Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയെ നടുക്കിയ കത്വ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ 'ചിലപ്പോൾ പെൺകുട്ടി'ക്ക് സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിച്ച് കേരള സെൻസർ ബോർഡ് സമിതി; ഒന്നും പറയാതെ ഇറങ്ങിപ്പോയി വിജി തമ്പി; അഭിപ്രായം പറയാതെ ചിപ്പി; സർട്ടിഫിക്കറ്റ് തരാൻ ആകില്ലെന്ന് പറഞ്ഞ് സന്ദീപ് സേനനും ഭാഗ്യലക്ഷ്മിയും; വിഷയം സംഘപരിവാറിന് എതിരായതോടെ ചിത്രീകരണം മുതൽ തടസ്സപ്പെടുത്തൽ തുടങ്ങിയവർ ഇപ്പോഴും വെറുതെ വിടുന്നില്ല; പിണറായിക്ക് മുന്നിൽ പരാതിയുമായി നിർമ്മാതാവും സംവിധായകനും

ഇന്ത്യയെ നടുക്കിയ കത്വ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ 'ചിലപ്പോൾ പെൺകുട്ടി'ക്ക് സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിച്ച് കേരള സെൻസർ ബോർഡ് സമിതി; ഒന്നും പറയാതെ ഇറങ്ങിപ്പോയി വിജി തമ്പി; അഭിപ്രായം പറയാതെ ചിപ്പി; സർട്ടിഫിക്കറ്റ് തരാൻ ആകില്ലെന്ന് പറഞ്ഞ് സന്ദീപ് സേനനും ഭാഗ്യലക്ഷ്മിയും; വിഷയം സംഘപരിവാറിന് എതിരായതോടെ ചിത്രീകരണം മുതൽ തടസ്സപ്പെടുത്തൽ തുടങ്ങിയവർ ഇപ്പോഴും വെറുതെ വിടുന്നില്ല; പിണറായിക്ക് മുന്നിൽ പരാതിയുമായി നിർമ്മാതാവും സംവിധായകനും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കത്വയിൽ അതിക്രൂരമായി പെൺകുട്ടി കൊലചെയ്യപ്പെട്ട സംഭവത്തെ അടിസ്ഥാനപ്പെടുത്തി ഒരുക്കിയ 'ചിലപ്പോൾ പെൺകുട്ടി' എന്ന ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിച്ച് കേരള സെൻസർബോർഡ്. കഴിഞ്ഞദിവസം സെൻസർ ചെയ്ത സമിതി എന്തുകൊണ്ട സർട്ടിഫിക്കറ്റ് നൽകുന്നില്ലെന്ന് പറയാൻപോലും തയ്യാറാകുന്നില്ലെന്നും ആക്ഷേപം.

സംഘപരിവാറിനെ ഏറെ പ്രതിരോധത്തിലാക്കിയ കത്വ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം എന്നതിനാൽ ചിത്രീകരണം മുതൽതന്നെ പലവിധത്തിൽ എതിർപ്പു നേരിട്ടിരുന്നു. എന്നാൽ പ്രതിസന്ധികളെ തരണം ചെയ്ത് ചിത്രീകരണം പൂർത്തിയാക്കി. പക്ഷേ, ചിത്രം സെൻസറിംഗിന് എത്തിച്ചപ്പോൾ കേരള സെൻസർ ബോർഡ് അംഗങ്ങളിലെ സംഘപരിവർ ബന്ധമുള്ളവർ സർട്ടിഫിക്കറ്റ് നൽകുന്നത് തടയുകയായിരുന്നു എന്നാണ് ആക്ഷേപം. വിഷയത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകിയിരിക്കുകയാണ് ചിത്രത്തിന്റെ നിർമ്മാതാവ് സുനീഷ് ചുനക്കരയും സംവിധായകൻ പ്രസാദ് നൂറനാടും.

ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, നടി ചിപ്പി, സംവിധായകൻ വിജി തമ്പി, നിർമ്മാതാവ് സന്ദീപ് സേനൻ, സെൻസർ ഡയറക്ടർ പാർവ്വതി ഐ.എ.എസ്. എന്നിവരുൾപ്പെട്ട സമിതിയാണ് ഇവിടെ ചിത്രം സെൻസർ ചെയ്തത്. സെൻസറിങ് ഷോയ്ക്ക് എത്തിയെങ്കിലും ഒന്നും പറയാതെ വിജി തമ്പി ഇറങ്ങിപ്പോയി. ചിപ്പി അഭിപ്രായമൊന്നും പറഞ്ഞില്ല. ഭാഗ്യലക്ഷ്മിയും സേനനും സർട്ടിഫിക്കറ്റ് നൽകാനാവില്ലെന്ന് പറയുകയായിരുന്നുവെന്ന് ഇരുവരും പറയുന്നു.

മുഖ്യമന്ത്രിക്ക് നൽകിയ നിവേദനം ഇങ്ങനെ:

ചിലപ്പോൾ പെൺകുട്ടി കേരളത്തിലെ പെൺകുട്ടികൾക്കും മാതാപിതാക്കൾക്കും വേണ്ടി നിർമ്മിച്ച സിനിമയാണെന്ന് സംവിധായകനും നിർമ്മാതാവും മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി. കത്വയിലെ സംഭവത്തെ ഓർമ്മപ്പെടുത്തി പെൺകുട്ടികൾക്ക് കരുത്തുപകരാൻ ഒരുക്കിയിട്ടുള്ള ചിത്രമാണ്. എന്നാൽ സാമൂഹ്യ പ്രതിബദ്ധതയുള്ള സിനിമ പ്രദർശിപ്പിക്കാൻ സെൻസർ ബോർഡ് തയ്യാറല്ല. കത്വ വിഷയം ചർച്ചചെയ്യുന്നതാണ് പ്രധാനമായി പ്രദർശനാനുമതി നിഷേധിക്കപ്പെടുവാനുള്ള കാരണം.മഹാത്മാഗാന്ധിയുടെ മരണം കഴിഞ്ഞാൽ ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത ഒരു വിഷയമാണ് കാശ്മീർ കത്വയിലെ കൊലപാതകം.

എന്തിന്റെ പേരിലാണെങ്കിലും 8 വയസ്സുകാരിയായ പെൺകുട്ടിയോട് കാട്ടിയത് കടുത്ത അനീതി തന്നെയാണ്. സിനിമയുടെ നിർമ്മാതാവായ ഞാൻ ഒരു ക്രിസ്ത്യൻ വിശ്വാസിയും, കഥയെഴുതിയ എം. കമറുദീൻ മുസ്ലിം വിശ്വാസിയും ഇതിന്റെ സംവിധായകൻ പ്രസാദ് നൂറനാട് ഒരു ഹിന്ദു മതവിശ്വാസിയുമാണ്. പക്ഷേ കാശ്മീരിലെ കത്വ സംഭവത്തോട് പ്രതികരിക്കാതിരിക്കാൻ ഒരിക്കലും കഴിയുന്നതല്ല, ഏതൊരു മതവിശ്വാസിക്കും.

2018 മെയ് 16 ചിത്രീകരണം ആരംഭിച്ച ചിത്രം നൂറനാട്, പടനിലം, തിരുവനന്തപുരം, വാഗമൺ, കാശ്മീർ എന്നീ സ്ഥലങ്ങളിലായി ജൂലൈ ആദ്യ വാരത്തോടെ ചിത്രീകരണവും അണിയറപ്രവർത്തനങ്ങളും പൂർത്തിയായി എങ്കിലും പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്തതിന്റെ ഭാഗമായി ഇതിന്റെ എല്ലാ പ്രവർത്തനങ്ങളും തൽക്കാലം നിർത്തിവയ്ക്കുകയായിരുന്നു.

സിനിമയിൽ മൃഗങ്ങളെ ഉപയോഗിച്ചതിനാൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ ഫരീദാബാദിലുള്ള അനിമൽ വെൽഫെയർ ബോർഡിൽനിന്നും എൻഒസി. ലഭിക്കേണ്ടതാകുന്നു. യഥാർത്ഥത്തിൽ നാമമാത്രമായിട്ടുള്ള മൃഗങ്ങളെമാതം ഉപയോഗിച്ചിട്ടതും, അവയോട് എങ്ങനെ മനുഷ്യത്വപരമായി പെരുമാറണം എന്ന തരത്തിലുള്ള ചിത്രീകരണ രംഗങ്ങളുമാണ് സിനിമയിലുള്ളത്. നമ്മുടെ കൊച്ചു കേരളത്തിൽ നിർമ്മിക്കുന്ന ഒരു ചിത്രത്തിന് എൻഒസി. ലഭിക്കാൻ ഫരീദാബാദിലെ ആർഎസ്എസ്. മേലാളരുടെ പാദസേവ ചെയ്യേണ്ട അവസ്ഥയാണ് എല്ലാ സിനിമക്കാരും നേരിടുന്നത്.

ബിജെപി. ഭരിക്കുന്ന സംസ്ഥാനത്ത് പ്രവർത്തിക്കുന്ന കേന്ദ്ര സ്ഥാപനമായ അനിമൽ വെൽഫെയർ ബോർഡിന്റെ തലവൻ ആർഎസ്എസ്. നേതാവാണ്. തിരഞ്ഞെടുപ്പ് അടുക്കുന്നതിനാൽ തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് നിർമ്മാതാക്കളിൽനിന്ന് ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്നതിനുള്ള ഏജൻസിയായി പ്രവർത്തുക്കുന്ന ഒരു ബോർഡാണ് ഇതെന്ന് ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. ചിലപ്പോൾ പെൺകുട്ടിയുടെ എൻഒസി.ക്കായി അവിടെ എത്തിയെങ്കിലും കൈക്കൂലി കൊടുക്കാത്തതിനാൽ പല മുടന്തൻ ന്യായങ്ങൾ പറഞ്ഞ് 6 മാസത്തോളം എൻഒസി. തടഞ്ഞുവച്ചു. അവസാനം പലരുടെയും ഇടപെടൽകൊണ്ട് എൻഒസി. ലഭിച്ചു. ഇതിനിടയിൽ ട്രെയിലറിൽ കാശ്മീർ, കഠ്വ, ആസിഫ വിഷയങ്ങൾ റീജിയണൽ കമ്മിറ്റി തടഞ്ഞ്, മുംബൈയിലെ ആർ.സി. കമ്മിറ്റിക്ക് അയച്ച് വീണ്ടും മൂന്നുമാസത്തോളം കാലതാമസം വരുത്തി. നടി ഗൗതമി അടങ്ങുന്ന ചെന്നൈ കമ്മിറ്റി സിനിമ മുഴുവനും കണ്ട് ഒരു തീരുമാനമെടുക്കുവാൻ തിരുവനന്തപുരം റീജിയണൽ കമ്മിറ്റിയോട് ആവശ്യപ്പെട്ടെങ്കിലും രേഖാമൂലം അറിയിച്ചില്ല എന്ന പേരിൽ 'ചിലപ്പോൾ പെൺകുട്ടി' 2018-ൽ സെൻസർ ചെയ്യാതെ വീണ്ടും തഴയപ്പെട്ടു. 2018 ഡിസംബറിൽ റിലീസ് പ്ലാൻ ചെയ്തിരുന്നതിനാൽ നിർമ്മാതാവിന് വലിയ സമ്പത്തിക നഷ്ടം ഉണ്ടായത് ശ്രദ്ധിക്കപ്പെടാതെ പോയി.

നിർമ്മാതാവിന്റെയും സംവിധായകന്റെയും നിരന്തര ഇടപെടലിന്റെ ഫലമായി ചെന്നൈ കമ്മിറ്റി സെൻസർ നടത്താൻ ആവശ്യപ്പെടുകയും, 2019 ജനുവരി 16 ബുധനാഴ്ച തിരുവനന്തപുരം കൈരളി നിള തിയേറ്ററിൽ സിനിമ സെൻസർ ചെയ്യപ്പെടുകയും ചെയ്തു. ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, നടി ചിപ്പി, സംവിധായകൻ വിജി തമ്പി, നിർമ്മാതാവ് സന്ദീപ് സേനൻ, സെൻസർ ഡയറക്ടർ പാർവ്വതി ഐ.എ.എസ്. എന്നീ അഞ്ചംഗ കമ്മിറ്റി 'ചിലപ്പോൾ പെൺകുട്ടി'യുടെ പ്രദർശനനാനുമതി നിഷേധിക്കുകയായിരുന്നു.

ബിജെപി. അനുഭാവിയായ വിജി തമ്പി സിനിമ കണ്ട്, സംവിധായകനോടോ, നിർമ്മാതാവിനോടോ ആശയവിനിമയം നടത്താതെ ഇറങ്ങിപ്പോയി. ചിപ്പിയും സിനിമയെക്കുറിച്ച് ഒന്നും തന്നെ പറഞ്ഞില്ല. സെൻസർ ഓഫീസർ എഴുതിവച്ച തിരക്കഥപോലെ, 'ചിലപ്പോൾ പെൺകുട്ടി' ക്ക് സർട്ടിഫിക്കറ്റ് തരാൻ ഞങ്ങൾക്ക് ആകില്ല എന്ന് ഭാഗ്യലക്ഷ്മിയും സന്ദീപും മാത്രം പറഞ്ഞു. സിനിമ മുംബൈ സി.ബി.എഫ്.സി. (CBFC) ചെയർമാന് അയക്കുകയും, അവിടെനിന്നും തീരുമാനമുണ്ടാകുമെന്നും അറിയിച്ചു.

ഒരു യഥാർത്ഥ സംഭവം പറയാനുള്ള സ്വാതന്ത്ര്യം എങ്ങനെ നഷ്ടമാകുന്നു? ഒരു സംവിധായകന്റെ, എഴുത്തുകാരന്റെ കലാപരമായ ചിന്തയെ ചോദ്യം ചെയ്യപ്പെടുന്നതെങ്ങനെ? ഇത്തരം പല കേസുകളും സുപ്രീംകോടതി വരെ ശരിവയ്ക്കുന്നതാണ്. അപ്പോൾ ഞങ്ങൾ സുപ്രീം കോടതി വരെ പോകണം എന്നത് ആരുടെയോ നിർബ്ബന്ധമാണ്.

'ചിലപ്പോൾ പെൺകുട്ടി' റിലീസ് ഇനിയും വൈകും. ഒരു യഥാർത്ഥ്യം ചിത്രീകരിച്ച സിനിമ കേരളത്തിൽ ഞങ്ങളുടേത് മാത്രമല്ല. ഒരു വലിയ സന്ദേശം കുട്ടികൾക്കും മാതാപിതാക്കൾക്കും നൽകുന്നതാണ് ഈ സിനിമ. പീഡനങ്ങൾക്കെതിരെ മാധ്യമസ്വാതന്ത്ര്യത്തിലൂടെ ശബ്ദമുയർത്തിയ ഞങ്ങൾക്ക് നിരന്തരം തടസ്സങ്ങൾ സൃഷ്ടിക്കപ്പെടുകയാണ്. ഇത് തികച്ചും രാഷ്ട്രീയപ്രേരിതമാണ്. ബിജെപി.ക്കെതിരെ ആയുധമാക്കി ഉയർത്തപ്പെട്ട ഇന്ത്യയിലെ ഒരു വലിയം സംഭവം വിഷയമായതാണ് ഇതിനൊക്കെ കാരണമെന്ന് ഞങ്ങൾ വിശ്വസിച്ചുപോകുന്നു.

കേരളത്തിൽ സ്ഥിതിചെയ്യുന്ന സെൻസർ ബോർഡിന് 'ചിലപ്പോൾ പെൺകുട്ടി' എന്ന സിനിമയ്ക്ക് പ്രദർശനാനുമതി തരാൻ കഴിയില്ലപോലും. കത്വ വിഷയം സിനിമയിൽ വന്നത് ചൂണ്ടിക്കാട്ടിയാണ് ബോധപൂർവ്വം സിനിമയുടെ പ്രദർശനാനുമതി തടഞ്ഞിരിക്കുന്നത്. മാധ്യമങ്ങളിൽ വന്ന ഒരു വാർത്ത കേരളത്തിലെ ഒരു പെൺകുട്ടിയിലുണ്ടാക്കിയ ഭയമാണ് സിനിമയിലൂടെ വിവരിക്കുന്നത്. ഒറ്റപ്പെട്ട് ജീവിക്കുന്ന ഒരു പെൺകുട്ടിക്കോ സ്ത്രീക്കോ പ്രായഭേദമില്ലാതെ ഏതു നിമിഷം സംഭവിക്കാവുന്ന കാര്യങ്ങളാണ് പ്രമേയം. ഇതൊന്നും കണക്കിലെടുക്കാതെ കത്വാ സംഭവത്തെ മാത്രം ചൂണ്ടിക്കാണിച്ച് ഞങ്ങളെ ദ്രോഹിക്കുകയാണ്.

ഒന്നര കോടി രൂപ ചെലവാക്കി സിനിമയെടുത്ത നിർമ്മാതാവ് വലിയ പ്രതിസന്ധിയിലാണ്. സിനിമ സെൻസർചെയ്ത 5 പേരിൽ 3 പേർ സ്ത്രീകളാണ്. സ്ത്രീകൾക്കും കുട്ടികൾക്കും നേരിടേണ്ടിവരുന്ന പീഡനങ്ങൾക്കെതിരെ പ്രതികരിച്ച ഞങ്ങൾ ഇനി സുപ്രീം കോടതിവരെ പോകേണ്ട പരിതാപകരമായ അവസ്ഥയാണ്. സ്ത്രീയുടെ ഏറ്റവും വലിയ ശത്രു സ്ത്രീ തന്നയാണെന്ന് ഒന്നുകൂടി അടിവരയിട്ട് ഉറപ്പിക്കുകയാണ് സെൻസർ ബോർഡിന്റെ രാഷ്ട്രീയപ്രേരിതമായ ഗൂഢാലോചന. ആയതിനാൽ സർക്കാരും സാംസ്‌കാരിക വകുപ്പും കാര്യമായ ഇടപെടൽ നടത്തി ഞങ്ങൾക്ക് നീതി ഉറപ്പാക്കി ഈ സിനിമ ജനങ്ങളിലേക്ക് എത്തിക്കാൻ സഹായിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു. - നിർമ്മാതാവും സംവിധായകനും മുഖ്യമന്ത്രി പിണറായിക്ക് നൽകിയ നിവേദനത്തിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP