Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'അബ്ദുറഹിമാൻ എന്ന പേരിൽത്തന്നെ തീവ്രവാദിയുണ്ട്'; വിഴിഞ്ഞം തുറമുഖ നിർമ്മാണവിരുദ്ധ സമരസമിതി കൺവീനറുടെ പരമാർശത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു; ഫാദർ തിയോഡോഷ്യസ് ഡിക്രൂസിന്റെ വർഗ്ഗീയ പരാമർശം പിൻവലിച്ച് മാപ്പ് പറയണം; കേരളത്തിന്റെ മതേതര മനസ്സിനെ മുറിവേൽപ്പിച്ച പരാമർശത്തിൽ സഭയും നിലപാട് വ്യക്തമാക്കണം: ആവശ്യവുമായി കേരള മുസ്ലിം ജമാഅത്ത്

'അബ്ദുറഹിമാൻ എന്ന പേരിൽത്തന്നെ തീവ്രവാദിയുണ്ട്'; വിഴിഞ്ഞം തുറമുഖ നിർമ്മാണവിരുദ്ധ സമരസമിതി കൺവീനറുടെ പരമാർശത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു; ഫാദർ തിയോഡോഷ്യസ് ഡിക്രൂസിന്റെ വർഗ്ഗീയ പരാമർശം പിൻവലിച്ച് മാപ്പ് പറയണം; കേരളത്തിന്റെ മതേതര മനസ്സിനെ മുറിവേൽപ്പിച്ച പരാമർശത്തിൽ സഭയും നിലപാട് വ്യക്തമാക്കണം: ആവശ്യവുമായി കേരള മുസ്ലിം ജമാഅത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 'അബ്ദുറഹിമാൻ എന്ന പേരിൽത്തന്നെ തീവ്രവാദിയുണ്ട്' എന്ന വിഴിഞ്ഞം തുറമുഖ നിർമ്മാണവിരുദ്ധ സമരസമിതി കൺവീനർ ഫാ. തിയോഡോഷ്യസ് ഡിക്രൂസിന്റെ പരാമർശത്തിനെതിരെ കേരള മുസ്ലിം ജമാഅത്ത് രംഗത്തുവന്നു. ഫാ. തിയോഡോഷ്യസ് ഡിക്രൂസ് പരാമർശം പിൻവലിച്ചു മാപ്പു പറയണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. ആ പരാമർശം പിൻവലിച്ചു മാപ്പുപറയണം. മാത്രമല്ല, കേരളത്തിന്റെ മതേതര മനസ്സിനെ മുറിവേൽപ്പിച്ച അത്തരമൊരു പരാമർശത്തോടുള്ള നിലപാട് വ്യക്തമാക്കാൻ വിഴിഞ്ഞം സമരത്തിനു നേതൃത്വം നൽകുന്ന തിരുവനന്തപുരം ലത്തീൻ അതിരൂപതാ നേതൃത്വം തയാറാവുകയും വേണം.

ഇന്നലെ നടത്തിയ ഗുരുതര വർഗ്ഗീയ പരാമർശത്തിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിട്ടും ഇതുവരെ അതു പിൻവലിക്കാനോ, മാപ്പുപറയാനോ അദ്ദേഹം തയാറായിട്ടില്ല. സംസ്ഥാനത്തെ ഒരു മന്ത്രിക്കെതിരേ, അദ്ദേഹത്തിന്റെ പേരും മതവും ഉന്നംവച്ച് ഫാ. ഡിക്രൂസ് നടത്തിയ പരാമർശം സമൂഹത്തിൽ വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതാണ്. അതു കണക്കിലെടുത്ത് അദ്ദേഹത്തിനെതിരേ കേസെടുക്കാനും അറസ്റ്റു ചെയ്യാനും പൊലീസ് തയാറാകണം.

രാജ്യത്തിന്റെ മതേതര ജനാധിപത്യത്തോട് പ്രതിബദ്ധതയുള്ള എല്ലാവരും എല്ലാത്തരം വർഗീയതയ്ക്കും ഫാസിസത്തിനും എതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുക്കേണ്ട സമയമാണ്. എന്നാൽ രാജ്യത്തെ രണ്ടു പ്രബല ന്യൂനപക്ഷ സമുദായങ്ങളെ തമ്മിൽ അകറ്റാനും അതിൽ നിന്നു വർഗ്ഗീയമായി മുതലെടുക്കാനുമുള്ള ഗൂഢശ്രമങ്ങൾ ചില കേന്ദ്രങ്ങൾ നിരന്തരം നടത്തുന്നുണ്ട്. അതിനു ശക്തി പകരുന്നതാണ് ഫാ. ഡിക്രൂസിന്റെ പരാമർശം.

പേരിൽത്തന്നെ തീവ്രവാദിയുണ്ട് എന്ന കാഴ്ചപ്പാടിന്റെ ദൂരവ്യാപക പ്രത്യാഘാതം തിരിച്ചറിയാതിരിക്കാൻ കഴിയില്ല. തുടർന്നും ഇത്തരത്തിലുള്ള വെറുപ്പിന്റെ വർത്തമാനം പറയാൻ ആർക്കും ഇതൊരു പ്രചോദനമാകാതിരിക്കണമെങ്കിൽ തിരുത്തലും നിയമനടപടിയും ആവശ്യമാണ്. ഫാ. ഡിക്രൂസിന്റെ പരാമർശത്തോട് വൈകാരികമായി പ്രതികരിക്കാനോ അതേ ശൈലിയിൽ മറുപടി പറയാനോ തയാറാകാത്ത മുസ്ലിം സമുദായത്തിന്റെയും സഹോദരസമുദായങ്ങളുടെയും പൊതുസമൂഹത്തിന്റെയും ജാഗ്രതയെ അഭിനന്ദിക്കുന്നു.

അതേസമയം, ആ പരാമർശത്തിലെ വിഷംനിറഞ്ഞ ഉള്ളടക്കത്തെ അപലപിച്ചു സമൂഹമാധ്യമങ്ങൾ ഉൾപ്പെടെ മതേതര പ്രതിബദ്ധത ഉയർത്തിപ്പിടിക്കുന്ന എല്ലാവരോടുമുള്ള നന്ദി അറിയിക്കുകയും ചെയ്യുന്നുവെന്നും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നേരത്തെ വിഴിഞ്ഞം സമരം രാജ്യദ്രോഹികൾ നടത്തുന്നതാണെന്ന മന്ത്രി വി.അബ്ദുറഹിമാന്റെ പ്രസ്താവനക്കെതിരെ സമരസമിതി കൺവീനർ ഫാദർ തിയോ ഡോഷ്യസ് ഡിക്രൂസ് രംഗത്തെത്തിയിരുന്നു. അബ്ദുറഹിമാനാണ് ലോകം കണ്ട ഏറ്റവും വലിയ രാജ്യദ്രോഹിയെന്ന് തിയോഡോഷ്യസ് പ്രതികരിച്ചു. 'അബ്ദുറഹ്മാന്റെ പേരിൽ തന്നെയൊരു തീവ്രവാദിയുണ്ട്. അബ്ദുറഹ്മാൻ യഥാർത്ഥത്തിൽ മത്സ്യത്തൊഴിലാളുകളുടെ കാര്യം നോക്കേണ്ട മന്ത്രിയാണ്. പക്ഷെ വിടുവായനായ അബ്ദുറഹ്മാൻ അഹമ്മദ് ദേവർകോവിലിന് വേണ്ടിയാണ് സംസാരിക്കുന്നത്. രാജ്യദ്രോഹം ചെയ്തത് ആരാണെന്ന് വിഴിഞ്ഞത്ത് നടന്ന സമരത്തിൽ നിന്ന് മനസിലാകും. അബ്ദുറഹ്മാന്റെ ഗുണ്ടകളെ അഴിഞ്ഞാടാൻ വിട്ടതുകൊണ്ടാണ് മത്സ്യത്തൊഴിലാളികൾ നിഷ്‌കരുണം അടികൊള്ളേണ്ടി വന്നത്. ഞങ്ങൾ രാജ്യദ്രോഹികളായിരുന്നെങ്കിൽ അബ്ദുറഹ്മാനെ പോലുള്ള ഏഴാം കൂലികൾ ഇവിടെ ഭരണം നടത്തില്ലായിരുന്നു.''തിയോഡോഷ്യസ് ഡിക്രൂസ് പറഞ്ഞു.

വിവാദമായതോടെ, മന്ത്രിക്ക് നേരെ ഫാദർ തിയോഡോഷ്യസ് ഡിക്രൂസ് നടത്തിയ തീവ്രവാദി പരാമർശത്തിൽ വിഴിഞ്ഞം സമരസമിതി ഖേദം പ്രകടിപ്പിച്ചു. സമരസമിതി നേതാവ് ഫാദർ മൈക്കിൾ തോമസാണ് ഖേദപ്രകടനം നടത്തിയത്. അബ്ദുറഹ്മാനെ തീവ്രവാദിയെന്ന് വിളിച്ച ഡിക്രൂസിന്റെ പരാമർശം തെറ്റാണെന്ന് മൈക്കിൾ തോമസ് ചാനൽ ചർച്ചയിൽ സമ്മതിക്കുകയായിരുന്നു. 'പദപ്രയോഗങ്ങൾ സൂക്ഷിക്കണമെന്ന് വിശ്വസിക്കുന്നു. തെറ്റ് പറ്റിയാൽ അത് സമ്മതിക്കാനും ഖേദം പ്രകടിപ്പിക്കാനും ഞങ്ങൾ മടി കാണിക്കില്ല. ഉദേശിച്ച രീതിയിൽ അല്ല പരാമർശം വ്യാഖ്യാനിക്കപ്പെട്ടത്. പൊതുസമൂഹം മുമ്പാകെ തെറ്റിദ്ധാരണ പരത്തിയതിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. സമരസമിതിക്ക് വേണ്ടിയാണ് ഞാനിത് പറയുന്നത്.''-മൈക്കിൾ തോമസ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP