാരിയായ സർവകലാശാല രജിസ്റ്റ്രാർ ഡോ.കെ.എസ്.അനിൽ കുമാർ അംബികയെ സംവരണ സീറ്റിലെ വിജയിയായി പ്രഖ്യാപിച്ചു.

അവർക്ക് കിട്ടിയ 2 വോട്ട് വോട്ടെണ്ണലിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. സംവരണ സീറ്റിലേക്കു പ്രത്യേക തിരഞ്ഞെടുപ്പ് നിയമത്തിനും വിജ്ഞാപനത്തിനും വിരുദ്ധമാണെന്നു യൂഡിഎഫ് ചൂണ്ടിക്കാട്ടുന്നു. വോട്ടെണ്ണിയപ്പോൾ കോൺഗ്രസ് എംഎൽഎ എം.വിൻസന്റ് 26 വോട്ടും എൽഡിഎഫ് എംഎൽഎമാരായ ഡോ.സുജിത്ത് വിജയൻ പിള്ള, ഡി.കെ.മുരളി, എം.എസ്.അരുൺ കുമാർ, വി.ശശി 24 വോട്ടും നേടി മുന്നിലെത്തി.

12 വോട്ടുമായി കോൺഗ്രസിലെ സി.ആർ.മഹേഷായിരുന്നു ആറാമത്. എന്നാൽ രണ്ട് വോട്ടു കിട്ടിയ അംബികയെ മുൻകൂട്ടി വിജയിയായി പ്രഖ്യാപിച്ചതിനാൽ മഹേഷിനു ജയിക്കാനായില്ല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP