Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

500 പേർക്ക് അനുമതി ചോദിച്ച ശേഷം സംസ്ഥാനത്തെമ്പാടും നിന്നും എത്തി ചേർന്നത് 5000 പേർ; മൗലികവാദികൾ തെരുവിൽ അഴിഞ്ഞാടുമ്പോൾ മറ്റൊരു നിവർത്തിയുമില്ലാതെ പൊലീസ് ബലം പ്രയോഗിച്ചു; കോടതി വിധിക്കെതിരെ റാലിയും ഹർത്താലും നടത്തുന്നവർക്കെതിരെ കേസ് എടുക്കാൻ പൊലീസ് നിർബന്ധിതമായേക്കും

500 പേർക്ക് അനുമതി ചോദിച്ച ശേഷം സംസ്ഥാനത്തെമ്പാടും നിന്നും എത്തി ചേർന്നത് 5000 പേർ; മൗലികവാദികൾ തെരുവിൽ അഴിഞ്ഞാടുമ്പോൾ മറ്റൊരു നിവർത്തിയുമില്ലാതെ പൊലീസ് ബലം പ്രയോഗിച്ചു; കോടതി വിധിക്കെതിരെ റാലിയും ഹർത്താലും നടത്തുന്നവർക്കെതിരെ കേസ് എടുക്കാൻ പൊലീസ് നിർബന്ധിതമായേക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഹൈക്കോടതിയെ വെല്ലുവിളിച്ചും ജഡ്ജിമാരെ ഭീഷണിപ്പെടുത്തിയും മുസ്ലിം ഏകോപന സമിതി പ്രവർത്തകർ എറണാകുളം നഗരത്തിൽ നടത്തിയ റാലിക്ക് നേരെ പൊലീസ് ബലംപ്രയോഗിച്ചത് എല്ലാ വഴികളും അടഞ്ഞപ്പോൾ. മതപരിവർത്തനം നടത്തിയ യുവതിയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിയിൽ പ്രതിഷേധിച്ചാണ് മുസ്ലിം ഏകോപന സമിതി ഹൈക്കോടതിയിലേക്ക് മാർച്ച് നടത്തിയത്. വിദ്യാർത്ഥിനിയെ രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചതായിരുന്നു പ്രതിഷേധത്തിന് കാരണം. ഇതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിൽ വിധി പ്രസ്താവിച്ച ജഡ്ജിക്കെതിരെ ഭീഷണി മുഴക്കി. മാർച്ച് സംഘർഷഭരിതമായി. പ്രതിഷേധക്കാർ പൊലീസിനെ ആക്രമിച്ചു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

ഹൈക്കോടതി വിധിയെ ഭീഷണിയിലൂടെ നേരിടാനാണ് ഒരുകൂട്ടത്തിന്റെ ശ്രമമെന്ന വിമർശനം വ്യാപകമാണ്. ഹൈക്കോടതി വിധി അംഗീകരിക്കുന്നില്ലെങ്കിൽ സുപ്രീംകോടതിയിൽ അപ്പീൽ നൽകാം. എന്നാൽ ഇതിന് മുതിരാതെ ഇവിടെ സമരം ചെയ്യുന്നു. ഇന്ന് കൊച്ചിയിൽ ഹർത്താലും. ഇതൊക്കെ നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയിയായി വ്യാഖ്യാനിക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് സമരക്കാരെ കർശനമായി നേരിടാൻ പൊലീസ് തയ്യാറായതും. ഈ സാഹചര്യത്തിൽ മാർച്ചിലെ വിഡിയോയും മുദ്രാവാക്യങ്ങൾ പരിശോധിക്കാനാണ് പൊലീസ് തീരുമാനം. ഇനിയും കർശനമായ നടപടികൾ ഈ സംഭവത്തിൽ പൊലീസ് സ്വീകരിക്കേണ്ടി വരും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി വിവിധ മുസ്‌ലിം സംഘടനകളിൽനിന്നുള്ള അയ്യായിരത്തോളം പേരാണു മുസ്‌ലിം ഏകാപന സമിതി എറണാകുളം ജില്ലാ കമ്മിറ്റിയുടെ ഹൈക്കോടതി മാർച്ചിൽ അണിനിരന്നത്. മാർച്ചിന് അനുമതി തേടി പൊലീസിനു നൽകിയ അപേക്ഷയിൽ 500 പേർ മാത്രമേ ഉണ്ടാകുകയുള്ളൂവെന്നാണ് അറിയിച്ചത്. അതുകൊണ്ട് തന്നെ വലിയ പൊലീസ് സന്നാഹം ഒരുക്കിയിരുന്നില്ല. എന്നാൽ അയ്യായിരത്തോളം പേർ എത്തിയ റാലി സംഘർഷത്തിലേക്ക് വഴിമാറുകയായിരുന്നു. മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ നാലു മുസ്ലിം ഏകോപന സമിതി പ്രവർത്തകർക്കും രണ്ടു പൊലീസുകാർക്കും പരുക്കേറ്റു.

പ്രതിഷേധക്കാർ പൊലീസിനു നേരെ കല്ലെറിഞ്ഞു. ബാരിക്കേഡ് തകർത്തു. കല്ലേറിൽ നിരവധി പൊലീസുകാർക്കും, ലാത്തിയടിയേറ്റ് പ്രതിഷേധക്കാർക്കും പരിക്കേറ്റു. വിധി പ്രസ്താവിച്ച ജസ്റ്റിസ് കെ. സുരേന്ദ്ര മോഹനന്റെ പേര് എടുത്ത് പറഞ്ഞായിരുന്നു ഭീഷണി. പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട്, ജമാഅത്ത് ഫെഡറേഷൻ, എസ്ഡിപിഐ, മുസ്ലിം ജമാഅത്ത് കൗൺസിൽ, മക്ക തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. അതിനിടെ സമ്മർദ്ദം ശക്തമായതോടെ റാലി നടത്തിയവർക്കെതിരെ പൊലീസിന് കേസെടുക്കേണ്ടിയും വരും. റാലിക്കെതിരെ ഹൈക്കോടതി എന്ത് നിരീക്ഷണം നടത്തുമെന്നതും ശ്രദ്ധേയമാകും. ഇത് കൂടി കണക്കിലെടുത്താണ് റാലിയിൽ പങ്കെടുത്തവർക്കെതിരെ കേസ് എടുക്കാൻ പൊലീസ് നിർബന്ധിതമാകുന്നത്.

മണപ്പാട്ടിപറമ്പിൽനിന്ന് ആരംഭിച്ച പ്രതിഷേധ മാർച്ച് സെന്റ് ആൽബർട്ട്‌സ് കോളജിനു മുൻപിൽ പൊലീസ് തടഞ്ഞപ്പോഴാണു പ്രവർത്തകർ ബാരിക്കേഡ് തകർത്ത് മുന്നേറിയത്. ഇതോടെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. സംഘർഷം രൂക്ഷമായതോടെ നേതൃത്വം ഇടപെട്ടു പ്രവർത്തകരെ ശാന്തരാക്കുകയായിരുന്നു. അതിനിടെ എറണാകുളം ജില്ലയിൽ ഇന്നു മുസ്ലിം ഏകോപന സമിതിയുടെ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.. ഹൈക്കോടതിയിലേക്കു മുസ്ലിം ഏകോപന സമിതി സംഘടിപ്പിച്ച മാർച്ചിനു നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണു ഹർത്താലെന്നു സമിതി നേതാക്കൾ അറിയിച്ചു.

കോട്ടയം സ്വദേശിയായ ഹാദിയയുടെ വിവാഹമാണ് ഹൈക്കോടതി അസാധുവാക്കിയത്. പെൺകുട്ടിയെ അന്യായ തടങ്കലിൽ പാർപ്പിച്ചെന്നും മതംമാറ്റിയെന്നും ആരോപിക്കുന്ന ഹേബിയസ് ഹർജി നിലവിലിരിക്കെ പെൺകുട്ടി വിവാഹിതയായെന്നു പറയുന്നതു നിയമത്തിന്റെ ദൃഷ്ടിയിൽ നിലനിൽക്കില്ലെന്നു വ്യക്തമാക്കിയാണ് ഹൈക്കോടതി വിവാഹം അസാധുവാക്കിയത്. കോടതി നിർദേശത്തെത്തുടർന്നു പെൺകുട്ടിയെ വൈക്കം പൊലീസ് കൊച്ചിയിൽനിന്നു ടിവിപുരത്തെ രക്ഷിതാക്കളുടെ വീട്ടിലെത്തിച്ചു. കേസിൽ ഹൈക്കോടതിയുടെ വിധി റദ്ദാക്കണമെന്നും ഹാദിയയെ വീട്ടുതടങ്കലിൽനിന്നു മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹൈക്കോടതിക്കു മുന്നിലെ പ്രതിഷേധം.

ഈ വിധി രാജ്യത്തെ ജനങ്ങളുടെ വ്യക്തിപരവും വിശ്വാസപരവുമായ സ്വതന്ത്ര്യത്തെ ഹനിക്കുകയാണെന്ന്, സമിതി ചെയർമാൻ കാഞ്ഞാർ അബ്ദുറസാഖ് മൗലവി, കൺവീനർ വി.കെ. ഷൗക്കത്തലി, വൈസ് ചെയർമാൻ സലീം കൗസരി എന്നിവർ ആരോപിച്ചു. ഹാദിയയുടെ ഭാഗം എന്താണെന്നു കേൾക്കാതെയുള്ള വിധിയാണ് ഹൈക്കോടതിയുടേത് എന്നും പ്രതിഷേധക്കാർ വാദിക്കുന്നു. ഹൈക്കോടതി നിർദേശത്തെത്തുടർന്ന്, ഹാദിയയെ മാതാപിതാക്കൾക്കൊപ്പം വീട്ടിലേക്കു വിട്ടയച്ചിരുന്നു. നിർബന്ധിത മതപരിവർത്തനമെന്ന് പറഞ്ഞ് വിവാഹം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് പിൻവലിക്കും വരെ ശക്തമായ പ്രതിഷേധം തുടരുമെന്നും മുസ്ലിം ഏകോപന സമിതി മുന്നറിയിപ്പു നൽകി.

അതിനിടെ ഹൈക്കോടതി വിധിക്കെതിരെ മുസ്‌ലിം ഏകോപന സമിതി കോടതിയിലേക്ക് മാർച്ച് നടത്തിയതു ജുഡീഷ്യറിക്കു നേരെയുള്ള വെല്ലുവിളിയെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ അഭിപ്രായപ്പെട്ടു. കോടതിവിധിക്കെതിരെ ഹർത്താൽ നടത്തുന്നതു നിയമവാഴ്ചയെ തകർക്കാനാണ്. ഇതിനെതിരെ ജനാധിപത്യ വിശ്വാസികൾ രംഗത്തുവരണമെന്നും കുമ്മനം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP