Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദേശീയ ജൂനിയർ ടെന്നീസ് ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലെ കേരള പുരുഷ ടീം അംഗങ്ങൾ എല്ലാം മുസ്ലിം പേരുകാരായത് എങ്ങനെ? നവ കേരളത്തിന്റെ സുന്ദര 'മതേതര' ജൂനിയർ ടെന്നിസ് ബോൾ ക്രിക്കറ്റ് ടീമിന് വിജയാശംസകൾ' എന്ന് പോസ്റ്റിട്ട അനിൽ നമ്പ്യാരെ കടിച്ചുകീറി സോഷ്യൽ മീഡിയയിലെ ഒരുവിഭാഗം; സത്യാവസ്ഥ അന്വേഷിക്കുമ്പോൾ

ദേശീയ ജൂനിയർ ടെന്നീസ് ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലെ കേരള പുരുഷ ടീം അംഗങ്ങൾ എല്ലാം മുസ്ലിം പേരുകാരായത് എങ്ങനെ? നവ കേരളത്തിന്റെ സുന്ദര 'മതേതര' ജൂനിയർ ടെന്നിസ് ബോൾ ക്രിക്കറ്റ് ടീമിന് വിജയാശംസകൾ' എന്ന് പോസ്റ്റിട്ട അനിൽ നമ്പ്യാരെ കടിച്ചുകീറി സോഷ്യൽ മീഡിയയിലെ ഒരുവിഭാഗം; സത്യാവസ്ഥ അന്വേഷിക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പക്ഷം ചേർന്ന് ചൂടേറിയ സംവാദം നടക്കുന്ന ഒരുവിവാദവിഷയമുണ്ട്. ദക്ഷിണമേഖല ദേശീയ ടെന്നീസ് ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലെ കേരള പുരുഷ ടീമിന്റെ തിരഞ്ഞെടുപ്പാണ് വിഷയം. കേരളടീമംഗങ്ങളിൽ 11 താരങ്ങളും മാനേജറും കോച്ചുമുൾപ്പടെ എല്ലാവരും ഇസ്ലാം മതവിഭാഗത്തിൽപ്പെട്ടവരാണ് എന്നതാണ് വിവാദം. സംഘപരിവാർ അനുകൂല ഫേസ്‌ബുക്ക് ഗ്രൂപ്പുകളാണ് ഇത് സജീവമാക്കിയത്. എതിരാളികളും മടിച്ചുനിൽക്കാതെ സോഷ്യൽ മീഡിയ പോർക്കളത്തിൽ ഇറങ്ങിക്കഴിഞ്ഞു.

ഫെബ്രുവരി 24 ന് ബിജെപിയുടെ സന്ദീപ് വചസ്പതി ട്വീറ്റിൽ ഇങ്ങനെ കുറിച്ചു: 'മുസ്ലിം യൂത്ത് ലീഗിന്റെ ക്രിക്കറ്റ് ടീം അല്ല. മതേതര കേരളത്തിന്റെ മതേതര ടീം. ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും കളി അറിയില്ല എന്ന് മനസ്സിലായില്ലേ.' ഇതോടെ ചർച്ചകൾ കാട് കയറി.

'പാക്കിസ്ഥാൻ ടീമിൽ പോലും ഉണ്ടായിരുന്നു ഡാനിഷ് കനേറിയ എന്ന ഒരു ഹിന്ദുവും യൂസഫ് യുഹാന എന്ന ക്രിസ്ത്യൻ ഒക്കെ.... പക്ഷേ ഇത് ഞമ്മളെ സ്വന്തം പിണറായി മൗലവിന്റെ കേരള ടീം അല്ലേ.... ഇങ്ങനെ ഒക്കെ ആയാൽ സർക്കാർ സർവിസിൽ ഒക്കെ ഞമ്മന്റെ ആളെ കേറ്റി ഇസ്ലാമികവൽക്കരണം പൂർണ്ണമായും നടപ്പിലാക്കാം-ഇതാണ് സന്ദീപ് വചസ്പതിയുടെ പോസ്റ്റിന് താഴെ വന്ന കമന്റുകളിൽ ചിലത്.

വിവരവും പഠിപ്പുമുള്ള സന്ദീപ് ഇങ്ങനെ പറയരുതായിരുന്നു... ഇത് സച്ചാർ കമ്മീഷന്റേയും പാലോളി കമ്മീഷന്റേയും കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ നടത്തിയത്.... അതിൽ വർഗ്ഗീയത ആരോപിക്കുന്നത് മഹാ കഷ്ടം....-ഇതാണ് മറ്റൊരു കമന്റ്.

ടീം ക്യാപ്ടനും കളിക്കാർക്കും മാനേജർക്കും കോച്ചിനുമെല്ലാം 'മുസ്ലിം' പേരായതാണ് പലരെയും ചൊടിപ്പിച്ചത്. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് തിരക്കാൻ ആരും മിനക്കെട്ടില്ല എന്നുമാത്രം. കായിക വിനോദങ്ങളിൽ കഴിവിനെ അടിസ്ഥാനമാക്കിയാണ് സാധാരണ തിരഞ്ഞെടുപ്പ് നടക്കാറുള്ളത്. അതല്ല മതം നോക്കി അയോഗ്യരെയാണ് തിരഞ്ഞെടുത്തതെങ്കിൽ കളിക്കാൻ പോകുന്നിടത്ത് തോറ്റുതൊപ്പിയിടും. ദേശീയ ടെന്നീസ് ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിലെ കേരള പുരുഷ ടീമിൽ മുസ്ലിംകളെ മാത്രം തെരഞ്ഞുപിടിച്ച് ഉൾപ്പെടുത്തി എന്നാണ് പ്രചാരണം.

ആഎസ്.എസ് പ്രസിദ്ധീകരണമായ ഓർഗനൈസറും ഇത് വാർത്തയാക്കി. 'മുസ്ലിംകൾ മാത്രമുള്ള ക്രിക്കറ്റ് ടീം ദക്ഷിണമേഖലാ ചാമ്പ്യൻഷിപ്പിനെത്തുന്നത് കേരളത്തിൽ പ്രതിഷേധത്തിന് കാരണമാകുന്നു' എന്നാണ് തലക്കെട്ട്.

ജനം ടി.വി മുൻ കോഡിനേറ്റിങ് എഡിറ്റർ അനിൽ നമ്പ്യാർ ഫേസ്‌ബുക്കിൽ കുറിച്ചത് 'നവ കേരളത്തിന്റെ സുന്ദര 'മതേതര' ജൂനിയർ ടെന്നിസ് ബോൾ ക്രിക്കറ്റ് ടീമിന് വിജയാശംസകൾ' എന്നാണ്. താൻ ഇങ്ങനെ കുറിച്ചതിനെ അനിൽ ന്യായീകരിക്കുകയും ചെയ്യുന്നു. 'ശ്ശെടാ ടീമിന് വിജയാശംസകൾ നേർന്നത് ഇത്ര വലിയ അപരാധമാണോ! പിന്നെ ടീമിന്റെ ഘടനയെക്കുറിച്ച് എനിക്കെന്നല്ല ആർക്കും സംശയം തോന്നും.....ആൺകുട്ടികളുടെ ടീമിലെ മതമേധാവിത്വത്തെ വിമർശിക്കുന്ന ഞാൻ എന്തുകൊണ്ട് പെൺകുട്ടികളുടെ ടീമിലെ ഹൈന്ദവികത കാണുന്നില്ലെന്ന പരോക്ഷമായ ചോദ്യത്തിന് മറുപടിയെന്നോണം തിരിച്ച് ചോദിക്കാനൊന്നേയുള്ളു. മുസ്ലിം പെൺകുട്ടികളിൽ എത്ര പേർ ക്രിക്കറ്റ് കളിക്കും?'

അനിൽ നമ്പ്യാരുടെ പോസ്റ്റിന്റെ പൂർണരൂപം:

എന്റെ തലയും വെച്ച് റിപ്പോർട്ടർ ചാനലിന്റെ ഓൺലൈനിൽ ഒരു വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. കേരള ജൂനിയർ ടെന്നീസ് ബോൾ ക്രിക്കറ്റ് ടീമിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഞാനിട്ട ഫേസ്‌ബുക്ക് പോസ്റ്റാണ് എന്നെ വർഗീയവാദിയാക്കി ഊട്ടിയുറപ്പിക്കുന്ന വാർത്തയ്ക്ക് ആധാരം.ശ്ശെടാ ടീമിന് വിജയാശംസകൾ നേർന്നത് ഇത്ര വലിയ അപരാധമാണോ! പിന്നെ ടീമിന്റെ ഘടനയെക്കുറിച്ച് എനിക്കെന്നല്ല ആർക്കും സംശയം തോന്നും.

അതിന് റിപ്പോർട്ടർ നൽകുന്ന വിചിത്രമായ ന്യായീകരണം ക്യാപ്‌സൂൾ സഖാക്കളെ പോലും ലജ്ജിപ്പിക്കും. ആൺകുട്ടികളുടെ ടീമിലെ മതമേധാവിത്വത്തെ വിമർശിക്കുന്ന ഞാൻ എന്തുകൊണ്ട് പെൺകുട്ടികളുടെ ടീമിലെ ഹൈന്ദവികത കാണുന്നില്ലെന്ന പരോക്ഷമായ ചോദ്യത്തിന് മറുപടിയെന്നോണം തിരിച്ച് ചോദിക്കാനൊന്നേയുള്ളൂ.

മുസ്ലിം പെൺകുട്ടികളിൽ എത്ര പേർ ക്രിക്കറ്റ് കളിക്കും? അവർക്ക് താത്പര്യമുണ്ടായാലും ക്രിക്കറ്റ് കളിക്കാൻ വീട്ടിന് പുറത്ത് വിടുമോ?ലിംഗപരമായി താരതമ്യപ്പെടുത്തി ടീമിലെ വർഗീയത ലഘൂകരിക്കാനുള്ള റിപ്പോർട്ടറൂടെ ശ്രമം വിലപ്പോവില്ല. റിപ്പോർട്ടർ ചാനലിന്റെ ഉള്ളടക്കം തീരുമാനിക്കുന്ന എം പി ബഷീറിനോട് ഒരു കാര്യം കൂടി പറയാനുണ്ട്.

ഞാൻ ഇപ്പോഴും ജനം ടിവിയിൽ തന്നെയുണ്ട്. കോഡിനേറ്റിങ് എഡിറ്ററായി ജോലി നോക്കുന്നു.'മുൻ' കോഡിനേറ്റിങ് എഡിറ്ററല്ല ബഷീറേ.അങ്ങനെയാക്കാനുള്ള കൊണ്ടുപിടിച്ച ശ്രമം താങ്കളുൾപ്പെടെയുള്ള പലരും നടത്തിയിരുന്നല്ലോ. ക്ലച്ച് പിടിച്ചില്ല.പാവം?? വർഗീയതയെക്കുറിച്ച് എനിക്കാരും ക്ലാസ്സെടുക്കേണ്ട. ഉത്തമബോധ്യത്തോടെ തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരിക്കുന്നത്. അതിനിയും തുടരും.

സംഘാടകരുടെ വിശദീകരണം

കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയത്തിന്റെ അംഗീകാരവും ഇന്റർനാഷണൽ ആൻഡ് ഏഷ്യൻ ടെന്നിസ് ബോൾ ക്രിക്കറ്റിൽ അംഗത്വവമുള്ള ടെന്നിസ് ബോൾ ക്രിക്കറ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ടൂർണമെന്റിനുള്ള ടീമുകളെ തെരഞ്ഞെടുക്കുന്നത് സെലക്ഷൻ ട്രയൽസിലൂടെയാണെന്ന് സംഘാടകർ പറയുന്നു. ഈ മാസം 27 നും 28നും ചെന്നൈയിൽ നടക്കുന്ന ദക്ഷിണ മേഖല ജൂനിയർ ടൂർണമെന്റിൽ പങ്കെടുക്കാനുള്ള കേരള ടീമിന് വേണ്ടിയുള്ള സെലക്ഷൻ ട്രയൽസ്, കോവിഡ് സാഹചര്യം കാരണം കാര്യക്ഷമമായി നടത്താൻ സാധിച്ചില്ല. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലുള്ള എസ്‌കോള ഇന്റർനാഷണൽ സ്‌കൂളിലെ വിദ്യാർത്ഥികൾ മാത്രമാണ് ആൺകുട്ടികളുടെ സെലക്ഷന് സന്നദ്ധത അറിയിച്ചത്. ഇവരിൽ നിന്ന് ടൂർണമെന്റിനുള്ള ടീമിനെ തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് സംഘാടകർ അറിയിച്ചു.

എസ്‌കോള സ്‌കൂളിലെ വിദ്യാർത്ഥി എൻ. മുഹമ്മദ് യാസീൻ ആണ് ആൺകുട്ടികളുടെ ടീമിനെ നയിക്കുന്നത്. എം.കെ മുനീർ കോച്ചും മജീദ് ബാവ മാനേജറുമായ ടീമിലെ മറ്റ് അംഗങ്ങൾ എ.കെ മുഹമ്മദ് സജാദ് (വൈസ് ക്യാപ്റ്റൻ), അഹമ്മദ് ഫിനാഷ്, കെ.പി അദ്നാൻ, സി. ഷാമിൽ, മുഹമ്മദ് റബീഹ്, ദംസാസ് മുഹമ്മദ്, സി.പി അബ്ദുല്ല എന്നിവരാണ്.

വനിതാ ടീമും മത്സരത്തിനുണ്ട്

ടൂർണമെന്റിൽ ഒരു വനിതാ ടീമും പങ്കെടുക്കുന്നുണ്ട്. പാലക്കാട് അയലൂർ ഐ.എച്ച്.ആർ.ഡി കോളേജിലെ സി.ജി അമൃതയാണ് ടൂർണമെന്റിൽ കേരളത്തിനു വേണ്ടി പങ്കെടുക്കുന്ന വനിതാ ടീമിനെ നയിക്കുന്നത്. മറ്റംഗങ്ങൾ: എസ്. അഞ്ജന, ആർ.സിനി, എം.ആർ ശ്രുതി, എസ്.സരിഗ, ആർ.അഭിനയ, വി.വിനയ, ആർദ്ര രമേശ്, എം.അനശ്വര, അർച്ചന നായർ, എസ്.ശ്രീജ, പി. വിസ്മയ. കോച്ച്: രാമദാസ്, മാനേജർ: ആതിര.ടിഎജി

ഏതായാലും ഈ വിഷയത്തിലുള്ള പോര് ഇപ്പോഴും തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP