Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാണാതായ കൊല്ലത്തെ മൂന്ന് പേരെയും കോട്ടയത്തെയും ഒരാളെയും കുറിച്ചു വിവരമൊന്നുമില്ല; പല റോഡുകളും സ്തംഭിച്ചു; ഇടുക്കി അണക്കെട്ടിലെ വെള്ളം 23000 അടി കടന്നു; പത്തു ക്യാമ്പുകളിലായി 835 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നു; മൂഴിയാർ അണക്കെട്ട് ഇന്ന് തുറന്നു വിട്ടേക്കും; ഇന്നും നാളെയും ആറ് ജില്ലകളിൽ റെഡ് അലർട്ട്; മൂന്ന് ദിവസമായി തുടരുന്ന മഴയ്ക്ക് ശമനമില്ല

കാണാതായ കൊല്ലത്തെ മൂന്ന് പേരെയും കോട്ടയത്തെയും ഒരാളെയും കുറിച്ചു വിവരമൊന്നുമില്ല; പല റോഡുകളും സ്തംഭിച്ചു; ഇടുക്കി  അണക്കെട്ടിലെ വെള്ളം 23000 അടി കടന്നു; പത്തു ക്യാമ്പുകളിലായി 835 പേർ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നു; മൂഴിയാർ അണക്കെട്ട് ഇന്ന് തുറന്നു വിട്ടേക്കും; ഇന്നും നാളെയും ആറ് ജില്ലകളിൽ റെഡ് അലർട്ട്; മൂന്ന് ദിവസമായി തുടരുന്ന മഴയ്ക്ക് ശമനമില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനത്തതോടെ വിവിധ ജില്ലകളിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കയാണ് ജില്ലാ ഭരണകൂടങ്ങളും ദുരന്തനിവാരണ അതോരിറ്റികളും. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് അടക്കം നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. മലയോര മേഖലയിലും തീരദേശ മേഖലയിലും ദുരിതപ്പെയ്ത്ത് തുടരുകയാണ്. കൊല്ലത്തു കടലിൽ കാണാതായ മൂന്ന് മത്സ്യ തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു. കൊല്ലത്തു നിന്നും കാണാതായവരെ കുറിച്ച് വിവരമൊന്നും ലഭിക്കാത്തത് കടുത്ത ആശങ്കയ്ക്ക് ഇട നൽകുന്നുണ്ട്. അതേസമയം കോട്ടയത്തും ഒരാളെ കാണാനില്ല. ഇതിനിടെ വിഴിഞ്ഞത്തുനിന്നു 4 ദിവസം മുൻപു കാണാതായ 4 പേരും സുരക്ഷിതരായി തിരിച്ചെത്തിയത് ആശ്വാസം പകരുന്ന കാര്യമായി.

കൊച്ചിയിൽ നിന്നെത്തിയ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ കൊല്ലത്തെ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ നടത്തിയെങ്കിലും കാലാവസ്ഥ മോശമായതോടെ നിർത്തിവച്ചു. ഇന്നു വീണ്ടും തിരച്ചിൽ നടത്തും. കോട്ടയത്തു കഴിഞ്ഞ ദിവസം മീനച്ചിലാറ്റിൽ കാണാതായ യുവാവിനുവേണ്ടി ഇന്നലെ നാവികസേന തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതിനിടെ സംസ്ഥാനത്ത് കെടുതി നേരിടാൻ വേണ്ടി ദുരിതാശ്വാസ ക്യാമ്പുകളും തുറന്നിട്ടുണ്ട്. സംസ്ഥാനത്ത് 6 ദുരിതാശ്വാസ ക്യാംപുകൾ കൂടി തുറന്നു. മൊത്തം 10 ക്യാംപുകളിലായി 165 കുടുംബങ്ങളിലെ 835 പേർ താമസിക്കുന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണു ക്യാംപ്. തുടങ്ങിയത്.

മലയോരങ്ങൾ മണ്ണിടിച്ചിൽ ഭീതിയിൽ കൂടി ആയതോടെ ദ്വീർഘദൂര യാത്രങ്ങൾ ഒഴിവാക്കണമെന്ന നിർദ്ദേശവുമുണ്ട്. കോട്ടയത്തു മണിമലയാറിന്റെ തീരം ഇടിഞ്ഞതിനെ തുടർന്നു പുനലൂർമുവാറ്റുപുഴ പാതയിൽ ഗതാഗതം അൽപ നേരം സ്തംഭിച്ചു. പത്തനംതിട്ടയിൽ മൂഴിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഏതു സമയവും തുറന്നുവിട്ടേക്കുമെന്ന അറിയിപ്പുമുണ്ട്. കാസർകോട് കുമ്പള കൊടിയമ്മ ജുമാ മസ്ജിദിനു സമീപമുള്ള റോഡിലെ പാലം മഴയിൽ തകർന്നു. ഇടുക്കി ജില്ലയിൽ ഇന്നലെ 81.98 മില്ലീമീറ്റർ മഴ പെയ്തു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 3.72 അടി കൂടി ഉയർന്ന് 2307.12 അടിയിലെത്തി.

കനത്ത മഴയിൽ ഒരാൾ കൂടി മരിച്ചു

കനത്ത മഴയെ തുടർന്ന് ഇന്നലെ ഒരാൾ കൂടി മരിച്ചു. ലോഗോ ജങ്ഷനിൽ കബീറിന്റെ മകൻ റാഫി (14) കൂട്ടുകാരോടൊപ്പം വീടിനു സമീപമുള്ള കുളത്തിൽ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിമരിക്കുകയായിരുന്നു. ഇതോടെ രണ്ടുദിവസത്തിനിടെ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം നാലായി. രാവിലെ ഫോർട്ടുകൊച്ചി കടലിൽ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി. വെള്ളിയാഴ്ച നീണ്ടകരയ്ക്കടുത്ത് വള്ളംമറിഞ്ഞ് കടലിൽ കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. തമിഴ്‌നാട് കൊല്ലംകോട് നീരോടി സ്വദേശികളായ ജോൺ ബോസ്‌കോ, ലൂർദ്‌രാജ്, സഹായ രാജ് എന്നിവരെയാണു കാണാതായത്. കിടങ്ങൂർ കാവാലിപ്പുഴയിൽ കാണാതായ ചേർപ്പുങ്കൽ കളപ്പുരയ്കൽ മനേഷ് സെബാസ്റ്റ്യനെ കണ്ടെത്തിയില്ല.

വിഴിഞ്ഞം തീരത്തുനിന്ന് ബുധനാഴ്ച വൈകീട്ട് മീൻപിടിക്കാൻ പോയി കടലിൽ കുടുങ്ങിയ നാലു മത്സ്യത്തൊഴിലാളികൾ ശനിയാഴ്ച മടങ്ങിയെത്തി. പൂവാർ സൗത്തുകൊല്ലങ്കോട് പൊയ്‌പ്പള്ളി വിളാകം സ്വദേശി ബെന്നി(33), പുല്ലുവിള പുതിയതുറ പുരയിടത്തിൽ ആന്റണി(50), പുല്ലുവിള പള്ളികെട്ടിയ പുരയിടത്തിൽ യേശുദാസൻ(55), പുതിയതുറ കിണറ്റുവിള പുരയിടത്തിൽ ലൂയിസ് (53) എന്നിവരാണ് ശനിയാഴ്ച രാവിലെ 11 മണിയോടെ മടങ്ങിയെത്തിയത്.

നിർബന്ധിച്ചു കടലിൽ വിട്ടാൽ നടപടിയെന്ന് മന്ത്രി

അതേസമയം കാലാവസ്ഥാ മുന്നറിയിപ്പ് അവഗണിച്ച് മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ കാലാവസ്ഥ പ്രതികൂലമായിരിക്കുമ്പോഴും മത്സ്യത്തൊഴിലാളികളെ നിർബന്ധിച്ചു കടലിൽ പറഞ്ഞയയ്ക്കുന്ന ബോട്ട് ഉടമകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. മുന്നറിയിപ്പ് അവഗണിച്ചു കടലിൽ പോകുന്നവരുടെ കാര്യത്തിൽ സർക്കാരിന് ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയില്ല. സർക്കാർ സംവിധാനങ്ങളുമായി സഹകരിക്കാതെ, കരയിൽ കാശുമായി നിൽക്കുന്നവന്റെ വാക്കു കേട്ടു തൊഴിലാളികൾ പോകുന്ന സാഹചര്യമുണ്ടായാൽ അതിന്റെ ഉത്തരവാദി കരയിൽ നിൽക്കുന്നയാളാണ്.

വിഴിഞ്ഞത്തു നിന്നു മത്സ്യത്തൊഴിലാളികളുമായി പോയ വള്ളത്തിനു ലൈസൻസോ റജിസ്‌ട്രേഷനോ ഇല്ലായിരുന്നു. ലൈഫ് ജാക്കറ്റുകൾ പോലുമില്ലാതിരുന്നതിനാൽ തിരച്ചിൽ നടത്തിയവരുടെ കാഴ്ചയിൽപ്പെട്ടില്ല. ഉടമയോട് വിശദീകരണം ചോദിച്ചിരിക്കുകയാണ്. 12 നോട്ടിക്കൽ മൈൽ വരെയാണ് കേരളത്തിന്റെ പരിധി. ഇവർ 20 നോട്ടിക്കൽ മൈലിലാണു പോയത്. ഫിഷറീസ് വകുപ്പിന്റെ സാഗര മൊബൈൽ ആപ്പിലും ഇവർ ലോഗിൻ ചെയ്തില്ലെന്ന് മന്ത്രി പറഞ്ഞു.

അണക്കെട്ടുകൾ ഏതു സമയത്തും തുറക്കുമെന്ന നിലയിൽ

സംസ്ഥാനത്തെ അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ മഴ കനത്തോടെ ഡാമുകൾ നിറയുന്ന സാഹചര്യവുമുണ്ട്. മൂഴിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഏതു സമയവും തുറന്നുവിട്ടേക്കുമെന്ന അറിയിപ്പുമുണ്ട്. ഷട്ടർ തുറന്നാൽ മൂഴിയാർ, ആങ്ങമുഴി, സീതത്തോട് എന്നീ സ്ഥലങ്ങളിലൂടെ ഒഴുകുന്ന കക്കാട്ടാറിന്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണം. പത്തനംതിട്ടയിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽകൂടി യെല്ലോ അലർട്ടുണ്ട്.

പെരിങ്ങൽകുത്ത് ഡാമിന്റെ നാലു ഷട്ടറുകളും തുറന്നു. ഉച്ചയ്ക്ക് 12ന് രണ്ടെണ്ണം രണ്ടടി വീതം ഉയർത്തി. ജലനിരപ്പ് ഉയർന്നതിനാൽ 2.30 ഓടെ മറ്റു രണ്ടു ഷട്ടറുകളും ഉയർത്തി. മഴ തുടരുന്നതിനാൽ മറ്റു ഷട്ടറുകളും ഉയർത്താൻ സാധ്യതയുണ്ടെന്ന് ഡാം സുരക്ഷാ വിഭാഗം അറിയിച്ചു. ചാലക്കുടി പുഴയുടെ ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ചുണ്ട്.

ഇന്നും നാളെയുമായി 6 ജില്ലകളിൽ റെഡ് അലർട്ട്

ശനിയാഴ്ച മുതൽ ജൂലൈ 22 വരെ സംസ്ഥാനത്തെ മറ്റു ആറു ജില്ലകളിൽ റെഡ് അലർട്ടും ജൂലൈ 24 വരെ 11 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. ഇടുക്കി, കാസർകോട് ജില്ലകളിൽ നാളെയും 22-ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. കേന്ദ്രകാലാവസ്ഥാ

സംസ്ഥാനത്ത് 24 വരെ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇന്നും നാളെയുമായി 6 ജില്ലകളിൽ റെഡ് അലർട്ട്.  സംസ്ഥാനത്ത് നാലുദിവസംകൂടി കനത്തമഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്തിയതായി മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു. രണ്ടുദിവസം കൂടി ജാഗ്രത തുടരും. മഴ ശക്തമായി തുടർന്നാലും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.

റെഡ് അലർട്ട് (അതിതീവ്രമഴ)
ഇന്ന്: ഇടുക്കി, കാസർകോട്
നാളെ: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ

ഓറഞ്ച് അലർട്ട് (ഒറ്റപ്പെട്ടയിടങ്ങളിൽ തീവ്രമഴ)
ഇന്ന്: കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ
നാളെ: ഇടുക്കി, കാസർകോട്
ചൊവ്വ: ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
ബുധൻ: കണ്ണൂർ, കാസർകോട്

യെലോ അലർട്ട് (ശക്തമായ മഴ)
ഇന്ന്: പത്തനംതിട്ട, ആലപ്പുഴ, തൃശൂർ, മലപ്പുറം, വയനാട്
നാളെ: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ
ചൊവ്വ: കോട്ടയം, എറണാകുളം, തൃശൂർ
ബുധൻ: ഇടുക്കി, കോഴിക്കോട്, വയനാട്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP