Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202118Monday

എൻആർസി വിവാദം കത്തിനിൽക്കെ കേരളത്തിലും തടങ്കൽ പാളയങ്ങൾ നിർമ്മിക്കാൻ നീക്കം നടക്കുന്നെന്ന് വാർത്ത; ഇതിന്റെ ഭാഗമായി വിദേശികളുടെ എണ്ണമെടുക്കാൻ സംസ്ഥാന ക്രൈം റെക്കോർഡ്‌സ് ബ്യൂറോയ്ക്ക് സാമൂഹ്യ നീതി വകുപ്പ് കത്തെഴുതി; പണി പൂർത്തിയാക്കേണ്ടത് സംസ്ഥാന സർക്കാറിന്റെ പണം എടുത്താണെന്നും വാർത്ത പുറത്തുവിട്ട ദ ഹിന്ദു പത്രം; അസം മോഡലിൽ കേരളത്തിലും ഡിറ്റൻഷൻ സെന്റർ ഒരുങ്ങിയന്ന വാർത്തയുടെ നിജസ്ഥിയിയെന്താണ്?

എൻആർസി വിവാദം കത്തിനിൽക്കെ കേരളത്തിലും തടങ്കൽ പാളയങ്ങൾ നിർമ്മിക്കാൻ നീക്കം നടക്കുന്നെന്ന് വാർത്ത; ഇതിന്റെ ഭാഗമായി വിദേശികളുടെ എണ്ണമെടുക്കാൻ സംസ്ഥാന ക്രൈം റെക്കോർഡ്‌സ് ബ്യൂറോയ്ക്ക് സാമൂഹ്യ നീതി വകുപ്പ് കത്തെഴുതി; പണി പൂർത്തിയാക്കേണ്ടത് സംസ്ഥാന സർക്കാറിന്റെ പണം എടുത്താണെന്നും വാർത്ത പുറത്തുവിട്ട ദ ഹിന്ദു പത്രം; അസം മോഡലിൽ കേരളത്തിലും ഡിറ്റൻഷൻ സെന്റർ ഒരുങ്ങിയന്ന വാർത്തയുടെ നിജസ്ഥിയിയെന്താണ്?

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: എൻആർസിയുമായി ബന്ധപ്പെട്ട രാജ്യത്ത് വൻ വിവാദങ്ങൾ ഉയരുന്നതിനിടെ കേരളത്തിലും തടങ്കൽ പാളയങ്ങൾ നിർമ്മിക്കാൻ നീക്കം നടക്കുയാണെന്ന് വാർത്ത. ദ ഹിന്ദു പുറത്തുവിട്ട വാർത്ത സോഷ്യൽ മീഡിയിയിൽ അടക്കം വലിയ ചർച്ചയും ആശങ്കയും ഉയർത്തിയിരിക്കയാണ്. എൻആർസി നടപ്പാക്കില്ലെന്ന് പറയുന്ന പിണറായി വിജയന്റെ സർക്കാറും ഈ ഗൂഢാലോചനക്ക് കൂട്ടുനിൽക്കയാണെന്ന് സോഷ്യൽ മീഡിയയിൽ വലിയ വിമർശനം ഉയരുന്നുണ്ട്. എന്നാൽ ഇതിന് എൻആർസിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് യാഥാർഥ്യം. ഫുട്ബോൾ കളിക്കും മറ്റുമായി കേരളത്തിൽ എത്തുകയും വിസാകാലാവധി ലംഘനം നടത്തി പിടിക്കപ്പെടുന്നതുമായ സുഡാനികളെയും നൈജീരിയക്കാരെയും പാർപ്പിക്കുക, എന്നതാണ് കേരളം ഇത്തരം ഡിറ്റൻഷൻ സെന്ററുകൾ കൊണ്ട് ഉദ്ദേശിക്കുന്നത്. ലോകത്തിലെ എല്ലാരാജ്യങ്ങളിലും ഇതുപോലെ ഡിറ്റൻഷൻ സെന്ററുകൾ ഉണ്ട്. പൗരത്വഭേദഗതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയരുന്നതിന് എത്രയോ മുമ്പാണ്, ഇത്തരം കേന്ദ്രങ്ങൾ തുടങ്ങാൻ തീരുമാനിക്കുന്നതും. എന്നാൽ ദ ഹിന്ദു പത്രത്തിന്റെ വാർത്തയിൽ ഇത് എൻആർസിയുമായി ബന്ധപ്പെട്ടാണെന്ന് പറയന്നില്ല. പക്ഷേ സോഷ്യൽ മീഡിയയിൽ ആ രീതിയിലാണ് പ്രചാരണം വന്നത്.

കെ എസ് സുധിയുടെ ബൈലൈനോടെ, 'കേരള പ്ലാൻസ് ഡിറ്റൻഷൻ സെന്റർ' എന്ന തലക്കെട്ടിൽ ഹിന്ദുകൊടുത്തിരിക്കുന്ന വാർത്തയിൽ, വിദേശികൾക്ക് വേണ്ടി എന്ന് മാത്രമാണ് ഡിറ്റൻഷൻ സെന്ററിനെ കുറിച്ച് പറയുന്നത്. സാമൂഹ്യനീതി വകുപ്പിനാണ് ഡിറ്റൻഷൻ സെന്റർ നിർമ്മിക്കാനുള്ള ചുമതലയെന്നും വാർത്തയിൽ പറയുന്നു. ഇതിനായി ശിക്ഷിക്കപ്പെട്ടതോ വിവിധ കുറ്റങ്ങളിൽപ്പെട്ട് നാടുകടത്തേണ്ടതോ ആയ വിദേശികളുടെ വിവരങ്ങൾ ലഭിക്കേണ്ടതുണ്ട്. അതു ലഭിച്ചാൽ നിർമ്മാണം സംബന്ധിച്ച നീക്കവുമായി വകുപ്പ് മുന്നോട്ടുപോകും.എത്ര പേരെ പാർപ്പിക്കേണ്ടി വരുമെന്നതിന്റെ വിവരങ്ങൾ ലഭിച്ചതിനു ശേഷം മാത്രമേ കെട്ടിടത്തെക്കുറിച്ച് അന്തിമധാരണയാകൂ. നിലവിൽ വകുപ്പിന്റെ കീഴിലുള്ള ഒരു കെട്ടിടവും ലഭ്യമല്ല. അതുപ്രകാരം പുതിയ കെട്ടിടം നിർമ്മിക്കുകയോ വാടകയ്‌ക്കെടുക്കുകയോ ചെയ്യുമെന്ന് ഒരു ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞതായി ഹിന്ദു റിപ്പോർട്ട് ചെയ്തു.തടങ്കൽ കേന്ദ്രം നിർമ്മിക്കുന്നതിന്റെ ഭാഗമായി വിദേശികളുടെ എണ്ണമെടുക്കാൻ സംസ്ഥാന ക്രൈം റെക്കോർഡ്‌സ് ബ്യൂറോയ്ക്ക് സാമൂഹ്യ നീതി വകുപ്പ് കത്തെഴുതിയിരുന്നെങ്കിലും കാര്യമുണ്ടായില്ല. ഏറ്റവുമൊടുവിലായി കഴിഞ്ഞമാസം 26-നാണ് വകുപ്പ് കത്തെഴുതിയതെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുവിന്റെ റിപ്പോർട്ടിൽ പറയുന്നു.

വിദേശികളുടെയും അനധികൃത കുടിയേറ്റക്കാരുടെയും സഞ്ചാരം നിയന്ത്രിക്കുന്നതിനായി തടങ്കൽ കേന്ദ്രങ്ങൾ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തെഴുതിയിരുന്നു.ഇതു സംബന്ധിച്ച് മാതൃകാ തടങ്കൽ കേന്ദ്രത്തിന്റെ രൂപരേഖയും അവർ അയച്ചിരുന്നു. ജനുവരിയിലായിരുന്നു ഇതെന്ന് രാജ്യസഭാ വെബ്‌സൈറ്റിലെ വിവരങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.അനധികൃതമായി രാജ്യത്തു പ്രവേശിച്ചവർ, വിസയുടെയും പാസ്‌പോർട്ടിന്റെയും കാലാവധി തീർന്നവർ, വിചാരണ നേരിടുന്ന വിദേശികൾ, ശിക്ഷാ കാലാവധി കഴിഞ്ഞ് നാടുകടത്തൽ കാത്തിരിക്കുന്നവർ എന്നിവരെയാണു തടങ്കൽ കേന്ദ്രങ്ങളിൽ പാർപ്പിക്കേണ്ടത് എന്നായിരുന്നു കേന്ദ്ര നിർദ്ദേശം.എന്നാൽ ഇതു സംബന്ധിച്ച് കേന്ദ്രം എന്തെങ്കിലും തരത്തിലുള്ള ഫണ്ട് സംസ്ഥാന സർക്കാരിനു നൽകിയിട്ടില്ല. അതിനാൽത്തന്നെ സംസ്ഥാന സർക്കാരിന്റെ ഫണ്ടിൽ നിന്നു വേണം തടങ്കൽ കേന്ദ്രം നിർമ്മിക്കാൻ.

പൗരത്വ പട്ടികയിൽനിന്ന് പുറത്താവുന്നവരെയല്ല പ്രധാനമായും ആഫ്രിക്കക്കാരെയാണ് കേരളത്തിലെ ഡിറ്റൻഷൻ സെന്ററുകളിൽ ഇടാൻ ഉദ്ദേശിക്കുന്നത്. സെവൻസ് കളിക്കാൻ ആഫ്രിക്കയിൽ നിന്നൊക്കെ ആൾക്കാർ വിസാ ചട്ടം ലംഘിച്ച് നിരവധി തവണ പിടിയിൽ ആയിട്ടുണ്ട്. ഇവരെ മറ്റു തടവുകാരുടെ കൂടെ പാർപ്പിക്കുന്നത് അവർക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായുള്ള പഠനങ്ങൾ ഉണ്ട്. അത്തരക്കാർക്ക് ആണ് ഈ സെന്റർ. ഡിപ്പാർട്മെന്റ് ഓഫ് സോഷ്യൽ ജസ്റ്റിസ് ആണ് ഈ പദ്ധതിയുടെ പിറകിൽ. അല്ലാതെ ഹോം മിനിസ്ട്രി അല്ല. പക്ഷേ ഇ്െതാന്നും മനസ്സിലാക്കാതെ കേരളത്തിലും ഡിറ്റൻഷൻ സെന്ററുകൾ ഒരുങ്ങുകയാണെന്ന വ്യാപക കുപ്രചാരണമാണ് ഇപ്പോൾ നടക്കുന്നത്.

ബംഗലൂരിവിലും തടങ്കൽ പാളയങ്ങൾ ഉയരുന്നുണ്ടോ?

അസം മോഡലിൽ ബംഗലൂരുവിലും മഹാരാഷ്ട്രയിലും ഡിറ്റൻഷൻ സെന്റുകൾ ഒരുങ്ങുകയാണെന്ന് വ്യാജ വാർത്ത നേരത്തെയും പ്രചരിപ്പിരുന്നു. കമ്പിവേലിയുള്ള ചുറ്റുമതിലും അടുക്കളയും കുളിമുറിയും അടക്കം 15 മുറികളുമുള്ള ബംഗലൂരുവിലെ ഈ തടങ്കൽപാളയത്തിന്റെ ചിത്രമാണ് വാട്‌സാപ്പിൽ പ്രചരിച്ചിരുന്നത്. മഹാരാഷ്ട്രയിലും ഇതുപോലുള്ള ഡിറ്റൻഷൻ സെന്ററുകൾ ഉയരുന്നുണ്ടെന്നും ചിത്രങ്ങൾ പ്രചരിച്ചിരുന്നു.

എന്നാൽ ഇതിന് പൗരത്വ ഭേദഗതി നിയമവുമായോ പൗരത്വ രജിസ്റ്ററുമായോ യാതൊരു ബന്ധവുമില്ലെന്നാണ് വസ്തുത. മതിയായ രേഖകളില്ലാത്ത ആഫ്രിക്കൻ വംശജരെയും ബംഗ്ലാദേശ് പൗരന്മാരെയും ഉദ്ദേശിച്ചുള്ളതാണ് മാതൃകാ തടങ്കൽ കേന്ദ്രം എന്ന്, കർണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ് പറഞ്ഞു. ഇത് പൗരത്വഭേദഗതി നിയമമൊക്കെ വരുന്നതിന് എത്രയോ മുമ്പ് തുടങ്ങിയതാണ്. മാത്രവുമല്ല ഹൈക്കോടതി നിർദ്ദേശവും ഇതിനു പിന്നിലുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദ്ദേശം വരുന്നതിന് മുമ്പ് തന്നെ അനധികൃത കുടിയേറ്റക്കാർക്കായി കേന്ദ്രം തുറക്കാൻ കർണാടക ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അനധികൃതമായി ബെംഗളൂരുവിൽ തങ്ങിയ പതിനഞ്ച് ബംഗ്ലാദേശ് പൗരന്മാർ പിടിയിലായ കേസിലായിരുന്നു ഇത്. തടവിലാവുന്നവർ മൂന്ന് മാസത്തിലധികം ഇവിടെ തങ്ങേണ്ടി വരില്ലെന്നാണ് സർക്കാർ പറയുന്നത്. അതിനുള്ളിൽ മാതൃരാജ്യത്തേക്ക് തിരിച്ചയക്കും. സമാനമായ മുപ്പത്തിയഞ്ച് കേന്ദ്രങ്ങൾ തയ്യാറാവുന്നുവെന്നാണ് കർണാടക സർക്കാർ ഹൈക്കോടതിയിൽ നൽകിയിരിക്കുന്ന വിവരം.

ലോകത്തിലെ എല്ലാരാജ്യങ്ങളിലും ഇതുപോലെ ഡിറ്റൻഷൻ സെന്ററുകൾ ഉണ്ട്. ഇതിന് പൗരത്വഭേദഗതിയുമായി യാതൊരു ബന്ധവുമില്ല. ബെംഗളൂരുവിൽ നിന്ന് മുപ്പത് കിലോ മീറ്റർ അകലെ തയ്യാറായ ആദ്യ കേന്ദ്രം അടുത്ത മാസം തുറക്കും. അനധികൃത കുടിയേറ്റക്കാരെ തടവിൽ പാർപ്പിക്കാനുള്ള കേന്ദ്രങ്ങൾ ജനുവരിക്ക് മുമ്പ് ഒരുക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദ്ദേശമുണ്ട്. യെദിയൂരപ്പ സർക്കാർ വന്ന ശേഷം കർണാടകത്തിൽ ഇതിന്റെ നടപടികൾ വേഗത്തിലായി. ആദ്യത്തെ കേന്ദ്രം ബെംഗളൂരു നഗരത്തിന് പുറത്ത് സെണ്ടിക്കൊപ്പയിലാണ് തയ്യാറാവുന്നത്.കമ്പിവേലിയുള്ള ചുറ്റുമതിലാണ് തടങ്കൽ കേന്ദ്രത്തിന്റേത്. അടുക്കളയും കുളിമുറിയുമുള്ള 15 മുറികൾ ഇവിടെയുണ്ട്. രണ്ട് നിരീക്ഷണ ടവറുകളും സ്ഥാപിച്ചിട്ടുണ്ട്. സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുണ്ടായിരുന്ന ഹോസ്റ്റൽ കെട്ടിടം ജയിലിന് സമാനമായി മാറ്റുകയായിരുന്നു.

സമാനമായ അവസ്ഥയാണ് മഹാരാഷ്ട്രയിലും. നൈജീരിയ സുഡാൻ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് നൂറുകണക്കിന്‌പേരാണ് ഇന്ത്യയിൽ എത്തുന്നത്. ഇതോടെയാണ് കഴിഞ്ഞ ബിജെപി സർക്കാർ ഡിറ്റൻഷൻ സെന്ററുകൾ തുടങ്ങാൻ തീരുമാനിച്ചത്. എന്നാൽ പുതിയ ശിവസേന സർക്കാർ ഈ വിവാദങ്ങളെ തുടർന്ന് ഈ തീരുമാനം മാറ്റിയിരിക്കയാണ്. അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കാനുള്ള തടങ്കൽ കേന്ദ്രങ്ങൾ മഹാരാഷ്ട്രയിൽ സ്ഥാപിക്കില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. തടങ്കൽ കേന്ദ്രങ്ങൾ നിർമ്മിക്കാനായി ഫഡ്‌നാവിസ് സർക്കാർ തുടങ്ങിവച്ച നടപടികളെല്ലാം റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫഡ്‌നാവിസ് സർക്കാരിന്റെ അവസാന കാലത്ത് തടങ്കൽ കേന്ദ്രം നിർമ്മിക്കാനായി നവി മുംബൈയിൽ മൂന്ന് ഏക്കർ സ്ഥലം കണ്ടെത്തിയിരുന്നു. എന്നാൽ മുസ്ലീങ്ങളെ താമസിപ്പിക്കാനുള്ള തടങ്കൽ പാളയമാണ് ഇതെന്ന പ്രചാരണം മാറ്റിയതോടെയാണ് സർക്കാർ നയം മാറ്റിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP