Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202120Sunday

കേരളാ പൊലീസിന്റെ പൊൽ- ആപ്പ് പൊതുജനങ്ങൾക്ക് പൊല്ലാപ്പാകും; ഇനി പൊലീസ് സേവനങ്ങൾക്ക് സേനയുടെ മൊബൈൽ ആപ്ലിക്കേഷൻ നിർബന്ധം; പരാതിയുമായി എത്തുന്നവർക്ക് ആപ്ലിക്കേഷൻ നിർബന്ധമാക്കി സർക്കുലർ പുറത്തിറക്കി ബെഹ്റ; ആപ്പ് സേനയിലെ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും നിർബന്ധം; പൊതുജനങ്ങളെ ആപ്പ് പരിചയപ്പെടുത്തുന്ന ഉദ്യോഗസ്ഥന് പാരിതോഷികവും; സ്മാർട്ട് ഫോൺ പോലും കയ്യിലില്ലാത്ത സാധാരണക്കാരൻ സ്റ്റേഷനിലെത്തിയാൽ ഇനി വെള്ളം കുടിക്കും

മറുനാടൻ ഡെസ്‌ക്‌

തൃശ്ശൂർ: കേരളാ പൊലീസിന്റെ പോൽ-ആപ്പ് പൊല്ലാപ്പാകുന്നു. പൊലീസ് സേവനം വേണമെങ്കിൽ ഇനി പൊലീസിന്റെ ഔദ്യോഗിക ആപ്പ് നിർബന്ധമാക്കണമെന്നാണ് ഡി.ജി.പി ഉത്തരവിറക്കിയിരിക്കുന്നത്. സേവനം തേടിയെത്തുന്നവരിലും പൊതുജനങ്ങളിലും പോൽ ആപ്പ് എന്ന പൊലീസ് അപ്ലിക്കേഷൻ വ്യാപകമാക്കാൻ കഴിഞ്ഞ ദിവസം ഉത്തരവിറക്കി. ആപ്പ് ഏറ്റവും കൂടുതൽ പേരിൽ എത്തിക്കുന്ന പൊലീസുദ്യോഗസ്ഥന് പരിതോഷികവും നൽകും. എന്നാൽ സ്മാർട്ട് ഫോണോ ഇന്റർനെറ്റ് സംവിധാനമോ ഇല്ലാത്ത സാധാരണക്കാരന് ഇത് എങ്ങനെ പ്രാവർത്തികമാക്കും എന്ന ആശങ്കയും നിലനിൽക്കുകയാണ്.

പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തുന്ന സാധാരണക്കാർ ഇനി ആപ്പില്ലെങ്കിൽ പെടും. ആപ്പ് ജനകീയമാക്കാൻ പൊലീസ് സേനയിൽ വൻ ക്യാമ്പയിനാണ് ഡി.ജി.പി തുടക്കമിട്ടിരിക്കുന്നത്. പൊലീസ് സേനയിലെ മുഴുവൻ അംഗങ്ങളും അവരുടെ കുടുംബത്തിലെ എല്ലാവർക്കും ആപ്പ് നിർബന്ധമാക്കണമെന്നും നിർദ്ദേശമുണ്ട്. പൊലീസ് സേനാംഗങ്ങളും ക്യാമ്പ് ഫോളോവർമാരും മിനിസ്റ്റീരിയൽ സ്റ്റാഫും ആപ്പ് ഉപയോഗിക്കണമെന്ന് സർക്കുലറിൽ നിർദ്ദേശിക്കുന്നു.

സേവനം തേടിയെത്തുന്ന ജനങ്ങളോട് പൊലീസ് ആപ്പ് ഉപയോഗിക്കാൻ പ്രേരിപ്പിക്കേണ്ട ചുമതല സ്റ്റേഷൻ പി.ആർ.ഒ.മാരെയും റൈറ്റർമാരെയും ഏൽപ്പിച്ചു. ആപ്പിന്റെ ഗുണങ്ങൾ വിശദീകരിച്ചാകണം പ്രേരിപ്പിച്ച് ഇത് ഉപയോഗിക്കുന്നത് ഉറപ്പാക്കേണ്ടത്.പാസ്‌പോർട്ട് അന്വേഷണത്തിനായി പോകുന്ന പൊലീസ് ഉദ്യോഗസ്ഥർ അപേക്ഷകൻ പൊലീസ് ആപ്പ് ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കണം. സ്റ്റുഡന്റ് പൊലീസുകളുള്ള സ്‌കൂളുകളിലെ മുഴുവൻ അദ്ധ്യാപകരും രക്ഷിതാക്കളും പൊലീസ് ആപ്പ് ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കണം. ജനമൈത്രി ബീറ്റ് പൊലീസുകാർ അവരുടെ പ്രവർത്തനമേഖലയിലെ മുഴുവൻ ജനങ്ങളും പൊലീസ് ആപ്പ് ഉപയോഗിക്കുന്നതിന് ശ്രമിക്കണം. സംസ്ഥാനത്ത് എത്രപേർ പൊലീസ് ആപ്പ് ഉപയോഗിക്കുന്നു എന്ന കണക്കെടുപ്പ് ജൂലായ് ഒന്നിന് നടത്താനാണ് സേന തീരുമാനിച്ചിരിക്കുന്നത്.

പൊലീസിന്റെ എല്ലാ സേവനങ്ങളും ഒരൊറ്റ ആപ്പിൽ ലഭ്യമാകുന്ന സംവിധാനത്തോടെ പൊൽ - ആപ്പ് മൊബൈൽ ആപ്ലിക്കേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയതത്. പൊലീസ് സേനയിലെ 27 സേവനങ്ങൾ ആദ്യഘട്ടത്തിൽ പൊലീസിന് ലഭ്യമാകും. ഇതിലൂടെ പൊതുജനങ്ങൾക്ക് പൊലീസിന്റെ 27 സേവനങ്ങൾ ലഭിക്കും.15 സേവനങ്ങൾ കൂടി വൈകാതെ ലഭ്യമാകുമെന്നാണ് ഡി.ജി.പി ബെഹ്‌റ വ്യക്തമാക്കിയിരുന്നത്. സാധാരണക്കാർക്ക് ആപ് എളുപ്പം ഉപയോഗിക്കാവുന്ന രീതിയിലാണ് ആപ്പിന്റെ ഉപയോഗവും രൂപകൽപനയും. ജനങ്ങൾ അറിയേണ്ട വിവരങ്ങൾ ആപ്പിലൂടെ ലഭ്യമാക്കും.ഗൂഗിൾ പ്ലേ സ്‌റ്റോറിൽ ആപ്പ് ലഭ്യമാണ്. മറ്റ് പ്ലാറ്റ് ഫോമുകളിലും ഉടൻ ലഭ്യമാകും. വിശേഷതകൾഉപയോഗിക്കുന്ന വ്യക്തി നിൽക്കുന്നതിന് ഏറ്റവും അടുത്ത പൊലീസ് സ്‌റ്റേഷൻ സൂചിപ്പിക്കും. പൊലീസിലെ എല്ലാ റാങ്കിലെ ഉദ്യോഗസ്ഥരുടെയും ഫോൺ നമ്പരും ഇ മെയിൽ വിലാസവും ലഭ്യമാണ്.

പ്രഥമവിവര റിപ്പോർട്ട് ഡൗൺലോഡ് ചെയ്യാം. പൊലീസിന്റെ സേവനങ്ങൾക്കുള്ള ഫീസ് ട്രഷറിയിൽ അടയ്ക്കാം. പാസ്പോർട്ട് പരിശോധനയുടെ അവസ്ഥ അറിയാം. മുതിർന്ന പൗരന്മാർക്ക് ജനമൈത്രി സേവനങ്ങൾക്കായി രജിസ്റ്റർ ചെയ്യാം. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്ക് സംവിധാനം. നേരത്തെ രജിസ്റ്റർ ചെയ്ത മൂന്നു മൊബൈൽ നമ്പറിലേക്ക് ആപ്പ് ഉപയോഗിക്കുന്നയാളുടെ ലൊക്കേഷൻ അയയ്ക്കാം.

അത്യാവശ്യഘട്ടങ്ങളിൽ ഈ നമ്പറുകളിലേയ്ക്ക് എസ്. ഒ. എസ് കാൾ ചെയ്യാം. വനിതകൾക്ക് സ്‌റ്റേഷൻ ഹൗസ് ഓഫീസറുമായി കൂടിക്കാഴ്‌ച്ചയ്ക്ക് സമയം നിശ്ചയിക്കാം. പൊലീസ് എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റത്തിലേക്ക് സന്ദേശം അയയ്ക്കാം. പൊലീസിന്റെ എല്ലാ സോഷ്യൽ മീഡിയ പേജുകളും ലഭിക്കും. ട്രാഫിക് നിയമങ്ങൾ പഠിപ്പിക്കുന്ന ട്രാഫിക് ഗുരു, യാത്രകൾക്ക് ഉപകാരമായ ടൂറിസ്റ്റ് ഗൈഡ്, സൈബർ തട്ടിപ്പുകൾ തടയാനുള്ള നിർദ്ദേശങ്ങൾ, പ്രധാനപ്പെട്ട സർക്കാർ വെബ് സൈറ്റുകളുടെ ലിങ്കുകൾ എന്നിവയും ലഭ്യമാണ്. കുറ്റകൃത്യങ്ങളുടെ വിവരണവും ഫോട്ടോയും പൊലീസിന് അയയ്ക്കാം.

സ്‌റ്റേഷൻ സന്ദർശിക്കുന്നവർക്ക് തങ്ങളുടെ അനുഭവങ്ങൾ വിവരിക്കാം എന്നിവയൊക്കെയാണ് പൊൽ ആപ്പിന്റെ പ്രത്യേകത. സോഷ്യൽ മീഡിയ പേജിലൂടെ പൊലീസ് പൊതുജനങ്ങളോട് പേര് നിർദ്ദേശിച്ചപ്പോൾ പൊല്ലാപ്പ് എന്ന പേര് നിർദ്ദേശിച്ചത്. 32 കാരനായ ശ്രീകാ്ന്ത് എന്ന ചെറുപ്പക്കാരനായിരുന്നു. കേരളാ പൊലീസിന്റെ ഫേസ്‌ബുക്ക് പേജിലെ സ്ഥിരം സന്ദർശകൻ. വെഞ്ഞാറമ്മൂട് സ്വദേശിയായ ശ്രീകാന്തിനെ പൊലീസ് നേരിട്ട് വിളിച്ചാണ് അഭിനന്ദനം അറിയിച്ചതും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP