Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

ഫോർ സെയിൽ സിനിമയിലെ ഭാഗങ്ങൾ അശ്ലീല സൈറ്റിലും യൂട്യൂബിലും പ്രചരിച്ച സംഭവം; നടിയും വിദ്യാർത്ഥിയുമായ സോനയുടെ ആരോപണം തള്ളി പൊലീസ്; പെൺകുട്ടിയുടെ പരാതിയിൽ അന്വേഷണം നേരത്തെ പൂർത്തിയായതാണെന്നും ദൃശ്യങ്ങൾ 2014ൽ തന്നെ നീക്കം ചെയ്‌തെന്നും പൊലീസിന്റെ വാദം; ഡിജിപിക്കും എഡിജിപിക്കും പരാതി നൽകിയെന്ന പെൺകുട്ടിയുടെ വാദം ശരിയല്ലെന്നും പൊലീസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സിനിമയിലെ രംഗങ്ങൾ യൂട്യൂബിലും അശ്ലീല സൈറ്റിലും പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട ആരോപണങ്ങൾക്ക് മറുപടിയുമായി കേരളാ പൊലീസ്. പതിനാലാം വയസിൽ അഭിനയിച്ച സിനിമയിലെ ചില രംഗങ്ങൾ യുട്യൂബിലും പോൺ സൈറ്റുകളിലും പ്രചരിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയിൽ അന്വേഷണം നേരത്തെ പൂർത്തിയായതാണെന്നു പൊലീസ് പറയുന്നു. ഫോർ സെയിൽ എന്ന സിനിമയിലെ രംഗമാണ് ഇത്തരത്തിൽ പ്രചരിപ്പിച്ചതെന്നു നടിയും വിദ്യാർത്ഥിയുമായ സോന എം. എബ്രഹാം വെളിപ്പെടുത്തിയിരുന്നു. വീഡിയോ ഇതുവരെ നീക്കം ചെയ്തിട്ടില്ലെന്നും പെൺകുട്ടി ആരോപണം ഉന്നയിച്ചു.

എന്നാൽ, പെൺകുട്ടി പറയുന്ന രംഗങ്ങൾ 2014ൽതന്നെ യുട്യൂബിൽനിന്ന് നീക്കം ചെയ്തതാണെന്നു പൊലീസ് അറിയിച്ചു. 2014 ഫെബ്രുവരി രണ്ടിനാണ് പെൺകുട്ടിയുടെ പരാതി മുളന്തുരുത്തി സ്റ്റേഷനിൽ ലഭിക്കുന്നത്. പിന്നീട് എറണാകുളം റൂറൽ സൈബർ സെല്ലിനു കൈമാറി. അവർ പെൺകുട്ടി ആരോപിച്ച ദൃശ്യങ്ങൾ യുട്യൂബിന്റെ സഹായത്തോടെ നീക്കം ചെയ്തു.

2014 ഫെബ്രുവരി 26ന്, ദൃശ്യങ്ങൾ നീക്കം ചെയ്തതായി പെൺകുട്ടി പൊലീസിനു രേഖാമൂലം എഴുതി നൽകി. ഡിജിപിക്കും എഡിജിപിക്കും പരാതി നൽകിയെന്ന പെൺകുട്ടിയുടെ വാദം ശരിയല്ലെന്നും പൊലീസ് അറിയിച്ചു. ഇത്രയും വർഷങ്ങൾക്കുശേഷം പെൺകുട്ടി ആരോപണവുമായി എത്തിയ സാഹചര്യം പൊലീസ് പരിശോധിക്കുന്നുണ്ട്.

നിയമ വിദ്യാർത്ഥിനിയും നടിയുമായ സോന എം എബ്രഹാം എന്ന പെൺകുട്ടിയാണ് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്. സിനിമയിലെ സ്ത്രീകൂട്ടായ്മയായ ഡബ്ല്യു.സി.സിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 'റെഫ്യൂസ് ദ അബ്യൂസ്' എന്ന കാമ്പെയിന്റെ ഭാഗമായാണ് സോനയുടെ വെളിപ്പെടുത്തൽ.

കാതൽ സന്ധ്യയും മുകേഷും നായികാനായകന്മാരായ ഫോർ സെയിൽ എന്ന ചിത്രത്തിലാണ് സോന 14ാം വയസിൽ അഭിനയിച്ചത്. 2013ലായിരുന്നു ഇത്. എന്നാൽ അതിൽ അഭിനയിച്ച ചില രംഗങ്ങൾ ഒടുവിൽ പോൺ സൈറ്റിലാണ് എത്തപ്പെട്ടത്. ആ സിനിമയിൽ അഭിനയിച്ചതിലൂടെ ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിൽ എത്തിപ്പെട്ടു. പക്ഷേ അത് ചെയ്തില്ല. വിഡിയോ റിമൂവ് ചെയ്യാൻ എല്ലാ നിയമസ്ഥാപനങ്ങളെയും ഞാനും കുടുംബവും സമീപിച്ചു. ഇന്നുവരെ പോസിറ്റീവ് റെസ്‌പോൺസ് ഉണ്ടായിട്ടില്ല എന്നും സോന പറയുന്നു.

സോനയുടെ വാക്കുകൾ ഇങ്ങനെയാണ്. ഫോർ സെയിലിന്റെ പ്രമേയത്തെക്കുറിച്ച് ഇന്നാലോചിക്കുമ്പോൾ അതിൽ അഭിനയിച്ചെന്നത് വളരെയധികം ഭീതിപ്പെടുത്തുന്ന ഒന്നാണ്. ചിത്രം സംവിധാനം ചെയ്തത് സതീഷ് അനന്തപുരിയാണ്. ചിത്രത്തിന്റെ നിർമ്മാതാവ് ആന്റോ കടവേലി. സ്ത്രീവിരുദ്ധത നിറഞ്ഞതും അതിനെ ഗ്ലോറിഫൈ ചെയ്യുന്നതുമായിരുന്നു ചിത്രം. സഹോദരി നശിപ്പിക്കപ്പെട്ടതിൽ മനംനൊന്ത് ആത്മഹത്യചെയ്യുന്ന നായികയുടെ വേഷം കാതൽ സന്ധ്യയാണ് ചെയ്തത്.

സിനിമയിൽ അനുജത്തിയുടെ കഥാപാത്രം ഞാനാണ് അവതരിപ്പിച്ചത്. അതിൽ അഭിനയിച്ചതിലൂടെ പക്ഷേ ഞാനാണ് ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിൽ എത്തിപ്പെട്ടത്. പക്ഷേ അത് ചെയ്തില്ല. അതിന് തെളിവാണ് ഞാൻ നിങ്ങളുടെ മുമ്പിൽ ഇപ്പോൾ നിൽക്കുന്നത്. ചിത്രത്തിന്റെ കഥാഗതി അങ്ങനെയായതിനാൽ അനുജത്തി നശിപ്പിക്കപ്പെടുന്ന വിഡിയോ ഷൂട്ട് ചെയ്യണമെന്ന് സംവിധായകനും അണിയറ പ്രവർത്തകരും ആവശ്യപ്പെട്ടു.

അന്ന് എനിക്ക് 14 വയസ്സാണ്. 150 പേരോളമുള്ള സെറ്റിൽ അത് ഷൂട്ട് ചെയ്യാനാകില്ലെന്ന് പറഞ്ഞു. എന്തുതരം സിനിമയിലാണ്, എന്ത് സീനിലാണ് അഭിനയിക്കുന്നത്, അതിലൂടെ ഈ സമൂഹത്തോട് എന്താണ് പറയുന്നത് എന്നുപോലും തിരിച്ചറിയാനാകാത്ത പ്രായമാണ്. ഒടുവിൽ ആ രംഗം സംവിധായകന്റെ കലൂരിലെ ഓഫീസിലാണ് ചിത്രീകരിച്ചത്. എന്റെ മാതാപിതാക്കളും കുറച്ചുമാത്രം അണിയറപ്രവർത്തകരും മാത്രമാണ് ഉണ്ടായിരുന്നത്. അതിനുശേഷം പത്താം ക്ലാസ് പരീക്ഷയൊക്കെ കഴിഞ്ഞ് ഞാൻ നോർമൽ ലൈഫിലേക്ക് മടങ്ങി. എന്നാൽ പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോൾ ആ സീൻ യൂട്യൂബിലും പോൺ സൈറ്റുകളിലും പ്രചരിച്ചു. അത്തരം ഒരനുഭവം ലോവർ മിഡിൽ ക്ലാസിൽപ്പെടുന്ന തന്റെ കുടുംബത്തിന് ഏൽപ്പിച്ച ആഘാതം വളരെ വലുതായിരുന്നു.

സുഹൃത്തുക്കൾ, ബന്ധുക്കൾ, അദ്ധ്യാപകർ എന്നിവരൊക്കെ സംശയത്തോടെ നോക്കുന്നു. വീട്ടുകാർക്ക് വളരെ സ്‌നേഹവും എന്റെ കഴിവിൽ നല്ല വിശ്വാസവുമുണ്ട്. എന്നാൽ സിനിമ എന്ന് കേൾക്കുമ്പോൾ അവർക്ക് പേടിയാണ്. സമൂഹത്തിൽ നിന്ന് അത്രയും കുത്തുവാക്കുകൾ ഏറ്റുകൊണ്ടിരിക്കുകയാണ്. എന്തിനാണ് നാണംകെട്ട് ജീവിക്കുന്നത് എന്നൊക്കെയാണ് പലരും ചോദിക്കുന്നത്. എനിക്ക് എന്തോ വലിയ കുറവുണ്ടെന്ന രീതിയിലാണ് ആളുകൾ നോക്കുന്നത്. അദ്ധ്യാപകരുടെ നോട്ടം പോലും വേദനിപ്പിച്ചു.

അങ്ങനെയുള്ള ചേട്ടന്മാരോട് ഒരു കാര്യമേ പറയാനുള്ളൂ. ചേട്ടന്മാരേ, ഞാൻ ഇപ്പോഴും ജീവനോടെയുണ്ട്. എനിക്ക് ഒന്നും നഷ്ടപ്പെട്ടതായി എനിക്ക് തോന്നുന്നില്ല. എന്നെക്കാൾ ദുഃഖം നിങ്ങൾക്കാണ്. എനിക്ക് എന്തോ കുറവുണ്ടെന്ന് ബോധ്യപ്പെടുത്താനാണ് എന്റെ ബന്ധുക്കൾ പോലും ശ്രമിച്ചത്. വിഡിയോ റിമൂവ് ചെയ്യാൻ എല്ലാ നിയമസ്ഥാപനങ്ങളെയും ഞാനും കുടുംബവും സമീപിച്ചു. ഇന്നുവരെ പോസിറ്റീവ് റെസ്‌പോൺസ് ഉണ്ടായിട്ടില്ല. സിനിമയുടെ നിർമ്മാതാവ്, സംവിധായകകൻ, എഡിറ്റർക്കും മാത്രം ലഭ്യമായ രംഗം എങ്ങനെ പോൺസൈറ്റിലെത്തി എന്ന് അന്വേഷിക്കാൻ പോലും പൊലീസ് തയാറായില്ലെന്ന് സോന പറയുന്നു. അമ്മയിൽ നിന്ന് രാജിവച്ച് പാർവതിയോട് ബഹുമാനമുണ്ടെന്നും സോന പറയുന്നുണ്ട്. ഇടവേള ബാബുവിനെ പോലുള്ളവരാണ് സിനിമക്ക് ചീത്തപ്പേരുണ്ടാക്കുന്നതെന്നും സ്ത്രീകൾ ഒരു കച്ചവട വസ്തുവാണെന്ന രീതിയിൽ ധാരണ സൃഷ്ടിച്ചത് നിങ്ങളെപ്പോലുള്ളവരാണെന്നും വിഡിയോയിൽ സോന പറയുന്നു.

ആറേഴ് വർഷായി ഓൺലൈൻ അധിക്ഷേപം നേരിടുന്ന ഒരാളാണ് ഞാൻ. നിങ്ങളെ എനിക്ക് പേടിയില്ലെന്നാണ് പറയാനുള്ളത്. അത് എന്നെ എത്രമാത്രം ദുർബലയാക്കിയോ അത്രമാത്രം ശക്തയുമാക്കി. വ്യക്തി എന്ന നിലയിൽ അതൊക്കെ എന്നെ വളർത്തി. അതിന്റെ ഡിപ്രഷനിൽ നിന്ന് പൂർണമായും മോചിതയായിട്ടില്ല. ഇതൊരു തരത്തിൽ സെൽഫ് മോട്ടിവേഷനാണ് ഞാൻ ചെയ്യുന്നത്. എനിക്ക് ധൈര്യമില്ലായിരുന്നു ഇത്രയും കാലം പറയാൻ. അധിക്ഷേപങ്ങൾക്കെതിരെ പോരാടുന്നവർക്കൊപ്പം നിൽക്കുന്നു എന്ന് പറഞ്ഞാണ് സോനയുടെ വിഡിയോ അവസാനിപ്പിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP