Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

രോഗബാധിതർക്ക് ചികിത്സയും ചൈനയിൽ നിന്നെത്തിയവർക്ക് നിരീക്ഷണവും പൊതുജനങ്ങൾക്ക് ബോധവത്ക്കരണവും; ലോകം പകച്ചു നിൽക്കുന്ന കൊറോണയെ കീഴടക്കാൻ ചിട്ടയായ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് മന്ത്രി കെ കെ ശൈലജ ടീച്ചർ; വിവിധ ജില്ലകളിലായി നിരീക്ഷണത്തിൽ കഴിയുന്നത് 1999 പേർ; ഇതുവരെ രോഗം സ്ഥിരീകരിച്ചത് രണ്ടു പേർക്കും; വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശന നടപടി

രോഗബാധിതർക്ക് ചികിത്സയും ചൈനയിൽ നിന്നെത്തിയവർക്ക് നിരീക്ഷണവും പൊതുജനങ്ങൾക്ക് ബോധവത്ക്കരണവും; ലോകം പകച്ചു നിൽക്കുന്ന കൊറോണയെ കീഴടക്കാൻ ചിട്ടയായ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് മന്ത്രി കെ കെ ശൈലജ ടീച്ചർ; വിവിധ ജില്ലകളിലായി നിരീക്ഷണത്തിൽ കഴിയുന്നത് 1999 പേർ; ഇതുവരെ രോഗം സ്ഥിരീകരിച്ചത് രണ്ടു പേർക്കും; വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശന നടപടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോകം മുഴുവൻ കൊറോണ ഭീതിയിൽ കഴിയുമ്പോഴും മാതൃകയായി കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ. ഇതുവരെ രണ്ടുപേരെ മാത്രമാണ് കേരളത്തിൽ വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗബാധിതർക്കുള്ള ചികിത്സയും ചൈനയിൽ നിന്നും എത്തിയവർക്കുള്ള നിരീക്ഷണവും പൊതുജനങ്ങൾക്കുള്ള ബോധവത്ക്കരണ പ്രവർത്തനങ്ങളും കൊണ്ട് സംസ്ഥാന സർക്കാർ മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നത്. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് കൊറോണയെ വരുതിയിലാക്കാനുള്ള പരിശ്രമങ്ങൾ നടക്കുന്നത്.

രോഗബാധിത പ്രദേശങ്ങളിൽ നിന്നും സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1999 പേർ നിരീക്ഷണത്തിലാണ്. ഇവരിൽ 1924 പേർ വീടുകളിലും 75 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. സംശയാസ്പദമായവരുടെ 104 സാമ്പിളുകളും രണ്ട് പുനപരിശോധനാ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 36 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. കൊറോണ വൈറസ് ബാധിച്ച് തൃശൂർ മെഡിക്കൽ കോളേജിലെ ഐസലേഷൻ വാർഡിൽ കഴിയുന്ന വിദ്യാർത്ഥിനിയുടെ ആരോഗ്യനില തൃപ്തികരമെന്നാണ് റിപ്പോർട്ടുകൾ. ഇതിനിടെ, ആലപ്പുഴ ജില്ലയിൽ വുഹാനിൽ നിന്ന് വന്ന ഒരു വിദ്യാർത്ഥിക്ക് കൂടി കൊറോണ ബാധയുണ്ടെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്ന് സ്ഥിരീകരിച്ചു.

ചൈനയിൽ നിന്നെത്തിയവർ നിർബന്ധമായും പൊതു ഇടങ്ങളിൽ ഇറങ്ങരുത്. ഇവരുടെ കുടുംബാംഗങ്ങളും വീട് വിട്ട് ഇറങ്ങരുത്. രോഗമുള്ളവരോ രോഗ സാധ്യതയുള്ളവരോ ആരോഗ്യ വകുപ്പിന്റെ മുൻകരുതൽ നടപടിയുമായി പൂർണ്ണമായി സഹകരിക്കണം. ആരും അതിൽ വീഴ്ച വരുത്തരുത്. ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. ദേശീയ തലത്തിൽ 14 ദിവസമാണ് ഇൻകുബേഷൻ സമയം. സംസ്ഥാനത്ത് 28 ദിവസം നിരീക്ഷണം തുടരും. സുരക്ഷയ്ക്ക് വേണ്ടിയാണ് നിരീക്ഷണം നീട്ടിയത്. തൃശൂർ ജില്ലയിൽ 20 പേർ നിരീക്ഷണത്തിലെന്ന് മന്ത്രി വി എസ് സുനിൽ കുമാർ അറിയിച്ചു. അതിനിടെ, കൊറോണയുമായി ബന്ധപ്പെട്ട് വ്യാജവാർത്ത പ്രചരിപ്പിച്ച രണ്ട് പേർ കൂടി ഇന്ന് അറസ്റ്റിലായി.

പെരിഞ്ഞനം ഇല്ലിക്കൽ വീട്ടിൽ ഷാജിത ജമാൽ, കൊടുങ്ങല്ലൂർ എസ് എൻ പുരം കുഴിക്കണ്ടത്തിൽ വീട്ടിൽ ഷംല എന്നിവരെയാണ് വ്യാജവാർത്ത പ്രചരിപ്പിച്ചതിന് തൃശ്ശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ വാർത്ത പ്രചരിപ്പിച്ച ആറ് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പോസിറ്റീവ് കേസിന്റെ രണ്ടാമത്തെ ഫലം കിട്ടിയിട്ടില്ല. മെഡിക്കൽ കോളേജിലും ജനറൽ ആശുപത്രിയിലുമായി 22 പേർ ഐസലേഷനിൽ നിരീക്ഷണത്തിലാണ്. 30 സാമ്പിളുകൾ ആലപ്പുഴയിലേക്ക് പരിശോധനക്കായി അയച്ചിട്ടുണ്ട്. 152 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലാണ്.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സ്വകാര്യ ആശുപത്രികളിലും ഐസൊലേഷൻ വാർഡുകൾ ക്രമീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ വ്യക്തമാക്കി. മെഡിക്കൽ കോളേജുകളിലും ജനറൽ ആശുപത്രികളിലും അവ ക്രമീകരിച്ചു കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി. ആലപ്പുഴ ജില്ലയിൽ ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അവിടെ ഉന്നതല യോഗം ചേർന്നിരുന്നു. ഇതിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേശീയ ആരോഗ്യ മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ തുടങ്ങിയവർ പങ്കെടുത്തു. കളക്ടറേറ്റിലാണ് യോഗം ചേർന്നത്. ഡോ. രത്തൻ ഖേൽക്കർ ആലപ്പുഴയിൽ താമസിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. മുന്നൊരുക്കങ്ങൾ 14 ഭാഗങ്ങളായി തിരിച്ച് പ്രവർത്തനങ്ങൾ നടക്കും. ഇതിനായി ഓരോരുത്തരെ ചുമതലപ്പെടുത്തി.

എല്ലാദിവസവും വൈകുന്നേരം എല്ലാ വിഭാഗം ആളുകളുടെയും യോഗം ചേരും. പോരായ്മകൾ ഉണ്ടെങ്കിൽ പരിഹരിക്കും. യോഗത്തിന് ശേഷം എല്ലാ ദിവസവും രാത്രി ഏഴിന് ജില്ലയിലെ സ്ഥിതി മാധ്യമങ്ങളെ അറിയിക്കും. ബുള്ളറ്റിനും ഇറക്കും. ആലപ്പുഴ മെഡിക്കൽ കോളേജിൽ നാല് കേസാണ് ഉള്ളത്. അതിൽ ഒന്ന് പോസിറ്റീവാണ്.

ആലപ്പുഴ ജില്ലയിൽ 120 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. ചൈന, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന് വരുന്നവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം. നമ്പർ കൈവശമില്ലെങ്കിൽ തൊട്ടടുത്ത ആശുപത്രിയിലെ മെഡിക്കൽ ഓഫീസറെ വിവരം അറിയിക്കുക. ഒരാളും കാര്യങ്ങൾ മറച്ചുവയ്കരുത്. ഇൻക്വുബേഷൻ പിരീഡ് 28 ദിവസമാണ്. അത്രയും ദിവസം വീടുകളിൽനിന്ന് പുറത്തേക്ക് പോകരുത്. ഇത്തരം വീടുകളിൽ സത്കാരമോ ചടങ്ങുകളോ നടത്തരുതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

പരിശോധന ഇനി കേരളത്തിൽ തന്നെ

കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കാൻ കേരളത്തിന് ഇനി പുണെ വെറോളജി ഇൻസ്റ്റിറ്റ്യൂട്ടിനെ ആശ്രയിക്കേണ്ടതില്ല. സാമ്പിളുകൾ ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിക്കും. കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കാൻ രാജ്യം ഇതുവരെ ആശ്രയിച്ചിരുന്നത് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിനെ മാത്രമായിരുന്നു. കേരളത്തിലേക്ക് കൊറോണ ബാധിത രാജ്യങ്ങളിൽ നിന്ന് കൂടുതൽ പേർ എത്തിയ സാഹചര്യത്തിൽ സാമ്പിൾ പരിശോധനയുടെ ഫലമറിയാൻ പുണെയെ ആശ്രയിക്കേണ്ടി വരുന്നത് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. ഫലമറിയാൻ വൈകുന്നതാണ് ആരോഗ്യവകുപ്പിനെ ബുദ്ധിമുട്ടിലാക്കിയത്. ഫലം വൈകുന്നത് മൂലം അനുബന്ധ നടപടികൾ സ്വീകരിക്കാനും കാലതാമസമെടുത്തു.

ആലപ്പുഴയിൽ കൊറോണ സ്ഥിരീകരിക്കാൻ സംവിധാനം ഉണ്ടെങ്കിലും കേന്ദ്ര അനുമതി ഇല്ലാത്തതിനാൽ പുണെയിലേക്ക് തന്നെ സാംപിളുകൾ അയച്ചിരുന്നു. ഇതിനിടെ, കേരളത്തിൽ കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നരുടെ എണ്ണം വർധിച്ചതോടെ ആരോഗ്യമന്ത്രി ആലപ്പുഴയിലെ വൈറോളി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനാ നടത്താൻ അനുമതി തേടിയിരുന്നു. ഇതാണ് വഴിത്തിരിവായത്. ഇനി കേരളത്തിന് പുണെയിൽ നിന്ന് ഫലം വരും വരെ കാത്തിരിക്കേണ്ട. ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മുഖേന വേഗത്തിൽ ഫലമറിയാം. അനുമതി ലഭിച്ചതിന് പിന്നാലെ ആലപ്പുഴ വൈറോളജി ലാബിൽ സാമ്പിൾ പരിശോധ തുടങ്ങുകയും ചെയ്തു.

ബോധവത്ക്കരണവും സജീവം

കൊറോണ വൈറസുമായി ബന്ധപ്പെട്ട് വിവിധതരത്തിലുള്ള സംശയങ്ങളും ആശങ്കളും അകറ്റുന്നതിനും വിദ്യാർത്ഥികളിൽ വ്യക്തവും കൃത്യവുമായ അവബോധം നൽകുന്നതിനുമായി ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുള്ള ബോധവൽക്കരണ വീഡിയോ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലെയും മുഴുവൻ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമായി ഫെബ്രുവരി മൂന്നിന് രണ്ട് മണിക്ക് പ്രദർശിപ്പിക്കും. വിക്ടേഴ്സ് ചാനലിലൂടെയും https://victers.kite.kerala.gov.in എന്ന പോർട്ടലിലൂടെയും ലഭ്യമാകുന്ന ഈ വീഡിയോ ഫെബ്രുവരി മൂന്നിന് രണ്ട്, നാല് മണികളിലായി മൂന്നുതവണ സംപ്രേഷണം ചെയ്യും.

കൊറോണ വൈറസ് ബാധയ്ക്കെതിരെ പ്രതിരോധം തീർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിക്കാൻ വേണ്ടി, ദേശീയ-അന്തർദേശീയ വിദഗ്ധരുടെ യോഗം ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ അദ്ധ്യക്ഷതയിൽ ഫെബ്രുവരി നാലിന് രാവിലെ 10.30ന് സർവകലാശാലാ ആസ്ഥാനത്തു ചേരും. പ്ലാനിങ് ബോർഡ് അംഗവും കേരള സർവകലാശാലാ മുൻ വൈസ് ചാൻസിലറുമായ ഡോ. ബി. ഇക്‌ബാൽ ചർച്ചകൾക്ക് തുടക്കം കുറിക്കും. ഡോ. ഷൗക്കത്ത് അലി (നാഷണൽ ഡിസീസ് കൺട്രോൾ സെന്റർ), ഡോ. സുനിൽ ചാക്കോ (ഹാർവാർഡ് സർവകലാശാല), ഡോ. അമർ ഫെറ്റിൽ (കേരള ആരോഗ്യ വകുപ്പ്), ഡോ. എം.കെ.നാരായണൻ (വെറ്ററിനറി സർവകലാശാല) എന്നിവർക്കു പുറമേ, കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ നിന്നുള്ള വിവിധ വിഭാഗങ്ങളിലെ അദ്ധ്യാപർ, ഗവേഷകർ, പൊതുജനാരോഗ്യ വിദഗ്ദ്ധർ, സർവകലാശാലാ വിദ്യാർത്ഥി യൂണിയൻ പ്രതിനിധികൾ എന്നിവരും പങ്കെടുക്കും.

വിപുലമായ പദ്ധതികളുമായി ഐഎംഎയും

കൊറോണ വൈറസ് ബാധ വ്യാപകമാകുന്നത് തടയുന്നതിനായി വിപുലമായ പദ്ധതികൾ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തുടരുകയാണ്. 14 ജില്ലകളിലെയും ഡോക്ടർമാർക്ക് കൊറോണ വൈറസ് ചികിത്സയുടെ വിവിധ വശങ്ങൾളെകുറിച്ചുള്ള തുടർ വിദ്യാഭ്യാസ പരിപാടികൾ ഐ എം എ യുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തു വരുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലെയും സ്വകാര്യ ആശുപത്രികളുടെ സഹായം ഇ വിഷയത്തിൽ ഐ എം എ വാഗ്ദാനം നൽകിയിട്ടുണ്ട്. ഐസൊലേഷൻ വാർഡുകളും , ഇന്റെൻസീവ് കെയർ യൂണിറ്റുകളും വെന്റിലേറ്റർ സഹായവും എല്ലാം ഉള്ള സ്വകര്യ ആശുപത്രികൾ അടിയന്തിര ഘട്ടം എത്തിയാൽ ചികിത്സക്കായി മുന്നോട്ടു വരും. കേരളത്തിലെ നാല് വിമാന താവളങ്ങളിലും ബയോ മെഡിക്കൽ വെയ്സ്‌റ് നിർമ്മാർജനം ചെയ്യുന്നതിന് വേണ്ടി ഉള്ള പദ്ധതിയും സ്വകാര്യ ആശുപത്രികളിലെ മറ്റു ആരോഗ്യ പ്രവർത്തകർക്ക് പരിശീലനം നൽകുന്നതിലും സർക്കാരിന്റെ കൊറോണ വൈറസ് പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന മറ്റു നടപടികൾ സ്വീകരിക്കുന്നതിന് ഐ എം എ എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു.

തിരുവനന്തപുരത്തു ഇന്ന് നടന്ന ഉന്നത തല യോഗം കൊറോണ വൈറസ് ബാധയെ തുടർന്നുണ്ടായ സ്ഥിതി വിശേഷം വിലയിരുത്തി. തുടർ പ്രവർത്തനങ്ങൾക്കായി സംസ്ഥാന തല മോണിറ്ററിങ് കമ്മിറ്റിയും ഐ എം എ സാംക്രമിക രോഗ നിവാരണ വിഭാഗവും ഗവേഷണ വിഭാഗവും സംയുക്തമായി ചേർന്ന് ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുമെന്ന് ഐ എം എ സംസ്ഥാന പ്രസിഡന്റ് ഡോ എബ്രഹാം വർഗീസും, സെക്രട്ടറി ഡോ ഗോപികുമാറും പ്രസ്താവനയിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP