Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

മഹാരാഷ്ട്രയ്ക്കും ബംഗാളിനും ആകാമെങ്കിൽ കേരളത്തിന് എന്തുകൊണ്ട് ആയിക്കൂടാ? കേന്ദ്ര ഏജൻസികൾ സെക്രട്ടറിയേറ്റിൽ കയറിയിറങ്ങുമ്പോൾ സിബിഐയെ പൂട്ടാൻ ആലോചിച്ചു പിണറായി സർക്കാർ; ലൈഫ് മിഷനിലെ കലിപ്പു തീർക്കാൻ സിബിഐയെ വിലക്കാൻ ആലോചന; അമിത്ഷായോട് നേരിട്ടു മുട്ടുമ്പോൾ പിൻവലിക്കുന്നത് ലാവലിൻ കേസിൽ പണി കിട്ടുമോയെന്ന ഭയം

മഹാരാഷ്ട്രയ്ക്കും ബംഗാളിനും ആകാമെങ്കിൽ കേരളത്തിന് എന്തുകൊണ്ട് ആയിക്കൂടാ? കേന്ദ്ര ഏജൻസികൾ സെക്രട്ടറിയേറ്റിൽ കയറിയിറങ്ങുമ്പോൾ സിബിഐയെ പൂട്ടാൻ ആലോചിച്ചു പിണറായി സർക്കാർ; ലൈഫ് മിഷനിലെ കലിപ്പു തീർക്കാൻ സിബിഐയെ വിലക്കാൻ ആലോചന; അമിത്ഷായോട് നേരിട്ടു മുട്ടുമ്പോൾ പിൻവലിക്കുന്നത് ലാവലിൻ കേസിൽ പണി കിട്ടുമോയെന്ന ഭയം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിൽ സംസ്ഥാന സർക്കാറിന്റെ അനുമതിയോ കോടതി വിധിയോ ഇല്ലാതെ സിബിഐ അന്വേഷണം ഏറ്റെടുത്തത്ത സംസ്ഥാന സർക്കാറിന് ശരിക്കും തിരിച്ചടിയായിരുന്നു. ഹൈക്കോടതിയെ സമീപിച്ചാണ് ഈ കേസിൽ നിന്നും താൽക്കാലികമായെങ്കിലും രക്ഷപെട്ടിരിക്കുന്നത്. അതേസമയം തെരഞ്ഞെടുപ്പുകാലം കൂടി ആയതോടെ സമാനമായ വിധത്തിൽ നിരവധി കേസുകൾ വന്നേക്കുമെന്ന ഭയത്തിലാണ് സംസ്ഥാന സർക്കാർ. അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ സംസ്ഥാനത്തെ കേസുകൾ അനുമതിയില്ലാതെ ഏറ്റെടുക്കുന്നത് തടയാൻ വേണ്ടി സർക്കാർ സംസ്ഥാനത്ത് സിബിഐയെ വിലക്കിയേക്കും. ബംഗാൾ, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിനോടകം ത്‌ന്നെ ഇത്തരമൊരു വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ആ സംസ്ഥാനങ്ങളെ മാതൃകയാക്കണമെന്ന ആവശ്യം സിപിഎം സർക്കാറിന് മുന്നിൽ വെച്ചിട്ടുണ്ട്.

സംസ്ഥാനത്തിന്റെ പരിധിയിലുള്ള കേസുകളിൽ സിബിഐ. നേരിട്ട് കേസെടുക്കുന്നത് വിലക്കി ഉത്തരവിറക്കുന്നകാര്യം സർക്കാർ പരിശോധിക്കണമെന്ന് സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ കഴിഞ്ഞ ദിവസമാണ് ആവശ്യപ്പെട്ടത്. ഇത്തരത്തിൽ കേസന്വേഷിക്കാമെന്ന് സർക്കാർ നൽകിയ മുൻകൂർ അനുമതിയുടെ പിൻബലത്തിലാണ് സിബിഐ. വരുന്നത്. കേന്ദ്ര അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് രാഹുൽഗാന്ധിപോലും പറഞ്ഞ പശ്ചാത്തലത്തിൽ മുൻകൂർ അനുമതി റദ്ദാക്കുന്നതിന്റെ നിയമവശം സർക്കാർ പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

സിപിഐ.ക്ക് നേരത്തേ ഇതേ നിലപാടാണ്. എൽ.ഡി.എഫ്. യോഗത്തിൽ എല്ലാ ഘടകകക്ഷികളും ഇത്തരമൊരാശങ്ക പങ്കുവെച്ചിട്ടുണ്ട്. ഈ സഹാചര്യത്തിൽ നേരത്തേ നൽകിയ അനുമതി പുനഃപരിശോധിക്കണം. രാഷ്ട്രീയ ആയുധത്തിന് അന്വേഷണ ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന തോന്നലുണ്ടായപ്പോഴാണ് ബിജെപി. ഇതര സർക്കാരുകളെല്ലാം ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്. ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഛത്തിസ്ഗഢ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളൊക്കെ സിബിഐ.ക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യം കേരളവും പരിശോധിക്കേണ്ടതുണ്ടെന്ന് കോടിയേരി പറഞ്ഞു.

സംസ്ഥാനസർക്കരുകൾ വിലക്കിയാലും സിബിഐ. അന്വേഷിക്കുന്നതിന് വ്യവസ്ഥചെയ്ത കേസുകൾ ഏറ്റെടുക്കുന്നതിന് തടസ്സമുണ്ടാകില്ല. സർക്കാർ ആവശ്യപ്പെടുന്ന കേസുകൾ സിബിഐ.ക്ക് അന്വേഷിക്കാം. സർക്കാർ ആവശ്യപ്പെടുന്ന കേസുകൾ ഏറ്റെടുക്കാതിരിക്കുകയും, മറ്റ് കേസുകൾ അന്വേഷിക്കുകയും ചെയ്യുന്നതാണ് പ്രശ്‌നം. ഇതൊരു പ്രശ്‌നം തന്നെയാണ്. അതാണ് മുൻകൂർ അനുമതി പുനഃപരിശോധിക്കണമെന്ന് സിപിഎം. നിർദേശിക്കാൻ കാരണം.

അന്വേഷണ ഏജൻസികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നതിന് തെളിവാണ് ടൈറ്റാനിയം കേസ്. സിബിഐ. അന്വേഷിക്കണമെന്ന് ഒരുവർഷംമുമ്പ് സർക്കാർ ആവശ്യപ്പെട്ടതാണ്. അത് ഏറ്റെടുക്കാനാവില്ലെന്നാണ് ഇപ്പോൾ കേന്ദ്രം നിലപാടെടുത്തിട്ടുള്ളത്. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, ഇബ്രാഹിംകുഞ്ഞ് എന്നിവർ പ്രതികളായ കേസാണിത്. മാറാടുകേസ് നാലുവർഷമായിട്ടും സിബിഐ. അന്വേഷണം എവിടെയുമെത്തിയിട്ടില്ല. ഒരാളിൽനിന്ന് മൊഴിയെടുത്തുവെന്നത് മാത്രമാണ് നടന്നത്. അതിനുശേഷം അന്വേഷണം മരവിപ്പിച്ചു. കോൺഗ്രസ്, ലീഗ് നേതാക്കളെ സംരക്ഷിക്കുന്നതിനായുള്ള രാഷ്ട്രീയ നീക്കുപോക്കുകളുടെ ഭാഗമാണിത്.

തോട്ടണ്ടി അഴിമതിക്കേസിൽ മുഖ്യ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യണമെന്ന സിബിഐയുടെ ആവശ്യം സംസ്ഥാന സർക്കാർ നിരാകരിച്ചതിൽ ഒരു തെറ്റുമില്ലെന്നു സിപിഎം. ഐഎൻടിയുസി പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അടക്കമുള്ള പ്രതികളെ എൽഡിഎഫ് സർക്കാർ സംരക്ഷിക്കുന്നുവെന്ന ആക്ഷേപം സിപിഎമ്മിൽ ഭിന്നത ഉയർത്തിയതിനിടയിലാണു കോടിയേരി ബാലകൃഷ്ണൻ പാർട്ടി നിലപാട് വ്യക്തമാക്കിയത്. സിബിഐ അന്വേഷിച്ചാലേ എല്ലാം തെളിയൂ എന്നുണ്ടോ? അവരുടെ റിപ്പോർട്ടിന്മേൽ പ്രോസിക്യൂഷൻ അനുമതി നൽകേണ്ടെന്ന സർക്കാർ നിലപാട് ഉചിതമാണ് കോടിയേരി പറഞ്ഞു.

സിബിഐയെ വിലക്കുന്നത് എങ്ങനെ?

ഡൽഹി സ്‌പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമം അനുസരിച്ചാണു രാജ്യത്തെ അഴിമതിക്കേസുകൾ സിബിഐ അന്വേഷിക്കുന്നത്. ഇതിനു സംസ്ഥാന സർക്കാരിന്റെ അനുമതി വേണമെന്നതിനാൽ കേരളം ഉൾപ്പെടെ മിക്ക സംസ്ഥാനങ്ങളും പൊതു അനുമതി സിബിഐക്കു മുൻകൂട്ടി നൽകിയിട്ടുണ്ട്. ഈ അനുമതി പിൻവലിക്കാനാണ് കേരളം ഒരുങ്ങുന്നത്. മഹാരാഷ്ട്രയും ബംഗാളും അടക്കമുള്ളവർ സിബിഐയെ നേരിട്ടത് സമാനമായ മാർഗ്ഗത്തിലൂടെയാണ്. ഈ മാർഗ്ഗം കേരളവും പയറ്റണമെന്നാണ് ഉയരുന്ന ആവശ്യം.

ഭയക്കുന്നത് അമിത്ഷായുടെ പ്രതികാര ബുദ്ധി

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് സിബിഐ പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ നേരിട്ട് സിബിഐക്ക് കേസ് ഏറ്റെടുക്കാനുള്ള അനുമതി എടുത്തു കളഞ്ഞാൽ അത് അമിത്ഷായെ സ്വാഭാവികമായും കോപാകുലനാക്കും. ഈ സാഹചര്യത്തിൽ ലാവലിൻ അടക്കമുള്ള കേസുകളിൽ സിബിഐയെ ഉപയോഗിച്ച് സിപിഎമ്മിനെ പിടിക്കുമെന്ന ഭയവും സർക്കാറിനുണ്ട്. കേരളത്തിനെ നിരവധി രാഷ്ട്രീയ കൊലപാതകങ്ങൾ സിബിഐ അന്വേഷിക്കുന്നുണ്ട്. പെരിയ ഇരട്ടക്കൊല അടക്കം സിബിഐ അന്വേഷിക്കുന്നതിനെ എതിർത്ത് സർക്കാർ സുപ്രീംകോടതിയിൽ നിയമ പോരാട്ടത്തിലാണ് താനും. ഈ സാഹചര്യത്തിലാണ് സർക്കാർ സിബിഐയുടെ അനുമതി എടുത്തു കളയുന്നതിനെ ഭയക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP