Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202002Wednesday

എല്ലാ വിദൂര-സ്വകാര്യ കോഴ്‌സുകളും ശ്രീ നാരായണഗുരു സർവകലാശാലയ്ക്ക് കീഴിലാക്കുന്നത് സ്റ്റേ ചെയ്ത് ഹൈക്കോടതി; ഇഷ്ടമുള്ള കോഴ്‌സ് തെരഞ്ഞെടുക്കാനും ഇഷ്ടമുള്ള സ്ഥാപനത്തിൽ പഠിക്കാനുമുള്ള അവകാശത്തിന്റെ ലംഘനം ഓർഡിനൻസിലെന്ന പാർലൽ കോളേജ് വിദ്യാർത്ഥികളുടെ ഹർജി ശരിവെച്ച് ഹൈക്കോടതി; സർക്കാർ ഓർഡിനൻസിലെ സുപ്രധാന വ്യവസ്ഥ ഹൈക്കോടതി സ്‌റ്റേ ചെയ്യുമ്പോൾ തിരിച്ചടിയാകുന്നത് പിണറായി സർക്കാറിന്റെ രാഷ്ട്രീയ നീക്കത്തിന്

എല്ലാ വിദൂര-സ്വകാര്യ കോഴ്‌സുകളും ശ്രീ നാരായണഗുരു സർവകലാശാലയ്ക്ക് കീഴിലാക്കുന്നത് സ്റ്റേ ചെയ്ത് ഹൈക്കോടതി; ഇഷ്ടമുള്ള കോഴ്‌സ് തെരഞ്ഞെടുക്കാനും ഇഷ്ടമുള്ള സ്ഥാപനത്തിൽ പഠിക്കാനുമുള്ള അവകാശത്തിന്റെ ലംഘനം ഓർഡിനൻസിലെന്ന പാർലൽ കോളേജ് വിദ്യാർത്ഥികളുടെ ഹർജി ശരിവെച്ച് ഹൈക്കോടതി; സർക്കാർ ഓർഡിനൻസിലെ സുപ്രധാന വ്യവസ്ഥ ഹൈക്കോടതി സ്‌റ്റേ ചെയ്യുമ്പോൾ തിരിച്ചടിയാകുന്നത് പിണറായി സർക്കാറിന്റെ രാഷ്ട്രീയ നീക്കത്തിന്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തിടെ ഉദ്ഘാടനം ചെയ്ത ശ്രീനാരായണ സർവകലാശാലയിലെ സർക്കാർ ഓർഡിനൻസിലെ പ്രധാന വ്യവസ്ഥ ഹൈക്കോടതി സ്റ്റേചെയ്തു. വിദൂര, സ്വകാര്യ വിദ്യാഭ്യാസം സർവകലാശാലയ്ക്ക് കീഴിലാക്കുന്ന വ്യവസ്ഥയാണ് സ്റ്റേ ചെയ്തത്. പത്തനംതിട്ടയിലെ പാരലൽ കോളേജ് അദ്ധ്യാപകരും വിദ്യാർത്ഥികളും നൽകിയ ഹർജിയെ തുടർന്നാണ് കോടതി സ്റ്റേ അനുവദിച്ചത്. സംസ്ഥാനത്തെ എല്ലാ വിദൂര, സ്വകാര്യ കോഴ്‌സുകളും പൂർണമായി ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയ്ക്ക് കീഴിലാക്കുന്ന വ്യവസ്ഥ ആണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.

ഒരു കൂട്ടം വിദ്യാർത്ഥികൾ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി സ്റ്റേ ഓർഡർ ഇറക്കിയത്. ഇഷ്ടമുള്ള കോഴ്‌സ് തെരഞ്ഞെടുക്കാനും ഇഷ്ടമുള്ള സ്ഥാപനത്തിൽ പഠിക്കാനുമുള്ള അവകാശത്തിന്റെ ലംഘനമാണ് ഓർഡിനൻസിലെ വ്യവസ്ഥയെന്ന് കോടതിയെ സമീപിച്ച വിദ്യാർത്ഥികൾ ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിലാണ് കൊല്ലം ആസ്ഥാനമായി ശ്രീ നാരായണഗുരു ഓപ്പൺ സർവ്വകലാശാല മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് നിലവിലുള്ള നാല് സർവ്വകലാശാലകളുടെ വിദൂരവിദ്യാഭ്യാസ പഠന സംവിധാനങ്ങൾ സംയോജിപ്പിച്ചാണ് ഓപ്പൺ യൂണിവേഴ്‌സിറ്റി പ്രവർത്തിക്കുക.

രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് സർക്കാർ ശ്രീനാരായണ ഓപ്പൺ സർവ്വകലാശാലക്ക് സർക്കാർ തുടക്കമിട്ടത്. സർക്കാർ ആരംഭിക്കുന്ന ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാല സമാന്തര വിദ്യാഭ്യാസ മേഖലയുടെ ചിറകരിയുമെന്ന ആക്ഷേപം നേരത്തെ ശക്തമായിരുന്നു. നാല്പത് ശതമാനത്തോളം വിദ്യാർത്ഥികൾ ആശ്രയിക്കുന്ന പ്രൈവറ്റ്-പാരലൽ കോളേജുകളുടെ അസ്തിവാരം കൂടി തോണ്ടിയിട്ടാണ് ഈ ഓപ്പൺ സർവ്വകലാശാലയുടെ വരവ്. യോജ്യരായിട്ടും റെഗുലർ കോളേജിൽ പഠിക്കാൻ കഴിയാത്ത സാധാരണക്കാരുടെ മക്കളാണ് സർവ്വകലാശാലകളിൽ പ്രൈവറ്റ് രജിസ്ട്രേഷൻ നടത്തി വിദ്യാഭ്യാസം തുടരുന്നത്. ഒരേ സർട്ടിഫിക്കറ്റ് ആണ് ലഭിക്കുന്ന എന്നുള്ളതുകൊണ്ടാണ് പ്രൈവറ്റ്-പാരലൽ കോളേജിൽ പോയി പഠിച്ച് ഇവർ വിദ്യാഭ്യാസം മുന്നോട്ടു കൊണ്ട് പോകുന്നത്.

ഇവർ ഇതുവരെ പഠനം തുടങ്ങിയ സർവ്വകലാശാലകളെ ഈ ശ്രീനാരായണ ഗുരു സർവ്വകലാശാലയുടെ വരവോടെ ആശ്രയിക്കാൻ കഴിയില്ലെന്നതായിരുന്നു ഒരു പ്രധാന പ്രശ്‌നം. പഠനം ഇനി ഓപ്പൺ സർവ്വകലാശാലയിലേക്ക് മാറ്റേണ്ട അവസ്ഥ വരുമായിരുന്നു. ലഭിക്കുന്നത് ശ്രീനാരായണ ഗുരു സർവ്വകലാശാലയുടെ സർട്ടിഫിക്കറ്റും. ഇതിനെതിരെയാണ് വിദ്യാർത്ഥികൾ രംഗത്തുവന്നത്. ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലകളിലെ വിസി-പിവിസി പോസ്റ്റുകളും നിയമനങ്ങളും ലക്ഷ്യംവച്ചായിരുന്നു സർക്കാർ ശ്രീനാരായണ സർവ്വകലാശാലക്ക് തുടക്കമിട്ടത്.

അധികാരത്തിൽ നിന്നിറങ്ങാൻ പോകുന്ന സർക്കാർ ധൃതിയിൽ യുജിസിയുടെ മുകളിൽ പഴി ചാരി ഓപ്പൺ സർവ്വകലാശാല തുടങ്ങിയത്. നാക് സ്‌കോർ 3.1 നു മുകളിൽ വരുന്ന, യുജിസിയുടെ ആദ്യ നൂറു റാങ്കുകളിൽ തുടരുന്ന സർവ്വകലാശാലകൾക്ക് പ്രൈവറ്റ്-വിദൂരവിദ്യാഭ്യാസം തുടരാൻ യുജിസി നിയമ പ്രകാരം കഴിയും. ഇപ്പോൾ വിദൂര വിദ്യാഭ്യാസവും പ്രൈവറ്റ് രജിസ്ട്രേഷനും നടത്തുന്ന കാലിക്കറ്റ്, കണ്ണൂർ, എംജി, കേരള സർവ്വകലാശാലകൾ യുജിസിയുടെ ആദ്യ നൂറു സർവ്വകലാശാലകളുടെ റാങ്കിംഗിൽ വരുന്നതാണ്. നാക് സ്‌കോർ 3.1 നു മുകളിലുമുണ്ട്. ഈ സർവ്വകലാശാലകൾ കോഴ്സുകൾ നടത്തുന്നതിൽ അതുകൊണ്ട് തന്നെ യുജിസിക്ക് എതിർപ്പില്ല. എതിർപ്പ് കേരള സർക്കാറാണ് ഉണ്ടാക്കിയത്.

യുജിസിയുടെ എതിർപ്പുണ്ട് എന്ന് തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ പാർട്ടികൾക്ക് എതിർക്കാൻ കഴിയാത്ത വിധം ശ്രീനാരായണഗുരുവിന്റെ പേരും നൽകി രാഷ്ട്രീയ തട്ടിപ്പാണ് സർക്കാർ ഈ സർവ്വകലാശാലയുടെ പേരിൽ നടത്തുന്നത്. യുജിസി നിയമം മാറ്റിയ കാര്യം സർക്കാർ മറച്ചു വെയ്ക്കുകയാണ്. സർക്കാർ പറയുന്നത് നാക് സ്‌കോർ 3.26-നു മുകളിലുണ്ടെങ്കിലേ സർവകലാശാലകൾക്ക് വിദൂരപഠനസംവിധാനങ്ങൾ നടത്താനാവൂ. പുതിയ സർവ്വകലാശാല കൊണ്ട് വരാൻ തെറ്റിദ്ധാരണാജനകമായ പ്രചാരണമാണ് സർക്കാർ നടത്തുന്നത്. സമാന്തര വിദ്യാഭ്യാസ മേഖലയെ ആശ്രയിച്ച് പഠനം മുന്നോട്ടു കൊണ്ട് പോകുന്ന സാധാരണക്കാരായ വിദ്യാർത്ഥികളുടെ ഭാവികൊണ്ട് രാഷ്ടീയ ചൂതാട്ടമാണ് സർക്കാർ നടത്തുന്നത്. ഒരേ ഡിഗ്രി സർട്ടിഫിക്കറ്റുകൾ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളെ മറ്റു സംസ്ഥാനങ്ങളിലേക്കും തള്ളിവിടുകയുമാണ് പിണറായി സർക്കാർ ചെയ്യുന്നത്. ഈ തീരുമാനം പ്രൈവറ്റ്-പാരലൽ കോളേജുകളുടെ അടിവേര് മാന്തുകയും ചെയ്യും.

പ്രൈവറ്റ് രജിട്രേഷൻ റഗുലർ സർവ്വകലാശാലയിൽ നിലനിന്നെങ്കിലേ പാരലൽ കോളജുകൾക്ക് പ്രസക്തിയുള്ളു. പ്രാക്ടിക്കൽ സൗകര്യം വേണ്ടാത്ത ബിരുദ/ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ അഫിലിയേറ്റഡ് കോളജ് സിലബസ്സിൽ വിദ്യാർത്ഥികൾ സ്വയം പഠിക്കാൻ അവസരം നൽകുന്നതാണ് പ്രൈവറ്റ് രജിസ്ട്രേഷൻ. റഗുലർ വിദ്യാർത്ഥികൾക്കൊപ്പം ഒരേ പരീക്ഷ നടത്തി ഒരേ മൂല്യമുള്ള സർട്ടിഫിക്കറ്റ് നൽകുക മാത്രമാണ് സർവ്വകലാശാലയുടെ ബാധ്യത. വിദ്യാർത്ഥികളുടെ അക്കാദമിക കാര്യങ്ങളിലൊന്നും സർവ്വകലാശാല ഇടപെടുന്നില്ല. അതിനാൽ പ്രൈവറ്റ് രജിസ്‌ട്രേഷൻ നടത്തുന്ന വിദ്യാർത്ഥികൾക്ക് ഏക ആശ്രയം പാരലൽ കോളജുകൾ മാത്രമാണ്. ഓപ്പൺ സർവ്വകലാശാലയിൽ വിദൂര പ്രോഗ്രാമുകൾ മാത്രമാണ്. പ്രത്യേക സിലബസ്സാണ്. അവിടെ റഗുലർ പീനം ഇല്ല.

സ്റ്റഡി മെറ്റീരിയലും നിശ്ചിത കോൺടാക്റ്റ് ക്ലാസ്സുകളും നിർബന്ധമാണ്. അവധി ദിവസങ്ങളിൽ സമ്പർക്ക ക്ലാസ്സിന് പോകണം. ചുരുക്കത്തിൽ വിദൂര പ്രോഗ്രാമിന് ചേരുന്ന വിദ്യാർത്ഥികളുടെ അക്കാദമിക പ്രവർത്തനങ്ങളിൽ സർവ്വകലാശാലക്ക് നേരിട്ട് പങ്കുണ്ട്. ഒരു പക്ഷേ പരിമിതമായ കോൺടാക്റ്റ് ക്ലാസ്സുകൾ പോരാത്ത ഒരു വിഭാഗം കുട്ടികൾ പാരലൽ കോളജുകളിൽ ട്യൂഷനായി എത്തിയേക്കാം. എന്നാൽ റഗുലറായി പാരലൽ കോളജിൽ അഞ്ച് ദിവസം പഠിച്ച് ശനി, ഞായർ ദിവസങ്ങൾ റഗുലർ വിദ്യാർത്ഥികളെ പോലെ പഠിക്കാവുന്ന പാരലൽ പഠനം ഇതോടെ ഇല്ലാതാകും. ഈ കോളേജുകളെ ആശ്രയിച്ച് ജീവിക്കുന്ന അദ്ധ്യാപകരും ഇതിന്റെ ഉടമകളും വഴിയാധാരമാവുകയും ചെയ്യും. ഇതാണ് ശ്രീനാരായണ ഓപ്പൺ സർവ്വകലാശാലകൊണ്ട് കേരളത്തിൽ സൃഷ്ടിക്കപ്പെടുന്ന അവസ്ഥ.

കോടതി ഉത്തരവോടെ സംസ്ഥാനത്തെ പാർലൽ കോളേജുകൾക്കാണ് ആശ്വാസമാകുന്നത്. അതേസമയം ഓപ്പൺ സർവകലാശാലയുടെ വൈസ് ചാൻസലർ, പ്രൊ വൈസ്ചാൻസലർ, രജിസ്ട്രാർ നിയമനങ്ങൾക്ക് ഗവർണർ അനുമതി നൽകിയിട്ടുണ്ട്. ഡോ. പി.എം. മുബാറക് പാഷയെ വൈസ് ചാൻസലറായും ഡോ. എസ്.വി. സുധീർ, ഡോ. പി.എൻ. ദിലീപ് എന്നിവർ യഥാക്രമം പ്രോ - വൈസ് ചാൻസലർ, രജിസ്ട്രാർ തസ്തികളിലും നിയമിതരാകും.മൂവരുടെയും നിയമനങ്ങൾ സംബന്ധിച്ച് ഗവർണറോട് ശുപാർശ ചെയ്യാൻ കഴിഞ്ഞ മന്ത്രിസഭായോഗത്തിലാണ് തീരുമാനിച്ചത്. ഗവണറുടെ അനുമതി ലഭിച്ചതോടെ പ്രധാന നടപടികൾ പൂർത്തിയായി. ഉത്തരവ് ഇറങ്ങിയാലുടൻ ഇവർ ചുമതലയേൽക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP