Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കർണാടകത്തിൽ വിജയകരമായി നടപ്പാക്കുന്ന പബ്ബ് സംസ്‌കാരം കേരളത്തിലേക്കും പറിച്ചുനടാൻ ഒരുങ്ങി സർക്കാർ; ആഹാരത്തോടൊപ്പം ബിയർ വിളമ്പുന്നതിന് അനുവാദം തേടി പത്ത് ഹോട്ടലുകൾ; ഹോട്ടലുകൾക്ക് മൈക്രോ ബ്രുവറി അനുവദിക്കാമെന്ന ശുപാർശ തയ്യാറാക്കി എക്‌സൈസ് വകുപ്പ്

കർണാടകത്തിൽ വിജയകരമായി നടപ്പാക്കുന്ന പബ്ബ് സംസ്‌കാരം കേരളത്തിലേക്കും പറിച്ചുനടാൻ ഒരുങ്ങി സർക്കാർ; ആഹാരത്തോടൊപ്പം ബിയർ വിളമ്പുന്നതിന് അനുവാദം തേടി പത്ത് ഹോട്ടലുകൾ; ഹോട്ടലുകൾക്ക് മൈക്രോ ബ്രുവറി അനുവദിക്കാമെന്ന ശുപാർശ തയ്യാറാക്കി എക്‌സൈസ് വകുപ്പ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കർണാടകത്തിലെ പബ് സംസ്‌കാരത്തിന്റെ ചുവടുപിടിച്ച് കേരളത്തിലും ഹോട്ടലുകളിൽ ഡ്രോട്ട് ബിയർ വിതരണത്തിന് കേരള സർക്കാർ പച്ചക്കൊടി കാട്ടിയേക്കും. മദ്യവിതരണ ലൈസൻസ് ഇല്ലാതെ തന്നെ ലഹരി കുറഞ്ഞ ഡ്രോട്ട് ബിയർ നിർമ്മിച്ച് നൽകാൻ അനുമതി നൽകാനാണ് എക്‌സൈസ് വകുപ്പിന്റെ ആലോചന. ഇതിനായി എക്‌സൈസ് കമ്മിഷണറുടെ ശുപാർശ ഉടൻ സർക്കാരിന് സമർപ്പിക്കും. കർണാടകത്തിൽ, പ്രത്യേകിച്ച് ബംഗളൂരുവിൽ വ്യാപകമായി പബ്ബുകൾ ഉണ്ട്. ഇതിന് സമാനമായ രീതിയിൽ മൈക്രോ ബ്രുവറി സ്ഥാപിച്ച് ബിയർ നിർമ്മിച്ച് നൽകാനുള്ള ലൈസൻസ് നൽകാനാണ് നീക്കം.

എക്‌സൈസ് വകുപ്പ് ഇക്കാര്യത്തിൽ ശുപാർശ നൽകാനിരിക്കുന്നേയുള്ളൂ എങ്കിലും സർക്കാരിൽ നിന്ന് തന്നെ ഉയർന്ന നിർദേശമാണിതെന്ന വിവരമാണ് ലഭിക്കുന്നത്. ഇതിനകം പത്തു ഹോട്ടലുകൾ ഇതിനായി അപേക്ഷ നൽകിക്കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ഉടൻ സർക്കാർ തീരുമാനവും ഉണ്ടാവുമെന്നാണ് വിവരം.

ഓൺലൈൻ മദ്യവിൽപന ആരംഭിക്കുന്ന കാര്യവും എക്‌സൈസ് വകുപ്പിന്റെ പരിഗണനയിലുണ്ട്. വിദേശികളുൾപ്പെടെ ഉള്ള വിനോദ സഞ്ചാരികൾക്ക് ഡ്രോട്ട് ബിയർ ഇഷ്ടമാണെന്നതിനാൽ തന്നെ ടൂറിസംവകുപ്പിനും ഇത്തരത്തിൽ ഹോട്ടലുകളെ പബ്ബ് മോഡലിലേക്ക് മാറ്റുന്നതിൽ താൽപര്യമുണ്ട്. അതിനാൽ തന്നെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഹോട്ടലുകളിൽ ബിയർ വിളമ്പാൻ അനുവദിക്കാമെന്ന നിലപാടിലാണ് സർക്കാരിൽ ആലോചനകൾ മുന്നോട്ടുപോകുന്നത്.

എന്നാൽ ഇതിന് സാങ്കേതിക തടസ്സങ്ങൾ ഏറെയുള്ളതിനാൽ അത്രയെളുപ്പം നടപ്പിലാക്കാൻ ആവില്ലെന്ന് എക്‌സൈസിലെ ഉന്നത ഉദ്യോഗസ്ഥരിൽ ചിലർ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ ഹോട്ടലുകൾ കേന്ദ്രീകരിച്ച് ആഹാരത്തോടൊപ്പം ബിയറും വിളമ്പുന്ന കാര്യത്തിൽ അത്രയ്ക്ക് സാങ്കേതിക പ്രശ്‌നം ഇല്ലതാനും. അതേസമയം, ഇതിൽ എതിർപ്പുമായി മദ്യവിരുദ്ധ സംഘടനകളും പ്രതിപക്ഷവും ഇറങ്ങുമോ എന്ന ആശങ്ക സർക്കാരിനുണ്ട്.

കർണാടകത്തിൽ പലയിടത്തും വിജയകരമായി ഇത്തരത്തിൽ ബിയർ നിർമ്മിച്ച് നൽകുന്ന മൈക്രോ ബ്രുവറിയുമായി ഹോട്ടലുകൾ പ്രവർത്തിക്കുന്നുണ്ട്. മാത്രമല്ല, ഇപ്പോൾ കുപ്പിയിൽ ലഭിക്കുന്ന ബിയറിനെ അപേക്ഷിച്ച് വീര്യംകുറഞ്ഞ ബിയർ ആയിരിക്കും ഇത്തരത്തിൽ ലഭിക്കുക. അതിനാൽ ഇത് മദ്യപാനാസക്തി കൂട്ടുകയല്ല, മറിച്ച് കുറയ്ക്കുകയാണ് ചെയ്യുകയെന്ന വാദമാണ് എക്‌സൈസ് ഉയർത്തുന്നത്.

അതേസമയം, സർക്കാർ ആലോചന തുടങ്ങിയതിന് പിന്നാലെ തന്നെ എതിർപ്പും തുടങ്ങിക്കഴിഞ്ഞു. ശക്തമായ എതിർപ്പുമായി രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലുള്ളവർ രംഗത്തെത്തി. ജനദ്രോഹപരമായ മദ്യനയമാണ് കേരള സർക്കാർ സ്വീകരിച്ചിരിക്കുന്നതതെന്നും ഇത് കൂടുതൽ വിപുലമാക്കാനുള്ള കാര്യങ്ങളാണ് എക്സൈസ് കമ്മീഷണർ ചെയ്യുന്നതെന്നും പ്രതികരിച്ച് മുൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ തന്നെയാണ് മുന്നിലുള്ളത്.

സർക്കാർ മദ്യനയത്തിനെതിരെ കോൺഗ്രസ് ശക്തമായ പ്രക്ഷോഭത്തിന് ഇറങ്ങാത്തതിൽ പ്രതിഷേധമുള്ള സുധീരൻ ഇപ്പോൾ മദ്യവിരുദ്ധരെ ഒപ്പംചേർത്ത് സർക്കാരിന്റെ മദ്യനയത്തിനെതിരെ പ്രതിഷേധസമര രംഗത്തുണ്ട്. മദ്യത്തിന്റെ പേരിൽ സംസ്ഥാനത്ത് നടക്കുന്ന ആക്രമണങ്ങൾ മുഖവിലയ്ക്കെടുക്കാതെ കേരളത്തെ മദ്യത്തിൽ മുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഈ സർക്കാരിന്റെ അന്ത്യം മദ്യത്തിൽ ആയിരിക്കുമെന്നതിൽ ഒരു സംശയവുമില്ലെന്നും ആണ് സുധീരൻ പ്രതികരിക്കുന്നത്.

സമൂഹത്തെ മദ്യവത്കരിക്കാനുള്ള നീക്കമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് കെസിബിസി വക്താവ് വർഗീസ് വള്ളിക്കാട്ടും അഭിപ്രായപ്പെട്ടു. ഹോട്ടലിൽ മദ്യം നിർമ്മിച്ച് നൽകുന്നതിനെതിരെ കെസിബിസി ശക്തമായ പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ബംഗളൂരുവിൽ പരീക്ഷിച്ച് വിജയിച്ചു എന്നതുകൊണ്ട് ഈ പദ്ധതി കേരളത്തിൽ നടത്താൻ സാധിക്കില്ലെന്ന് ആണ് കോൺഗ്രസ് നേതാവ് പന്തളം സുധാകരൻ പ്രതികരിച്ചത്. ഭരണം കൈയിലുണ്ടെന്ന ധൈര്യത്തിൽ ജനങ്ങളോട് നടത്തുന്ന വെല്ലുവിളിയാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP