Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അലക്‌സ് വി ചാണ്ടിയുടെ ആവശ്യം അംഗീകരിച്ചു സർക്കാർ; ഉമ്മൻ ചാണ്ടിയുടെ ചികിത്സക്കായി ആരോഗ്യവകുപ്പ് ആറംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചു; വിവിധ ഡിപ്പാർട്ട്‌മെന്റുകളിലെ വിദഗ്ധരായ ഡോക്ടർമാരെ ഉൾപ്പെടുത്തിയ സംഘം നിംസിലെ ഡോക്ടർമാരുമായി ആശയവിനിമയം നടത്തും

അലക്‌സ് വി ചാണ്ടിയുടെ ആവശ്യം അംഗീകരിച്ചു സർക്കാർ; ഉമ്മൻ ചാണ്ടിയുടെ ചികിത്സക്കായി ആരോഗ്യവകുപ്പ് ആറംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചു; വിവിധ ഡിപ്പാർട്ട്‌മെന്റുകളിലെ വിദഗ്ധരായ ഡോക്ടർമാരെ ഉൾപ്പെടുത്തിയ സംഘം നിംസിലെ ഡോക്ടർമാരുമായി ആശയവിനിമയം നടത്തും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സഹോദരൻ അലക്‌സ് വി ചാണ്ടിയുടെ ആവശ്യം അംഗീകരിച്ചു കേരള സർക്കാർ. ഉമ്മൻ ചാണ്ടിയുടെ ചികിത്സാ മേൽനോട്ടത്തിന് ആരോഗ്യ വകുപ്പ് മെഡിക്കൽ ബോർഡ് രൂപീകരിച്ചു. വിവിധ ഡിപ്പാർട്ട്‌മെന്റുകളിലെ വിദഗ്ധരായ ഡോക്ടർമാരെ ഉൾപ്പെടുത്തിയാണ് ആറംഗ മെഡിക്കൽ ബോർഡ് രൂപീകരിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യാവസ്ഥയും ചികിത്സയും മെഡിക്കൽ ബോർഡ് അവലോകനം ചെയ്യും. മെഡിക്കൽ ബോർഡ് അംഗങ്ങൾ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാരുമായി ആശയവിനിമയം നടത്തും.

മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്, ഉമ്മൻ ചാണ്ടി ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലെത്തി ഡോക്ടറേയും ബന്ധുക്കളേയും കണ്ടിരുന്നു. സന്ദർശന ശേഷം ആരോഗ്യ വകുപ്പ് മന്ത്രി മുഖ്യമന്ത്രിയെ കണ്ട് ചർച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് മെഡിക്കൽ ബോർഡ് രൂപീകരിച്ചത്. അതേസമയം നിംസ് ആശുപത്രിയിലെ ചികിത്സക്ക് ശേഷം ഉമ്മൻ ചാണ്ടിയെ നാളെ ബാംഗ്ലൂരിലേക്ക് മാറ്റാനാണ് നീക്കം. തുടർചികിത്സയ്ക്കായാണ് ബാംഗ്ലൂരിലേക്ക് മാറ്റുന്നത്.

അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്നും ന്യൂമോണിയയിൽ നിന്നും മോചിതനാകും വരെ ആശുപത്രിയിൽ തുടരുമെന്ന് ചാണ്ടി ഉമ്മൻ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്. അതിനിടെ നാളെ വൈകുന്നേരം എയർ ആംബുലൻസിലാണ് ബാംഗ്ലൂരിലേക്ക് മാറ്റുമെനന് സൂചനകകളുണ്ടെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കം ഇക്കാര്യം സംബന്ധിച്ച് ചർച്ചകൾ നടത്തുന്നുണ്ട്.

ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച മന്ത്രി മെഡിക്കൽ ബോർഡുമായി കൂടിക്കാഴ്ച നടത്തി. ഉമ്മൻ ചാണ്ടിയുടെ കുടുംബം സർക്കാർ സഹായങ്ങളോടൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ന്യൂമോണിയയും പനിയും ശക്തമായതിനെ തുടർന്ന് കഴിഞ്ഞദിവസമാണ് ഉമ്മൻ ചാണ്ടിയെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ മരുന്നുകളോട് അതിവേഗം ഉമ്മൻ ചാണ്ടി അതിവേഗം പ്രതികരിക്കുന്നുണ്ട്. ശ്വസിക്കാനുള്ള ആകുലതകൾ മാറിയാൽ ഐസിയുവിൽ നിന്നും മാറ്റും. ബൈപാപ്പ് ഉപകരണത്തിന്റെ സഹായത്താലാണ് നിലവിൽ ചികിൽസ. വെന്റിലേറ്ററിലേക്ക് മാറ്റേണ്ടി വന്നാൽ അതിനുള്ള സൗകര്യവും ഒരുക്കും. പ്രത്യേക മെഡിക്കൽ ബോർഡ് സ്ഥിതിഗിതകൾ നിരീക്ഷിക്കുന്നുണ്ട്.

നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വൈകുന്നേരത്തെ പരിശോധനകളിൽ അണുബാധയുടെ തോതിൽ വ്യക്തത വരും. നിലവിലെ ചികിൽസ പദ്ധതി തുടർന്നാൽ മതിയെന്നാണ് പ്രാഥമിക നിഗമനം. ന്യുമോണിയയ്ക്ക് വേണ്ടി മാത്രമാണ് ചികിൽസ നടക്കുന്നത്. ക്യാൻസർ ചികിൽസ ബംഗ്ലുരുവിൽ തുടർന്നാൽ മതിയെന്നാണ് ധാരണ. ദീർഘകാലമായി ബംഗ്ലൂരുവിലെ ഡോക്ടറാണ് ഉമ്മൻ ചാണ്ടിയെ ചികിൽസിക്കുന്നത്. ഈ സാഹചര്യത്തിലാണ് ബംഗ്ലൂരുവിലേക്ക് കൊണ്ടു പോകുന്നത്.

ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിനും പറയുന്നു. ശ്വാസകോശസംബന്ധമായ ഇൻഫെക്ഷനാണ് അദ്ദേഹത്തിനുള്ളത്. ആന്റിബയോട്ടിക്ക് സ്റ്റാർട്ട് ചെയ്തതായും ശ്വാസംമുട്ട് കുറഞ്ഞതായും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർ പറഞ്ഞു. ഇന്നത്തെ സാഹചര്യത്തിൽ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർ മഞ്ജു മാധ്യമങ്ങളോട് പറഞ്ഞു. ജർമനിയിലെ ലേസർ സർജറിക്കുശേഷം ബംഗളൂരുവിൽ ഡോ. വിശാൽ റാവുവിന്റെ ചികിത്സയിലായിരുന്നു ഉമ്മൻ ചാണ്ടി. തുടർപരിശോധനയ്ക്ക് ബംഗളൂരുവിലേക്ക് പോകാനിരിക്കേയാണ് പനി ബാധിച്ചത്. ചികിത്സയുമായി ബന്ധപ്പെട്ട മുഴുവൻ കാര്യത്തിലും ആരോഗ്യവകുപ്പിന്റെയും സർക്കാരിന്റേയും പൂർണ പിന്തുണ ഉണ്ടാകുമെന്ന് കുടുംബാംഗങ്ങൾക്ക് ഉറപ്പ് നൽകിയ ശേഷമാണ് മന്ത്രി മടങ്ങിയത്.

ആരോഗ്യസ്ഥിതിയെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനോട് ഫോണിൽ വിവരങ്ങൾ അന്വേഷിച്ചിരുന്നു ആരോഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിലേക്ക് അയയ്ക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇതിനു പിന്നാലെ മുഖ്യമന്ത്രിക്കു നന്ദി അറിയിച്ച് ചാണ്ടി ഉമ്മൻ ഫേസ്‌ബുക് പോസ്റ്റിട്ടു. 'അപ്പയുടെ സുഖവിവരം അന്വേഷിച്ചു വിളിക്കുകയും ആരോഗ്യമന്ത്രിയെ ആശുപത്രിയിൽ അയയ്ക്കുകയും ചെയ്യുന്ന പ്രിയങ്കരനായ മുഖ്യമന്ത്രി പിണറായി വിജയനു നന്ദി' എന്നായിരുന്നു പോസ്റ്റ്.

നേരത്തെ ഉമ്മൻ ചാണ്ടിക്ക് കൃത്യമായ ചികിത്സ നൽകാൻ കുടുംബാംഗങ്ങൾക്കായില്ലെന്ന് കുറ്റപ്പെടുത്തി സഹോദരൻ അലക്സ് വി. ചാണ്ടിയുടെ മകൻ അജയ് അലക്സ് രംഗത്തെത്തിയിരുന്നു. ഉമ്മൻ ചാണ്ടിയുടെ ജീവൻ അപകടത്തിലായെന്ന ഘട്ടത്തിലാണ് തന്റെ അച്ഛൻ ഉൾപ്പെടെയുള്ളവർ പരാതിയുമായി എത്തിയത്. പരാതിയിൽനിന്ന് പിന്മാറില്ലെന്നും ഡോക്ടർമാരുടെ പാനൽ രൂപീകരിച്ച് ഇനിയെങ്കിലും വിദഗ്ദ്ധ ചികിത്സ നൽകണമെന്നും അജയ് അലക്സ് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് നെയ്യാറ്റിൻകര നിംസിൽ ഉമ്മൻ ചാണ്ടിയെ പ്രവേശിപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP