Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ ജില്ല വിട്ട് യാത്രചെയ്യുന്നതിന് പാസ് വേണ്ട; കോവിഡ് പശ്ചാത്തലത്തിൽ പൊലീസിന്റെ പ്രവർത്തനത്തിൽ മാറ്റവും ഒപ്പം രാജ്യാന്തരതലത്തിൽ പ്രശംസയും; മാസ്‌ക് പരിശോധന ഒഴിവാക്കാൻ രാത്രികാല പരിശോധനയ്ക്ക് പ്രത്യേത ടാസ്‌ക് ഫോഴ്‌സും; പൊതുമേഖല സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്ന സമീപനം മാത്രമേ കേരളം സ്വീകരിക്കുവെന്ന് മുഖ്യമന്ത്രിയും; നാലാം ഘട്ട ലോക്ക് ഡൗൺ മുന്നൊരുക്കങ്ങളെ കുറിച്ച് വിവരിച്ച് മുഖ്യമന്ത്രിയും ഡി.ജി.പിയും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കണ്ടെയ്ന്മെന്റ് മേഖലകളിൽ ഒഴികെ രാവിലെ ഏഴു മുതൽ രാത്രി ഏഴു വരെ ജില്ല വിട്ട് യാത്രചെയ്യുന്നതിനു നിലവിലുള്ള പാസ് സംവിധാനം നാളെ (ചൊവ്വ) മുതൽ നിർത്തലാക്കാൻ തീരുമാനിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. യാത്രക്കാർ തിരിച്ചറിയൽ കാർഡ് കരുതണം. അത്യാവശ്യ കാര്യങ്ങൾക്കു രാത്രി ഏഴിനും രാവിലെ ഏഴിനും ഇടയിൽ മറ്റ് ജില്ലകളിലേയ്ക്ക് യാത്ര ചെയ്യുന്നവർ നിർബന്ധമായും പൊലീസ് പാസ് വാങ്ങേണ്ടതാണ്.

സമീപമല്ലാത്ത ജില്ലകളിലേക്ക് അനുവദനീയമായ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നതിന് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ നിന്നോ ജില്ലാ കളക്ടറിൽ നിന്നോ അനുമതി നേടിയിരിക്കണം (അവശ്യ സർവ്വീസുകളിൽ ജോലിചെയ്യുന്ന ജീവനകാർക്ക് ഇത് ബാധകമല്ല) എന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചത്.

അവശ്യസർവീസായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള മേഖലകളുമായി ബന്ധപ്പെട്ട് രാത്രി ഏഴിനുശേഷം യാത്ര ചെയ്യുന്നവർക്കു തിരിച്ചറിയൽ കാർഡ് മാത്രം മതിയാകും. ഹോട്ടലിലും മറ്റും നിന്ന് രാത്രി പത്തു വരെ ഭക്ഷണം പാഴ്‌സലായി വാങ്ങാൻ അനുവാദം നൽകി. പൊതുജനങ്ങൾ മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കാനായി എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും പൊലീസിന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകും. ഗ്രാമീണമേഖലയിൽ മാസ്‌ക് ധരിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതോടൊപ്പം പൊലീസിന്റെ #BaskInTheMask ക്യാംപെയ്‌നിന്റെ ഭാഗമായി മാസ്‌ക് സൗജന്യമായി വിതരണം ചെയ്യും.

കോവിഡ് ബാധയുണ്ടെന്നു വ്യക്തമായിട്ടും അതു മറച്ചുവെച്ച് അബുദാബിയിൽ നിന്ന് തിരുവനന്തപുരത്ത് എത്തുകയും അധികൃതരെ അറിയിക്കാതിരിക്കുകയും ചെയ്ത മൂന്നു പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ലോക്ഡൗൺ നീട്ടി കേന്ദ്ര സർക്കാർ ഇന്നലെ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിൽ കണ്ടെയ്ന്മെന്റ് മേഖലയിൽ പൊലീസ് നിരീക്ഷണവും നിയന്ത്രണവും ശക്തിപ്പെടുത്തി. ചെക്‌പോസ്റ്റ്, വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, തുറമുഖം എന്നിവിടങ്ങളിലും പരിശോധന കർശനമാക്കി. വീട്ടിൽ ക്വാറന്റീനിൽ കഴിയുന്നവരെ നിരീക്ഷിക്കാനുള്ള പൊലീസ് സംവിധാനം ശക്തിപ്പെടുത്തി.

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ പൊലീസിന്റെ പ്രവർത്തന ക്രമത്തിൽ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി സ്റ്റേഷനുകളിൽ ഡ്യൂട്ടിയിൽ ഉള്ളവരുടെ എണ്ണം പകുതിയാക്കി കുറച്ചുകൊണ്ടുള്ള സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽ വന്നു. ഇതുമൂലം പൊലീസിന്റെ പ്രവർത്തനത്തിൽ യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാകില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായി തയാറാക്കിയ പൊലീസിന്റെ ഈ പ്രവർത്തനക്രമം രാജ്യാന്തര തലത്തിൽ തന്നെ പ്രശംസ നേടി കഴിഞ്ഞു. ഡിജിപി പറഞ്ഞു.

അതേ സമയം കേന്ദ്രസർക്കാരിന്റെ സാമ്പത്തിക ഉത്തേജക പാക്കേജ് കോവിഡ് പ്രതിരോധവുമായി ബന്ധമില്ലാത്തതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. നിലവിലെ സാഹചര്യത്തിൽ പൊതുജനാരോഗ്യത്തിന് കൂടുതൽ ഊന്നൽ നൽകിയുള്ള പാക്കേജാണ് വേണ്ടിയിരുന്നതെന്നും എന്നാൽ അതുണ്ടായില്ലെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സൗജന്യ റേഷൻ അടക്കം കൂട്ടിയാൽ പോലും സാധാരണക്കാരുടെ കൈയിലേക്ക് പണമായി ഖജനാവിൽനിന്ന് എത്തുന്നത് മൊത്തം പാക്കേജിന്റെ അഞ്ച് ശതമാനം വരില്ല. അതേസമയം, കോർപ്പറേറ്റ് കമ്പനികൾക്ക് ഉദാരമായി നികുതിയിളവ് നൽകി. ഈ വർഷം കേന്ദ്ര ബജറ്റിൽനിന്ന് ഈ പാക്കേജിന് വേണ്ട അധികചെലവ് ഒന്നര ലക്ഷം കോടി രൂപയായിരിക്കുമെന്ന് ചില അന്താരാഷ്ട്ര ഏജൻസികൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആർബിഐ പണനയത്തിന്റെ ഭാഗമായി ബാങ്കുകൾക്ക് ലഭ്യമാക്കിയ തുകയും ഈ ബാങ്കുകൾ കൃഷിക്കാർക്കും ചെറുകിട കച്ചവടക്കാർക്കും നൽകുന്ന തുകയുമാണ് പാക്കേജിന്റെ സിംഹഭാഗവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തെയും മുഖ്യമന്ത്രി വിമർശിച്ചു. പൊതുമേഖല സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്ന സമീപനം മാത്രമേ കേരളം സ്വീകരിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രം എംഎസ്എംഇ മേഖലയിൽ പ്രഖ്യാപിച്ച വായ്പ പദ്ധതികൾ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കും. ഭക്ഷ്യമേഖലയിലെ മൈക്രോ സ്ഥാപനങ്ങളുടെ പട്ടികയിൽ കേരളത്തെ ഉൾപ്പെടുത്താൻ ശ്രമിക്കും. സംസ്ഥാനങ്ങളുടെ വായ്പ പരിധി ഉയർത്തിയ തീരുമാനം സ്വാഗതാർഹമാണ്. എന്നാൽ അതിന് ചില നിബന്ധനകളുണ്ട്. കേരളത്തിന് 4500 കോടി രൂപ മാത്രമേ നിബന്ധനയില്ലാതെ വായ്പ ലഭിക്കൂ. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനങ്ങളുടെ ആഭ്യന്തര ഉത്പാദനത്തിലും വലിയ ഇടിവ് ഉണ്ടായിട്ടുണ്ട്. അതിനാൽ വായ്പ പരിധി ഉയർത്തിയാലും പരിമിതമായ ഗുണമേ ലഭിക്കുകയുള്ളൂ. സംസ്ഥാനങ്ങൾ കമ്പോളത്തിൽനിന്ന് വായ്പ എടുത്ത് തിരിച്ചടക്കുന്നത് ഫെഡറൽ തത്വങ്ങൾക്ക് ചേർന്നതല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിക്ക് 40,000 കോടി രൂപയുടെ വർധനവ് അനുവദിച്ചത് പൂർണതോതിൽ പ്രയോജനപ്പെടുത്തും. നബാർഡ് വഴി ലഭ്യമാകുന്ന 2500 കോടിയുടെ അധികസഹായം തദ്ദേശസ്ഥാപനങ്ങൾ, സ്വയം സഹായ സംഘങ്ങൾ തുടങ്ങിയവയുമായി ചേർന്ന് വിനിയോഗിക്കും. ആവശ്യസാധന നിയമത്തിലെ സ്റ്റോക്ക് പരിധി എടുത്തുകളഞ്ഞതെന്ന് ഗുണത്തെക്കാളേറെ ദോഷം ചെയ്യുമെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിലക്കയറ്റം, പൂഴ്‌ത്തിവെയ്പ് തുടങ്ങിയവയ്ക്ക് ഇത് കാരണമാകുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP