Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പത്ത് ജീവനക്കാരിൽ കുറവുള്ള സ്ഥാപനങ്ങൾക്ക് ഇനി രജിസ്‌ട്രേഷൻ വേണ്ട; രാത്രിയും പകലും എല്ലാ ദിവസവും കടകൾ തുറക്കാം; ഒൻപത് മണിക്കൂറിൽ അധികം ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഓരോ മണിക്കൂറും ഇരട്ടി ശമ്പളം; കേരളത്തെ വ്യാപാര സൗഹൃദ സംസ്ഥാനമാക്കാൻ ഷോപ്പ് ആൻഡ് എസ്റ്റാബിളിഷ്‌മെന്റ് നിയമത്തിൽ സമഗ്രമായ പൊളിച്ചെഴുത്ത് നടത്തി പിണറായി സർക്കാർ

പത്ത് ജീവനക്കാരിൽ കുറവുള്ള സ്ഥാപനങ്ങൾക്ക് ഇനി രജിസ്‌ട്രേഷൻ വേണ്ട; രാത്രിയും പകലും എല്ലാ ദിവസവും കടകൾ തുറക്കാം; ഒൻപത് മണിക്കൂറിൽ അധികം ജോലി ചെയ്യുന്ന ജീവനക്കാർക്ക് ഓരോ മണിക്കൂറും ഇരട്ടി ശമ്പളം; കേരളത്തെ വ്യാപാര സൗഹൃദ സംസ്ഥാനമാക്കാൻ ഷോപ്പ് ആൻഡ് എസ്റ്റാബിളിഷ്‌മെന്റ് നിയമത്തിൽ സമഗ്രമായ പൊളിച്ചെഴുത്ത് നടത്തി പിണറായി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തെ കൂടുതൽ വ്യവസായ സൗഹൃദമാക്കുകയെന്ന ലക്ഷ്യത്തോടെ കേരള ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമം സർക്കാർ അഴിച്ചുപണിയുന്നു. കൂടുതൽ വ്യാപാരങ്ങൾ കേരളത്തിൽ സജീവമാക്കാൻ പോന്ന തരത്തിലാണ് മാറ്റങ്ങൾ. രാത്രി കാല കച്ചവടത്തിലൂടെ ഹോട്ടലുകൾക്കും മറ്റും നേട്ടമുണ്ടാക്കാനാകും. നിലവിൽ രാത്രിയിൽ കച്ചവടത്തിന് പൊലീസിന്റെ അനുമതി അനിവാര്യമാണ്. പുതിയ നിയമം എത്തുന്നതോടെ ഈ നിയന്ത്രം ഇല്ലാതാകും.

നിലവിലെ നിയമം അനുസരിച്ചു രാത്രി പത്തിനുശേഷം കട പ്രവർത്തിക്കാനാവില്ല. ആഴ്ചയിൽ ഒരു ദിവസം കട അവധിയായിരിക്കണം. രാത്രി വ്യാപാരം ചിലയിടങ്ങളിൽ നടക്കുന്നതു തൊഴിൽ വകുപ്പിന്റെ അനുമതിയോടെയാണ്. ഇതിനാണ് മാറ്റം വരുത്തുന്നത്. രാത്രികാല ഷോപ്പിങ്ങിനു നിയമപ്രാബല്യം വരും.. ഉടമ ആഗ്രഹിക്കുന്നെങ്കിൽ ദിവസം 24 മണിക്കൂറും കച്ചവടം നടത്താം. വർഷം മുഴുവനും വ്യാപാരം നടത്തുന്നതിനും തടസ്സമുണ്ടാകില്ല. കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം പുറപ്പെടുവിച്ച ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്‌ളിഷ്‌മെന്റ് ആക്ടിന്റെ മാതൃകയനുസരിച്ചാണു പുതിയ നിയമം. നവംബർ 30ന് അകം എല്ലാ സംസ്ഥാനങ്ങളും ചട്ടം രൂപീകരിക്കണം. ഇതാണ് കേരളവും പാലിക്കപ്പെടുന്നത്.

സ്ത്രീ തൊഴിലാളികളെക്കൊണ്ടു രാത്രി ഏഴിനു ശേഷം ജോലിചെയ്യിക്കാൻ ഇപ്പോൾ അനുമതിയില്ല. എന്നാൽ, യാത്രാസൗകര്യം ഒരുക്കിയാൽ സ്ത്രീകൾക്കും ഏതുസമയത്തും ജോലി പുതിയ നിയമം അനുവദിക്കുന്നു. തൊഴിലാളികളുടെ ജോലിസമയം എട്ടിൽനിന്ന് ഒൻപതാക്കിയും ഉയർത്തി. പത്തു ജീവനക്കാരിൽ കുറവുള്ള കച്ചവട സ്ഥാപനങ്ങൾക്കു ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിൽ റജിസ്‌ട്രേഷൻ വേണ്ടെന്നും ചട്ടമുണ്ട്. അതായത് ചെറുകിട സ്ഥാപനങ്ങൾക്ക് നിയന്ത്രണങ്ങളില്ലാതെ പ്രവർത്തിക്കാനാകും. ജോലി സമയം ഒൻപതു മണിക്കൂറാവും. ഒരു മണിക്കൂർ ഇടവേളയുമുണ്ട്. അധിക ജോലിചെയ്യുന്ന ഓരോ മണിക്കൂറിനും ഇരട്ടിശമ്പളം നൽകണമെന്നാണ് വ്യവസ്ഥ. പരമാവധി ജോലിസമയം ആഴ്ചയിൽ 125 മണിക്കൂറായിരിക്കും. ആഴ്ചയിലൊരിക്കൽ അവധി നിർബന്ഘമാണ്.

സ്ത്രീകൾക്കു രാത്രി ഒൻപതുവരെ ജോലി. സമ്മതമാണെങ്കിൽ ഒൻപതിനുശേഷവും തുടരാം. സ്ത്രീസുരക്ഷയും രാത്രി യാത്രാസൗകര്യവും ഉറപ്പാക്കണമെന്ന് മാത്രം. ലേബർ ഇൻസ്‌പെക്ടർ ലേബർ ഫെസിലിറ്റേറ്റർ ആവും. ഇതാണ് കാതലായ മാറ്റം. വ്യാപാര സ്ഥാപന റജിസ്‌ട്രേഷൻ 10 വർഷം ആയിരിക്കും. നിയമ ലംഘനത്തിനു പിഴ ഉയർത്തുകയും ചെയ്തു. ഒരു ജീവനക്കാരനു 2000 രൂപ വീതം പരമാവധി രണ്ടു ലക്ഷം രൂപ പിഴ. കുറ്റം ആവർത്തിച്ചാൽ അഞ്ചുലക്ഷം രൂപ വരെ നൽകണം. 20 ജീവനക്കാർക്ക് ഒന്ന് എന്ന കണക്കിൽ ശുചിമുറി നിർബന്ധമാക്കുന്നുണ്ട്. സ്ത്രീ ജീവനക്കാരുണ്ടെങ്കിൽ ക്രഷ് സംവിധാനം അനിവാര്യതയാകും.

വൻകിട സ്ഥാപനങ്ങളിൽ സ്ത്രീ ജീവനക്കാർക്കു യാത്രാസൗകര്യം ഒരുക്കേണ്ടതു സ്ഥാപന ഉടമയാണ്. എന്നാൽ ചെറുകിട സ്ഥാപനങ്ങളിൽ ഉത്തരവാദിത്തം സർക്കാരിന്റേതു കൂടിയാണ്. കട ഉടമകൾ സംയുക്തമായോ വ്യാപാരി സംഘടനകളും തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്നോ തൊഴിലാളിക്ഷേമ ഫണ്ട് ഉപയോഗിച്ചോ യാത്രാസൗകര്യം ഏർപ്പെടുത്താം. ക്രഷ് സംവിധാനവും ഇത്തരത്തിൽ സംയുക്തമായി നടത്താം. കടയുടമയും ജീവനക്കാരും തമ്മിലുള്ള തർക്കം തീർക്കാൻ തർക്കപരിഹാര വേദി വേണമെന്നും വ്യവസ്ഥയുണ്ട്. തൊഴിൽ ഉടമകളുടെയും തൊഴിലാളികളുടെയും സർക്കാരിന്റെയും പ്രതിനിധികൾ ഉൾപ്പെട്ട സമിതിയാണിത്. ഇതിൽ പരിഹാരമായില്ലെങ്കിലേ തൊഴിൽ വകുപ്പിന്റെ പരിഗണനയിലേക്ക് തർക്കങ്ങളെത്തൂ.

വ്യവസായ അന്തരീക്ഷം കൂടുതൽ അനുകൂലമാക്കാനും വ്യവസായം തുടങ്ങാനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാനുമായി ബന്ധപ്പെട്ട നിയമങ്ങൾ ഏകീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. കേരള പഞ്ചായത്ത് ആക്ട്, കേരള മുനിസിപ്പാലിറ്റി ആക്ട്, കെട്ടിട നിർമ്മാണ ചട്ടങ്ങൾ, കേരള ലിഫ്റ്റ്‌സ് ആൻഡ് എസ്‌കലേറ്റേഴ്‌സ് ആക്ട്, മൂല്യവർദ്ധിത നികുതി നിയമം, ജലവിഭവ നിയന്ത്രണ നിയമം, കേരള ഫാക്ടറീസ് റൂൾസ് , ഹെഡ്‌ലോഡ് വർക്കേഴ്‌സ് ആക്ട്, ഷോപ്‌സ് ആൻഡ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്, ഇന്റർ സ്റ്റേറ്റ് മൈഗ്രന്റ് വർക്കേഴ്‌സ് റഗുലേഷൻ റൂൾസ്, കേരള കോൺട്രാക്ട് ലേബർ ആക്ട്, കേരള മോട്ടോർ വർക്കേഴ്‌സ് റൂൾസ് തുടങ്ങിയ നിയമങ്ങളിലും ചട്ടങ്ങളിലുമാണ് ഭേദഗതി വരുത്താൻ തീരുമാനിച്ചത്. ഇതാണ് ഇപ്പോൾ നടപ്പാകുന്നത്. നടപടിക്രമങ്ങൾ ലളിതമാക്കുകയും ഏകീകരിക്കുകയുമാണ് ലക്ഷ്യം.

പുതിയ നിയമഭേദഗതികൾ അംഗീകരിക്കുമ്‌ബോൾ വ്യവസായ ലൈസൻസ് നൽകാനും റദ്ദാക്കാനും പ്രാദേശിക സ്ഥാപനങ്ങൾക്കുള്ള വിവേചനാധികാരം ഇല്ലാതാകും. ബന്ധപ്പെട്ട വകുപ്പുകളുടെ റിപ്പോർട്ട് അടിസ്ഥാനമാക്കി തീരുമാനമെടക്കേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP