Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202030Wednesday

ഒരുകാലത്തുമില്ലാത്ത അവസ്ഥയിൽ കേരളം; അതിവേഗം ജലനിരപ്പ് ഉയർന്നതോടെ ആലുവ മുങ്ങുന്നു; കൊച്ചി നഗരത്തിനും ഭീഷണി: പതിനായിരങ്ങൾ ഒറ്റപ്പെട്ടു; ആറ് കിലോമീറ്റർ പരന്നൊഴുകി പെരിയാർ; സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ ആളുകൾക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി; കൊച്ചി വിമാനത്താവളം 26 വരെ തുറക്കില്ല; ട്രെയിൻ ഗതാഗതവും താറുമാറായി; ഉരുൾപൊട്ടൽ ഭീതിയിൽ വയനാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ നിർത്തി; സ്‌കൂളുകൾ നാളെ അടയ്ക്കും

ഒരുകാലത്തുമില്ലാത്ത അവസ്ഥയിൽ കേരളം; അതിവേഗം ജലനിരപ്പ് ഉയർന്നതോടെ ആലുവ മുങ്ങുന്നു; കൊച്ചി നഗരത്തിനും ഭീഷണി: പതിനായിരങ്ങൾ ഒറ്റപ്പെട്ടു; ആറ് കിലോമീറ്റർ പരന്നൊഴുകി പെരിയാർ; സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ ആളുകൾക്ക് നിർദ്ദേശം നൽകി മുഖ്യമന്ത്രി; കൊച്ചി വിമാനത്താവളം 26 വരെ തുറക്കില്ല; ട്രെയിൻ ഗതാഗതവും താറുമാറായി; ഉരുൾപൊട്ടൽ ഭീതിയിൽ വയനാട്ടിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ നിർത്തി; സ്‌കൂളുകൾ നാളെ അടയ്ക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എല്ലാം നിയന്ത്രണാതീതം. എത്ര കുടുംബങ്ങൾ മഴവെള്ളത്തിൽ ഒറ്റപ്പെട്ടെന്ന കാര്യം ഉറപ്പില്ല. കനത്ത മഴയിൽ കേരളം നടുങ്ങുകയാണ് ദുരിതം ഒഴിയാത്ത ഒരു ജില്ലപോലും ഇല്ലെന്ന അവസ്ഥയിലാണ് ഇപ്പോഴത്തെ കാര്യങ്ങൾ. എങ്ങും ഇന്നും മഴ കനക്കുകയും ഉരുൽപൊട്ടുകയും ചെയ്തതോടെ മരണ നിരക്കും കുതിച്ചുയരുകയാണ്. നിലവിലെ കണക്കുകൾ പ്രകാരം ഇന്ന് മാത്രം 40 ലേറെ പേർ മരിച്ചു. ഒരാഴ്‌ച്ചക്കിടെ 84 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ആലുവ നഗരം വെള്ളത്തിൽ മുങ്ങിക്കൊണ്ടിരിക്കയാണ്. സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഉൾപ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്‌കൂളുകളുടെയും ഓണാവധി പുനഃക്രമീകരിച്ചു. സ്‌കൂളുകൾ ഓണാവധിക്കായി വെള്ളിയാഴ്ച അടക്കുന്നതും ഓണാവധി കഴിഞ്ഞ് ഈ മാസം 29 ബുധനാഴ്ച തുറക്കുന്നതുമായിരിക്കും. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് പുനക്രമീകരണം. ഏതാണ്ട് ഏഴോളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Stories you may Like

റോഡ്-റെയിൽ ഗതാഗതം തടസ്സപ്പെട്ടു. തിരുവനന്തപുരത്ത് നിന്നുള്ള എല്ലാ ട്രെയിനുകളും നിർത്തിവച്ചു. കൊച്ചി മെട്രോയും പ്രവർത്തനം നിർത്തി. വെള്ളപ്പൊക്കം മൂലം ഈ മാസം 26 വരെ നെടുമ്പാശേരി വിമാനത്താവളം തുറക്കില്ലെന്നാണ് പുതിയ അറിയിപ്പ്.റൺവേ, ടാക്‌സി വേ ഏപ്രൺ എന്നിവിടങ്ങളെല്ലാം മുങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് വിമാനത്താവളം കൂടുതൽ ദിവസത്തേക്ക് അടച്ചിടുന്നത്. നേരത്തെ ശനിയാഴ്ച വിമാനത്താവളം തുറക്കുമെന്നാണ് അറിയിച്ചിരുന്നത്.

പല പ്രദേശങ്ങളും ഒറ്റപ്പെട്ട നിലയിലായതോടെ, ആളുകൾ പരിഭ്രാന്തിയിലാണ്. പതിനായിരത്തോളം പേരാണ് ഒറ്റപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങൾക്ക് കൈകാര്യം ചെയ്യാവുന്നതിനും അപ്പുറമെത്തിയതോടെ, സന്നദ്ധസേവകരുടെയും സൈന്യത്തിന്റെയും സഹായത്തോടെയാണ് രക്ഷാപ്രവർത്തനം. കെ.എസ്.ഇ.ബിയുടെ 58 ഡാമുകളും ജലവിഭവ വകുപ്പിന്റെ 22 ഡാമുകളും നിറഞ്ഞുകവിഞ്ഞു. ഇത്തരത്തിൽ ഒരുകാലത്തുമില്ലാത്ത അവസ്ഥയാണ് കേരളത്തിൽ. 

പേമാരിയിൽ മുങ്ങി പെരിയാർ തീരം

തോരാമഴയും അണക്കെട്ടുകൽ തുറന്നുവിട്ടതും പെരിയാറിന്റെ തീരങ്ങളെ വെള്ളത്തിലാക്കി.എറണാകുളം ജില്ലയിൽ ആലുവ, മൂവാറ്റുപുഴ, പറവൂർ, കോലഞ്ചേരി, കാലടി, കോതമംഗലം, പെരുമ്പാവൂർ, ഭാഗങ്ങളിലായി ആയിക്കണക്കിന് പേർ വീടുകൾക്കുള്ളിലും ടെറസിന് മുകളിലും കുടുങ്ങിക്കിടക്കുകയാണ്. അതേസമയം, നാവികസേനയുടേയും പൊലീസിന്റേയും എൻ.ഡി.ആർ.എഫിന്റേയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം അതിവേഗം പുരോഗമിക്കുകയാണ്. വെള്ളപ്പൊക്കത്തെ തുടർന്ന് ജില്ലയിലെ 250 ഓളം ദുരിതാശ്വാസ ക്യാമ്പുകളിലായി ഇതിനോടകം 38,000ന് മുകളിൽ ആളുകളെ പാർപ്പിച്ചിട്ടുണ്ട്. 11,000ത്തിന് മുകളിൽ കുടുംബങ്ങളാണ് ഈ ക്യാമ്പുകളിലുള്ളത്. എറണാകുളം ജില്ല കണ്ടതിൽ വച്ചേറ്റവും രൂക്ഷമായ പ്രളയബാധയാണ് നിലവിൽ അനുഭവപ്പെടുന്നത്.

ഇന്ന് രാവിലെയും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുകയാണ്. ആലുവ റെയിൽവേ പാലത്തിന് സമീപം പെരിയാറിലെ ജലനിരപ്പ് അപകടകരമായ തോതിൽ ഉയർന്നു. എറണാകുളം-ചാലക്കുടി റൂട്ടിൽ ട്രെയിൻ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചു. ആലുവ മുട്ടം മെട്രോ സറ്റേഷന് മുന്നിൽ വെള്ളമുയർന്നതിനെ തുടർന്ന് കൊച്ചി മെട്രോ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസ് ശനിയാഴ്ച വരെ പൂർണമായും നിർത്തിവച്ചിരിക്കുകയാണ്. മഴ തുടരുകയാണെങ്കിൽ സർവീസ് പൂർണമായും പുനരാരംഭിക്കുന്നത് വൈകും.

അതേസമയം, നാവികസേനാ വിമാനത്താവളത്തിൽ നിന്ന് ചെറു വിമാനങ്ങളുടെ സർവീസ് നടത്താനും ആലോചന നടക്കുന്നുണ്ട്. ആലുവയിൽ പെരിയാറിന്റെ തീരത്തുള്ള വീടുകളിൽ രണ്ട് നില ഉയരത്തിൽ വെള്ളം പൊങ്ങി. ഇവിടെ വീടുകളിലും മറ്റും ഒറ്റപ്പെട്ട ആളുകളെ വള്ളത്തിലെത്തി രക്ഷാ പ്രവർത്തകർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി കൊണ്ടിരിക്കുകയാണ്. ആലുവയിലെ പമ്പിങ് ഹൗസുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ജില്ലയിലെ കുടിവെള്ള വിതണവും തടസപ്പെട്ടു. ജില്ലയിൽ പകുതിയിടത്തും ഇപ്പോൾ വൈദ്യുതിയില്ല. നിലവിൽ ജില്ലയിൽ പെരിയാറിന്റെ തീരത്തുള്ള 12,000 കുടുംബങ്ങളെ പ്രളയം ബാധിച്ചിട്ടുണ്ടെന്നാണ് കണക്ക്.

പുത്തൻവേലിക്കര, മാഞ്ഞാലി, അങ്കമാലി, ചേന്ദമംഗലം, ചിറ്റാറ്റുകര, പറവൂർ, കോതമംഗലം ഭാഗങ്ങളിൽ റോഡുകളിലും പൊതുസ്ഥലങ്ങളിലും ഗതാഗതം ഭാഗികമായി നിരോധിച്ചു. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളും വെള്ളത്തിൽ മുങ്ങിയ അവസ്ഥയിലാണ്. ആലുവ, അങ്കമാലി, ആലുവ പെരുമ്പാവൂർ എം.സി റോഡ്, മൂവാറ്റുപുഴ പാതകളിൽ വെള്ളം കയറി ഗതാഗതം നിലച്ചു. ഭൂതത്താൻ കെട്ട് ഡാമിന്റെ ബാരേജിൽ മുട്ടിയാണ് വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്നത്. കുട്ടമ്പുഴ, ഇഞ്ചത്തൊട്ടി പ്രദേശങ്ങളും മുഴുവൻ ഒറ്റപ്പെട്ടു. കോതമംഗലം ടൗൺ പൂർണമായും വെള്ളത്തിൽ മുങ്ങി. ഊന്നുകൽ ഭാഗത്ത് വെള്ളം കയറിയതിനെ തുടർന്ന് കോതമംഗലം അടിമാലി റോഡിലെ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. കോതമംഗലം താലൂക്കിലെ 747 കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്. ജില്ലയിലെ പിഴല, കടമക്കുടി, കോഴിതുരുത്ത് തുടങ്ങിയ ദ്വീപുകളും തുരുത്തുകളും പാണിയേലി, കാരിയേലി എന്നിവിടങ്ങളിലെ ക്യാമ്പുകളും ഒറ്റപ്പെട്ടിരിക്കുകയാണ്.

പെരുമ്പാവൂരിൽ അശമന്നൂർ, രായമംഗലം പഞ്ചായത്തുകളൊഴികെ എല്ലാ മേഖലകളിലും വെള്ളത്തിലാണ്. ഒക്കൽ, കൂവപ്പടി, മുടക്കുഴ, വെങ്ങൂർ പഞ്ചായത്തുകളേയാണ് ഏറെ ബാധിച്ചത്. ആയിരത്തോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇന്നലെ 20 ക്യാമ്പുകൾ തുറന്നെങ്കിൽ ഇവിടെയൊക്കെ ആളുകളുടെ എണ്ണം കൂടിയതോടെ ഇന്ന് അഞ്ചു ക്യാമ്പുകൾകൂടി തുറന്നു. പെരുമ്പാവൂർ നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളം കേറി. പ്രൈവറ്റ് ബസ് സ്റ്റാൻഡ്, പച്ചക്കറി മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങൾ വെള്ളത്തിലായി.

ഒറ്റപ്പെട്ടവരുടെ എണ്ണമേറുന്നു

ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ മിക്കസ്ഥലങ്ങളും ഒറ്റപ്പെട്ടു. കോട്ടയം തീക്കോയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് നാലു പേർ മരിച്ചു. ഒരാളെ കാണാതായി. ചെറുതോണി, നെടുങ്കണ്ടം മേഖലകളിലായി ഒൻപതു പേർ മരിച്ചു, അഞ്ചു പേരെ കാണാതായി. കോട്ടയം തലയോലപ്പറമ്പിൽ വെള്ളക്കെട്ടിൽ വീണ് ഇന്ന് പുലർച്ചെ ഒരാൾ മരിച്ചു. തീക്കോയി വെള്ളിക്കുളം കോട്ടിറിക്കൽ പള്ളിപ്പറമ്പിൽ മാമ്മിയുടെ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് മാമ്മിയെന്ന് വിളിക്കുന്ന റോസമ്മ (85), മകൾ മോളി (50) ചെറുമക്കളായ ടിന്റു (9), അൽഫോൻസാ (8) എന്നിവരാണ് മരിച്ചത്. വളർത്തുമകൻ ജോമോൻ (17) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏഴു പേരായിരുന്നു വീട്ടിലുണ്ടായിരുന്നത്. മൂന്നു പേർ മണ്ണ് ഇടിഞ്ഞുവീഴുന്ന ശബ്ദം കേട്ട് ഓടി രക്ഷപ്പെട്ടു. വീടിന് സമീപത്തുള്ള വെള്ളക്കെട്ടിൽ വീണ് വൈക്കം പ്രയാർ അൻപതിൽ ശിവദാസൻ (68) ആണ് മരിച്ചത്. രാത്രി 11 മണിയോടെയായിരുന്നു സംഭവം. കൂലിപ്പണിക്കാരനായ ഇയാൾ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ വീടിന് സമീപമുള്ള വെള്ളം നിറഞ്ഞ കുഴിയിൽ കാൽ വഴുതി വീണതാണ് അപകടം.

ഇടുക്കിയിൽ ചെറുതോണി, നെടുങ്കണ്ടം മേഖലകളിലെ ഉരുൾപൊട്ടിലിലും മണ്ണിടിച്ചിലും ഒമ്പതുപേർ മരിച്ചു. അഞ്ചു പേരെ കാണാതായിട്ടുണ്ട്. മരിച്ചവരിൽ നെടുങ്കണ്ടം പാറവിള പീറ്റർ തോമസ് (72), ഭാര്യ റോസമ്മ (70), മരുമകൾ ജോളി (41) എന്നിവരാണ് മരിച്ചത്. ചെറുതോണി അലക്കുജോലി ചെയ്യുന്ന മണിയും കുടുംബാംഗങ്ങളും അയൽവാസിയായ പൊന്നമ്മ ഉൾപ്പെടെ നാലു പേർ മരിച്ചതായാണ് അറിയുന്നത്. കരിമ്പൻ കീരിത്തോടെ മേഖലകളിലുണ്ടായ ഉരുൾപൊട്ടലിൽ ഓട്ടോറിക്ഷാ തൊഴിലാളിയായജയരാജിന്റെ വീട് തകർന്ന് ഭാര്യയും മകളും മരിച്ചതായി അറിവായിട്ടുണ്ട്. കോട്ടയം കുമളി റോഡിൽ പലയിടങ്ങളിലും മണ്ണിടിഞ്ഞുവീണ് ഗതാഗതം സ്തംഭിച്ചു. വണ്ടിപ്പെരിയാറിൽ റോഡിലേക്ക് വെള്ളംകയറി ഗതാഗതം താറുമാറായി. കുമളിയിൽ നിന്നും തമിഴ്‌നാട്ടിലേക്കുള്ള ദേശീയ പാതയിൽ കമ്പത്തിനു സമീപം റോഡ് കുത്തൊഴുക്കിൽ ഒഴുകിപ്പോയി. ചെറുതോണിയിലെ സ്ഥിതിയും ഭയാനകമാണ്. ഇടുക്കിയിൽ ഇന്ന് രാവിലത്തെ ജലനിരപ്പ് 2401.24 , മുല്ലപ്പെരിയാർ 142 അടി.

മലപ്പുറത്ത് ഭീതി വിതച്ച് ഉരുൾപൊട്ടലും മലയിടിച്ചിലും

കനത്ത മഴ തുടരുന്നതിനിടെ മലപ്പുറം ജില്ലയുടെ മലയോര മേഖലകളിൽ ഉരുൾ പൊട്ടലും, മലയിടിച്ചിലും ശക്തമായി. നിലമ്പൂർ,മങ്കട പരിസരങ്ങളിൽ ഭീതി വിട്ടൊഴിയാതെ ജനം കഴിയുകയാണ്, വെള്ളില പൂഴിക്കുന്ന് വാഴംപറമ്പ് ചെങ്കൽ കോറിയുടെ താഴ്ഭാഗം എരഞ്ഞിക്കൽ മലഞ്ചെരുവിലെ റബർ തോട്ടത്തിൽ വീണ്ടും ഉരുൾപൊട്ടൽ ഉണ്ടായി.

ഏക്കർ കണക്കിന് വരുന്ന വാഴം പറമ്പിലെ ചെങ്കൽ കോറിയിൽ വെള്ളം കെട്ടി നിന്ന ഭാഗം ഇടിഞ്ഞ് താഴ്ന്ന് ഭിത്തിക്കടിയിലൂടെ മലഞ്ചെരിവിലേക്ക് പൊട്ടിയൊഴുകിയ സ്ഥിതിയാണ്. രണ്ടേക്കറോളം വരുന്ന റബർ തോട്ടത്തിൽ ഉരുൾ പൊട്ടുകയായിരുന്നു. പാറക്കല്ലുകളും മണ്ണും താഴേക്ക് കുത്തിയൊഴുകി. ക്വാറിയുടെ ഭിത്തിയൊടുചേർന്ന മരങ്ങളും പാറക്കല്ലുകളും ഏത് സമയവും നിലം പൊത്തറായ അവസ്ഥയിലാണ്.മണ്ണിടിഞ്ഞ ഭാഗത്ത് 300 മീറ്ററൊളം കുടിവെള്ള പൈപ് ലൈൻ ഒലിച്ചു പോയി പ്രദേശത്ത് കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്. മങ്കട വില്ലേജ് ഓഫീസർ ജയസിംഹൻ, പഞ്ചായത്ത് പ്രസിഡന്റ് എം.കെ. രമണി, അസി.സെക്രട്ടറി ശാന്തി,വാർഡ് അംഗങ്ങളായ മരക്കാർ, മാമ്പ്ര സക്കീന എന്നിവർ സ്ഥലം സന്ദർശിച്ചു.

സംഭവത്തെ തുടർന്ന് പ്രദേശത്തെ മൂന്ന് കുടുംബങ്ങൾ ഭീതിയിലാണ്. ഇവർ ബന്ധു വീടുകളിലേക്ക് മാറി യിട്ടുണ്ട്. അതേ സമയം പ്രദേശത്ത് അനധികൃതമായ ചെങ്കൽ ക്വാറികൾ പ്രവർത്തിക്കുന്നതായും നാട്ടുകാർക്ക് ആക്ഷേപമുണ്ട്. കുരങ്ങൻചോല ക്രഷറിനു സമീപം മലയിടിഞ്ഞ് പന്തലൂർ ഭാഗത്തേക്കുള്ള ഗതാഗതം പൂർണ്ണമായും തടസ്സപെട്ടു. പാറക്കല്ലുകളും മരങ്ങളും മണ്ണും നിറഞ്ഞ റോഡ് മണ്ണു മാന്തി യന്ത്രമുപയോഗിച്ച് മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മലയിടിഞ്ഞ ഭാഗത്തിനു താഴെ താസിക്കുന്ന കുടുംബം അപകട ഭീഷണിയെ തുടർന്ന് ബന്ധുവീട്ടിലേക്ക് താമസം മാറി.ൃമൂന്നിയൂരിൽ മാറ്റി താമസിപ്പിക്കുന്നതിനിടെ തോണി മറിഞ്ഞ് ഒരു കുട്ടിയെ കാണാതായി.തോണി മറിഞ്ഞ് കാണാതായ വിദ്യാർത്ഥിക്കായി തിരച്ചിൽ തുടരുകയാണ്. കടലുണ്ടി പുഴയിൽ മൂന്നിയൂർ കുന്നത്ത് പറമ്പ് മണലേപ്പ് കടവിലാണ് തോണി മറിഞ്ഞ് വിദ്യാർത്ഥിയെ കാണാതായത്. പരപ്പനങ്ങാടി അറ്റത്തങ്ങാടി ഗഫൂറിന്റെ മകൻ സിനാൻ (12) ആണ് ഒഴുക്കിൽ പെട്ടത്. കൂടെയുണായിരുന്ന കുട്ടിയുടെ അമ്മാവൻ അടക്കമുള്ളവർ നീന്തി രക്ഷപ്പെട്ടു.രാവിലെ 7 മണിയോടെയാണ് അപകടമുണ്ടായത്. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് തിരച്ചിൽ തുടരുകയാണ്

പന്തലൂർ മലയിലും ഉരുൾപൊട്ടി റോഡ് മുടങ്ങി കിടക്കുകയാണ്. മങ്കട പാലക്കതടം- വലമ്പൂർ റോഡിൽ മലയിടിഞ്ഞ് ഗതാഗതം സ്തംഭിച്ചു. രാവിലെ മുതൽ മണ്ണു നീക്കൽ തുടങ്ങിയെങ്കിലും വൈകുന്നേരത്തോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കടന്നമണ്ണ, പുളിക്കൽ പറമ്പ , കൂട്ടിൽ എന്നിവിടങ്ങളിൽ വീടുകളിലേക്ക് വെള്ളം കയറി. മിക്ക ഭാഗങ്ങളിലും വയലുകൾ നിറഞ്ഞ് മൂടിക്കിടക്കുകയാണ്. കടന്നമണ്ണയിൽ കോവിലകത്തിനു സമീപം വയലും തോടും നിറഞ്ഞൊഴുകി റോഡ് മൂടിയതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. നിലമ്പൂരിലും സ്ഥിതി സമാനമാണ് മണ്ണും മലയും ഇടിഞ്ഞ് ഗതാഗതം സ്തംഭിക്കുകയും വലിയ നാശ നഷ്ടങ്ങൾ ഉണ്ടാകുകയും ചെയ്തിതിട്ടുണ്ട്. നിലമ്പൂർ എരഞ്ഞിമങ്ങാട് ദുരിതാശ്വാസ ക്യാംപിലെത്തി ജനങ്ങൾ ഇപ്പോഴും ആശ്രയം തേടുകയാണ്.

എല്ലാ വഴികളും നോക്കി സർക്കാർ

രക്ഷാപ്രവർത്തനത്തിന് ആവശ്യമായ എല്ലാ വഴികളും ഉപയോഗിക്കുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.. ആവശ്യപ്പെട്ടതനുസരിച്ച് കൂടുതൽ സേനകൾ സംസ്ഥാനത്ത് എത്തിച്ചേരും. ആർമി, എയർഫോഴ്സ്, നേവി, കോസ്റ്റ് ഗാർഡ്, ഫയർ ഫോഴ്സ്, എൻ.ഡി.ആർ.എഫ് ഉൾപ്പെടെ 52 ടീമുകൾ ഇപ്പോൾ രക്ഷാപ്രവർത്തനത്തിന് രംഗത്തുണ്ട്. ആർമി 12 കോളം, എയർഫോഴ്സിന്റെ എട്ട് ഹെലികോപ്റ്ററുകൾ, നേവിയുടെ അഞ്ച് ഡൈവിങ് ടീം, കോസ്റ്റ് ഗാർഡിന്റെ മൂന്ന് ടീമും ഒരു ഹെലികോപ്റ്ററും ഇപ്പോഴുണ്ട്.

വ്യാഴാഴ്ച പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി, പ്രതിരോധ മന്ത്രി എന്നിവരുമായി ഫോണിൽ സംസാരിച്ചിരുന്നു. അവർ സഹായിക്കാമെന്ന് വാഗ്ദാനം നൽകിയിട്ടുണ്ട്. ഇതിനുതുടർച്ചയായി ആവശ്യമായ നിർദ്ദേശങ്ങൾ എല്ലാ ഉദ്യോഗസ്ഥർക്കും നൽകിയിട്ടുണ്ട്. ചീഫ് സെക്രട്ടറി കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുമായി വീഡിയോ കോൺഫറൻസ് നടത്തി നടപ്പാക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. എൻ.ഡി.ആർ.എഫിന്റെ 40 ടീമുകൾ കൂടി അനുവദിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. 200 ലൈഫ് ബോയ്കളും 250 ലൈഫ് ജാക്കറ്റുകളും നൽകും. കൂടുതൽ ജാക്കറ്റുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ കൂടുതൽ രക്ഷാ ഉപകരണങ്ങളുള്ള ആർമിയുടെ സ്പെഷ്യൽ ഫോഴ്സുകളെ ഇവിടെ നിയോഗിക്കും. ഇതിനായി അവരുടെ കമാന്റന്റുമായി ബന്ധപ്പെട്ട് ഏകോപനം ചെയ്യുന്നുണ്ട്. എയർഫോഴ്സ് 10 ഹെലികോപ്റ്ററുകൾ നൽകിയിട്ടുണ്ട്. 10 എണ്ണം കൂടി വ്യാഴാഴ്ച ഉച്ചയോടെ എത്തും.

രക്ഷാപ്രവർത്തനത്തിനായി നാട്ടിലുള്ള എല്ലാത്തരം ബോട്ടുകളും ഉപയോഗിക്കും. മോട്ടോർ ഘടിപ്പിച്ച ബോട്ടുകൾ ഇതിനായി നൽകുന്ന നില വേണം. ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകുന്നുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ മെഡിക്കൽ ക്യാമ്പുകൾ ആവശ്യമാണ്. ക്യാമ്പുകളിലേക്കും മറ്റുമായി കമ്യൂണിറ്റി കിച്ചണും ആരംഭിക്കും. എയർഫോഴ്സിന്റെ നാല് ഹെലികോപ്റ്റർ അനുവദിക്കും. ഇതിനുപുറമേ, നേവിയുടെ നാലു ഹെലികോപ്റ്റർ കൂടി വരും. വെള്ളം കയറി മേഖലകളിൽ മറൈൻ കമാൻഡോസ് എത്തിച്ചേരും. കോസ്റ്റ് ഗാർഡിന്റെ രണ്ട് കപ്പലുകൾ കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. രണ്ട് ജെമിനി ടീമുകൾ കൂടി നൽകും. ഇനി അഞ്ചെണ്ണം കൂടി വരും. ഹെലികോപ്റ്റർ ആവശ്യമായത് അനുവദിക്കാമെന്ന് സേനകൾ അറിയിച്ചിട്ടുണ്ട്. എല്ലാ സേനകളും ഡ്രൈ ഫുഡ് പാക്കറ്റുകൾ ലഭ്യമാക്കും. റെയിൽവേ പാക്ക്ചെയ്ത കുടിവെള്ളം നൽകും.

മുല്ലപ്പെരിയാർ ഡാമുൾപ്പെടെ തുറക്കുന്ന പ്രായോഗിക പ്രശ്നങ്ങൾ പരിഹരിക്കാൻ കേന്ദ്ര ജല കമ്മീഷൻ ചെയർമാൻ അധ്യക്ഷനും കേരള, തമിഴ്‌നാട് മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെട്ട കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റി പരിശോധിച്ച് ഇത്തരം വിഷയങ്ങളിൽ ആവശ്യമായ തീർപ്പുണ്ടാക്കും.
സർക്കാർ ഉദ്യോഗസ്ഥർ ഇപ്പോൾ തുടരുന്ന രക്ഷാപ്രവർത്തനങ്ങൾ വരുന്ന അവധി ദിവസങ്ങളിലും തുടരണം. അവധിദിനപ്രവർത്തനങ്ങൾ ഡ്യൂട്ടി ആയി കണക്കാക്കും.

ജാഗ്രത പാലിക്കണം

മുന്നറിയിപ്പ് ഉണ്ടായാൽ മാറിനിൽക്കാൻ എല്ലാവരും തയാറാകണം. ഇപ്പോൾ വെള്ളം കയറിയിട്ടില്ല എന്നു കരുതി ജനങ്ങൾ പ്രശ്നസാധ്യതയുള്ള മേഖലകളിൽ നിന്ന് മാറാതിരുന്നാൽ പിന്നീട് വെള്ളം കയറിയാൽ പ്രശ്നമാകും. അതിനാൽ, സുരക്ഷ കരുതി മുന്നറിയിപ്പ് ലഭിച്ചാൽ ഉടൻ മാറാൻ തയാറാകണം

പെരിയാറിന്റെയും ചാലക്കുടിയ പുഴയുടേയും ഭാഗത്തുള്ളവർ കുറേക്കൂടി ജാഗ്രത പുലർത്തണം. പെരിയാറിൽ ഒരു മീറ്ററോളം വെള്ളം പൊങ്ങാൻ സാധ്യതയുണ്ട്. ചാലക്കുടി ഭാഗത്തും ജലമുയരാൻ സാധ്യതയുണ്ട്. ഇത് കണക്കിലെടുത്ത് കരകളിൽ ഉള്ളവർ മാറിത്താമസിക്കണം.
ചാലക്കുടി പുഴയുടെ ഇരുഭാഗത്തും ഓരോ കിലോമീറ്റർ ചുറ്റളവിലുമുള്ളവർ സുരക്ഷ കണക്കിലെടുത്ത് മാറിത്താമസിക്കണം.
ആലുവയിലും ഇപ്പോൾ വെള്ളം കയറിയതിന്റെ അരകിലോമീറ്റർ ചുറ്റളവിലുള്ളവർ ജാഗ്രതവേണം. മാറാൻ നിർദ്ദേശമുണ്ടെങ്കിൽ മാറണം. ഇക്കാര്യത്തിൽ ജനങ്ങളുടെ സഹകരണം ആവശ്യമാണ്.

അടിയന്തിരസഹായം ആവശ്യമായ സ്ഥലങ്ങളിൽ പ്രത്യേക സേനകളെ നിയോഗിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടവരെ രക്ഷിക്കാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്. കുട്ടനാടിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത വേണം. കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ മേഖലകളിൽ ജലനിരപ്പുയരാൻ സാധ്യതയുണ്ട്. പത്തനംതിട്ടയിൽ റാന്നി, ആറന്മുള, കോലഞ്ചേരി തുടങ്ങിയ മേഖലകളിൽ പ്രത്യേക ശ്രദ്ധയും ഇടപെടലുമാണ് നടത്തുന്നത്.

കുതിരാനിൽ ഗതാഗംത നിരോധിച്ചു

കുതിരാനിൽ മണ്ണിടിഞ്ഞതുമൂലം മണ്ണുത്തി-വടക്കഞ്ചേരി ദേശീയ പാതയിൽ രൂപപ്പെട്ടത് വൻ ഗതാഗതക്കുരുക്ക്. കാറുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾ ഇവിടെ മണ്ണിനടിയിൽ കുടുങ്ങി കിടക്കുന്നുണ്ട്. ഇന്നലെ രാത്രിയോടെ തന്നെ ഈ വഴിയിലെ വാഹന ഗതാഗതം നിരോധിച്ചിരുന്നു. ഇതുമൂലം 15 കിലോമീറ്റർ നീളത്തിലാണ് വാഹനങ്ങളുടെ കുരുക്ക് രൂപപ്പെട്ടത്.

ഇന്നലെ വൈകിട്ടോടെ എത്തിച്ചേർന്ന വാഹനങ്ങൾ ഇപ്പോഴും അവിടെ കുടുങ്ങി കിടക്കുകയാണ്. കുതിരാനിൽ മണ്ണിടിഞ്ഞതിനാൽ ആ വഴി കടന്നു പോകാൻ കഴിയാത്തതാണ് സ്ഥിതി രൂക്ഷമായത്. അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്കുലോറികൾ ഉൾപ്പടെ നൂറുകണക്കിന് വാഹനങ്ങളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്.

ട്രെയിൻ ഗതാഗതത്തിലെ ക്രമീകരണം

വെള്ളം കയറിയതിനാൽ അങ്കമാലിക്കും ആലുവയ്ക്കും ഇടയിൽ ബ്രിഡ്ജ് നമ്പർ 176ലൂടെ തീവണ്ടികൾ കടത്തിവിടുന്നതു താൽക്കാലികമായി നിർത്തിവെച്ചു. ഈ സാഹചര്യത്തിൽ തീവണ്ടിഗതാഗതത്തിൽ താഴെപ്പറയുന്ന ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ട്.

16-08-18നു റദ്ദാക്കിയ തീവണ്ടികൾ:
1. 56361 ഷൊർണൂർ-എറണാകുളം പാസഞ്ചർ ഓടില്ല.
16-08-18ന് ഓട്ടം പുനഃക്രമീകരിച്ച തീവണ്ടികൾ:
2. 15-08-18നു ഹൂബ്ലിയിൽനിന്നു പുറപ്പെട്ട 12777-ാം നമ്പർ ഹൂബ്ലി-കൊച്ചുവേളി എക്സ്‌പ്രസ് തൃശൂർ വരെ മാത്രമേ സർവീസ് നടത്തുകയൂള്ളൂ.
3. 15-08-18നു ചെന്നൈ സെൻട്രലിൽനിന്നു പുറപ്പെട്ട 12695-ാം നമ്പർ ചെന്നൈ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് പാലക്കാട് ജംക്ഷനിൽ ഓട്ടം നിർത്തും.
4. 15-08-18നു കാരയ്ക്കലിൽനിന്നു പുറപ്പെട്ട 16187-ാം നമ്പർ കാരയ്ക്കൽ-എറണാകുളം എക്സ്‌പ്രസ് പാലക്കാട് ജംക്ഷൻ വരെ മാത്രമേ ഓടുകയുള്ളൂ.
16-08-18നു ഭാഗികമായി റദ്ദാക്കിയ തീവണ്ടി സർവീസുകൾ:
1. 16-08-18ന്റെ 12778-ാം നമ്പർ കൊച്ചുവേളി-ഹൂബ്ലി എക്സ്‌പ്രസിന്റെ സർവീസ് കൊച്ചുവേളി മുതൽ തൃശ്ശൂർ വരെ റദ്ദാക്കി. തൃശ്ശൂരിൽനിന്നാണ് ഈ തീവണ്ടിയുടെ സർവീസ് ആരംഭിക്കുക.
2. 16-08-18ന്റെ 12696-ാം നമ്പർ തിരുവനന്തപുരം-ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്‌പ്രസിന്റെ തിരുവനന്തപുരം മുതൽ പാലക്കാട് വരെയുള്ള ഓട്ടം റദ്ദാക്കി. തീവണ്ടി പാലക്കാട് ജംക്ഷനിൽനിന്നു പുറപ്പെടും.
3. 16-08-18ന്റെ 16188-ാം നമ്പർ എറണാകുളം-കാരയ്ക്കൽ എക്സ്‌പ്രസ് എറണാകുളത്തിനും പാലക്കാടിനും ഇടയിൽ ഓടില്ല. പാലക്കാട് ജംക്ഷനിൽനിന്നാണ് സർവീസ് ആരംഭിക്കുക.
16-08-18നു വഴിതിരിച്ചുവിടപ്പെട്ട തീവണ്ടികൾ.
1. 14-08-18നു മുംബൈ സി.എസ്.എം ടിയിൽനിന്നു തിരിച്ച 16381-ാം നമ്പർ മുംബൈ-കന്യാകുമാരി ജയന്തി എക്സ്‌പ്രസ് ഈറോഡ്, ഡിണ്ടിഗൽ, മധുര ജംക്ഷൻ വഴി തിരിച്ചുവിട്ടു.
2. 15-08-18നു കെ.എസ്.ആർ. ബെംഗളുരുവിൽനിന്നു പുറപ്പെട്ട 16526-ാം നമ്പർ ബെംഗളുരു-കന്യാകുമാരി അയലന്റ് എക്സ്‌പ്രസ് സേലം, നാമക്കൽ, ഡിണ്ടിഗൽ, തിരുനൽവേലി വഴി തിരിച്ചുവിടും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP