Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇക്കുറി സ്‌കൂൾ കലോത്സവം 'കലാപോത്സവ'മാക്കില്ല; വിധികർത്താക്കളും വിദ്യാർത്ഥികളും രക്ഷിതാക്കളുമൊക്കെ വിജിലൻസ് നിരീക്ഷണത്തിൽ, കോഴയും പാരിതോഷികങ്ങളുമൊക്കെ കൈയോടെ പിടികൂടും; ചാനലുകളുടെ സമാന്തരകലാപരിപാടി അനുവദിക്കില്ല; 16 നു കണ്ണൂരിൽ തുടങ്ങുന്ന കലോത്സവത്തിനു കർശനനിയന്ത്രണങ്ങൾ

ഇക്കുറി സ്‌കൂൾ കലോത്സവം 'കലാപോത്സവ'മാക്കില്ല; വിധികർത്താക്കളും വിദ്യാർത്ഥികളും രക്ഷിതാക്കളുമൊക്കെ വിജിലൻസ് നിരീക്ഷണത്തിൽ, കോഴയും പാരിതോഷികങ്ങളുമൊക്കെ കൈയോടെ പിടികൂടും; ചാനലുകളുടെ സമാന്തരകലാപരിപാടി അനുവദിക്കില്ല; 16 നു കണ്ണൂരിൽ തുടങ്ങുന്ന കലോത്സവത്തിനു കർശനനിയന്ത്രണങ്ങൾ

രഞ്ജിത് ബാബു

കണ്ണൂർ: സംസ്ഥാന സ്‌കൂൾകലോത്സവ വിധികർത്താക്കൾ ജാഗ്രതൈ! നിങ്ങൾക്കു ചുറ്റും വിജിലൻസിന്റെ കണ്ണുകളുണ്ട്. ഈ മാസം 16 മുതൽ കണ്ണൂരിൽ നടക്കുന്ന സ്‌കൂൾ കലോത്സവത്തിലെ മത്സരാർത്ഥികൾ, രക്ഷിതാക്കൾ, കലാഗുരുക്കൾ ഉൾപ്പെടെയുള്ള അദ്ധ്യാപകർ തുടങ്ങിയവർ വിജിലൻസിന്റെ നിരീക്ഷണ വലയത്തിൽ പെടും. വിധിനിർണയത്തിൽ സ്വജനപക്ഷപാതം, കോഴയുൾപ്പെടെയുള്ള പാരിതോഷികങ്ങൾ സ്വീകരിക്കൽ തുടങ്ങിയ ആരോപണങ്ങൾ മുൻ കലോത്സവങ്ങളിൽ ഉയർന്നുവന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. വിധികർത്താക്കളുടെ പാനൽ പോലും കേന്ദ്രീകൃതമായി തയ്യാറാക്കാനാണ് അധികൃതരുടെ ശ്രമം.

യുവജനോത്സവനഗരിയിൽ രഹസ്യ ഇടപാടുകളൊന്നും നടക്കില്ല. സാമൂഹ്യ വിരുദ്ധരുടെ തള്ളക്കയറ്റത്തിനും നിയന്ത്രണമുണ്ടാകും. സിസി. ടിവി. സംവിധാനത്തിലൂടെ എല്ലാ വേദികളും കണ്ണൂർ നഗരത്തിലെ മുക്കും മൂലയും പൊലീസ് നിരീക്ഷണത്തിൽ ഉൾപ്പെടുത്തും. ജില്ലാ പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് കൺട്രോൾ റൂമിന്റെ പരിധിയിലായിരിക്കും നഗരം മുഴുവനും. ആയിരത്തോളം പൊലീസുകാരാണ് സുരക്ഷാ ചുമതലക്കായി നിയോഗിക്കപ്പെടുക. പെൺകുട്ടികളുടെ സുരക്ഷക്കായി നൂറ് വനിതാ പൊലീസുകാരേയും വിന്യസിക്കും. കെ.എ.പി, എം.എസ്. പി. ആംഡ് റിസേർവ്വ് പൊലീസ് എന്നീ സായുധ വിഭാഗങ്ങളും അണിനിരക്കും.

കലോത്സവം ദൃശ്യവത്കരിക്കാനെത്തുന്ന ടി.വി. ചാനലുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താനും നിർദേശമുണ്ട്. വിജയിച്ചു വരുന്ന മത്സരാർത്ഥികളെ കലോത്സവവേദികൾക്ക് മുന്നിൽ നിന്നും മത്സരിച്ചു നൃത്തം ചെയ്യിക്കുന്നതിനും പാട്ടുപാടിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തും. സമീപകാലത്തായി എല്ലാ കലോത്സവങ്ങളിലും ചാനലുകാർ മത്സരാർത്ഥികളെ ഇത്തരത്തിൽ 'സമാന്തര കലാപരിപാടി' അവതരിപ്പിച്ച് ചിത്രീകരിക്കാറുണ്ട്. ചാനലുകൾ തമ്മിൽ ഇക്കാര്യത്തിൽ കയ്യാങ്കളിയും സംഘർഷവും അരങ്ങേറുന്നതും പതിവാണ്. ഇത്തരം പരിപാടികൾ കണ്ണൂർ കലോത്സവത്തിൽ നടപ്പില്ല എന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതർ.

പ്രധാനവേദിക്കു മുന്നിലായാണ് പലപ്പോഴും മാദ്ധ്യമങ്ങളുടെ പവലിയനുകൾ ഉണ്ടാകാറ്. മത്സരവിജയികൾ ഇവരുടെ സ്റ്റാളുകളിൽനിന്ന് നടത്തിയ പരിപാടികൾ പുനരവതരിപ്പിക്കുമ്പോൾ വേദിയിൽ മത്സരങ്ങൾ അരങ്ങേറുന്നുണ്ടാകും. ഇങ്ങനെ നടത്തുന്ന പാട്ടും കൊട്ടുമെല്ലാം വേദിയെ ബാധിക്കുന്ന തരത്തിലാണ് നടക്കാറുള്ളത്. കഴിഞ്ഞ വർഷം പ്രധാനവേദിയിൽ ഭരതനാട്യം നടക്കുമ്പോൾ ചെണ്ടമേളത്തിൽ ഒന്നാം സ്ഥാനം നേടിയ ടീമിനെക്കൊണ്ട് ചാനലുകാർ അവർക്കനുവദിച്ച പവലിയനിൽ വച്ച് ചെണ്ടമേളം നടത്തിയതായും ഇത് വേദിയിൽ മത്സരിക്കുന്ന മത്സരാർത്ഥി പോലും അമ്പരന്നു പോയ വിധത്തിലായിരുന്നതായി ഡി.പി.െഎ. മോഹൻ കുമാർ തന്നെ പറയുന്നു.

ചാനലുകാരുടെ വിജയികളോടുള്ള ചോദ്യവും ഉത്തരവും പിന്നെ പാട്ടുപാടിക്കലും കൊട്ടിക്കലും ഒക്കെ കലോത്സവത്തിന്റെ ഗൗരവത്തെ മാറ്റി മറിക്കുന്നതായും അധികൃതർ പറയുന്നു. കാഴ്ചക്കാരായി എത്തിയവരും വിദ്യാർത്ഥിയോടൊപ്പമുള്ളവരും ചേർന്ന് വൻ ജനക്കൂട്ടം ഇത്തരം പരിപാടികൾക്ക് കൂടുന്നത് സുഗമമായ നടത്തിപ്പിന് വിഘാതം സൃഷ്ടിക്കുന്നു. കലോത്സവവിജയത്തിന് ചില നിയന്ത്രണങ്ങൾ വരുത്താൻ കണ്ണൂരിലെ സംഘാടക സമിതിയും ആലോചിച്ചു വരുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP