Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിക്ടേഴ്സിൽ ക്ലാസ് തുടങ്ങി പത്താഴ്‌ച്ചകൾ തികയുമ്പോഴും പഠിപ്പിച്ച് തീർത്തത് ഒന്നോ രണ്ടോ അധ്യായങ്ങൾ; ആദ്യ ടേമിൽ പഠിപ്പിക്കേണ്ടതിന്റെ പകുതി പോലും തീർക്കാതെ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ്; സിലബസ് റിവൈസ് ചെയ്ത് സിബിഎസ്ഇ ബഹുദൂരം മുന്നേറുമ്പോഴും സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ കാര്യത്തിൽ ഒന്നും മിണ്ടാതെ സർക്കാരും മന്ത്രിയും; കൊറോണയുടെ പേരിൽ ഇടത് സർക്കാർ വിദ്യാർത്ഥികളെ കയ്യൊഴിയുന്നു

വിക്ടേഴ്സിൽ ക്ലാസ് തുടങ്ങി പത്താഴ്‌ച്ചകൾ തികയുമ്പോഴും പഠിപ്പിച്ച് തീർത്തത് ഒന്നോ രണ്ടോ അധ്യായങ്ങൾ; ആദ്യ ടേമിൽ പഠിപ്പിക്കേണ്ടതിന്റെ പകുതി പോലും തീർക്കാതെ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ്; സിലബസ് റിവൈസ് ചെയ്ത് സിബിഎസ്ഇ ബഹുദൂരം മുന്നേറുമ്പോഴും സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ കാര്യത്തിൽ ഒന്നും മിണ്ടാതെ സർക്കാരും മന്ത്രിയും; കൊറോണയുടെ പേരിൽ ഇടത് സർക്കാർ വിദ്യാർത്ഥികളെ കയ്യൊഴിയുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് തുടങ്ങി ആദ്യടേം അവസാനിക്കാറായിട്ടും സിലബസ് വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാതെ സംസ്ഥാന സർക്കാർ. സാധാരണ സ്കൂൾ സമയം ആറ് മണിക്കൂറാണ്. ഇതിൽ ഒരുമണിക്കൂർ ഉച്ചഭക്ഷണത്തിനും മറ്റുമായി നൽകിയ ശേഷം അഞ്ച് മണിക്കൂറാണ് പഠനത്തിനായി ചിലവഴിക്കുക. എന്നാൽ, നിലവിൽ ദിവസം അരമണിക്കൂർ മാത്രമാണ് ക്ലാസ് നടക്കുന്നത്. അതുകൊണ്ട് തന്നെ മുഴുവൻ പാഠങ്ങളും പഠിപ്പിച്ച് തീരാൻ വളരെയധികം സമയമെടുക്കും. അതുകൊണ്ട് തന്നെ സിലബസ് വെട്ടിക്കുറയ്ക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ല. ആദ്യ ടേമിൽ പത്ത് ആഴ്‌ച്ച പിന്നിടുമ്പോഴും പല വിഷയങ്ങളിലും ഒന്നോ രണ്ടോ പാഠങ്ങൾ മാത്രമാണ് ഇതുവരെ പഠിപ്പിച്ച് തീർത്തത്. നാലും അഞ്ചും പാഠങ്ങളാണ് ആദ്യ ടേമിൽ പഠിപ്പിച്ച് തീർക്കേണ്ടത് എന്നിരിക്കെയാണ് വളരെ കുറച്ച് പാഠഭാഗങ്ങൾ മാത്രം പഠിപ്പിച്ചിരിക്കുന്നത്. ഇത് വിദ്യാർത്ഥികളിൽ വലിയ മാനസിക സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത്. തങ്ങളുടെ കുട്ടികളുടെ പഠനം എങ്ങനെയാകും എന്നറിയാതെ വിഷമിക്കുകയാണ് സംസ്ഥാന സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ.

സംസ്ഥാനത്തെ നാലാം ക്ലാസ് വിദ്യാർത്ഥികൾക്ക് മലയാളം പുസ്കത്തിൽ ആദ്യ ടേമിൽ പഠിക്കാനുള്ളത് അഞ്ച് പാഠങ്ങളാണ്. അതിൽ ഇപ്പോൾ രണ്ടാമത്തെ പാഠമാണ് ഇപ്പോൾ വിക്ടേവ്സ് ചാനലിലൂടെ പഠിപ്പിക്കുന്നത്. ഇംഗ്ലീഷ് മൂന്ന് പാഠങ്ങളുള്ളതിൽ ഒന്ന് പോലും ഇതുവരെ പഠിപ്പിച്ച് തീർത്തിട്ടില്ല. ഇവി എസ് ആദ്യ ടേമിൽ ആറ് പാഠങ്ങൾ ഉള്ളതിൽ രണ്ടാമത്തെ പാഠം ആരംഭിച്ചിട്ടേയുള്ളു. കണക്കിന് നാല് പാഠങ്ങളാണ് ആദ്യ ടേമിൽ ഉള്ളത്. അതിൽ ഒന്നുപോലും ഇതുവരെ പഠിപ്പിച്ച് തീർന്നിട്ടില്ല.

പ്ലസ്ടുവിന് ഇംഗ്ലീഷ് ഈ വർഷം ആകെ പഠിക്കാനുള്ളത് അഞ്ച് പാഠങ്ങളാണ്. അതിൽ ആദ്യത്തെ ചാപ്റ്ററിലെ രണ്ട് ഭാഗങ്ങൾ മാത്രമാണ് ഇതുവരെ പഠിപ്പിച്ചത്. മലയാളം ഈ വർഷം പഠിക്കാനുള്ളത് നാല് ചാപ്റ്ററാണ്. അതിൽ ആദ്യത്തെ പാഠം മാത്രമാണ് പഠിപ്പിച്ചത്. ഫിസിക്സ് ആദ്യ ടേമിൽ എട്ട് പാഠങ്ങളുണ്ട്. ഇതിൽ ആദ്യ പാഠഭാഗം മാത്രമാണ് പഠിപ്പിച്ചത്. കെമിസ്ട്രി ആദ്യ ടേമിൽ എട്ട് ചാപ്റ്ററുകൾ ഉള്ളതിൽ ഒന്ന് മാത്രമാണ് പഠിപ്പിച്ചത്. ബോട്ടണി ആദ്യ ടേമിലുള്ള നാല് ചാപ്റ്ററുള്ളതിൽ ഒരെണ്ണവും സുവേളജിയിൽ ആദ്യ ചാപ്റ്ററിന്റെ പകുതിയും മാത്രമാണ് വിക്ടേഴ്സിൽ ഇതുവരെ പഠിപ്പിച്ചത്. കണക്ക് ആകെ 15 ചാപ്റ്ററാണ് ഉള്ളത് അതിൽ ആദ്യ ചാപ്റ്റർ മാത്രമാണ് ഇതുവരെ പഠിപ്പിച്ചത്. ഹിന്ദി ആകെയുള്ള നാല് യൂണിറ്റുള്ളതിൽ ഒരു യൂണിറ്റ് മാത്രമാണ് പഠിപ്പിച്ചത്.

ഏതാണ്ട് എല്ലാ ക്ലാസുകളുടെയും സ്ഥിതി സമാനമാണ്. അതുകൊണ്ട് തന്നെ വിദ്യാർത്ഥികളും രക്ഷിതാക്കളും കടുത്ത മാനസിക സമ്മർദ്ദത്തിലാണ്. ഇനിയും സിലബസ് വെട്ടിക്കുറയ്ക്കുന്നത് വെച്ച് താമസിപ്പിക്കരുത് എന്നാണ് രക്ഷിതാക്കളിൽ പലരും ആവശ്യപ്പെടുന്നത്. സ്വാഭാവികമായും സിലബസ് വെട്ടിക്കുറയ്ക്കുമ്പോൾ അപ്രധാനമായ പാഠഭാഗങ്ങളാകും ഒഴിവാക്കുക. തീരുമാനം വൈകുന്നതിനിടെ അത്തരം പാഠങ്ങൾ പഠിപ്പിച്ച് തീർക്കുന്നതിനും കുട്ടികൾ പിന്നീട് വളരെ കുറഞ്ഞ സമയം കൊണ്ട് സിലബസിൽ ഉൾപ്പെട്ടിട്ടുള്ള പാഠങ്ങൾ പഠിക്കേണ്ട സാഹചര്യവും സംജാതമാകും. ഇത് കുട്ടികൾക്ക് കൂടുതൽ മാനസിക സമ്മർദ്ദത്തിന് ഇടയാക്കുമെന്നും രക്ഷകർത്താക്കൾ ചൂണ്ടിക്കാട്ടുന്നു.

കോവിഡ് സാഹചര്യം പരിഗണിച്ച് ജൂലൈ ആദ്യവാരം തന്നെ സിബിഎസ്ഇ, ഒമ്പതാ മുതൽ 12 വരെ ക്ലാസുകളിലെ സിലബസ് 30ശതമാനം വരെ വെട്ടിക്കുറച്ചിരുന്നു. ഈ അധ്യയന വർഷത്തേക്കാണ് പരിഷ്കാരം. ഒഴിവാക്കിയ പാഠഭാഗങ്ങൾ, വർഷാവസാന പരീക്ഷയിലും ഇന്റേണൽ പരീക്ഷകളിലും പരിഗണിക്കില്ല. ഇതേസമയം, ‌ഈ പാഠഭാഗങ്ങളും സാഹചര്യവും സമയവും പരിഗണിച്ച് കുട്ടികൾക്കു പകർന്നു കൊടുക്കാൻ സ്കൂളുകളോടു നിർദ്ദേശിക്കുമെന്നും സിബിഎസ്ഇ വ്യക്തമാക്കിയിരുന്നു. പഠനവിഷയങ്ങളിലെ അടിസ്ഥാന കാര്യങ്ങൾ പരമാവധി നിലനിർത്തിയാവും സിലബസ് വെട്ടിക്കുറയ്ക്കുന്നതെന്നാണ് തീരുമാനം പ്രഖ്യാപിച്ച കേന്ദ്ര മാനവശേഷി മന്ത്രി ഡോ. രമേശ് പൊക്രിയാൽ അറിയിച്ചത്.

രാജ്യത്തെ വിദ്യാലയങ്ങൾ എല്ലാം തന്നെ മാർച്ച് 16 മുതൽ അടഞ്ഞുകിടക്കുകയാണ്. കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായിട്ടായിരുന്നു ഇത്. മാർച്ച് 24നാണ് ദേശീയതലത്തിൽ ലോക്ക് ഡൗണും പ്രഖ്യാപിക്കപ്പെട്ടത്. മറ്റ് പല നിർദ്ദേശങ്ങളും എടുത്തുകളഞ്ഞെങ്കിലും സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

വരും തലമുറയോടുള്ള വെല്ലുവിളി: ആനന്ദ് കണ്ണശ

സംസ്ഥാന സർക്കാർ സിലബസ് വെട്ടിക്കുറയ്ക്കുന്നതിൽ തീരുമാനം എടുക്കാത്തത് വരും തലമുറയോടുള്ള വെല്ലുവിളിയാണെന്ന് കേരള അംഗീകൃത സ്കൂൾ മാനേജ്മെന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആനന്ദ് കണ്ണശ പറയുന്നു. സിബിഎസ്ഇ-ഐസ്എസ്ഇ സിലബസുകൾ വളരെ നേരത്തേ തന്നെ റിവൈസ് ചെയ്ത് നൽകിയതിനാൽ കുട്ടികൾക്ക് ഏതൊക്കെ പാഠഭാഗങ്ങൾ പഠിക്കണം എന്നത് സംബന്ധിച്ച് ആദ്യമേ തന്നെ വ്യക്തമായ ധാരണയുണ്ട്. എത്രയും വേഗം സിലബസ് പരിഷ്കരിച്ച് നൽകിയില്ലെങ്കിൽ സംസ്ഥാന സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഭാവിയെ ഗുരുതരമായി ബാധിക്കുമെന്നും ആനന്ദ് കണ്ണശ വ്യക്തമാക്കി.

സാധാരണ സ്കൂൾ സമയം ആറ് മണിക്കൂറാണ്. ഇതിൽ ഒരുമണിക്കൂർ ഉച്ചഭക്ഷണത്തിനും മറ്റുമായി നൽകിയ ശേഷം അഞ്ച് മണിക്കൂറാണ് പഠനത്തിനായി ചിലവഴിക്കുക. എന്നാൽ, നിലവിൽ ദിവസം അരമണിക്കൂർ മാത്രമാണ് ഒരു സ്റ്റാ ഡേർഡിന് ക്ലാസ് നടക്കുന്നത്. അതുകൊണ്ട് തന്നെ മുഴുവൻ പാഠങ്ങളും പഠിപ്പിച്ച് തീർക്കാൻ കഴിയില്ല എന്നത്ത് ഏവർക്കും മനസിലാക്കാൻ കഴിയുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ സിലബസ് വെട്ടിക്കുറയ്ക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ല. എല്ലാ ക്ലാസിലേയും ഒരോ വിഷയത്തിലും താരതമ്യേന പ്രാധാന്യം കുറഞ്ഞതും കുട്ടികളുടെ മുന്നാടുള്ള പഠനത്തിന് അത്യാവശ്യമല്ലാത്തത്തുമായ പാoങ്ങൾ ഒഴിവാക്കേണ്ടത് ഈ സാഹചര്യത്തിൽ അനിവാര്യമാണ്.

സിബിഎസ്ഇ-ഐസ്എസ്ഇ സിലബസുകൾ വളരെ നേരത്തേ തന്നെ റിവൈസ് ചെയ്ത് നൽകിയതിനാൽ കുട്ടികൾക്ക് ഏതൊക്കെ പാഠഭാഗങ്ങൾ പഠിക്കണം എന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ നിർദ്ദേശാനുസരണം ആദ്യമേ തന്നെ വ്യക്തമായ ധാരണയുണ്ട്. എന്നാൽ, സംസ്ഥാന സർക്കാർ സിലബസ് പുനപരിശോധിക്കാത്തത് കടുത്ത അലംഭാവമാണ്.കൂടാതെ സംസ്ഥാന സിലബസിൽ കുട്ടികൾക്ക് പഠിക്കാനുള്ള സംസ്കൃതം ,അറബി, ഉറുദു, തമിഴ്, കന്നഡ, എന്നിവയ്ക്കും ഹയർ സെക്കന്ററി ക്ലാസുകളിൽ കോമൺ വിഷയങ്ങൾ ഒഴികെ ഒന്നിനും ചാനൽ ക്ലാസുകൾ ഇല്ല എന്നതാണ് വസ്തുതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാത്തിരിക്കണം: ശ്രീകുമാർ

സിലബസ് വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കുന്നതിന് കുറച്ച് കൂടി കാത്തിരിക്കണമെന്ന് ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീകുമാർ മറുനാടനോട് പറഞ്ഞു. ജൂൺ ഒന്നാം തീയതി മുതൽ തന്നെ കേരളത്തിൽ ക്ലാസുകൾ ആരംഭിച്ചു. കുട്ടികൾക്ക് സിലബസ് അനുസരിച്ച് കൃത്യമായ പാഠഭാഗങ്ങൾ തീരുന്നില്ലായിരിക്കാം. പക്ഷേ ജൂൺ ഒന്ന് മുതൽ പഠനം ആരംഭിക്കാൻ നമുക്ക് കഴിഞ്ഞത് വലിയ കാര്യമാണ്. ഒരുപക്ഷേ, സ്കൂളുകൾ തുറന്ന ശേഷം എല്ലാ ശനിയാഴ്‌ച്ചകളും സ്കൂളുകൾ പ്രവർത്തിക്കാനും മധ്യവേനലവധി ഒഴിവാക്കി ആ രണ്ട് മാസം കൂടി പഠിപ്പിച്ച് പാഠഭാഗങ്ങൾ തീർക്കാനും സർക്കാർ തീരുമാനിക്കുകയാണെങ്കിൽ നമുക്ക് മുഴുവൻ പാഠഭാഗങ്ങളും പഠിപ്പിച്ച് തീർക്കാനാകും. സിബിഎസ്ഇ സിലബസ് ചുരുക്കിയത് പോലെ സംസ്ഥാന സിലബസ് വെട്ടിക്കുറയ്ക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഒരുപക്ഷേ സെപ്റ്റംബറിൽ എങ്കിലും ക്ലാസുകൾ തുടങ്ങാൻ കഴിയും എന്നാണ് മുഖ്യമന്ത്രി തന്നെ പ്രതികരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സെപ്റ്റംബറിലും ക്ലാസുകൾ ആരംഭിക്കാൻ സാധ്യതയില്ലെന്ന വാർത്തകൾ കഴിഞ്ഞ ദിവസങ്ങളിൽ വരുന്നുണ്ട്. അങ്ങനെ സെപ്റ്റംബറിലും സ്കൂളുകൾ തുറക്കാൻ കഴിഞ്ഞില്ലെങ്കിൽ മാത്രം സിലബസ് വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച് ആലോചിച്ചാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ പാഠഭാഗങ്ങളും പൂർണമായും പഠിക്കണം എന്നാണ് നമ്മുടെ പാഠ്യപദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്. കാരണം ഇതിൽ ഏതെങ്കിലും ഒരുഭാഗം വിട്ടുപോയാൽ പിന്നീട് ഒരിക്കലും അത് പഠിക്കാൻ അവസരം ലഭിക്കുന്നില്ല. സ്പൈറൽ പാഠ്യപദ്ധതി ആയതിനാൽ ഈ വർശത്തേ പാഠഭാഗങ്ങളുടെ തുടർച്ചയാണ് അടുത്ത വർഷം. ഈ വർഷ കുട്ടി ഏതെങ്കിലും ഒരു പാഠം പഠിക്കാതെ പോയാൽ അടുത്ത വർഷത്തെ അവന്റെ പഠന പ്രവർത്തനങ്ങളെ അത് ബാധിതക്കും.അതുകൊണ്ട് സാധ്യമാകുന്നു എങ്കിൽ സിലബസ് വെട്ടിക്കുറയ്ക്കാതെ മുന്നോട്ട് പോകണം എന്നാണ് സംഘടനയുടെ നിലപാട് എന്നും അദ്ദേഹം മറുനാടനോട് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP