Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലീലാ ഹോട്ടലിൽ റീ ബിൽഡ് കേരള അടിച്ചു പൊളിച്ചത് ഒരു കോടി രൂപ; ഓണത്തിന് സോഷ്യൽ മീഡിയ പ്രചരണത്തിന് 32 ലക്ഷം; സർക്കാരിന്റെ ആയിരംദിന അടിപൊളിക്ക് 3.09 കോടിയും; തിരുവോണം കഴിഞ്ഞാൽ പൊതുമരാമത്ത് എഞ്ചിനിയർമാർ പൊളിക്കുക ഒരു കോടി; ഓണക്കാലത്ത് പാവം കരാറുകാരുടെ ബില്ലുകൾ മാത്രം ട്രഷറി ക്യൂവിൽ; പിണറായി സർക്കാരിന്റെ ധൂർത്തിന് തെളിവായി കൂടുതൽ ഉത്തരവുകൾ പുറത്ത്; പ്രളയാനന്തര കേരളത്തെ സർക്കാർ പുനർനിർമ്മിക്കുമ്പോൾ നിറയുന്നത് വിവാദ കണക്കുകൾ

ലീലാ ഹോട്ടലിൽ റീ ബിൽഡ് കേരള അടിച്ചു പൊളിച്ചത് ഒരു കോടി രൂപ; ഓണത്തിന് സോഷ്യൽ മീഡിയ പ്രചരണത്തിന് 32 ലക്ഷം; സർക്കാരിന്റെ ആയിരംദിന അടിപൊളിക്ക് 3.09 കോടിയും; തിരുവോണം കഴിഞ്ഞാൽ പൊതുമരാമത്ത് എഞ്ചിനിയർമാർ പൊളിക്കുക ഒരു കോടി; ഓണക്കാലത്ത് പാവം കരാറുകാരുടെ ബില്ലുകൾ മാത്രം ട്രഷറി ക്യൂവിൽ; പിണറായി സർക്കാരിന്റെ ധൂർത്തിന് തെളിവായി കൂടുതൽ ഉത്തരവുകൾ പുറത്ത്; പ്രളയാനന്തര കേരളത്തെ സർക്കാർ പുനർനിർമ്മിക്കുമ്പോൾ നിറയുന്നത് വിവാദ കണക്കുകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രളയാനന്തര കേരള പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമായി സർക്കാർ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വികസന സംഗമവും ധൂർത്തിന്റെ സംഗമ വേദി. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവരിൽ ബഹുഭൂരിഭാഗവും ഇപ്പോൾ ദുരിത കയത്തിലാണ്. ഇതിനിടെ പുതിയ പ്രളയവും എത്തി. കൂടുതൽ ദുരിത ബാധിതരും. ഇതിനിടയിലും സർക്കാരിന് പറയാനുള്ളത് ധൂർത്ത് മാത്രമാണ്. തീറ്റയും കുടിയും മാത്രം. റീ ബിൽഡ് കേരള കോൺക്ലേവ് കോവളം ലീല ഹോട്ടലിൽ നടത്തിയ വകയിൽ സ്റ്റാർക്ക് കമ്യൂണിക്കേഷനു നൽകാനുള്ള തുക കൊടുക്കാൻ ഉത്തരവായി.

നവകേരള നിർമ്മാണത്തിന് ദേശീയ-രാജ്യാന്തര തലത്തിലുള്ള സാമ്പത്തിക-സാങ്കേതിക സഹായങ്ങൾ ഉറപ്പാക്കുക എന്നതായിരുന്നു കോൺക്ലേവിന്റെ പ്രധാന ലക്ഷ്യം. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള പ്രമുഖ ഏജൻസികളും സ്ഥാപനങ്ങളും വൈകിട്ട് മൂന്നിന് നടക്കുന്ന കോൺക്ലേവിൽ പങ്കെടുക്കാനെത്തി. ലോകബാങ്ക് എഡിബി, ജൈക്ക അടക്കമുള്ള സ്ഥാപനങ്ങളുടെ പ്രതിനിധികളും വികസന സംഗമത്തിനെത്തി. റോഡുകൾ, കുടിവെള്ളം, ജലസേചനം എന്നിവക്കാണ് പദ്ധതിയിൽ പ്രാധാന്യം നൽകിയത്. പരിസ്ഥിതി സൗഹൃദ പുനർനിർമ്മാണമാണ് കേരളത്തിന്റെ ലക്ഷ്യം. ഈ പരിപാടി കഴിഞ്ഞ് മാസങ്ങളായിട്ടും റോഡുകൾ കുളമായി തന്നെ തുടരുന്നു. ഇതിനിടെയാണ് റീബിൽഡ് കേരളാ കോൺക്ലേവിന്റെ ചെലവിന് ചെലവായ തുകയുടെ വിവരം പുറത്തു വരുന്നത്.

ഇതിനൊപ്പമാണ് മറ്റ് ധൂർത്തുകളും പുറത്തു വരുന്നത്. ഓണ പരിപാടിയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലെ നടത്തുന്ന പ്രചരണങ്ങൾക്കായി ഗ്ലോബൽ ഇന വേറ്റീവ് ടെക്നോളജിസിനു നൽകിയത് 32.80 ലക്ഷമാണ്. പ്രളയാനന്തര ദുരിതത്തിൽ പെട്ടവർക്ക് വീടുകളും സഹായങ്ങളും എങ്ങുമെത്താതെ നിൽക്കുമ്പോഴാണ് ഇങ്ങനെയുള്ള ധൂർത്തിന്റെ വിവരങ്ങൾ പുറത്തു വരുന്നത്. സർക്കാരിന്റെ 1000 ദിനാഘോഷവുമായി ബന്ധപ്പെട്ട് എക്സിബിഷനും കലാപരിപാടികൾക്കും ചെലവഴിച്ചത് 3.09 കോടിയാണ്. സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ഈ തുക അനുവദിച്ചു കൊണ്ട് ഉത്തരവിറങ്ങി കഴിഞ്ഞു. ഇതെല്ലാം വിവദമാകുകയാണ്.

പണം ഇല്ലാത്തതു കൊണ്ട് ഈ തുക ട്രഷറി ക്യൂവിൽ ഉൾപ്പെടുത്തിയിരിക്കുകയായിരുന്നു. 2018-19 സാമ്പത്തിക വർഷാവസാനം സാമ്പത്തിക പ്രതിസന്ധി മൂലം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ഉൾപ്പെടെയുള്ള ബില്ലുകൾ പാസാക്കാതെ ട്രഷറി ക്യൂവിലേക്ക് മാറ്റിയത് 1800 കോടിയാണ്. കൂടാതെ പദ്ധതിയിനത്തിൽ പാസാക്കാതെ ഇ- ലെഡ്ജറിലേക്ക് മാറ്റിയത് 990 കോടിയും. കരാറുകാരുടെ ബില്ലുകളും ട്രഷറി ക്യൂവിൽ പ്പെട്ടതോടെ വികസന പ്രവർത്തനങ്ങൾ സ്തംഭിച്ചു. ട്രഷറി ക്യൂവിൽ പ്പെട്ട ഈ തുകകൾ പാസാക്കാതെ, ആയിരം ഘോഷങ്ങളുടെ പേരിലുള്ള 3.09 കോടി പാസാക്കിയത് വൻ വിവാദമാകുന്നു. വിവിധ ജില്ലകളിൽ നടത്തിയ പരിപാടികൾക്കാണ് ഈ തുക ചെലവഴിച്ചത്. മഹാപ്രളയത്തിനു ശേഷമാണ് സർക്കാർ ഈ ധൂർത്തിനു അനുവാദം കൊടുത്തത്

പ്രളയദുരിതത്തിനും സാമ്പത്തിക ഞെരുക്കത്തിനുമിടെ ഒരു കോടിയോളം രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയർമാർക്ക് പരിശീലനം നൽകിയതും വിവാദത്തിലായിട്ടുണ്ട്. വിവാദം ഭയന്ന് കഴിഞ്ഞ മാസം നടത്തേണ്ടിയിരുന്ന പരിപാടി സെപ്റ്റംബറിലേക്ക് മാറ്റുകയായിരുന്നു. പരിശീലനവും കാര്യക്ഷമത വർധിപ്പിക്കലും എന്ന ലക്ഷ്യത്തോടെയാണ് തിരുവനന്തപുരത്ത് എഞ്ചിനീയേഴ്സ് കോൺഫറൻസ് സംഘടിപ്പിക്കാൻ തീരുമാനിച്ചത്. ഓഗസ്റ്റ് 23 മുതൽ 25 വരെ നടത്താനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ, പ്രളയത്തിന്റെ പശ്ചാത്തലത്തിൽ തീയതി നീട്ടുകയായിരുന്നു. ഈ മാസം 27 മുതൽ 29 വരെയാണ് പരിശീലനം നടത്തുക.

ഹാൾ, പന്തൽ, ഭക്ഷണ ഇനത്തിൽ മൊത്തം 69 ലക്ഷം രൂപയാണ് ചെലവാകുക. ആദ്യ ഗഡുവായി 45 ലക്ഷം രൂപ അനുവദിച്ചതായി ജോയിൻ സെക്രട്ടറി നൽകിയ ഉത്തരവിൽ വ്യക്തമാക്കുന്നു. മറ്റൊരു 30 ലക്ഷം രൂപ ടിഎഡിഎ, താമസ ഇനത്തിൽ ചെലവിടേണ്ടിവരും. അങ്ങനെ ആകെ ഒരു കോടിയോളം രൂപയാണ് പരിശീലനത്തിന് ചെലവാകുക. സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴാണ് കാര്യക്ഷമത വർധിപ്പിക്കാനെന്ന പേരിൽ ഉദ്യോഗസ്ഥരെ മുഴുവൻ മൂന്ന് ദിവസം തിരുവനന്തപുരത്ത് എത്തിച്ച് കോൺഫറൻസ് നടത്തുന്നത്. പ്രളയവുമായി ബന്ധപ്പെട്ട പുനർനിർമ്മാണം ഇതുവരെ തുടങ്ങിയിട്ടില്ലെന്ന പരാതിയും വ്യാപകമായി ഉയരുന്നതിനിടെയാണ് പരിപാടി സംഘടിപ്പിക്കാനൊരുങ്ങുന്നത്.

പ്രളയത്തിലുണ്ടായ നഷ്ടത്തിന്റെ കണക്കെടുപ്പ് പൂർത്തിയാക്കാൻ പോലും പൊതുമരാമത്ത് വകുപ്പിനായിട്ടില്ല. ഇതിനിടയിലാണ് ഒരു കോടിയോളം രൂപ ഖജനാവിൽ നിന്ന് ചെലവിട്ട് കോൺഫറൻസ് നടത്തുന്നത്. പ്രളയസെസ്സും മറ്റുമായി പൊതുജനത്തെ പിഴിയുമ്പോൾ സർക്കാർ കാര്യത്തിൽ മാത്രം ഒരു മുണ്ടുമുറുക്കലുമില്ല. സംസ്ഥാനം നേരിടുന്ന അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വാർഷിക പദ്ധതി വെട്ടിച്ചുരുക്കാൻ ശ്രമിക്കുന്ന സർക്കാർ ധൂർത്ത് അവസാനിപ്പിക്കണമെന്ന അഭിപ്രായം സജീവമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ഓഫിസ് മോടി പിടിപ്പിക്കാനും ഇഷ്ടക്കാരെ ഉന്നത സ്ഥാനങ്ങൾ സൃഷ്ടിച്ച് പ്രതിഷ്ഠിക്കാനുമാണ് പിണറായി സർക്കാർ ശ്രമിക്കുന്നത് വിവാദങ്ങൾക്ക് ഇട നൽകിയിരുന്നു.

2018ൽ പ്രളയക്കെടുതിയിൽ സംസ്ഥാനം നട്ടം തിരിയുമ്പോഴായിരുന്നു മന്ത്രിസഭ വികസിപ്പിച്ചത്. കാബിനറ്റ് പദവി നൽകി ഡൽഹിയിൽ മുൻ എംപിക്ക് ഓഫിസ് തയ്യാറാക്കാനും ചീഫ് വിപ്പിനെ നിയമിക്കാനും ഉപദേശകരുടെ എണ്ണം വർധിപ്പിക്കാനുമായിരുന്നു ഇടതു സർക്കാർ ശ്രമം. മുഖ്യമന്ത്രിയുടെ ഓഫിസും നിയമോപദേശത്തിന് നിയമിച്ച സീനിയർ അഭിഭാഷകന്റെ ഓഫിസും മോടി പിടിപ്പിക്കാൻ ലക്ഷക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. പിണറായി സർക്കാരിന് ഉപദേശ വൃന്ദത്തിന് ശമ്പളവും ചെലവുമായി കോടികൾ പ്രതിമാസം വേണം. ഈ ചെലവുകൾ നിയന്ത്രിക്കാൻ ശ്രമിക്കാതെ വാർഷിക പദ്ധതികൾ 30 മുതൽ 35 ശതമാനം വരെ വെട്ടിക്കുറക്കാനുള്ള ധനവകുപ്പ് തീരുമാനം അപഹാസ്യമാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. രണ്ടുവർഷത്തിനിടെയുണ്ടായ പ്രളയങ്ങൾ കേരളത്തിന്റെ നടുവൊടിച്ചപ്പോൾ ധൂർത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാതെ പിണറായി സർക്കാർ മുന്നോട്ട് പോകുന്നതാണ് ഇതിന് കാരണം.

മന്ത്രിസഭയുടെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച പ്രചാരണ പരിപാടികൾക്കായി ഫോൾഡർ അച്ചടിക്കാൻ സർക്കാർ ചെലവാക്കിയത് ഒന്നരകോടിയിലധികം രൂപ. 'ഇനി നവകേരളത്തിലേക്ക്' എന്ന പേരിൽ 75 ലക്ഷം കോപ്പികളാണ് സ്വകാര്യ പ്രസുകളിൽ അച്ചടിച്ചത്. ആകെ ചെലവായ 1,34,67,784 രൂപയുടെ 50 ശതമാനമായ 67,33,892 രൂപ അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. 50 ശതമാനം തുക നേരത്തെ അനുവദിച്ചിരുന്നു. പ്രചാരണ പരിപാടികൾക്കായി ഫോൾഡർ (ഇനി നവകേരളത്തിലേക്ക്-75 ലക്ഷം കോപ്പി), പോസ്റ്റർ (ഒന്നാണ് നാം, ഒന്നാമതാണ് കേരളം - 14,000 കോപ്പി), പുസ്തകങ്ങൾ( പറഞ്ഞതെല്ലാം ചെയ്തു നിറഞ്ഞു ഇനി നവകേരള നിർമ്മാണം- 1,000 കോപ്പി), നവകേരളത്തിന്റെ നയരേഖകൾ(50 കോപ്പി), നവകേരളത്തിനായുള്ള നവോത്ഥാനം (100 കോപ്പി), അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റിനുവേണ്ടി പോസ്റ്റർ- അതിജീവനം (3,000 കോപ്പി), പുസ്തകം-അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റ് (2,000 കോപ്പി) എന്നിവ അച്ചടിക്കുന്നതിന് എംപാനൽഡ് പ്രസുകളിൽനിന്ന് ക്വട്ടേഷൻ ക്ഷണിച്ചിരുന്നു. സ്വകാര്യ പ്രസുകൾ നൽകിയ ഇൻവോയിസുകൾ അനുസരിച്ച് ഫോൾഡറിന്റെ അച്ചടിക്കൂലിയുടെ 50 ശതമാനമായ 67,33,892 രൂപയും പോസ്റ്ററിന്റെ കൂലിയായ 85,400രൂപയും, പുസ്തകങ്ങളുടെ അച്ചടിക്കൂലിയായ 3,31,950 രൂപയും പ്രസുകൾക്ക് അനുവദിച്ചു.

അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റുമായി ബന്ധപ്പെട്ട് അച്ചടിച്ച പോസ്റ്റർ, പുസ്തകം എന്നിവയുടെ അച്ചടിക്കൂലി നൽകിയിയിരുന്നില്ല. പോസ്റ്റർ അടിച്ച ഇനത്തിൽ 19,550 രൂപയും അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റ് എന്നപേരിൽ പുസ്തകം അച്ചടിച്ചതിന് 1,39,700 രൂപയുടെയും ഇൻവോയിസുകൾ പ്രസുകൾ സമർപ്പിച്ചു. ഫോൾഡറിന്റെ അച്ചടിക്കൂലിയിനത്തിൽ ബാക്കി നൽകാനുള്ള 50 ശതമാനം തുകയും ഡോക്യുമെന്ററി ഫെസ്റ്റിന്റെ പോസ്റ്ററുകളും പുസ്തകങ്ങളും അച്ചടിച്ച തുകയും അനുവദിക്കണമെന്ന് പിആർഡി ശുപാർശ നൽകി. ഇതനുസരിച്ചാണ് ഫോൾഡറിന്റെ ബാക്കി നൽകാനുള്ള 67,33,892 രൂപ അധികമായി വകയിരുത്താനും, ഡോക്യുമെന്ററി ഫെസ്റ്റിന്റെ പോസ്റ്ററുകളും പുസ്തകങ്ങളും അച്ചടിച്ച തുക അനുവദിക്കാനും ഉത്തരവിറങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP